Saturday 13 September 2014

ആത്മഹത്യ

“നിന്നെപ്പറ്റി ഞാൻ ഒരു കാര്യം കേട്ടു! എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. നീ കുറച്ചുകൂടിയൊക്കെ ബോൾഡ് ആണെന്നാണ് ഞാൻ കരുതിയിരുന്നത്.” ഞാൻ ചോദിച്ചു.

“ഓ, അങ്ങനെ പറ്റിപ്പോയി.”അവൻ തലതാഴ്ത്തി മിണ്ടാതെയിരുന്നു.

ഡിഗ്രി വരെ ഒന്നിച്ചു പഠിച്ച കൂട്ടുകാരൻ. അവൻ രണ്ടുമാസം മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഞാൻ ഇന്നാണ് അറിഞ്ഞത്. ഒന്നും ചോദിക്കേണ്ടെന്ന് കരുതിയതാ. പക്ഷേ, കണ്ടപ്പോൾ ചോദിക്കാതിരിക്കാനും കഴിഞ്ഞില്ല. അവന്റെ പഴയ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു.

“എന്താണ് നിനക്ക് സംഭവിച്ചത്. നാട്ടിൽ ഇല്ലാതിരുന്നതുകൊണ്ട് കാര്യങ്ങളൊന്നും അറിഞ്ഞില്ല. നീ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് മാത്രമേ എനിക്കറിയൂ. അതിനും വേണ്ടി എന്തായിരുന്നു ഇത്ര പ്രശ്നം?”

അവൻ മടിച്ച് മടിച്ചാണ് തുടങ്ങിയത്.

“നിനക്കറിയാമല്ലോ എനിക്ക് അവളോടുണ്ടായിരുന്ന ഇഷ്ടം. കോളേജിൽ നിന്ന് പോന്നിട്ടും ഞങ്ങൾ തമ്മിൽ കോണ്ടാക്ട് ഉണ്ടായിരുന്നു. എന്നും വിളിക്കും.. പറ്റുമ്പോഴൊക്കെ കാണും.. അങ്ങനെ കഴിയുന്നതിനിടയ്ക്കാണ് ഈ കാര്യം അവളുടെ വീട്ടുകാരറിയുന്നത്. അതോടെ അവളുടെ പഠിത്തം നിന്നു. വിളിക്കാനും പറ്റാതായി. ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിക്കും എന്നവൾ പറയുമായിരുന്നു. അവളുടെ വിവരങ്ങളൊന്നും അറിയാതെ ഞാൻ ഭ്രാന്ത് പിടിച്ച അവസ്ഥയിലായി. ഞാൻ രണ്ടും കല്പിച്ച് എന്റെ വീട്ടുകാരോട് കാര്യം പറഞ്ഞു. അവളുടെ വീട്ടിൽ കല്ല്യാണാലോചനയുമായി ചെല്ലുകയായിരുന്നു എന്റെ ഉദ്ദേശം. പക്ഷേ എന്റെ വീട്ടുകാർക്ക് ഭയങ്കര എതിർപ്പായി. ഞാൻ ആവുന്നതൊക്കെ പറഞ്ഞുനോക്കി. അവസാനം അച്ഛനോട് വഴക്കിട്ട് ഞാൻ മുറിയിൽ കയറി കതകടച്ചു. ഭ്രാന്തായിരുന്നു എനിക്ക്. ജീവിതം തന്നെ മടുത്തു. ഞാൻ ഫാനിൽ കൈലി കെട്ടി, തൂങ്ങാൻ ശ്രമിച്ചു. പക്ഷേ അവിടെയും പരാജയം. കാലൊടിഞ്ഞതും കഴുത്തുളുക്കിയതും മിച്ചം.”

“എന്നിട്ട് ?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“രണ്ടാഴ്ച കഴിഞ്ഞ് അറിയുന്നത് അവൾ അടുത്ത വീട്ടിലെ പയ്യനുമായി ഒളിച്ചോടിപ്പോയി എന്നാണ്.”

എനിക്ക് സത്യം പറഞ്ഞാൽ ചിരി വന്നു. എങ്കിലും ചിരി അടക്കി ഞാൻ പറഞ്ഞു.

“അങ്ങനത്തെ ഒരുത്തിക്കുവേണ്ടിയാണോ നീ ജീവിതം കളയാൻ തുനിഞ്ഞത്. എല്ലാം ഓരോ സമയത്ത് തോന്നിക്കുന്നതാണ്. ഇനിയെങ്കിലും എടുത്തുചാടി ഒന്നും തീരുമാനിക്കരുത്.”

“ഇല്ല, അതോടെ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി. ഇപ്പോൾ വെളിയിൽ ഇറങ്ങുമ്പോൾ ആകെ ഒരു ചമ്മലാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ചവൻ എന്ന് എല്ലാവരും കളിയാക്കുന്നതായി ഒരു തോന്നൽ.” അവന്റെ മുഖം വാടി.

ഞാൻ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“എന്തിന് നീ വിഷമിക്കണം. നീ മരണത്തിൽ നിന്നും അവളോടൊത്തുള്ള ജീവിതത്തിൽ നിന്നും രക്ഷപെട്ടവനാണ്. നീ മാത്രമല്ല ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളത്! ഒരുപാടുപേർ.. പ്രശസ്തർ.. ഇതൊക്കെ ആ സമയത്ത് തോന്നുന്ന തെറ്റായ ചിന്തകൾ മൂലമാണ്. സത്യം മനസ്സിലാക്കിയാൽ ആരും ആത്മഹത്യ ചെയ്യില്ല! നീ വസിഷ്ഠമുനിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?”

“എന്താ അങ്ങേരും ആത്മഹത്യയ്ക്ക് ശ്രമിച്ചോ?” അവൻ കളിയായി ചോദിച്ചു.

“അതെ. ഒന്നല്ല. ഒരുപാടു വട്ടം. അത്രയും ശ്രേഷ്ഠനായ മുനിക്കുപോലും ആത്മഹത്യ ചെയ്യാൻ തോന്നി. അതിൽ കൂടുതലൊന്നുമല്ലല്ലോ നിന്റെ ഈ ആത്മഹത്യാ ശ്രമം?” ഞാൻ പറഞ്ഞത് കേട്ട് അവന് ആ കഥ അറിഞ്ഞാൽ കൊള്ളാമെന്നായി. ഞാൻ പറഞ്ഞു:

“മഹാഭാരതത്തിൽ, വസിഷ്ഠനും വിശ്വാമിത്രനും തമ്മിൽ നന്ദിനി എന്ന പശുവിനെച്ചൊല്ലി ഉണ്ടാക്കിയ വഴക്കിന്റെ കഥ നീ കേട്ടിട്ടില്ലേ? വിശ്വാമിത്രന് വസിഷ്ഠനോട് അടങ്ങാത്ത പക ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കല്മാഷപാദൻ എന്ന രാക്ഷസനെ വിശ്വാമിത്രൻ തന്ത്രപൂർവ്വം വസിഷ്ഠമുനിയുടെ ആശ്രമത്തിലേക്ക് വിട്ടു. ആ രാക്ഷസൻ മുനിയുടെ പുത്രന്മാരെ എല്ലാം പിടിച്ചു തിന്നു. ആ സമയത്ത് ആശ്രമത്തിലില്ലായിരുന്ന വസിഷ്ഠമുനി തിരിച്ചെത്തിയപ്പോഴാണ് തന്റെ നൂറ് പുത്രന്മാരെയും രാക്ഷസൻ പിടിച്ചു തിന്ന കഥ അറിയുന്നത്. ഇതോടെ മുനിക്ക് ദുഃഖം സഹിക്കാൻ വയ്യാതെയായി. അദ്ദേഹം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.“

“എന്നിട്ട്?” അവൻ ആകാംക്ഷയോടെ ചോദിച്ചു.

“എന്നിട്ടെന്താ, അദ്ദേഹവും നിന്നെപ്പോലെ പരാജയപ്പെട്ടു.” ഞാൻ ചിരിച്ചുകൊണ്ട് തുടർന്നു.

“ആത്മഹത്യ ചെയ്യണമെന്ന് ചിന്തിച്ച് മുനി ഒരു പർവ്വതത്തിന്റെ കൊടുമുടിയിൽ വലിഞ്ഞുപിടിച്ചുകയറി. എന്നിട്ട് കൊക്കയിലേക്ക് ചാടി. പക്ഷേ മരിച്ചില്ല. യോഗീശ്വരനായ മുനി ഒരു പഞ്ഞിക്കെട്ടുപോലെ താഴെയെത്തി.

ഉയരത്തിൽ നിന്ന് ചാടിയാൽ മരിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ വസിഷ്ഠൻ തീ കൂട്ടി അഗ്നിയിലേക്ക് ചാടി. ശ്രേഷ്ഠനായ മുനിയെ തൊടാൻ കഴിയാതെ അഗ്നി മാറിനിന്നു. ആ ആത്മഹത്യാശ്രമവും പരാജയപ്പെട്ടതോടെ മഹർഷി മറ്റൊരു വഴി ആലോചിച്ചു. ഒരു വലിയ പാറക്കല്ല് കഴുത്തിൽ കെട്ടി അഗാധമായ സമുദ്രത്തിൽ പോയി ചാടി. പക്ഷേ സമുദ്രം തിര അടിച്ച്  മുനിയെ ഭദ്രമായി കരയിൽ കൊണ്ടുചെന്നാക്കി.

ഇങ്ങനെ ആത്മഹത്യാശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഋഷി തന്റെ ആശ്രമത്തിൽ തിരിച്ചെത്തി. പക്ഷേ, മക്കളെല്ലാം മരിച്ച് വിജനമായ ആശ്രമം കണ്ടതോടെ വസിഷ്ഠന്റെ ദുഃഖം ഇരട്ടിയായി. അദ്ദേഹം വീണ്ടും മരിക്കാൻ തീരുമാനിച്ചു. അങ്ങനെ വിഷമിച്ച് കാട്ടിലൂടെ നടന്ന അദ്ദേഹം കരകവിഞ്ഞൊഴുകുന്ന ഒരു പുഴയുടെ കരയിൽ എത്തിച്ചേർന്നു. ഉടനെ മുനി തന്റെ ശരീരം മുഴുവൻ വള്ളികൊണ്ട് കെട്ടിവരിഞ്ഞ് ഭയങ്കരമായ ഒഴുക്കുള്ള ആ പുഴയിലേക്ക് ചാടി. അവിടെയും അദ്ദേഹം പരാജയപ്പെട്ടു. നദി, മുനിയെ വള്ളികളിൽ നിന്ന് വേർപെടുത്തി കരയിൽ കൊണ്ട് ചേർത്തു. അതോടെ ആ പുഴ ‘വിപാശ’ എന്ന് അറിയപെട്ടു. മുനി അവിടെ നിന്ന് നടന്നു. കാട്ടിലും മേട്ടിലും മലയിലും എല്ലാം ദുഃഖിതനായി അദ്ദേഹം അലഞ്ഞു തിരിഞ്ഞു. അവസാനം ഹിമാലയത്തിനടുത്തെത്തി. അവിടെ മുതലകൾ നിറഞ്ഞതും വളരെ വിസ്താരമുള്ളതുമായ ഒരു നദി കണ്ട മുനിക്ക് വീണ്ടും ആത്മഹത്യാ മോഹമുദിച്ചു. ഉയർന്ന ഒരു മലയുടെ മുകളിൽ നിന്നും അദ്ദേഹം ആ നദിയിലേക്ക് എടുത്തുചാടി. തേജസ്വിയായ മുനിയെ താങ്ങാൻ കഴിയാതെ ആ നദി നൂറ് കൈവഴികളായി പിരിഞ്ഞു. അതോടെ ആ നദിക്ക് ‘ശതദ്രു’ എന്ന പേര് കിട്ടി. തനിക്ക് സ്വയം മരിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ വസിഷ്ഠമഹർഷി അവിടെ നിന്ന് തന്റെ ആശ്രമത്തിലേക്ക് മടങ്ങി. ആശ്രമത്തിലെത്തിയ മുനി തന്റെ മകനായ ശക്തിയുടെ ഭാര്യയിൽ തനിക്കൊരു പേരക്കുട്ടി ജനിക്കുവാൻ പോകുന്ന വിവരം അറിഞ്ഞതോടെ സന്തോഷിച്ചു. അങ്ങനെ അദ്ദേഹം മരണത്തിലുള്ള ആശ വെടിഞ്ഞു.

അത്രയും ശ്രേഷ്ഠനായ മുനിക്ക് പോലും തോന്നിയ കാര്യമാണ് നിനക്കും തോന്നിയത്. അതുകൊണ്ട് നീ ചമ്മേണ്ട കാര്യമൊന്നുമില്ല. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. വിശിഷ്ടമായ ഈ ജീവിതം സന്തോഷത്തോടെ ജീവിച്ച് തീർക്ക്! ” ഞാൻ പറഞ്ഞു നിർത്തി.

Wednesday 10 September 2014

കുറുക്കന്റെ കൗശലം

“അച്ഛാ, ഒരു കഥ പറയുമോ?” ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്ന എന്റെ കയ്യിൽ നിന്ന് അത് തട്ടിപ്പറിച്ചുകൊണ്ട് അവൻ ചോദിച്ചു. പറഞ്ഞേക്കാം! ഇല്ലെങ്കിൽ ബഹളമാണ്. ഞാൻ പതിയെ അവനെ എടുത്ത് മടിയിലിരുത്തി കഥ പറയാൻ തുടങ്ങി.

“ഒരിടത്ത് ഒരു കുറുക്കനുണ്ടായിരുന്നു. ആ കുറുക്കന് ഒരു ദിവസം ഒരു കോഴിയെ തിന്നാൻ മോഹമുദിച്ചു.”

ഞാൻ പറയുന്നത് തടഞ്ഞുകൊണ്ട് അവൻ ഇടയ്ക്കുകയറി പറഞ്ഞു.

“ഇത് നീലകുറുക്കന്റെ കഥയല്ലേ? അതെനിക്കറിയാം.. വേറെ കുറുക്കന്റെ കഥ പറ!“

“എന്നാൽ വേറെ ഒരു കാട്ടിൽ ഒരു കുറുക്കനുണ്ടായിരുന്നു. ആ കുറുക്കൻ മഹാബുദ്ധിമാനും തന്ത്രശാലിയുമായിരുന്നു.” ഞാൻ കഥ പറഞ്ഞു തുടങ്ങി.

“ആ കുറുക്കന് നാല് കൂട്ടുകാരുണ്ടായിരുന്നു. ഒരു പുലി, ചെന്നായ്, എലി, കീരി എന്നിവരായിരുന്നു കുറുക്കന്റെ കൂട്ടുകാർ. ഒരു ദിവസം വിശന്ന് വലഞ്ഞു നടന്ന അവർ കാട്ടിൽ ഒരു മാനിനെ കണ്ടു. പുലി, മാനിനെ പിടിക്കാനായി പുറകെ ഓടി. പക്ഷേ ശക്തിയും വേഗതയുമുള്ള മാൻ പുലിയെ വെട്ടിച്ച് അകലേക്ക് ഓടിപ്പോയി. ഇത് കണ്ട് കുറുക്കൻ പുലിയോടും മറ്റ് കൂട്ടുകാരോടും പറഞ്ഞു.

“വയസനായ നമ്മുടെ പുലിച്ചേട്ടന് ശക്തനായ ആ മാനിനെ ഓടിച്ചിട്ട് പിടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് നമുക്കൊരു ബുദ്ധി പ്രയോഗിക്കാം. ആ മാൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് എലി പതുക്കെ പോയി അവന്റെ കാൽ കടിച്ചു മുറിക്കണം. കാലു മുറിഞ്ഞാൽ പിന്നെ അവന് വേഗത്തിൽ ഓടാൻ കഴിയില്ല. അപ്പോൾ പുലിയ്ക്ക് അവനെ എളുപ്പത്തിൽ കീഴടക്കാൻ കഴിയും.”

കുറുക്കൻ ഉപദേശിച്ച ബുദ്ധി എല്ലാവർക്കും ഇഷ്ടപ്പെട്ടു. അങ്ങനെ, മാൻ ഉറങ്ങിക്കിടന്ന സമയത്ത് എലി അതിന്റെ കാൽ കടിച്ചുമുറിച്ചു. പുലി ചാടിവീണ് അതിനെ കൊന്നു. മാനിന്റെ ഇറച്ചി തിന്നാനായി കൂട്ടുകാരെല്ലാം ഒത്തുചേർന്നു. അപ്പോൾ കുറുക്കൻ പറഞ്ഞു.

“ഞാൻ ഒഴികെ ആരും തന്നെ ഇന്ന് കുളിച്ചിട്ടില്ല. കുളിച്ച് വൃത്തിയായി വേണം ആഹാരം കഴിക്കാൻ. അതുകൊണ്ട് നിങ്ങൾ പോയി കുളിച്ചിട്ട് വരണം. ഈ ഭക്ഷണത്തിന് ഞാനിവിടെ കാവൽ നിൽക്കാം.”

കുറുക്കൻ പറഞ്ഞതനുസരിച്ച് എല്ലാവരും കുളിക്കാൻ പോയി. പുലിയാണ് ആദ്യം കുളി കഴിഞ്ഞെത്തിയത്. അപ്പോൾ കുറുക്കൻ വിഷമിച്ചിരിക്കുന്നത് കണ്ട് അവൻ കാര്യം തിരക്കി. കുറുക്കൻ പറഞ്ഞു.

“എന്നാലും ആ എലിയുടെ അഹങ്കാരം നോക്കണേ! അവൻ കടിച്ചതിന്റെ ബാക്കി കഴിക്കാനാണ് നമുക്കൊക്കെ യോഗം. അവനില്ലായിരുന്നെങ്കിൽ നമ്മളെല്ലാം പട്ടിണികിടന്ന് ചത്തുപോകുമായിരുന്നുവെന്നാണ് അവൻ പറയുന്നത്.“

ഇത് കേട്ടതോടെ അഭിമാനിയായ പുലി ആ മാനിനെ തിന്നില്ല എന്ന് തീരുമാനിച്ച് കാട്ടിലേക്ക് പോയി. കുറുക്കൻ ഉള്ളാലെ ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ എലി കുളി കഴിഞ്ഞെത്തി. അപ്പോൾ കുറുക്കൻ പറഞ്ഞു.

“എടാ എലീ, നീ ഓടി രക്ഷപെട്ടോ. ഇല്ലെങ്കിൽ ആ കീരി നിന്നെ തിന്നും. പുലി തൊട്ട മാനിന്റെ ഇറച്ചി വിഷമായതുകൊണ്ട് അവന് വേണ്ട. നിന്നെ തിന്നാൻ അവനെ അനുവദിക്കണമെന്നും പറഞ്ഞിട്ടാണ് അവൻ കുളിക്കാൻ പോയത്.”

ഇത് കേട്ടതോടെ എലി ഓടി അവന്റെ മാളത്തിലൊളിച്ചു. പിന്നെ കുളികഴിഞ്ഞ് വന്നത് ചെന്നായ് ആയിരുന്നു. അവൻ വരുന്നതുകണ്ട് കുറുക്കൻ ഭയപ്പെട്ടിരിക്കുന്നതായി അഭിനയിച്ചു. എന്നിട്ട് പറഞ്ഞു.

“എടാ ചെന്നായേ, ആ പുലി നിന്നോട് ദേഷ്യപ്പെട്ടാണിരിക്കുന്നത്. അവൻ അവന്റെ ഭാര്യയേയും ബന്ധുക്കളേയും വിളിച്ചോണ്ട് വരാൻ പോയിരിക്കുകയാ!“

ഇത് കേട്ടതോടെ ചെന്നായ പേടിച്ച് ഓടിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ കീരി എത്തി. കീരിയുടെ നേരെ ചീറി അടുത്തുകൊണ്ട് കുറുക്കൻ പറഞ്ഞു.

“എടാ കീരീ, പുലിയെയും ചെന്നായെയും എലിയേയും ഞാൻ ഓടിച്ചു വിട്ടു. ഇനി നീ ആണ് എന്റെ ഇര.”

ശക്തരായ പുലിയെയും ചെന്നായെയുമൊക്കെ തോല്പിച്ചോടിച്ച കുറുക്കനോടെതിരിടാതെ കീരി ജീവനും കൊണ്ടോടി. കൂട്ടുകാർ എല്ലാം ഓടിപ്പോയത് കണ്ട് കുറുക്കൻ പൊട്ടിച്ചിരിച്ചു.“

“അച്ഛാ, ഞാൻ മൂത്രമൊഴിച്ചിട്ട് വരാം. വരുമ്പോൾ ബാക്കി പറയണേ!“ മകൻ എന്റെ മടിയിൽ നിന്നിറങ്ങി ബാത്ത് റൂമിലേക്കോടി.

ഞാൻ ചിന്തിച്ചു. അവൻ വരുന്നതിനു മുൻപ് ഈ കഥയ്ക്കൊരു ക്ലൈമാക്സ് കണ്ടുപിടിക്കണമല്ലോ! ഇത്രയും കഥ മഹാഭാരതത്തിൽ ഉള്ളതാണ്. യുധിഷ്ഠിരനെ യുവരാജാവായി അഭിഷേകം ചെയ്ത ശേഷം പാണ്ഡവരുടെ പ്രശസ്തിയും ബലവീര്യപരാക്രമങ്ങളും കേട്ടറിഞ്ഞ ധൃതരാഷ്ട്രമഹാരാജാവ് അസ്വസ്ഥനാകുന്നു. തന്റെ മക്കളേക്കാൾ യോഗ്യന്മാരാണ് പാണ്ഡവർ എന്ന് കണ്ട് അസൂയമൂത്ത രാജാവ് കുശാഗ്രബുദ്ധിയായ കണികൻ എന്ന തന്റെ മന്ത്രിയെ വിളിച്ചു വരുത്തി മാർഗ്ഗം ആരായുന്നു. അപ്പോൾ ആ മന്ത്രി പറയുന്നതാണ് ഈ കഥ. ഇതിലെ കുറുക്കനെപ്പോലെ രാജാവും ഭീരുക്കളെ ആട്ടി ഓടിക്കണം. വീരന്മാരെ വന്ദനം കൊണ്ട് പിടിക്കണം. ലുബ്ധനെ ദാനം കൊണ്ട് കീഴടക്കണം. സമനേയും താണവനേയും കയ്യൂക്ക് കൊണ്ട് നേരിടണം. ശപഥം ചെയ്തും, അർത്ഥം കൊടുത്തും, വിഷം കൊടുത്തും, മായ പ്രയോഗിച്ചും ശത്രുവിനെ കൊല്ലണം എന്നിങ്ങനെ പാണ്ഡവരെ നശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി രാജാവിനെ ധരിപ്പിക്കുന്നതാണ് സന്ദർഭം.

“ങാ, ഇനി ബാക്കി പറ.” മടിയിലേക്ക് ചാടിക്കയറിയിരുന്നുകൊണ്ട് മകൻ പറഞ്ഞു. ഞാൻ കഥ തുടർന്നു.

“എലിയോടുള്ള ദേഷ്യം സഹിക്ക വയ്യാതെ അവനെ കൊല്ലാൻ വേണ്ടി മടങ്ങിവന്ന പുലി  മറഞ്ഞുനിന്ന് കുറുക്കന്റെ നാടകം ഒക്കെ കണ്ടു. കൂട്ടുകാരെ എല്ലാം ഓടിച്ചുവിട്ടിട്ട് ഒറ്റയ്ക്ക് മാനിറച്ചി തിന്നാൻ തയ്യാറെടുത്ത കുറുക്കന്റെ മേലേക്ക് പുലി ചാടിവീണു. കള്ളക്കുറുക്കന്റെ കഥ കഴിച്ചു. കള്ളത്തരം കാണിച്ചാൽ ഇതായിരിക്കും ഫലം.” ഒരുവിധത്തിൽ കഥ കൊണ്ടെത്തിച്ച ആവേശത്തിൽ ഞാൻ പറഞ്ഞു നിർത്തി.

Thursday 4 September 2014

വിനാശകാലേ വിപരീത ബുദ്ധി!!

ചിലർ അങ്ങനെയാണ്. ചോദിച്ചു വാങ്ങും. കിട്ടിയില്ലെങ്കിൽ വീണ്ടും വീണ്ടും ചോദിക്കും. ശമ്പളവർദ്ധനവിലെ വ്യത്യാസങ്ങളെക്കുറിച്ച് മാനേജരോട് തട്ടിക്കയറുകയാണ് അയാൾ. കിട്ടേണ്ടത് കിട്ടിയെങ്കിലും വേറൊരാൾക്ക് കുറച്ച് അധികം കിട്ടിയതാണ് പ്രശ്നം. ആദ്യമൊക്കെ മാനേജർ മിണ്ടാതെയിരുന്നു. പിന്നെ സമാധാനിപ്പിക്കാൻ നോക്കി. ചീത്തവിളിയും തന്തയ്ക്കുവിളിയും അധികമായപ്പോൾ സസ്പെൻഷൻ ഓർഡർ എടുത്ത് കയ്യിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു,

“നീ ഇവിടെ കാട്ടിക്കൂട്ടിയിട്ടുള്ള കള്ളത്തരങ്ങളും തിരിമറികളുമെല്ലാം എനിക്കറിയാം. അതെല്ലാം ഞാൻ ക്ഷമിച്ചു. പക്ഷേ, ഇപ്പോൾ നീ പരിധി വിട്ടിരിക്കുന്നു. ഇനി കുറച്ചുകാലം വീട്ടിലിരിക്ക്..”

സസ്പെൻഷനും വാങ്ങി മിണ്ടാതെ പുറത്തേക്ക് പോയ ആളെ കണ്ടപ്പോൾ എനിക്ക് ശിശുപാലനെയാണ് ഓർമ്മ വന്നത്. ആരാണ് ഈ ശിശുപാലൻ എന്നല്ലേ? മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കക്ഷി! ശ്രീകൃഷ്ണനെ ചീത്തവിളിക്കുന്നവൻ! ആ കഥ ഒന്ന് കേൾക്കാം..

യുധിഷ്ഠിരൻ ഖാണ്ഡവപ്രസ്ഥത്തിൽ രാജാവായി വാഴുന്ന കാലം. ചക്രവർത്തി പദം കാംക്ഷിച്ച് അദ്ദേഹം രാജസൂയ യജ്ഞം ചെയ്യുവാൻ തീരുമാനിക്കുന്നു. അതിലേക്കായി ചുറ്റുപാടുമുള്ള രാജ്യങ്ങളിലെ എല്ലാ രാജാക്കന്മാരും എത്തിച്ചേർന്നു. അമൂല്യങ്ങളായ സമ്മാനങ്ങളുമായി എത്തിച്ചേർന്ന രാജാക്കന്മാരെക്കൊണ്ട് ഇന്ദ്രപ്രസ്ഥം നിറഞ്ഞു. അപ്പോൾ യുധിഷ്ഠരന്റെ മനസ്സിൽ ഒരു സംശയമുദിച്ചു. ശ്രേഷ്ഠന്മാരായ ഈ രാജാക്കന്മാരിൽ ആരെ ആണ് ആദ്യം പൂജിക്കേണ്ടത്? ആരെയാണ് ആദ്യം ഉപചാരപൂർവ്വം സ്വീകരിക്കേണ്ടത്? യുധിഷ്ഠരൻ ഭീഷ്മരുടെ സഹായം തേടി.

ഭീഷ്മർ പറഞ്ഞു. “ഈ ഭൂമിയിൽ വച്ച് ഏറ്റവും മാന്യനായവൻ കൃഷ്ണനാണ്. അവൻ എല്ലാവരേക്കാളും ശക്തിയിലും മഹത്ത്വത്തിലും പരാക്രമത്തിലും മുമ്പനാണ്. ജ്യോതിസ്സുകളുടെ ഇടയിൽ ഭാസ്കരനെപ്പോലെ തപിക്കുന്നവനാണ്. സൂര്യനില്ലാത്തിടത്ത് സൂര്യനാണ്. കാറ്റില്ലാത്തേടത്ത് കാറ്റാണ്. അപ്രകാരമാണ് ഈ സഭയെ തെളിയിച്ച് കൃഷ്ണൻ ആഹ്ലാദിപ്പിക്കുന്നത്.“

ഭീഷ്മരുടെ നിർദ്ദേശം അനുസരിച്ച് സഹദേവൻ കൃഷ്ണനെ ഉപചാരപൂർവ്വം സ്വീകരിച്ചു. എന്നാൽ വാസുദേവനെ അഗ്രപൂജ ചെയ്ത് സ്വീകരിച്ചത് സദസ്സിലിരുന്ന ചേദിരാജാവായ ശിശുപാലന് സഹിച്ചില്ല. മഹാബലവാനായ അദ്ദേഹം ആ സഭയിൽ ഭീഷ്മനേയും ധർമ്മപുത്രനേയും നിന്ദിച്ച്, കൃഷ്ണനെ ആക്ഷേപിച്ച് സംസാരിച്ചു. ശിശുപാലൻ പറഞ്ഞു.

“മഹാത്മാക്കളായ മഹാരാജാക്കന്മാർ സദസ്സിൽ നിറഞ്ഞിരിക്കുമ്പോൾ വൃഷ്ണിവംശജനായ ഇവൻ രാജപൂജയ്ക്ക് അർഹനല്ല. മഹാന്മാരായ പാണ്ഡവർക്ക് ചേർന്നതല്ല ഈ കർമ്മം. വിവരമില്ലാത്തവനും അല്പം മാത്രം കാണുന്നവനുമാണ് ഗംഗാനദിയുടെ പുത്രനായ ഭീഷ്മൻ. രാജാവല്ലാത്ത കൃഷ്ണൻ എങ്ങനെയാണ് ഈ വിധം പൂജയ്ക്ക് അർഹനായത്? വൃദ്ധൻ എന്ന നിലയ്ക്കാണ് നിങ്ങൾ ഇവനെ ആദരിച്ചതെങ്കിൽ വസുദേവനിരിക്കുമ്പോൾ അവന്റെ പുത്രൻ എങ്ങനെ പൂജയ്ക്ക് അർഹനാകും? അതല്ല, ഇഷ്ടം ചെയ്യുന്ന ബന്ധു എന്ന നിലയ്ക്കാണെങ്കിൽ ദ്രുപദനല്ലേ അതിന് അർഹൻ? ആചാര്യന്റെ നിലയ്ക്കാണ് അഗ്രപൂജ ചെയ്തതെങ്കിൽ ദ്രോണരെ അല്ലേ ആദ്യം സൽക്കരിക്കേണ്ടത്? അതല്ല, ഋത്വിക്കിന്റെ നിലയിലാണ് സല്ക്കരിച്ചതെങ്കിൽ വൃദ്ധനായ വ്യാസനുള്ളപ്പോൾ എന്താണ് കൃഷ്ണനെ പൂജിച്ചത്? പുരുഷന്മാരിൽ വച്ച് ഉത്തമനായ ഭീഷ്മനും, സർവ്വശസ്ത്രജ്ഞനായ അശ്വത്ഥാമാവും, രാജേന്ദ്രനും പുരുഷശ്രേഷ്ഠനുമായ ദുര്യോധനനും, കൃപാചാര്യരും, ദ്രുമനും, ദുർദ്ധർഷനായ ഭീഷ്മകനും, പാണ്ഡുതുല്യനായ രുഗ്മിയും, മഹാധനുർദ്ധരനായ ഏകലവ്യനും, മാദ്രേശനായ ശല്യരുമുള്ളപ്പോൾ എന്തേ, കൃഷ്ണനെ പൂജിക്കുവാൻ? സർവ്വരാജാക്കന്മാരുടേയും ഇടയിൽ മഹാബലവാനും പരശുരാമന്റെ ഇഷ്ടശിഷ്യനുമായ കർണ്ണൻ നിൽക്കുമ്പോൾ കൃഷ്ണനെ പൂജിച്ചത് ഉചിതമായോ? കൃഷ്ണൻ ഋത്വിക്കല്ല, ആചാര്യനല്ല, രാജാവല്ല! പിന്നെ പൂജ ചെയ്തത് എന്തുകൊണ്ട്? വെറും സേവയ്ക്ക് മാത്രം. അല്ലാതെന്ത്? നിങ്ങൾക്ക് ഇവനെ ആദരിക്കണമെങ്കിൽ ഞങ്ങളെയെല്ലാം വിളിച്ചുവരുത്തി അപമാനിച്ചതെന്തിന്? രാജസദസ്സിൽ വച്ച് ലക്ഷണംകെട്ട ഇവനെ ഇങ്ങനെ പൂജിച്ചതിനാൽ, ഹേ യുധിഷ്ഠിരാ, ധർമ്മാത്മാവ് എന്ന പേര് നീ കളഞ്ഞുകുളിച്ചു. ജരാസന്ധരാജാവിനെ ചതിച്ചുകൊന്ന കൊലപാതകിയാണിവൻ. പാർത്ഥർ ഭീരുക്കളും കൃപണന്മാ‍രും പാവങ്ങളുമാണെങ്കിൽ, ഹേ കൃഷ്ണാ, നീ ചിന്തിക്കേണ്ടതല്ലേ ഈ പൂജ തനിക്ക് ചേർന്നതാണോയെന്ന്? അർഹതയില്ലാത്തത് വാങ്ങിയിട്ട് ഹവിസ്സിന്റെ ഭാഗം വിജനത്തിൽ വെച്ചു തിന്നുന്ന പട്ടിയെപ്പോലെ നാണമില്ലാതെ യോഗ്യത നടിക്കുന്നു.”

ഇത്രയും പറഞ്ഞ് സ്വന്തം ആസനത്തിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകുവാൻ തുടങ്ങിയ ചേദിരാജാവിനെ യുധിഷ്ഠിരൻ ആവും വിധം സമാധാനിപ്പിക്കുവാൻ ശ്രമിച്ചു. അപ്പോൾ ഭീഷ്മർ ഇങ്ങനെ പറഞ്ഞു.

“ലോകത്തിലെ ഏറ്റവും ജ്ഞാനവൃദ്ധനായ കൃഷ്ണനെ ആദരിച്ചത് സഹിക്കാൻ കഴിയാത്ത ഇവനെ ഭവാൻ എന്തിന് സാന്ത്വനിപ്പിക്കാൻ ശ്രമിക്കണം? ക്ഷത്രിയൻ ക്ഷത്രിയനോട് പോരാടി ജയിച്ച് കീഴടക്കിയാൽ ആ പോരാളിക്ക് അവൻ ഗുരുവാണ്. കൃഷ്ണൻ പോരിൽ തന്റെ ശക്തിയാൽ ജയിക്കാത്ത ഒരു രാജാവിനേയും ഈ സദസ്സിൽ ഞാൻ കാണുന്നില്ല. ജന്മം മുതൽ ഈ ധീമാന്റെ കർമ്മങ്ങൾ പലപ്പോഴും പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ചേദിരാജാവേ, വെറും മോഹംകൊണ്ടല്ല, ബന്ധുവഴിക്കല്ല, സഹായിച്ച വേഴ്ചനോക്കിയുമല്ല ജനാർദ്ദനനെ അർച്ചിച്ചത്. ഇവൻ അർച്ച്യനായതുകൊണ്ടാണ്. ബ്രാഹ്മണരിൽ ജ്ഞാനം അധികമുള്ളവനും, ക്ഷത്രിയരിൽ ബലം കൂടിയവനും, വൈശ്യരിൽ സമ്പന്നനും, ശൂദ്രരിൽ മൂപ്പുകൂടിയവനുമാണ് പൂജാർഹൻ. വേദവേദാംഗവിജ്ഞാനവും അതുല്യമായ മഹാബലവും തികഞ്ഞ കൃഷ്ണനല്ലാതെ മനുഷ്യലോകത്തിൽ മറ്റാരുണ്ട് ഈ പൂജയ്ക്ക് അർഹൻ? വേദം അഗ്നിഹോത്രമുഖം, ഗായത്രി ഛന്ദസ്സുകൾക്കു മുഖം, മനുഷ്യർക്കു മുഖം നൃപൻ, പുഴകൾക്കു മുഖം സമുദ്രം, നക്ഷത്രങ്ങൾക്കു ചന്ദ്രൻ മുഖം, തേജസ്സിന് അർക്കൻ മുഖം, മലകൾക്കു മുഖം മേരു, ഖഗങ്ങൾക്കു മുഖം ഗരുഡൻ, മേലും കീഴും ചുറ്റും കാണുന്ന എല്ലാ ജഗത്തുകളിലും ദേവാസുരന്മാരടങ്ങിയ സകല ലോകർക്കും മുഖമായത് ഭഗവാൻ കേശവനാണ്. ശിശുപാലന് ഇതൊന്നും അറിഞ്ഞുകൂടാ. അവൻ ബാലനാണ്.“

ഭീഷ്മരുടെ വാക്കുകൾ കേട്ടപ്പോൾ ശിശുപാലൻ വീണ്ടും ക്രുദ്ധനായി. തന്റെ പക്ഷത്ത് കുറേ രാജാക്കന്മാരെ കൂട്ടി അദ്ദേഹം യുദ്ധത്തിന് തയ്യാറായി. രാജസൂയം മുടങ്ങുമെന്ന അവസ്ഥയായി. ഇത് കണ്ട് അസ്വസ്ഥനായ യുധിഷ്ഠിരനെ ഭീഷ്മർ സമാധാനിപ്പിച്ചു. കൃഷ്ണന്റെ കോപത്തിനുപാത്രമാക്കി ഈ രാജാക്കന്മാരെയെല്ലാം കൊല്ലിക്കാനാണ് ശിശുപാലൻ ശ്രമിക്കുന്നതെന്ന് ഭീഷ്മർ പറഞ്ഞു. ഇതുകേട്ട് ശിശുപാലൻ ഭീഷ്മരെ നിന്ദിക്കാൻ ആരംഭിച്ചു.

“രാജാക്കന്മാരെയൊക്കെ ഭയപ്പെടുത്താൻ, ഭീഷ്മാ, നീ പല ഭീഷണികളും പറഞ്ഞു. നിനക്ക് നാണമില്ലേ പടുവൃദ്ധാ? ബാലന്മാർ സ്തുതിക്കുന്ന ഇടയച്ചെറുക്കനായ ഈ കൃഷ്ണൻ വിശേഷിച്ച് ചെയ്തതെന്താണ്? ഒരു പെണ്ണിനെ കൊന്നതോ? അതോ ബാല്യത്തിൽ ഒരു പക്ഷിയെ കൊന്നതോ? ഇതിലെന്താണ് അത്ഭുതമിരിക്കുന്നത്? ഒരു കുതിരയേയും കാളയേയും കൊന്നതിലെന്ത് വൈചിത്ര്യമാണുള്ളത്? ചൈതന്യമില്ലാത്ത ഒരു  വണ്ടി കാലുകൊണ്ട് ചവിട്ടി വീഴ്ത്തിയതാണോ അത്ഭുതം? പുറ്റുപോലുള്ള ഗോവർദ്ധനക്കുന്ന് ഏഴുദിവസം പൊക്കിപ്പിടിച്ചു നിന്നത്രേ! കംസനെ കൊന്നതാണോ ഇവനുള്ള വലിയ യോഗ്യത? ചോറു നൽകുന്നവരിലും താൻ സേവിക്കുന്നവരിലും സ്ത്രീകളിലും പശുക്കളിലും ബ്രാഹ്മണരിലും ആയുധം പ്രയോഗിക്കരുതെന്നാണ് ധർമ്മിഷ്ഠന്മാർ കല്പിക്കുന്നത്. എന്നാൽ പശുഘാതകനും സ്ത്രീഘാതകനുമായ ഒരുത്തനെയാണ് നീ സ്തുതിക്കുന്നത്. അവനാണത്രേ ജഗല്പ്രഭു! ഇതൊക്കെ സജ്ജനങ്ങൾ സമ്മതിച്ചു കൊടുക്കുമോ?

ഭീഷ്മാ, ധർമ്മത്തെക്കുറിച്ച് പ്രസംഗിക്കാൻ നിനക്കെന്ത് അധികാരം? നീ മറ്റൊരാളെ പ്രേമിക്കുന്ന ധർമ്മശീലയായ അംബയെ ഹരിച്ചുകൊണ്ട് പോന്നില്ലേ? നീ അവളെ ഹരിച്ച നിലയ്ക്ക് എന്തേ അവളെ കൈക്കൊള്ളാഞ്ഞത്? വിചിത്രവീര്യൻ, നിന്റെ അനുജൻ, ധർമ്മം തെറ്റാതെ നടക്കുന്നവനാണ്. അതുകൊണ്ട് നീ കൊണ്ടുവന്നിട്ടും അവൻ അവളെ സ്വതന്ത്രയാക്കി; ഭാര്യയാക്കിയില്ല. എടോ ഭീഷ്മാ, നീ ധർമ്മത്തെ പുകഴ്ത്തുന്നുവല്ലോ! നിനക്ക് ബ്രഹ്മചര്യം കൊണ്ടെന്തുഫലം? മൗഢ്യം കൊണ്ടല്ലേ നീ ബ്രഹ്മചര്യം സ്വീകരിച്ചത്? അല്ലെങ്കിൽ നീ ആണും പെണ്ണും കെട്ടവനായിരിക്കണം! നപുംസകത്തിന് പെണ്ണിനെക്കൊണ്ട് കാര്യമില്ലല്ലോ? എന്നിട്ടും അഭിമാനിക്കുന്നു, ധർമ്മജ്ഞനാണ് താനെന്ന്!“

ശിശുപാലൻ ഇങ്ങനെ വളരെ നിന്ദ്യമായ രീതിയിൽ സംസാരം തുടരുന്നതു കണ്ട് ഭീമന് കോപം അടക്കാൻ കഴിഞ്ഞില്ല. അവനെ കൊല്ലാൻ തയ്യാറെടുക്കുന്ന ഭീമനെ തടഞ്ഞുകൊണ്ട് ഭീഷ്മർ പറഞ്ഞു.

“ശിശുപാലന്റെ ജന്മത്തെക്കുറിച്ച് നിനക്കറിയില്ല ഭീമാ. ഇവനെ കൃഷ്ണനല്ലാതെ മറ്റാർക്കും കൊല്ലാൻ കഴിയില്ല. ചേദിരാജാവിന്റെ കുലത്തിൽ ജനിച്ച ഇവൻ മൂന്ന് കണ്ണും നാല് കൈകളുമായാണ് പിറന്നത്. വികൃതമായ അംഗങ്ങളും, വികൃതമായ കരച്ചിലുമുള്ള ശിശുവിനെ അച്ഛനമ്മമാർ ഉപേക്ഷിക്കാൻ മുതിർന്നു. അപ്പോൾ ഒരു അശരീരിവാക്കുണ്ടായി. ഇവൻ ശ്രീമാനും മഹാശക്തനുമാകുമെന്നും ഇവനെ കൊല്ലാൻ ലോകത്തിൽ ഒരാൾക്കേ കഴിയൂവെന്നും ആര് ഇവനെ എടുത്ത് മടിയിൽ കിടത്തുമ്പോഴാണോ ഇവന്റെ അധികമുള്ള അവയവങ്ങൾ അപ്രത്യക്ഷമാകുന്നത് അയാളായിരിക്കും അന്തകനെന്നുമായിരുന്നു അശരീരി. ആ അത്ഭുതശിശുവിനെക്കാണാൻ  പല രാജാക്കന്മാരും എത്തി. കുട്ടിയെ കാണാൻ വന്നവരെ വേണ്ടവിധം സല്കരിച്ചശേഷം രാജാവ് ഓരോരുത്തരുടെയും മടിയിൽ കുട്ടിയെ വയ്ക്കുകയായി. ഇങ്ങനെയിരിക്കെ ദ്വാരകയിൽ നിന്നും കൃഷ്ണനും ബലരാമനും അച്ഛൻ പെങ്ങളായ രാജ്ഞിയേയും കുഞ്ഞിനെയും കാണാൻ എത്തി. കൃഷ്ണന്റെ മടിയിൽ വച്ചുടനെ ശിശുവിന്റെ അധികമുള്ള കൈകളും കണ്ണും അപ്രത്യക്ഷമായി. ഇതുകണ്ട് ഭയപ്പെട്ട രാജ്ഞി കൃഷ്ണനോട് ഒരു വരം ആവശ്യപ്പെട്ടു. തന്റെ മകന്റെ തെറ്റുകൾ പൊറുക്കണമെന്നായിരുന്നു വരം.  ശിശുപാലൻ ചെയ്യുന്ന നൂറ് തെറ്റുകൾ പൊറുത്തുകൊള്ളാം എന്ന വരം കൃഷ്ണൻ നൽകുകയും ചെയ്തു.“

കൃഷ്ണൻ നൽകിയ വരമാണ് തന്റെ ജീവിതമെന്ന് ഭീഷ്മർ പറയുന്നതുകേട്ട് ശിശുപാലൻ കോപം കൊണ്ട് വിറച്ചു. ശ്രീകൃഷ്ണനെ പോരിനു വിളിച്ചു. തന്നെയും പാണ്ഡവരെയും കൊല്ലാൻ തയ്യാറായി നിൽക്കുന്ന ശിശുപാലനെ കണ്ട് കൃഷ്ണൻ പറഞ്ഞു.

“രാജാക്കന്മാരേ, എന്റെ അച്ഛൻ പെങ്ങളുടെ മകനായിട്ടുകൂടി ഇവൻ ഞങ്ങൾക്ക് എന്നും ദ്രോഹങ്ങൾ ചെയ്തുകൊണ്ടിരുന്നു. മുൻപ്, ഞങ്ങൾ ഇല്ലാതിരുന്ന സമയത്ത് ഇവൻ ദ്വാരകയ്ക്ക് തീ വച്ചു. ഭോജരാജാവ് രൈവതത്തിൽ ക്രീഡിച്ചുകൊണ്ടിരിക്കുന്ന തക്കത്തിന് അവരെ കൊന്നു. എന്റെ അച്ഛൻ അശ്വമേധത്തിനായി കാവലോടെ വിട്ട കുതിരയെ പാപിയായ ഇവൻ കട്ടുകൊണ്ടുപോയി. അച്ഛന്റെ യജ്ഞം മുടക്കുവാൻ ശ്രമിച്ചു. സൗവീരത്തിൽ പോകുകയായിരുന്ന ബഭ്രുവിന്റെ തപസ്വിനിയായ ഭാര്യയെ ഇവൻ കാമമോഹിതനായി തട്ടിക്കൊണ്ടുപോയി. മായാവിയും മാതുലദ്രോഹിയുമായ ഇവൻ വൈശാലരാജകുമാരിയായ ഭദ്രയെ , അവൾ കാരൂഷരാജാവിനുവേണ്ടി തപസ്സ് ചെയ്തുകൊണ്ടിരിക്കെ, കാരൂഷന്റെ മായാവേഷം ധരിച്ച് അപഹരിച്ചു. ഇങ്ങനെ ഇവൻ ചെയ്ത അനേകം ദ്രോഹങ്ങളെ അച്ഛൻ പെങ്ങൾക്കുവേണ്ടി ഞാൻ ക്ഷമിച്ചു. ഇപ്പോൾ എന്നോടിവൻ യുദ്ധത്തിനു വന്നിരിക്കുന്നു. വേഗം ചാകാൻ ആഗ്രഹിക്കുന്ന മൂഢനായ ഇവന് രുക്മിണിയിൽ വലിയ ആശയുണ്ടായിരുന്നു. എന്നാൽ അന്ന് അവളെ ഇവന് കിട്ടിയില്ല.“

ഇതു കേട്ട് ശിശുപാലൻ കൃഷ്ണനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

“ഹേ കൃഷ്ണാ, നിനക്കു നാണമില്ലേ, വിശേഷിച്ചും ഈ രാജാക്കന്മാരുടെ മുന്നിൽ വച്ച് നിന്റെ ഭാര്യയെ മറ്റൊരുവൻ ആഗ്രഹിച്ചുവെന്ന് പറയാൻ? മുമ്പ് അന്യനുദ്ദേശിക്കപ്പെട്ട സ്ത്രീയെ സ്വന്തമാക്കിയ കാര്യം സദസ്സിൽ വച്ച് നീ അല്ലാതെ ആരാണ് പുകഴ്ത്തി പറയുക? നീ ആദരവോടെ പൊറുത്താലും കൊള്ളാം, പൊറുത്തില്ലെങ്കിലും കൊള്ളാം, എനിക്ക് രണ്ടും ശരിയാണ്. കൃഷ്ണന്റെ കോപം കൊണ്ട് എനിക്ക് ഒരു ചുക്കും വരാനില്ല! നിന്റെ പ്രസാദം കൊണ്ട് എനിക്കൊന്നും വേണ്ടതാനും.”

ഇതു കേട്ട് നൂറും തികഞ്ഞു എന്ന് പറഞ്ഞ് ശ്രീകൃഷ്ണൻ സുദർശനചക്രത്തെ മനസാൽ സ്മരിച്ചു. ദൈത്യനാശനമായ ചക്രം ശിശുപാലന്റെ ശിരസ്സ് ഛേദിച്ചു. അതായത് ശിശുപാലന്റെ അഹംഭാവമെന്ന തലയെ ഇല്ലാതാക്കി അദ്ദേഹത്തിനെ നല്ല വഴിക്ക് നടത്തിച്ചു. വിനാശകാലത്തിൽ വിപരീത ബുദ്ധി ഉദിക്കുമെങ്കിലും അവനും നല്ല ബുദ്ധി തോന്നിക്കാൻ നല്ലവർക്ക് കഴിയും !!