Wednesday, 4 March 2015

ഇറച്ചിവെട്ടുകാരന്റെ വേദാന്തം

വൃദ്ധരായ മാതാപിതാക്കളുമായി അമ്പലത്തിലെത്തുക, എന്നിട്ടു ക്ഷേത്രദർശനവും നടത്തി അവരെ അവിടെ ഉപേക്ഷിച്ചിട്ടു കടന്നുകളയുക... നടതള്ളൽ എന്നാണു മാധ്യമങ്ങൾ ഇതിനു കൊടുത്തിരിക്കുന്ന പേർ. ഇനി മറ്റൊരു കൂട്ടരുണ്ട്! ഗുരുവാണു തങ്ങൾക്കെല്ലാം.. ഗുരുവിൽ നിന്നു ദീക്ഷയും സ്വീകരിച്ചു വിവരമില്ലാത്ത അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു പോകുകയാണെന്നു പറയുന്നവർ. ഈ രണ്ടു കൂട്ടർക്കുമായി മഹാഭാരതത്തിലെ ഈ കഥ ഡെഡിക്കേറ്റു ചെയ്യുന്നു... ഇറച്ചിവെട്ടുകാരന്റെ വേദാന്തം..

ഒരിടത്തു കൗശികൻ എന്ന ഒരു മഹാബ്രാഹ്മണൻ ഉണ്ടായിരുന്നു. അദ്ദേഹം വേദാദ്ധ്യായിയും, തപോനിധിയും, ധർമ്മശീലനുമായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു മരത്തിന്റെ ചുവട്ടിൽ വേദം ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ഒരു വെള്ളിൽ പക്ഷി തലയിൽ കാഷ്ഠിച്ചു. ക്രുദ്ധനായ കൗശികൻ കോപത്തോടെ പക്ഷിയെ ഒന്നു നോക്കി. ആ കോപാഗ്നിയിൽ കരിഞ്ഞു പക്ഷി തറയിൽ വീണു ചത്തു. ഇതു കണ്ടതോടെ ബ്രാഹ്മണനു വിഷമമായി. കോപത്തെ അടക്കാൻ കഴിയാത്ത തന്റെ കഴിവുകേടിനെക്കുറിച്ചോർത്ത് അദ്ദേഹം ലജ്ജിച്ചു. അദ്ദേഹം അവിടെ നിന്ന് അടുത്ത ഗ്രാമത്തിലേക്കു യാത്രയായി.

സമയം ഉച്ചയായി. കൗശികൻ ആദ്യം കണ്ട വീട്ടിൽ ഭിക്ഷ യാചിക്കാൻ കയറി. ആ സമയത്ത് അവിടുത്തെ ഗൃഹനായിക പാത്രം കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. പാത്രം കഴികിയിട്ടു ഭിക്ഷ തരാമെന്നു പറഞ്ഞ് ആ സ്ത്രീ തന്റെ പണി തുടർന്നു. ഈ സമയത്താണ് അവരുടെ ഭർത്താവു വിശന്നു തളർന്നു വീട്ടിലേക്കു കയറി വന്നത്. ഉടനെ ആ പതിവ്രത പണിയെല്ലാം നിർത്തിയിട്ടു ഭർത്താവിനു വേണ്ട ശുശ്രൂഷകൾ ചെയ്തു. അദ്ദേഹം സ്വസ്ഥനായപ്പോൾ ബ്രാഹ്മണനു ഭിക്ഷയുമായി ചെന്നു. ഇതെല്ലാം കണ്ടു കോപിച്ചു നിൽക്കുന്ന അദ്ദേഹത്തെ അവർ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നിട്ടും കൗശികന്റെ കോപം ശമിക്കുന്നില്ലെന്നു കണ്ട് അവർ പറഞ്ഞു.

“ഹേ ബ്രാഹ്മണാ, അങ്ങയുടെ കോപത്തിൽ ദഹിച്ചു പോകാൻ ഞാൻ വെള്ളിൽ പക്ഷിയല്ല. അങ്ങു കോപത്തെ അടക്കിയാലും. എനിക്ക് ഏറ്റവും ശ്രേഷ്ഠമായ ധർമ്മം പതിശുശ്രൂഷയാണ്. അതാണു ഞാൻ ചെയ്തത്. അങ്ങയ്ക്ക് ഇനിയും പലതും പഠിക്കാനുണ്ട്. മിഥിലയിൽ വസിക്കുന്ന വ്യാധൻ അങ്ങയ്ക്കു ധർമ്മം ഉപദേശിക്കും. അങ്ങോട്ടു ചെല്ലുക!“

ഇതുകേട്ടു ബ്രാഹ്മണന് അത്ഭുതമായി. അദ്ദേഹത്തിന്റെ കോപം മാറി. തന്റെ നിലയെക്കുറിച്ചോർത്തു ലജ്ജിച്ചു. ആ പതിവ്രത പറഞ്ഞതുപോലെ മിഥിലയിലേക്കു പോകാൻ അദ്ദേഹം തീരുമാനിച്ചു.

കൗശികൻ മിഥിലയിലെത്തി വ്യാധനെ അന്വേഷിച്ചു. അവസാനം കണ്ടെത്തി. ഒരു ഇറച്ചിവെട്ടുകാരൻ! ബ്രാഹ്മണനെ കണ്ടയുടനെ ഇറച്ചിക്കടക്കാരൻ കടയിൽ നിന്നിറങ്ങി വന്നു. അയാൾ പറഞ്ഞു:

“ഭവാനെ, അങ്ങ് എന്തിനാണു വന്നതെന്നും ആരാണു അങ്ങയെ പറഞ്ഞയച്ചതെന്നും എനിക്കറിയാം. ആ പതിവ്രത പറഞ്ഞ വ്യാധൻ ഞാൻ തന്നെയാണ്. അങ്ങയ്ക്ക് ഈ സ്ഥലം പറ്റിയതല്ല. നമുക്ക് എന്റെ വീട്ടിലേക്കു പോകാം. അവിടെ ഇരുന്നു സംസാ‍രിക്കാം.”

വ്യാധന്റെ വാക്കുകൾ ബ്രാഹ്മണനെ വീണ്ടും അത്ഭുതപ്പെടുത്തി. അദ്ദേഹം സന്തോഷത്തോടെ ഇറച്ചിവെട്ടുകാരന്റെ ഗൃഹത്തിലേക്കു നടന്നു. അവിടെ വച്ചു കൗശികൻ വ്യാധനോടു തന്റെ സംശയങ്ങളെല്ലാം ചോദിച്ചു. ധർമ്മത്തെക്കുറിച്ചും കുലധർമ്മത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും കർമ്മങ്ങളുടെ സൂക്ഷ്മമായ ഗതിയെക്കുറിച്ചും വ്യാധൻ ബ്രാഹ്മണനെ ധരിപ്പിച്ചു. ജീവന്റെ പ്രയാണം, പുണ്യപാപങ്ങളുടെ ഗതി, ഇന്ദ്രിയങ്ങളും അവയുടെ നിഗ്രഹവും, മഹാഭൂതങ്ങളും ഗുണത്രയങ്ങളും, പഞ്ചപ്രാണനുകൾ എന്നു വേണ്ട വേദാന്തത്തിന്റെ അതിഗഹനങ്ങളായ പാതകളിൽ കൂടി അവരുടെ ചർച്ചകൾ കടന്നു പോയി. അവസാനം വ്യാധൻ പറഞ്ഞു:

“ഹേ ബ്രാഹ്മണാ, ക്രോധത്തിൽ നിന്നു തപസ്സിനെ രക്ഷിക്കുക. മത്സരത്തിൽ നിന്നു ധർമ്മത്തെ രക്ഷിക്കുക. മാനാവമാനങ്ങളിൽ നിന്നു വിദ്യയെ രക്ഷിക്കുക.തെറ്റിൽ നിന്ന് ആത്മാവിനേയും രക്ഷിക്കുക. ആനൃശംസ്യം പരമമായ ധർമ്മമാകുന്നു. ക്ഷമയോ ഏറ്റവും വലിയ ബലമാകുന്നു. ആത്മജ്ഞാനമാണ് ഏറ്റവും വലിയ ജ്ഞാനം.സത്യമാണു വ്രതങ്ങളിൽ വച്ച് ഏറ്റവും വലിയ വ്രതം. സത്യത്തിനു വാക്കാണു മുഖ്യം. സത്യമെന്നതു ഹിതബോധനമാണ്. ഏറ്റവും ഭൂതഹിതമായിട്ടുള്ളതാണ് ഏറ്റവും മഹത്തായ സത്യം. നിഷ്കാമമായി കർമ്മം ചെയ്യുന്നവനാണു ബുദ്ധിമാനായ ത്യാഗി. ഗുരു ചൊല്ലിക്കൊടുക്കാതെ ഏതിനെ ഉപപാദിച്ചു അതാണു ബ്രഹ്മയോഗം. സഗുണനും, അഗുണനും, അനാസംഗനും, ഏകകാര്യവും, മാറ്റമില്ലാത്തതും, നാശമില്ലാത്തതും, സുഖവുമായതും യാതൊന്നോ, ഹേ, ബ്രാഹ്മണാ, അതു ബ്രഹ്മമെന്ന് അറിഞ്ഞാലും.”

ഇതുകേട്ടു മനസ്സു നിറഞ്ഞു കൗശികൻ പറഞ്ഞു.

“ഹേ, വ്യാധ! അങ്ങയ്ക്ക് എന്റെ പ്രണാമം. ധർമ്മങ്ങളിൽ ഭവാൻ അറിയാത്തതായി ഒന്നും തന്നെയില്ല. ആരാണ് അങ്ങയുടെ ഗുരു? ആരാണ് അങ്ങയുടെ ഉപാസനാ മൂർത്തി? എങ്ങനെയാണ് അങ്ങയ്ക്ക് ഈ സിദ്ധികൾ ലഭിച്ചത്? അത് അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു.”

വ്യാധൻ ആ ബ്രാഹ്മണനെ തന്റെ വീട്ടിനുള്ളിലേക്കു കൊണ്ടുപോയി. മുറികളെല്ലാം നല്ല വൃത്തിയും വെടിപ്പുമാക്കി വച്ചിരിക്കുന്നു. അവിടെ പട്ടുമെത്തയിൽ അയാളുടെ അച്ഛനും അമ്മയും ഇരിക്കുന്നു. അവരെ നമസ്കരിച്ചിട്ടു ആ ഇറച്ചിവെട്ടുകാരൻ പറഞ്ഞു.

“ഹേ, ബ്രാഹ്മണാ! ഇതാണ് എന്റെ പൂജാമുറി. ഇവരാണെന്റെ ഉപാസനാമൂർത്തികൾ. ഇവർ തന്നെയാണ് എനിക്കു ഗുരുവും. വാഴ്ത്തപ്പെട്ട അഗ്നികളും എനിക്കിവരാണ്. യജ്ഞങ്ങളും നാലു വേദങ്ങളും എനിക്കിവരാണ്. ഞാൻ ഇവരെ പൂജിക്കുന്നു. ശുശ്രൂഷിക്കുന്നു. ഇവരോട് അനുകൂലമല്ലാതെ അപ്രിയം ഞാൻ പറയുകയില്ല. അധർമ്മമായാലും ഞാൻ അവരുടെ ഇഷ്ടമനുസരിച്ചു ചെയ്യും. ഏതൊരു നരനും അഞ്ചു ഗുരുക്കന്മാരാണുള്ളതെന്നു ഭവാൻ അറിഞ്ഞാലും.അച്ഛൻ, അമ്മ, അഗ്നി, ആത്മാവ്, ആചാര്യൻ എന്നിവരാണവർ. ഇവരിൽ നല്ലപോലെ വർത്തിക്കുന്നതായാൽ എല്ലാ സത്ഫലങ്ങളും അങ്ങയ്ക്കു സിദ്ധിക്കും.“

വ്യാധനനിൽ നിന്ന് അറിയേണ്ടതെല്ലാമറിഞ്ഞു കൗശികൻ സന്തോഷത്തോടെ തന്റെ വീട്ടിലേക്കു യാത്രയായി.

Sunday, 1 March 2015

ഭീമനും പെരുമ്പാമ്പും

ആയിരം ആനകളുടെ ശക്തിയുള്ളവനും ആരെയും കൂസാത്തവനുമായ ഭീമസേനനെ ഒരു പെരുമ്പാമ്പു പിടിച്ച കഥ കേട്ടിട്ടുണ്ടോ? എന്നാൽ അതാകട്ടെ അടുത്തത്..

പാണ്ഡവരുടെ വനവാസകാലം. ഭീമസേനൻ കാട്ടിലൂടെ അങ്ങുമിങ്ങും ചുറ്റിനടന്നു. തന്റെ അസ്ത്രങ്ങൾ കൊണ്ടും ഗദകൊണ്ടും സിംഹത്തേയും ആനയേയുമൊക്കെ ഭയപ്പെടുത്തി മരങ്ങൾ പിഴുതെറിഞ്ഞ് ആ മഹാവീരൻ കാട്ടിൽ നായാട്ടു നടത്തി. ഇങ്ങനെ നടക്കുന്നതിനിടയിൽ അവൻ ഒരു പെരുമ്പാമ്പിന്റെ മുന്നിൽ പെട്ടു. പർവ്വതം പോലെ വമ്പിച്ച മെയ്യുള്ളതും, വളരെ ശക്തിയുള്ളതും, വിചിത്രരേഖകൾകൊണ്ടു ചിത്രാംഗമായിട്ടുള്ളതും, മഞ്ഞൾ നിറമുള്ളതും, നാലു ദംഷ്ട്രങ്ങളോടും, ദീപ്തനേത്രങ്ങളോടും കൂടിയതുമായിരുന്നു അതിന്റെ രൂപം. ഭീമനെ കണ്ടയുടൻ പാമ്പു കോപത്തോടെ ചീറിയടുത്തു. അതിന്റെ സ്പർശനമാത്രയിൽ തന്നെ ഭീമൻ ബോധരഹിതനായി. ബോധം വീണ്ടുകിട്ടിയപ്പോഴേക്കും അവൻ പാമ്പിന്റെ പിടിയിൽ അമർന്നു കഴിഞ്ഞിരുന്നു. ഭീമൻ തന്റെ സകല ശക്തിയും പ്രയോഗിച്ചിട്ടും അതൊന്നും ആ പാമ്പിന്റെ മുന്നിൽ ഫലിച്ചില്ല.

ഭീമൻ ചിന്തിച്ചു. സാധാരണ വന്യമൃഗങ്ങളൊന്നും തന്റെ ശക്തിക്കു മുന്നിൽ പിടിച്ചു നിൽക്കില്ല. പക്ഷേ ഈ പാമ്പ് എന്നെ ശരിക്കു തോല്പിച്ചു കളഞ്ഞു. ആരായിരിക്കും ഇത്? താൻ ആരാണെന്നും മറ്റുമുള്ള വിവരം ധരിപ്പിച്ചിട്ടു ഭീമസേനൻ ആ പെരുമ്പാമ്പിനോടു പറഞ്ഞു.

“സടചിന്നുന്ന സിംഹങ്ങളേയും, ഉഗ്രവ്യാഘ്രങ്ങളേയും, കാട്ടുപോത്തുകളേയും, അസംഖ്യം ആനകളേയും പോരാടി സംഹരിച്ചവനാണു ഞാൻ. രാക്ഷസന്മാർ, പിശാചുക്കൾ, പന്നഗങ്ങൾ എന്നിവയൊന്നും എന്റെ കയ്യൂക്കു താങ്ങുവാൻ ശക്തരല്ലല്ലോ പന്നഗോത്തമാ! അങ്ങു വിദ്യാബലം കൊണ്ടോ, വരബലം കൊണ്ടോ, എന്തു മഹാബലം കൊണ്ടാണ് എന്നെ ബന്ധിച്ചത്?”

ഇതുകേട്ട് ആ പാമ്പു തന്റെ കഥ പറഞ്ഞു.

“രാജർഷിയായ നഹുഷനെപ്പറ്റി ഭവാൻ കേട്ടിട്ടുണ്ടാകും. ഭവാന്റെ പൂർവ്വന്മാർക്കും പൂർവ്വനായ വംശകൃത്തും ആയുസ്സിന്റെ പുത്രനുമായ ആ നഹുഷനാണു ഞാൻ. ഗർവ്വു മൂലം മഹർഷിമാരെ നിന്ദിച്ച എന്നെ അഗസ്ത്യമുനി ശപിച്ച് ഈ രൂപത്തിലാക്കി. പിന്നീട് എന്റെ അപേക്ഷ പ്രകാരം മുനി ശാപ മോചനത്തിനുള്ള ഉപായവും പറഞ്ഞിരുന്നു. എന്റെ ചോദ്യങ്ങൾക്കെല്ലം ഉത്തരം പറയാൻ പ്രാപ്തനായ ഒരാൾ മുന്നിലെത്തുമ്പോൾ മാത്രമേ ഈ ശാപത്തിൽ നിന്നും ഞാൻ മുക്തനാകൂ. കൂടാതെ എന്നിൽ ദയ തോന്നിയ മഹർഷി എനിക്ക് ഒരു വരം നൽകി. എന്റെ സ്പർശനമാത്രയിൽ ഏതു ശക്തനായ ജീവിയും ശക്തിയെല്ലാം നശിച്ച് അവശനാകും. അങ്ങനെ ഇവിടെ എത്തുന്ന മൃഗങ്ങളെ പിടിച്ചു തിന്നു ഞാൻ ജീവിക്കുന്നു. ഇന്നു നിന്നെയാണ് എനിക്കു ഭക്ഷണമായി കിട്ടിയത്.“

ഭീമൻ ഇങ്ങനെ പെരുമ്പാമ്പിന്റെ പിടിയിലമർന്നു കഷ്ടപ്പെടുമ്പോൾ അങ്ങകലെ ആശ്രമത്തിലിരുന്ന യുധിഷ്ഠിരൻ പല ദുശ്ശകുനങ്ങളും കണ്ടുതുടങ്ങി. ആശ്രമത്തിൽ ഭീമനെ തിരഞ്ഞിട്ടു കാണാതെ അദ്ദേഹം അന്വേഷിച്ചിറങ്ങി. ഭീമൻ പോയ അടയാളങ്ങൾ നോക്കി നടന്നുനടന്ന് അവസാനം യുധിഷ്ഠിരൻ പെരുമ്പാമ്പിന്റെ മുന്നിലെത്തി. അതിശക്തനായ ഭീമനെ ചുറ്റിവരിഞ്ഞു പാമ്പ് അവനെ തിന്നാൻ തുടങ്ങുകയായിരുന്നു. വ്യസനത്തോടെ യുധിഷ്ഠിരൻ ഭീമനോടു കാര്യങ്ങൾ തിരക്കി. ഭീമനിൽ നിന്നു കാര്യങ്ങൾ മനസ്സിലാക്കിയ യുധിഷ്ഠിരൻ പാമ്പിനോടു പറഞ്ഞു.

“ഹേ സർപ്പമേ! ആയുഷ്മാനേ! ഭവാൻ എന്റെ സഹോദരനെ വിട്ടയയ്ക്കുക! ഭവാനു വിശപ്പടക്കുവാൻ ഞാൻ വേറെ ഇര നൽകാം!“

സർപ്പം പറഞ്ഞു: “ ഞാൻ ഇര കിട്ടുവാൻ കൊതിച്ചിരിക്കുമ്പോൾ എനിക്കു കിട്ടിയ ഇരയാണിവൻ. നീ നിൽക്കേണ്ട! പൊയ്ക്കൊള്ളുക. ഇവിടെ നിന്നാൽ നാളേയ്ക്കു നിന്നേയും ഞാൻ പിടിച്ചു തിന്നും. എന്റെ താവളത്തിൽ വന്ന ആരെയും ഞാൻ വിടില്ല. മറ്റൊന്നിലും എനിക്കു കാംക്ഷയില്ല. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ശരിയായ ഉത്തരം പറയുവാൻ നിനക്കു കഴിയുമോ? എങ്കിൽ ഞാൻ നിന്റെ അനുജനെ വിട്ടുതരാം.”

ഭീമനെ രക്ഷിക്കാൻ യുധിഷ്ഠിരൻ തയ്യാറാണെന്നു കണ്ടു പാമ്പു ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

സർപ്പം   :   “ആരാണു ബ്രാഹ്മണൻ? അറിയപ്പെടേണ്ടത് എന്താണ്?”

യുധിഷ്ഠിരൻ   :   “സത്യം, ദാനം, ക്ഷമാശീലം, ആനൃശംസ്യം, തപം, ദയ ഇവ ചേർന്നവനാണു ബ്രാഹ്മണൻ. പിന്നെ പരമമായതു ബ്രഹ്മമാണ്. അതു സുഖദുഃഖഹീനമാണ്. അതാണു വേദ്യം.”

സർപ്പം   :   “ശൂദ്രന്മാരിലും സത്യം, ദാനം, അക്രോധം എന്നീ ഗുണങ്ങളുണ്ടാകാം. ആനൃശംസ്യവും, അഹിംസയും ദയയും ഉണ്ടാകാം.”

യുധിഷ്ഠിരൻ   :   “ശൂദ്രനിൽ കണ്ടതായ ഈ ഗുണചിഹ്നം ദ്വിജനിൽ കണ്ടില്ലെങ്കിൽ ആ ശൂദ്രൻ ശൂദ്രനല്ല; വിപ്രൻ വിപ്രനുമല്ല. ഈ വൃത്തം തികഞ്ഞവനാണു ബ്രാഹ്മണൻ. ഈ വൃത്തം തികയാത്ത ബ്രാഹ്മണൻ ശൂദ്രനാണ് എന്നു തീരുമാനിക്കണം.”

സർപ്പം   :   “ബ്രാഹ്മണൻ അവന്റെ വൃത്തിയോടുകൂടിയവനാണെന്നു ഭവാൻ വിചാരിക്കുന്നുണ്ടെങ്കിൽ വൃത്തിയോടു കൂടാതെയുള്ള ജാതിനാമം വെറുതെയാണ്.”

യുധിഷ്ഠിരൻ   :   “ജാതി എന്നതു മനുഷ്യരിൽ കാണുവാൻ വിഷമമാണ്. ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രാദികളെ പ്രത്യക്ഷത്തിൽ തിരിച്ചറിയുവാൻ സാദ്ധ്യമല്ല. എല്ലാ ജാതിക്കാർക്കും ഏതു ജാതിയിലും മക്കളുണ്ടാകും. വാക്കും, മൈഥുനവും, ജനനവും, മരണവുമൊക്കെ ഏതു ജാതിയിലും മനുഷ്യരിൽ ഒന്നുപോലെതന്നെയാണ്. അതിനാൽ തത്ത്വദർശികൾ ശീലത്തെയാണു പ്രധാനമായി കണക്കാക്കുന്നത്; ജന്മത്തെയല്ല. ‘ജന്മനാ ജായതേ ശൂദ്രഃ കർമ്മണാ ജായതേ ദ്വിജഃ‘ എന്നാണല്ലോ മനു പറഞ്ഞത്. സംസ്കാരം ചേർന്ന വൃത്തി ഏതൊരുവനിൽ കാണുന്നുവോ അവൻ ബ്രാഹ്മണനാണ് എന്നാണ് എന്റെ അഭിപ്രായം”

സർപ്പം : “ഹേ യുധിഷ്ഠിര! വേദ്യവേദിയായ ഭവാൻ പറഞ്ഞ വാക്കു ഞാൻ കേട്ടു. ഇനി എങ്ങനെയാണു ഞാൻ ഭീമനെ തിന്നുക?”

സർപ്പം ഭീമനെ വിട്ടയച്ചു. നഹുഷനു ശാപമോക്ഷവും ലഭിച്ചു.

Sunday, 28 December 2014

അഷ്ടാവക്രൻ

എന്നാലും ആ ശ്വേതകേതു എന്തിനാണ് എന്നോട് അങ്ങനെ പറഞ്ഞത്? അച്ഛന്റെ മടിയിലിരിക്കാൻ എനിക്ക് അവകാശമില്ല പോലും. എന്ത് ധിക്കാരമാണ്? എന്തായാലും അമ്മയോടു പറയുകതന്നെ. അഷ്ടാവക്രൻ അമ്മയുടെ അടുത്തേക്കു ചെന്നു.

“അമ്മേ, ആരാണ് എന്റെ അച്ഛൻ? ശ്വേതകേതു എന്നെ കളിയാക്കുന്നു. ഞാൻ ഉദ്ദാലകന്റെ പുത്രനല്ലെന്നാണ് അവൻ പറയുന്നത്. എന്താണു സത്യം?”

മകന്റെ ചോദ്യം കേട്ടു സുജാത ഒരു നിമിഷം തരിച്ചുനിന്നു. എന്നിട്ടു പതിയെ പറഞ്ഞു.

“മകനേ, നീ കേട്ടതു സത്യമാണ്. ഉദ്ദാലകൻ നിന്റെ മുത്തച്ഛനാണ്. അദ്ദേഹം എന്റെ പിതാവാണ്.”

“എങ്കിൽ എന്റെ പിതാവെവിടെ? ആരാണ് അദ്ദേഹം? എന്തുകൊണ്ടാണ് എന്നെ കാണാൻ അദ്ദേഹം എത്താത്തത്?”

എട്ടുവളവുകളുള്ള വിരൂപിയായ ആ പത്തുവസ്സുകാരനെ ചേർത്തുപിടിച്ചുകൊണ്ട് സുജാത ദുഃഖത്തോടെ പറഞ്ഞു.

“ഉദ്ദാലകന്റെ പ്രിയശിഷ്യനായ കഹോഡനാണു നിന്റെ അച്ഛൻ. ശിഷ്യവാത്സല്യം മൂലം അച്ഛൻ എന്നെ അദ്ദേഹത്തിനു വിവാഹം കഴിച്ചു നൽകി. ഞാൻ ഗർഭിണിയായിരുന്നപ്പോൾ ചിലവിനു വകതേടി ജനകമഹാരാജാവിന്റെ രാജധാനിയിലേക്കു പോയതാണ് അദ്ദേഹം. ഇതുവരെ തിരിച്ചെത്തിയില്ല.” അമ്മയുടെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ മകന്റെ നെറുകയിൽ വീണു.

അഷ്ടാവക്രൻ അമ്മയെ സമാധാനിപ്പിച്ചു. “അമ്മേ, ഞാനിതാ പോവുകയായി. ജനകന്റെ രാജധാനിയിലേക്ക്. അച്ഛനുമായേ മടങ്ങിയെത്തൂ.“

കൊട്ടാരത്തിലേക്കു പുറപ്പെട്ട അഷ്ടാവക്രനോടൊപ്പം സമപ്രായക്കാരനായ ശ്വേതകേതുവും കൂടി. അങ്ങനെ അവർ ജനകന്റെ യജ്ഞശാലയുടെ അടുത്തെത്തി. പത്തുവസ്സുപോലും പ്രായമാകാത്ത ആ ബാലന്മാരെ ദ്വാരപാലകർ തടഞ്ഞു. അവർ പറഞ്ഞു,

“ഞങ്ങൾ പണ്ഡിതശ്രേഷ്ഠനായ വന്ദിയുടെ കല്പന നിർവ്വഹിക്കേണ്ടവരാണ്. ഞാൻ പറയുന്നതു ഭവാന്മാർ സാദരം കേട്ടാലും. ബാലന്മാരായ വിപ്രന്മാർക്കു യാഗശാലയിലേക്കു പ്രവേശനമില്ല. വൃദ്ധരും വിജ്ഞാനികളുമായ ബ്രാഹ്മണർക്കേ ഇതിനകത്തേക്കു കടക്കുവാനുള്ള അനുവാദമുള്ളു.”

ഇതുകേട്ട് അഷ്ടാവക്രൻ പറഞ്ഞു.

“വൃദ്ധന്മാർക്ക് ഇതിന്റെ ഉള്ളിലേക്കു കയറാമെന്നുണ്ടെങ്കിൽ ഇതിൽ ഞങ്ങൾക്കും കയറാം. ഞങ്ങൾ അതിവ്രതത്താൽ വൃദ്ധരാണ്. വേദപ്രഭാവമുള്ളവരാണ്. വൃദ്ധന്മാർ ആചരിക്കുന്നതൊക്കെ അറിയുന്നവരാണു ഞങ്ങൾ. ശുശ്രൂഷാപരന്മാരും ജിതേന്ദ്രിയരും ആഗമജ്ഞാനമുള്ളവരുമാണു ഞങ്ങൾ. ചെറുപ്പമാണെന്നുവച്ചു നിങ്ങൾ ഞങ്ങളെ അപമാനിക്കുകയാണ്. ചെറിയ തീയാണെങ്കിലും തൊട്ടാൽ പൊള്ളുമെന്നറിയാമോ? ദേഹം വലിയതായതുകൊണ്ട്  ആൾ മഹാനാകുന്നില്ല. ഫലം നോക്കിയാണു വൃദ്ധിയെ ഗണിക്കേണ്ടത്. വൃദ്ധനായിട്ടും അവൻ നിഷ്ഫലജീവിയാണെങ്കിൽ എന്തുചെയ്യും?”

ദ്വാരപാലകൻ പറഞ്ഞു.

“വൃദ്ധന്മാരുടെ വാക്കുകേട്ടു ബാലന്മാർക്കു ജ്ഞാനം ഉണ്ടാകുന്നു. കാലം ചെല്ലുമ്പോൾ ബാലന്മാർ വൃദ്ധരായിത്തീരുന്നു. അല്പകാലം കൊണ്ടു വലിയ അറിവു നേടുവാൻ സാദ്ധ്യമാണോ? ഭവാനു ദീർഘകാലത്തെ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല. പിന്നെ ബാലനായ നീ വൃദ്ധനായി നടിച്ചു പറയുന്നതു ശരിയാണോ? അവിടെ വാദവിദഗ്ദ്ധനായ വന്ദിയുമായി പല ദേശങ്ങളിൽ നിന്നെത്തിയ പണ്ഡിതർ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയാണ്. തോൽക്കുന്നവർ ബന്ധനസ്ഥരാകും. വന്ദിയെ തോൽ‌പ്പിക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. വിനീതന്മാരായ വിദ്വാന്മാർ ചെന്നുകയറേണ്ട സദസ്സിൽ പത്തു വയസ്സുമാത്രം പ്രായമുള്ള നീ നേരിട്ടു കടന്നുചെല്ലുകയോ?”

അഷ്ടാവക്രൻ പറഞ്ഞു.

“തല നരച്ചതുകൊണ്ടുമാത്രം ഒരാൾ വൃദ്ധനാവുകയില്ല. വയസ്സുകൊണ്ടു ബാലനാണെങ്കിലും, വിജ്ഞാനമുള്ളവനെ ദേവന്മാർ വൃദ്ധനായി കണക്കാക്കുന്നു. ഒരുത്തന്റെ മേന്മ വയസ്സിലോ, തലനരച്ചതുകൊണ്ടോ, സമ്പത്തുകൊണ്ടോ, ബന്ധുക്കളെ നോക്കിയോ ആണു നിശ്ചയിക്കേണ്ടതെന്നു മഹർഷിമാർ പറഞ്ഞിട്ടില്ല. അവയൊന്നുമല്ല മഹത്ത്വത്തെ തീരുമാനിക്കാനുള്ള വഴി. വേദജ്ഞനാണു മഹാൻ. ഞാൻ പണ്ഡിതന്മാരോടുകൂടി വാദിക്കുന്നതും വാദത്തിൽ മുന്നേറി വന്ദിയെ ജയിക്കുന്നതും ഉടനെ കാണാവുന്നതാണ്. വിദ്യാപരിപൂർണ്ണന്മാരായ വിപ്രന്മാർ രാജാവിനോടും പുരോഹിതമുഖ്യന്മാരോടുംകൂടി എനിക്കു വാദത്തിൽ ഉയർച്ചയോ താഴ്ചയോ പറ്റുകയെന്നു ശാന്തമായി ഇരുന്നു കണ്ടുകൊള്ളട്ടെ!“

ബാലന്മാർ നിസ്സാരരല്ല എന്നു മനസ്സിലാക്കിയ ദ്വാരപാലകൻ അവരെ രാജാവിന്റെ മുന്നിലെത്തിച്ചു.നടന്നതെല്ലാം കേട്ടു ജനകമഹാരാജാവ് പറഞ്ഞു.

“അന്യന്റെ വാക്യബലത്തെ ചിന്തിക്കാതെയാണ് ഭവാൻ വന്ദിയെ ജയിക്കുവാൻ ആഗ്രഹിക്കുന്നത്. വേദജ്ഞന്മാരായ ബ്രാഹ്മണർക്കു വന്ദിയെ നന്നായി അറിയാം. ഭവാന് അറിയില്ല! അതിനാലാണ് അദ്ദേഹത്തെ ജയിച്ചുകളയാം എന്നു വിചാരിക്കുന്നത്. മുൻപ് അദ്ദേഹത്തോടെതിർത്ത ബ്രാഹ്മണരൊക്കെ സൂര്യപ്രകാശത്തിൽ നക്ഷത്രങ്ങളെന്നപോലെ ശോഭിക്കാതെ പോയി. വിജ്ഞാനമത്തന്മാർ പോലും വന്ദിയുടെ മുന്നിലെത്തുമ്പോൾ മിണ്ടാൻ പോലും ശക്തിയില്ലാത്തവരാകുന്നതാണു പതിവ്. അതിനാൽ ഭവാന്റെ ജ്ഞാനം ആദ്യം ഞാനൊന്നു പരീക്ഷിച്ചറിയട്ടെ! അതിനുശേഷമാകാം വന്ദിയെ കാണുന്നത്.“

രാജാവ്     :     “മുപ്പതു ഭാഗങ്ങളും പന്ത്രണ്ട് അംശങ്ങളും ഇരുപത്തിനാലു പർവ്വങ്ങളും മുന്നൂറ്ററുപത് അരങ്ങളുമുള്ള വസ്തുവിന്റെ അർത്ഥമറിയുന്നവനെ മാത്രമേ ജ്ഞാനമുള്ളവനായി കണക്കാക്കാവൂ!“

അഷ്ടാവക്രൻ     :     “ഇരുപത്തിനാലു പർവ്വങ്ങളും ആറുനാഭികളും പന്ത്രണ്ടുപരിധിയും മുന്നൂറ്ററുപത് അരങ്ങളുമുള്ള അനന്തം കറങ്ങുന്ന കാലചക്രം അങ്ങയെ രക്ഷിക്കട്ടെ!“

രാജാവ്     :   “തേരിൽ പൂട്ടിയ പെൺകുതിരകളെപ്പോലെ ഒന്നിച്ചു സഞ്ചരിക്കുന്നതും, പരുന്തിനെപ്പോലെ വേഗത്തിൽ പോകുന്നതും എന്താണ്? ആരാണ് അവയ്ക്ക് ജന്മം നൽകുന്നത്?“

 അഷ്ടാവക്രൻ     :    ഇവ രണ്ടും (ഇടിയും മിന്നലും) അങ്ങയുടെ മാത്രമല്ല, അങ്ങയുടെ ശത്രുക്കളുടെ ഗൃഹത്തിലും വന്നുകൂടാതിരിക്കട്ടെ. കാറ്റ് സാരഥിയായവൻ (മേഘം) ഇവ രണ്ടിനേയും സൃഷ്ടിക്കുന്നു.”

രാജാവ്     :    “കണ്ണടയ്ക്കാതെ ഉറങ്ങുന്നത് ഏതു ജീവിയാണ്?

അഷ്ടാവക്രൻ     :    “മീൻ.“

 രാജാവ്     :    “ജനിച്ചതിനുശേഷവും ഇളക്കമില്ലാത്തതെന്തിനാണ്?”

 അഷ്ടാവക്രൻ     :   “മുട്ട.”

രാജാവ്     :     “ഹൃദയമില്ലാത്ത വസ്തുവേത്?”

അഷ്ടാവക്രൻ     :   “കല്ല്.”

രാജാവ്     :    “സ്വന്തം വേഗം കൊണ്ട് വർദ്ധിക്കുന്നതെന്താണ്?”

അഷ്ടാവക്രൻ     :     “നദി”

അഷ്ടാവക്രന്റെ ബുദ്ധിവൈഭവത്തിൽ രാജാവു സംതൃപതനായി. അദ്ദേഹം അവനെ വന്ദിയോടു വാദപ്രതിവാദം നടത്താനനുവദിച്ചു. ഉത്തമമായ വാദപ്രതിവാദത്തിനൊടുവിൽ വന്ദി പരാജിതനായി. ബന്ധനസ്ഥരായ പണ്ഡിതന്മാരെ എല്ലാവരെയും വിട്ടയയ്ക്കാൻ രാജാവ് ഉത്തരവിട്ടു. പിതാവുമൊത്ത് ആ ചെറുബാലന്മാർ വീട്ടിലേക്കു മടങ്ങി.


Saturday, 6 December 2014

നളപാചകം

ഭാര്യ ഒന്നു വീണു. ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവളുടെ ഇരിപ്പു കണ്ടപ്പോൾ ഡോക്ടർക്കുപോലും ഒരു സംശയം. കാലൊടിഞ്ഞിട്ടുണ്ടോ അതോ ഇല്ലിയോ! അവസാനം X-Ray എല്ലാ സംശയങ്ങളും ദൂരീകരിച്ചു തന്നു. ഒടിഞ്ഞിട്ടുണ്ട്. രണ്ടുമാസം പ്ലാസ്റ്ററിട്ട് കിടക്കണം. എനിക്കെന്തായാലും സന്തോഷമായി! ഇനിയിപ്പോൾ എന്റെ പാചക പരീക്ഷണങ്ങൾ യഥേഷ്ടം നടത്താം. കുറച്ചുനാളായി ആഗ്രഹിക്കുന്നു പാചകം പഠിക്കണമെന്ന്. ഇതുവരെയും അവൾ അടുക്കളയിലോട്ട് അടുപ്പിക്കാറില്ല. ഞാൻ കയറിയാൽ അവിടം കുട്ടിച്ചോറാകും പോലും! എന്തായാലും അന്ന് ഞാൻ കയറി അവൾക്കും കുട്ടിക്കും ചോറ് വച്ചു.

കലാപരിപാടികൾ അങ്ങനെ പുരോഗമിച്ചു. കറികളൊക്കെ കുറേശ്ശെ വെക്കാൻ പഠിച്ചു. ഒരുദിവസം കുറച്ച് അതിഥികൾ കാലുകാണാൻ എത്തി. ഞാൻ ഉണ്ടാക്കിയ ഭക്ഷണങ്ങൾ കഴിച്ച് അവർ ഒരേശബ്ദത്തിൽ പറഞ്ഞു.

“Fantastic, marvelous, splendid, superb... നളപാചകമാണല്ലോ!“

എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു.

“അല്ലാ, എനിക്കൊരു സംശയം. ഈ പാചകം കണ്ടുപിടിച്ചത് നളനാണോ? എല്ലാവരും നളപാചകം എന്ന് പറയുന്നതെന്തുകൊണ്ടാണ്?”

“നിനക്ക് നളന്റെയും ദമയന്തിയുടെയും കഥ അറിയില്ല അല്ലേ? എന്നാൽ ഞാൻ പറയാം..”

ഞാ‍ൻ ആ കഥ പറഞ്ഞുതുടങ്ങി.

“നിഷധരാജ്യത്ത് വീരസേനപുത്രനായി നളൻ എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. സകലഗുണസമ്പന്നനും സുന്ദരനും കുതിരയോട്ടത്തിൽ അതിനിപുണനുമായിരുന്നു ആ രാജാവ്. നളൻ അനേകം രാജ്യങ്ങൾ കീഴടക്കി തന്റെ രാജ്യാതിർത്തികൾ വിപുലപ്പെടുത്തി. അദ്ദേഹത്തിന്റെ ഭരണത്തിൽ പ്രജകളെല്ലാം സന്തോഷിച്ചു.

അക്കാലത്ത് വിദർഭ ഭരിച്ചിരുന്ന പ്രബലനായ രാജാവായിരുന്നു ഭീമൻ. അദ്ദേഹത്തിന് ദമൻ, ദാന്തൻ, ദമനൻ എന്നീ മൂന്ന് പുത്രന്മാരും ദമയന്തി എന്ന ഒരു പുത്രിയും ഉണ്ടായിരുന്നു. പുത്രന്മാർ മൂന്നുപേരും സർവ്വഗുണസമ്പന്നന്മാരായിരുന്നു. ദമന്തിയാകട്ടെ രൂപം, തേജസ്സ്, കീർത്തി, സ്വഭാവം, കാന്തി, സൗഭാഗ്യം എന്നിവയാൽ ലോകത്തിലെങ്ങും പേരുകേട്ട സുന്ദരിയായി വളർന്നു. ശ്രീദേവിയെപ്പോലെ ചന്തം തികഞ്ഞ അവൾക്ക് തുല്യയായി ദേവവർഗ്ഗത്തിലോ, യക്ഷവർഗ്ഗത്തിലോ, മാനുഷവർഗ്ഗത്തിലോ ഒരു നാരിയുള്ളതായി കണ്ടിട്ടും കേട്ടിട്ടുമില്ലെന്നു പ്രസിദ്ധമായി. ദേവന്മാർക്കുകൂടി മനസ്സിന്ന് ആനന്ദം ചേർത്തുകൊണ്ട് ആ സുന്ദരി വളർന്നുവന്നു.

നളന്റെ ഗുണങ്ങളെപ്പറ്റി ദമയന്തിയും, ദമയന്തിയുടെ ഗുണങ്ങളെപ്പറ്റി നളനും അറിയുവാനിടയായി. ജനങ്ങൾ പുകഴ്ത്തിപ്പറയുന്നതുകേട്ട് അവർക്ക് അന്യോന്യം അനുരാഗമുണ്ടാകുകയും മനസ്സിൽ കാമം വർദ്ധിക്കുകയും ചെയ്തു. നളനാകട്ടെ മനസ്സിൽ ആഗ്രഹം അടങ്ങാതായി. ഒരുദിവസം അന്തഃപ്പുരത്തിനു സമീപത്തുള്ള ഉദ്യാനത്തിൽ ചിന്താമഗ്നനായി സഞ്ചരിച്ചുകൊണ്ടിരുന്ന നളൻ സ്വർണ്ണച്ചിറകുള്ള അരയന്നങ്ങളെ കണ്ടു. കൗതുകം തോന്നിയ രാജാവ് മെല്ലെച്ചെന്ന് അതിലൊന്നിനെ പിടിച്ചു. അപ്പോൾ ആ ഹംസം ഇങ്ങനെ പറഞ്ഞു.

“രാജാവേ, അങ്ങ് എന്നെ കൊല്ലരുതേ! ഭാവാനെ ഞാൻ സഹായിക്കാം. എന്നെ വിട്ടാൽ ഞാൻ ദമന്തിയുടെ അടുത്തുചെന്ന് അങ്ങയെ വാഴ്ത്താം. ഭവാന്റെ ഗുണഗണങ്ങളെല്ലാം ഞാൻ അവളെ അറിയിക്കാം.”

ഇതുകേട്ടതോടെ നളൻ ഹംസത്തെ വിട്ടു. ഹംസം തന്റെ വാക്കുപാലിച്ചു. അത് നേരെ ദമയന്തിയുടെ അന്തഃപ്പുരത്തിൽ ചെന്നു. എന്നിട്ട് ആരും കേൾക്കാനില്ലാത്ത അവസരത്തിൽ അവളോട് ഇങ്ങനെ പറഞ്ഞു.

“ദമയന്തീ, വിശ്വവിഖ്യാതനായ നിഷധരാജാവ് നളൻ, രൂപഗുണത്തിൽ അദ്വിതീയനായി അശ്വിനീദേവന്മാരെപ്പോലെ പ്രശോഭിക്കുന്നു. ആ രാജാവ് അതിസുന്ദരനാണ്. ദേവഗന്ധർവ്വന്മാരിലും, നാഗരാക്ഷസന്മാരിലും ഇത്ര സുന്ദരനായ ഒരാളെ ഞങ്ങൾ കണ്ടിട്ടില്ല. മനോഹരിയായ ഭവതി നളന്റെ ഭാര്യയാകുവാൻ പറ്റിയവളാണ്. നളൻ നരോത്തമനാണ്. അതുപോലെ ഭവതി നാരീരത്നമാണ്. നിങ്ങൾ തമ്മിലുള്ള സംബന്ധം ഗുണത്തിലേ ചെന്നുചേരൂ.”

ഇതുകേട്ടതോടെ ദമയന്തിയുടെ മനം കുളിർത്തു. നളനെ മാത്രമേ താൻ പതിയായി സ്വീകരിക്കൂ എന്ന് അവൾ നിശ്ചയിച്ചു.

കാലം കടന്നുപോയി. ഭീമരാജാവ് ദമന്തിയുടെ സ്വയംവരം നിശ്ചയിച്ചു. മകളുടെ സ്വയംവരത്തിനു രാജാക്കന്മാരെയെല്ലാം ക്ഷണിച്ചു. സ്വയംവരവാർത്ത കേട്ടു രാജാക്കന്മാർ എത്തിത്തുടങ്ങി. ദേവലോകത്തിലും ഈ വാർത്ത എത്തി. ഇന്ദ്രൻ, അഗ്നി, വരുണൻ, യമൻ എന്നീ ദേവന്മാർ സ്വയംവരത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചു. അവർ വഴിക്കുവച്ച് സ്വയംവരത്തിൽ പങ്കെടുക്കാൻ പോകുന്ന നളനെ കണ്ടു. രൂപഗുണത്തിലും തേജസ്സിലും സൂര്യനെപ്പോലെ ശോഭിക്കുന്ന നളനെ കണ്ടു ദേവന്മാർ അവരുടെ ഉദ്ദേശം വേണ്ടെന്നുവച്ചു. നളനെ ഒന്നു പരീക്ഷിക്കണമെന്നു കരുതി അവർ അദ്ദേഹത്തിന്റെ മുന്നിലെത്തി ഇങ്ങനെ പറഞ്ഞു.

“അല്ലയോ നിഷധമഹാരാജാവേ! സത്യവ്രതനും നരോത്തമനുമായ ഭവാൻ ഞങ്ങളുടെ ദൂതനായി ഞങ്ങളെ സഹായിച്ചാലും.”

സഹായം ചോദിക്കുന്നവരെ മടക്കി അയയ്ക്കാത്ത നളൻ അവരെ സഹായിക്കാമെന്ന് ഏറ്റു.  എന്നാൽ അവരിലൊരാളെ വിവാഹം കഴിക്കണമെന്നു ദമയന്തിയെ അറിയിക്കുകയാണ് താൻ ചെയ്യേണ്ട സഹായമെന്നറിഞ്ഞു നളൻ വിഷമത്തിലായി. എങ്കിലും പറഞ്ഞവാക്കു പാലിക്കാൻ അദ്ദേഹം നിർബന്ധിതനായി. ദേവന്മാരുടെ സഹായത്തോടെ രാത്രിയിൽ നളൻ ദമയന്തിയുടെ അന്തഃപ്പുരത്തിലെത്തി. അത്ഭുതപ്പെട്ടു നിൽക്കുന്ന അവളോടു തന്റെ ആഗമനോദ്ദേശം പറഞ്ഞു. നാല് ദേവന്മാരിൽ ഒരാളെ സ്വയംവരത്തിൽ ഭർത്താവായി വരിക്കണം. ഹംസം പറഞ്ഞ അടയാളങ്ങൾ വച്ചു ദമയന്തിക്കു നളനെ മനസ്സിലായി. അവൾ പറഞ്ഞു.

“അങ്ങയെക്കുറിച്ചുള്ള നല്ലവാക്കുകൾ കേട്ടു ഞാൻ എന്നേ അങ്ങയെ മനസ്സാ വരിച്ചിരിക്കുന്നു. ഇനി മറ്റൊരാളെക്കുറിച്ച് എനിക്കു ചിന്തിക്കുവാൻ കൂടി പ്രയാസമാണ്. ദേവന്മാരോടൊപ്പം അങ്ങും സ്വയംവരത്തിനു വരണം. അവിടെ വച്ച് അങ്ങയെ ഞാൻ ഭർത്താവായി സ്വീകരിക്കുന്നതാണ്.”

ദമന്തിയുടെ വാക്കുകൾ നളൻ ദേവന്മാരെ അറിയിച്ചു. അങ്ങനെ സ്വയംവരദിനവും വന്നെത്തി. വിദർഭ, ശ്രേഷ്ഠന്മാരായ രാജാക്കന്മാരെക്കൊണ്ടു നിറഞ്ഞു. ദമയന്തി പന്തലിൽ പ്രവേശിച്ചു. അവൾ രാജാക്കന്മാരുടെ ഇടയിൽ നളനെ തിരഞ്ഞു. നളന്റെ രൂപതുല്യരായ അഞ്ചുപേർ ഇരിക്കുന്നതുകണ്ട് അവൾ കുഴഞ്ഞു. എത്ര ശ്രമിച്ചിട്ടും ഏതാണു നളൻ എന്ന് അവൾക്കു മനസ്സിലായില്ല. ഇതു ദേവന്മാരുടെ പരീക്ഷണമാണെന്നു മനസ്സിലായ ദമയന്തി അവരെ മനസ്സുകൊണ്ടു പൂജിച്ചു. തന്നെ ഈ വിഷമവൃത്തത്തിൽ നിന്നും രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അതോടെ യഥാർത്ഥ നളനെ ദേവന്മാർ അവൾക്കു കാട്ടിക്കൊടുത്തു. നളനും ദമയന്തിയും വിവാഹിതരായി. അവരുടെ പ്രേമത്തിൽ സന്തുഷ്ടരായ ദേവന്മാർ ഓരോരുത്തരും ഈരണ്ടു വരങ്ങൾ നളനു നൽകി. യജ്ഞത്തിൽ പ്രത്യക്ഷമായ ദർശനവും മരണശേഷം സ്വർഗ്ഗവും ഇന്ദ്രനിൽ നിന്നും നളനു ലഭിച്ചു. വിചാരിക്കുന്നിടത്തു  പ്രത്യക്ഷപ്പെട്ടുകൊള്ളാമെന്നും തന്നെപ്പോലെ ശോഭിക്കുന്ന പുണ്യലോകങ്ങളും അഗ്നി നൽകി. ഭക്ഷണത്തിൽ വിശിഷ്ടരുചിയും ധർമ്മത്തിൽ ശ്രേഷ്ഠത്വവും യമൻ വരമായി നൽകി. വരുണൻ ഉത്തമമായ പൂമാലയും ഇച്ഛിക്കുന്നേടത്തു പ്രത്യക്ഷപ്പെട്ടുകൊള്ളാമെന്ന വരവും നളനു നൽകി. നളനും ദമയന്തിയും സന്തോഷത്തോടെ ജീവിതം തുടങ്ങി.

ഈ വരങ്ങളാണു നളനെ ഒരു പാചകവിദഗ്ദ്ധനാക്കിയത്.  അഗ്നിയുടെ വരം മൂലം അദ്ദേഹത്തിനു തീ കത്തിക്കാൻ വിഷമമില്ല. കുറച്ച് ഉണക്കപ്പുല്ലെടുത്തു ദേവനെ മനസ്സിൽ ധ്യാനിച്ചാൽ അതു കത്തുകയായി. അദ്ദേഹത്തെ തീ ഒരിക്കലും പൊള്ളിക്കുകയില്ല. ഒഴിഞ്ഞ കുടങ്ങളെല്ലാം നളൻ ഒന്നു നോക്കിയാൽ ജലം കൊണ്ടു നിറയും. പഴവർഗ്ഗങ്ങളും പൂക്കളും അദ്ദേഹത്തിന്റെ സ്പർശനത്തിൽ ശുദ്ധവും സൗരഭ്യമുള്ളതുമായി മാറും. യമന്റെ അനുഗ്രഹത്താൽ എന്തുണ്ടാക്കിയാലും അതു വിശിഷ്ടരുചിയുള്ളതായിതീരും. അങ്ങനെയാണ് നളപാചകം പാചകകലയ്ക്ക് ഒരു വിശേഷണമായത്.” ഞാൻ പറഞ്ഞു നിർത്തി.

Tuesday, 11 November 2014

“ന സ്ത്രീ സ്വാതന്ത്ര്യമർഹതി!“

ടിവിയിൽ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു കൂലങ്കഷമായ ചർച്ച. മഹിളാമണികൾ ഘോരഘോരം വാദിക്കുകയാണ്. സ്ത്രീയ്ക്ക് വഴിനടക്കാൻ വയ്യ! ബസ്സിലും ട്രെയിനിലും എന്തിനു വിമാനത്തിൽ പോലും സഞ്ചരിക്കാൻ വയ്യാത്ത സ്ഥിതിയാണ്. പുരുഷന്മാരാണ് ഇതിനെല്ലാം കാരണം. മര്യാദയ്ക്ക് ഒരു ജീൻസ് ധരിക്കാമെന്നുവച്ചാൽ അതിനും അവർ അനുവദിക്കില്ല. എന്താണിത്? ഇതിനി അനുവദിച്ചുകൊടുക്കാൻ കഴിയില്ല. സംഘടിക്കണം.

ഒരു പെൺകുട്ടി പറഞ്ഞു. ഇതിനെല്ലാം കാരണം ആ മനുവാണ്. ഏത് മനുവെന്നു ചിന്തിക്കുന്നതിനു മുൻപു വന്നു “ന സ്ത്രീ സ്വാതന്ത്ര്യമർഹതി!“ ഇതെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന ഭാര്യ പെട്ടെന്ന് എന്റെ നേർക്കു നോക്കി. ഞാ‍നല്ല ആ ശ്ലോകം എഴുതിയ മനു എന്ന ഭാവത്തിൽ ഞാൻ ഇരുന്നു. എന്റെ മനസ്സുവായിച്ചതുപോലെ അവൾ പറഞ്ഞു.

“നിങ്ങളല്ല അതെഴുതിയതെന്ന് എനിക്കറിയാം. സ്ത്രീയെ അടുക്കളയിൽ തളച്ചിടാനുള്ള ശ്രമങ്ങൾ പണ്ടുമുതലേ തുടങ്ങിയിരിക്കുന്നു.”

ഞാൻ പറഞ്ഞു. “എടീ ഭാര്യേ, ആ ശ്ലോകത്തിന്റെ അർത്ഥം അങ്ങനല്ല. ഒന്നും മനസ്സിലാക്കാതാ‍ണു പല ഫെമിനിസ്റ്റുകളും ഇതെടുത്തു വച്ചുകാച്ചുന്നത്. ഈ ശ്ലോകം ഉപയോഗിച്ചിരിക്കുന്ന ഒരു സന്ദർഭം ഞാൻ പറയാം. അതുകഴിഞ്ഞിട്ടു തീരുമാനിക്ക്.”

“എന്നാൽ പറ.” അവൾ കേൾക്കാൻ തയ്യാറായി.

“കൈകേയിയുടെ ആവശ്യപ്രകാരം ശ്രീരാമൻ പതിന്നാലു വർഷം വനത്തിലേക്കുപോകാൻ തയ്യാറായി. അദ്ദേഹം തന്റെ അമ്മയായ കൗസല്യയുടെ അടുത്തുനിന്നും അനുവാദം വാങ്ങി നേരെ സീതയുടെ അന്തഃപ്പുരത്തിലെത്തി. വനത്തിലേക്കുപോകാനുള്ള തന്റെ നിശ്ചയത്തെ അറിയിച്ച രാമൻ സീതയോടു തന്റെ പിതാവിനെയും മാതാക്കളേയും ശുശ്രൂഷിച്ചു കൊട്ടാരത്തിൽ വസിച്ചുകൊള്ളാൻ നിർദ്ദേശിച്ചു. ഇതുകേട്ടു വർദ്ധിച്ച കോപത്തോടെ സീത മറുപടി പറഞ്ഞു.

“രാജകുമാരാ, അങ്ങ് കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിൽ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. എന്നെ ഇങ്ങനെ അപഹസിക്കാൻ ഞാൻ എന്തു തെറ്റാണു ചെയ്തത്? ആര്യപുത്രാ, അങ്ങ് ഇപ്പോൾ ഒരുകാര്യം മറക്കുന്നു. പിതാവായാലും മാതാവായാലും സഹോദരനായാലും പുത്രനായാലും മരുമകളായാലും ഇനി ആരുതന്നെയായാലും അവരവരുടെ പുണ്യഫലങ്ങൾ മാത്രമേ അനുഭവിക്കുന്നുള്ളൂ. എന്നാൽ ഭാര്യയാകട്ടെ, ഭർത്താവിന്റെ ശുഭാശുഭകർമ്മഫലത്തിൽ പങ്കുകൊള്ളുന്നു. സ്ത്രീയ്ക്ക് ഭർത്താവ് ഒരുവൻ മാത്രമാണ് ഇഹത്തിലും പരത്തിലും ഏതുകാലത്തിലും ഗതി. അങ്ങ് വനത്തിലേക്കാണ് പോകുന്നതെങ്കിൽ അങ്ങയ്ക്കു മുൻപിൽ നടന്ന് പുല്ലും മുൾച്ചെടികളും ചവിട്ടിമെതിച്ചു ഞാൻ അങ്ങയ്ക്ക് പാതയൊരുക്കും. ഈ കൊട്ടാരം എന്നല്ല ഇനി സ്വർഗ്ഗമോ യോഗികൾക്കു മാത്രം ലഭിക്കുന്ന അണിമാദി സിദ്ധികളോ ലഭിക്കുമെന്നു പറഞ്ഞാലും അങ്ങയോടൊപ്പമുള്ള ജീവിതമാണ് എനിക്കു ശ്രേഷ്ഠം. ഒരു ഭാര്യയുടെ കടമകൾ എന്താണെന്ന് എനിക്കു നന്നായി അറിയാം. മനുഷ്യനു സഞ്ചരിക്കാൻ പ്രയാസമുള്ളതും ഹിംസമൃഗങ്ങൾ നിറഞ്ഞതുമായ വനത്തിൽ അങ്ങയോടൊപ്പം വരാൻ എന്നെ അനുവദിച്ചാലും. മൂന്നു ലോകങ്ങളെക്കുറിച്ചും ചിന്തിക്കാതെ പതിശുശ്രൂഷ മാത്രം ചെയ്തു പിറന്ന വീടെന്ന പോലെ സന്തോഷിച്ചു ഞാൻ അങ്ങയോടൊപ്പം വനത്തിൽ കഴിയും. അത്യന്തം ഭക്തിയോടെ മറ്റൊന്നും ആഗ്രഹിക്കാതെ അങ്ങയെ പിരിയേണ്ടിവന്നാൽ മരിക്കാൻ തയ്യാറായിരിക്കുന്ന എന്റെ പ്രാർത്ഥന അങ്ങ് കേട്ടാലും. എന്നെ കൂടെ കൂട്ടിയാലും.”

അത്യന്തം ദുഃഖിതയായി തന്നോടു യാചിക്കുന്ന സീതയെ ശ്രീരാമൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കാട്ടിൽ ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകളും കഷ്ടതകളും വിവരിച്ചു. ഇതൊന്നും തന്നെ സീതയ്ക്ക് സമ്മതമായില്ല. ധാരധാരയായി കണ്ണീർ ഒഴുക്കിക്കൊണ്ടു സീത പറഞ്ഞു,

“വനത്തിൽ താമസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെ എന്റെ രക്ഷയെ കരുതിയാണ് അങ്ങ് പറയുന്നതെന്ന് എനിക്ക് മനസ്സിലായി. പക്ഷേ അങ്ങയെ പിരിയുക എന്നാ‍ൽ എനിക്കു മരണതുല്യമാണ്. നാഥാ, അങ്ങയോടൊപ്പം വസിക്കുന്ന എന്നെ ഹിംസിപ്പാൻ ദേവേന്ദ്രൻ പോലും ശക്തനല്ല! പിന്നെയാണോ കാട്ടിലെ മൃഗങ്ങൾ? തന്നെയുമല്ല, ഞാൻ വനത്തിൽ വസിക്കേണ്ടിവരുമെന്നു നമ്മുടെ വിവാഹത്തിനുമുൻപ് ഒരു ജ്യോത്സ്യൻ എന്റെ കൈ നോക്കി പ്രവചിച്ചിട്ടുണ്ട്. അന്നുമുതൽ വനവാസത്തിനായി ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു.ഇന്നിതാ ആ സന്ദർഭം എത്തിയിരിക്കുന്നു. ഇതു ദൈവനിശ്ചയമാണ്. കാട്ടിൽ നേരിടാൻ പോകുന്ന എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും അങ്ങ് എന്നെ രക്ഷിച്ചുകൊള്ളും എന്ന് എനിക്ക് ഉറപ്പുണ്ട്.

പിതാ രക്ഷതി കൗമാരേ ഭർത്താ രക്ഷതി യൗവനേ
പുത്രാ രക്ഷന്തി വാർദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമർഹതി!“

ഇതു കേട്ടതോടെ രാമൻ സീതയ്ക്കു വനത്തിലേക്കു പോരുവാൻ അനുവാദം കൊടുത്തു. യൗവനത്തിൽ ഭാര്യയെ രക്ഷിക്കേണ്ട ധർമ്മം ഭർത്താവിനാണെന്നു സീത രാമനെ ഓർമ്മപ്പെടുത്തുകയായിരുന്നു. ഈ രക്ഷയിൽ നിന്നാണ് ഇന്നത്തെ സ്ത്രീ സമൂഹം സ്വാതന്ത്ര്യം വേണമെന്നു വാശിപിടിക്കുന്നത്.

കുറച്ചുനാൾ മുൻപ്, നമ്മുടെ ഒരു പ്രസിഡന്റ്, തനിക്കു നിശ്ചയിച്ചിരുന്ന നിയന്ത്രണരേഖ ലംഘിച്ചു ജനങ്ങളുടെ ഇടയിലേക്ക് അല്പം പോകാൻ ശ്രമിക്കുകയുണ്ടായി. ഇതുകണ്ട സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തെ തൂക്കിയെടുത്തു പഴയ സ്ഥാനത്തുകൊണ്ടുചെന്നു നിർത്തി. സുരക്ഷയും സ്വാതന്ത്ര്യവും രണ്ടു ധ്രുവങ്ങളാണ്. ഒന്നു കൂടിയാൽ സ്വാഭാവികമായി മറ്റേത് കുറയും. മൂല്യം കൂടുന്നതിനനുസരിച്ചു സുരക്ഷയും കൂടും. സുരക്ഷ കൂടുമ്പോൾ സ്വാതന്ത്ര്യം കുറയും. തുണിക്കടയിൽ ഏതു തുണിവേണമെങ്കിലും നമുക്ക് ഇഷ്ടം പോലെ എടുത്തുനോക്കാം. സ്വർണ്ണക്കടയിൽ അത്രയും പറ്റില്ല. കാരണം സ്വർണ്ണത്തിനു തുണിയേക്കാൾ മൂല്യമുണ്ട്. അതുകൊണ്ടുതന്നെ അതിനു കൂടുതൽ സംരക്ഷണം ആവശ്യമാണ്. സംരക്ഷണം കൂടുമ്പോൾ സ്വാഭാവികമായി സ്വാതന്ത്ര്യവും കുറയും. ഏതു പാതിരാത്രിയും സ്ത്രീകൾക്കു സഞ്ചാരസ്വാതന്ത്ര്യം വേണമെന്നു വാദിക്കുമ്പോൾ സുരക്ഷ കുറയും എന്ന് ഓർക്കണം. പീഡനങ്ങൾ കൂടും. അതു മനസ്സിലാക്കണം.”

ഞാൻ ചാനൽ മാറ്റി. 

Sunday, 2 November 2014

ഒരമ്മയുടെ വിലാപം

രാത്രിയായി. ആകാശത്തെ പ്രകാശമാനമാക്കി ചന്ദ്രനും ഉദിച്ചു. ഭൂമിയിൽ മറ്റൊരു ചന്ദ്രൻ ഉദിച്ചതുപോലെ അയോദ്ധ്യാനഗരം വിളങ്ങി. രാത്രിയിൽ വിജനമാകുന്ന പാതകളെല്ലാം ആളുകളെ കൊണ്ട് നിറഞ്ഞു. രാമൻ യുവരാജാവായി അഭിഷേകം ചെയ്യുന്നുവെന്നവാർത്ത അറിഞ്ഞ് ദൂരെ ദേശങ്ങളിൽ നിന്നുപോലും ശ്രേഷ്ഠന്മാർ എത്തിക്കൊണ്ടിരിക്കുന്നു. നഗരം മുഴുവൻ കൊടി തോരണങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. എങ്ങും സന്തോഷമുള്ള മുഖങ്ങൾ മാത്രം. ഈ രാത്രി ഒന്ന് അവസാനിച്ചെങ്കിൽ ആ സുദിനം വന്നെത്തിയേനെ എന്നു കരുതി അയോദ്ധ്യാനിവാസികൾ ഉറങ്ങാതെ കാത്തിരിക്കുന്നു.

പക്ഷേ കൈകേയിയുടെ അന്തഃപുരത്തിലിരുന്ന ദശരഥ മഹാരാജാവ് മാത്രം ദുഃഖാകുലനാണ്. ഈ കാളരാത്രി അവസാനിക്കാതിരിക്കണേ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു. കൈകേയി ചോദിച്ച രണ്ട് വരങ്ങൾ നൽകാൻ അശക്തനായി അദ്ദേഹം ദീനമായി വിലപിച്ചു. പലതവണ തന്റെ പ്രിയ പത്നിയോട് അപേക്ഷിച്ചു. ശപിച്ചു. ഒന്നും രാജ്ഞിയുടെ മുന്നിൽ വിലപ്പോയില്ല. തനിക്ക് തരാമെന്ന് ശപഥം ചെയ്ത വരങ്ങൾ തരിക എന്ന് കൈകേയി ദുശ്ശാഠ്യം പിടിച്ചു. ഒന്നും തീരുമാനിക്കാനാകാതെ കണ്ണീർവാർത്ത് അവശനായി മഹാരാജാവ് ആ രാത്രി തള്ളിനീക്കി.

നേരം പുലർന്നു. കൈകേയിയുടെ ആജ്ഞപ്രകാരം രാമൻ അന്തഃപുരത്തിലെത്തി. ആകെ വശംകെട്ട് ദീനമായി വിലപിച്ചുകൊണ്ടിരിക്കുന്ന മഹാരാജാവിനെ കണ്ട രാമൻ ചിന്താമഗ്നനായി. ഈ അവസ്ഥയ്ക്ക് കാരണം എന്താണെന്ന് തിരക്കി.

കൈകേയി പറഞ്ഞു. “രാമാ, പണ്ട് ദേവാസുരയുദ്ധത്തിൽ ദേവന്മാരെ സഹായിക്കാൻ പോയ ദശരഥമഹാരാജാവ് അസുരന്മാരുടെ ബാണങ്ങളേറ്റ് വിവശനായി. അന്ന് ഞാൻ അദ്ദേഹത്തെ ശുശ്രൂഷിച്ച്  ആ പോർക്കളത്തിൽ നിന്നും രക്ഷിച്ചു. അതിന് പ്രത്യുപകാരമായി അദ്ദേഹം നൽകിയ രണ്ട് വരങ്ങൾ ഇന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നിനക്ക് പതിന്നാലു വർഷം വനവാസവും എന്റെ ഭരതന് പട്ടാഭിഷേകവുമാണ് ഞാൻ ഇച്ഛിക്കുന്നത്. അത് നിന്നോട് എങ്ങനെ പറയുമെന്ന് കരുതിയാണ് മഹാരാജാവ് വിഷമിക്കുന്നത്. നിന്റെ പിതാവിനെ ഈ കഷ്ടത്തിൽ നിന്നും നീ രക്ഷിച്ചാലും.”

അതികഠിനങ്ങളായ ഈ വാക്കുകൾ കേട്ടിട്ടും രാമന്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. രാജ്ഞിയുടെ ആജ്ഞ താൻ ശിരസ്സാവഹിക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹം വനത്തിലേക്ക് പോകുവാൻ സന്നദ്ധനായി. ദശരഥമഹാരാജാവിന്റെയും കൈകേയിയുടെയും കാലുതൊട്ട് തൊഴുത് തന്റെ അമ്മയായ കൗസല്യാദേവിയെ കാണാൻ അദ്ദേഹം യാത്രയായി.

ശ്രീരാമൻ കൈകൂപ്പി കാൽനടയായി വരുന്നത് കണ്ടപ്പോഴേ എന്തോ അനർത്ഥം സംഭവിച്ചിട്ടുണ്ടെന്ന് കരുതി അന്തഃപ്പുരസ്ത്രീകൾ വിലപിച്ചുതുടങ്ങി. എന്നാൽ ഇതൊന്നും അറിയാതെ കൗസല്യാദേവി രാമന്റെ നന്മയ്ക്കായി സന്തോഷത്തോടെ ഈശ്വരധ്യാനവും പൂജ ഹോമാദികളും ചെയ്യിക്കുകയായിരുന്നു. രാമൻ കാണാനെത്തിയതായറിഞ്ഞുടനെ ആ അമ്മ പുത്രന്റെ സമീപത്തെത്തി.  ആലിംഗനം ചെയ്ത് മൂർദ്ധാവിൽ ചുംബിച്ചു. മകൻ ഇന്ന് ശുഭമുഹൂർത്തത്തിൽ അഭിഷേകം ചെയ്യപ്പെടുവാൻ പോകുന്നതിന്റെ സന്തോഷം ആ അമ്മ പങ്കുവച്ചു.

രാമൻ പറഞ്ഞു, “മാതാവേ, അവിടുത്തേക്കും സീതയ്ക്കും ലക്ഷ്മണനും ദുഃഖത്തെ തരുന്ന ഒരു സംഭവം ഉണ്ടായിരിക്കുന്നു. ഞാൻ മുനിമാർക്ക് ഉചിതമായ ദർഭാസനത്തിന് അർഹനായിരിക്കുന്നു. പതിന്നാലു വർഷക്കാലം ധ്യാനനിരതനായി ഫലമൂലാദികൾ ഭക്ഷിച്ച് കാട്ടിൽ കഴിയാൻ പോകുകയാണ്. മഹാരാജാവ് ഭരതന് രാജ്യാധികാരവും എനിക്ക് ദണ്ഡകാരണ്യവും വിധിച്ചിരിക്കുന്നു.”

ഇത്രയും കേട്ടപ്പോഴേക്കും വെട്ടിയിട്ട മരം പോലെ ആ അമ്മ മോഹാലസ്യപ്പെട്ടുവീണു. രാമൻ അമ്മയെ താങ്ങിയിരുത്തി ശുശ്രൂഷിച്ചു. ബോധം വീണ്ടുകിട്ടിയപ്പോൾ അതികഠിനമായ ദുഃഖത്തോടെ കൗസല്യ വിലപിച്ചു.

“ഉണ്ണീ രാമാ, നീ എനിക്ക് പിറക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ ജനിക്കാതിരുന്നെങ്കിൽ പുത്രനില്ല എന്ന ദുഃഖം മാത്രമേ എനിക്ക് അനുഭവിക്കേണ്ടി വരുമായിരുന്നുള്ളൂ. രാജാവിന്റെ പട്ടമഹിഷിയായി ഇരിക്കുന്നതിലും അധികം നിന്റെ മാതാവായി ഇരിക്കുവാനാണ് ഞാൻ എന്നും ആഗ്രഹിച്ചിരുന്നത്. സ്ത്രീകൾക്ക് ഇതിലും വലുതായ കഷ്ടം എന്താണ് വരുവാനുള്ളത്. നീ ഉള്ളപ്പോൾ തന്നെ ഞാൻ ഇത്രയും അപമാനിക്കപ്പെട്ടവളായിരിക്കുന്നു. അപ്പോൾ നീ ഇവിടെ ഇല്ലെങ്കിൽ എന്തായിരിക്കും സ്ഥിതി? ഭർത്താവിന്റെ വെറുപ്പിന് പാത്രമായ ഞാൻ കൈകേയിയുടെ വേലക്കാരിക്ക് തുല്യയായി ഇവിടെ കഴിയേണ്ടി വരും. ഈ അന്ത്യകാലത്തിൽ സപത്നിമാരുടെ അവമതിയും പേറി പുത്രദുഃഖത്താൽ നീറി ഞാൻ എങ്ങനെയാണ് കാലം കഴിക്കുക? ഞാൻ ചെയ്ത എല്ലാ പൂജകളും പ്രാർത്ഥനകളും വിഫലമായിരിക്കുന്നു. ഇത്രയും കഷ്ടസ്ഥിയുണ്ടായിട്ടും എന്റെ ഹൃദയം പൊട്ടുന്നില്ലല്ലോ? അതോ എന്റെ ഹൃദയം കല്ല് കൊണ്ടുണ്ടാക്കിയതോ? സിംഹം മാൻപേടയെ എന്ന പോലെ എന്താണ് കാലൻ എന്നെ കൊണ്ടുപോകാൻ വരാത്തത്? യമലോകത്തിലും എനിക്ക് സ്ഥാനമില്ലയോ? എന്റെ തപസ്സും പ്രാർത്ഥനകളും വ്രതങ്ങളും എല്ലാം മരുഭൂമിയിൽ വിതച്ച വിത്തുപോലെ നിഷ്ഫലമായിരിക്കുന്നു. സ്വച്ഛന്ദമൃത്യു എന്ന വരം എനിക്ക് കിട്ടിയിരുന്നെങ്കിൽ നിന്നെ പിരിയുന്ന ഞാൻ എപ്പോഴേ മരിച്ചിരുന്നിരിക്കും. ചന്ദ്രനെപ്പോലെ മുഖകാന്തിയുള്ള മകനേ രാമാ, നിന്നെ പിരിഞ്ഞ് ഇവിടെയുള്ള ജീവിതം നിഷ്ഫലമാണെനിക്ക്. യാതൊരുവിധ സന്തോഷവുമില്ലാത്തതാണ്. അതിനാൽ ഞാനും നിനക്കൊപ്പം കാട്ടിലേക്ക് വരുന്നു..”

Monday, 13 October 2014

ബാല്യത്തിലെ തെറ്റ്

“എടാ, ആ പയ്യനെ കണ്ടോ? ഞാൻ കുഞ്ഞിലെ അവന്റെ കയ്യിൽ കോമ്പസ്സ് കൊണ്ട് കുത്തിയിട്ടുണ്ട്. ഇപ്പൊഴും അവന്റെ ഒരു വിരൽ ശരിക്ക് മടങ്ങത്തില്ല!“

“നീ ആള് കൊള്ളാമല്ലോ! എന്തിനാ കുത്തിയത്?” ഞാൻ ചോദിച്ചു.

“കളിക്കിടയിൽ ഉണ്ടായ കശപിശയിൽ പറ്റിയതാ. ഇപ്പൊഴും അവനെ കാണുമ്പോൾ എനിക്ക് ഭയങ്കര കുറ്റബോധം. എടാ, അറിയാത്ത പ്രായത്തിൽ ചെയ്ത തെറ്റിന് ശിക്ഷ കിട്ടുമോ?“

“ഇവിടത്തെ നിയമപ്രകാരം ഏത് പ്രായത്തിൽ ചെയ്ത തെറ്റിനും ശിക്ഷയുണ്ട്.” ഞാൻ പറഞ്ഞു.

“അതല്ല, കുട്ടിക്കാലത്ത് നമ്മൾ ചെയ്യുന്ന തെറ്റുകൾ പാപം ആയി കൂട്ടുമോ?”

എന്റെ സുഹൃത്തിന്റെ നിഷ്ക്കളങ്കമായ ചോദ്യം കേട്ട് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“കൂട്ടുമോ കുറയ്ക്കുമോ എന്നൊക്കെ ധർമ്മരാജാവ് നിശ്ചയിക്കും. നിനക്ക് അണിമാണ്ഡവ്യന്റെ കഥ അറിയില്ലേ?”

അവന് ആ കഥ കേട്ടാൽ കൊള്ളാമെന്നുണ്ടെന്നറിഞ്ഞ് ഞാൻ ആ കഥ പറയാൻ ആരംഭിച്ചു.

“പണ്ട് മാണ്ഡവ്യൻ എന്ന് പേരുള്ള ധർമ്മിഷ്ഠനും സത്യസന്ധനുമായ ഒരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു. ഒരിക്കൽ തന്റെ ആശ്രമത്തിന്റെ മുമ്പിലെ മരച്ചുവട്ടിൽ കൈപൊക്കിപ്പിടിച്ച് മൗനവ്രതത്തോടെ അദ്ദേഹം തപസ്സ് ചെയ്തുകൊണ്ടിരിക്കെ കുറേ കള്ളന്മാർ അതുവഴി കടന്നുവന്നു. തങ്ങളെ പിന്തുടരുന്ന ഭടന്മാരെ പേടിച്ച് അവർ കളവു മുതൽ ആശ്രമത്തിൽ വച്ചിട്ട് ഓടി രക്ഷപെട്ടു. പിന്നാലെയെത്തിയ ഭടന്മാർ മുനിയോട് കള്ളന്മാരെ കുറിച്ച് ആരാഞ്ഞു. അദ്ദേഹം ഒന്നും പറയാത്തതുകൊണ്ട് ഭടന്മാർ ആശ്രമത്തിൽ കയറി തിരഞ്ഞു. കളവുമുതൽ ആശ്രമത്തിൽ നിന്നും കിട്ടിയതോടെ മാണ്ഡവ്യനും കള്ളന്മാരുടെ കൂട്ടത്തിലുള്ളവനാണെന്ന് തെറ്റിദ്ധരിച്ച് ഭടന്മാർ അദ്ദേഹത്തെ രാജസന്നിധിയിലെത്തിച്ചു. അദ്ദേഹത്തെ ശൂലത്തിൽ കയറ്റി കൊല്ലാൻ രാജാവ് ശിക്ഷിച്ചു. ജലപാനം പോലുമില്ലാതെ ഏറെ നാൾ ശൂലത്തിൽ കിടന്നിട്ടും മുനി മരിച്ചില്ല. ഇതറിഞ്ഞതോടെ തനിക്ക് തെറ്റുപറ്റിയതായി രാജാവിന് മനസ്സിലായി. മുനിയെ ശൂലത്തിൽ നിന്ന് മുക്തനാക്കുവാൻ അദ്ദേഹം ഉത്തരവിട്ടു. പക്ഷേ ശൂലം ശരീരത്തിൽ ഉറച്ചിരുന്നതിനാൽ ഊരിയെടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ശൂലത്തിന്റെ രണ്ട് അറ്റവും ശരീരത്തോട് ചേർത്ത് മുറിച്ചു കളഞ്ഞു. ശരീരത്തിനുള്ളിൽ ശൂലവുമായി ജീവിച്ച മുനി അതോടെ അണിമാണ്ഡവ്യൻ എന്ന് അറിയപ്പെട്ടു.

ഏറെകാലത്തിനു ശേഷം ദേഹത്യാഹം ചെയ്ത മുനി യമധർമ്മന്റെ അടുത്തെത്തി. കഴിഞ്ഞ ജന്മത്തിൽ എന്തിനാണ് തനിക്ക് ഇത്രയും കഠിനമായ ഒരു ശിക്ഷ നൽകിയതെന്ന് അദ്ദേഹം ധർമ്മരാജനോട് ചോദിച്ചു. യമധർമ്മൻ പറഞ്ഞു,

“ഹേ തപോധനാ, അങ്ങ് കുട്ടിക്കാലത്ത് ചെറിയ പക്ഷികളെ പിടിച്ച് അവയുടെ വാലിൽ ഈഷികപ്പുല്ല് കോർത്തു. അല്പമായ ദാനത്തിന്റെ ഫലം പെരുകുന്നതുപോലെ അല്പമായ അധർമ്മത്തിന്റെ ഫലവും പെരുകുന്നതാണ്. അതാണ് ഭവാൻ അനുഭവിച്ചത്.“

ഇതുകേട്ട് അണിമാണ്ഡവ്യൻ ഇങ്ങനെ പറഞ്ഞു,

“ജനനം മുതൽ പന്ത്രണ്ടുവയസ്സുവരെ ബാലന്മാർക്ക് ധർമ്മബോധം ഉണ്ടായിരിക്കുകയില്ല. ബാല്യത്തിൽ അറിവില്ലാതെ ചെയ്യുന്നതൊന്നും അധർമ്മമായി തീരുകയില്ല. അല്പമായ കുറ്റത്തിന് വലിയ ശിക്ഷയാണ് നീ വിധിച്ചത്. അതുകൊണ്ട് ധർമ്മാ, നീ ശൂദ്രജാതിയിൽ മനുഷ്യനായിത്തീരും. ലോകത്തിൽ ധർമ്മഫലത്തിന്ന് ഇന്നുമുതൽ ഒരു മര്യാദ ഞാൻ വെക്കുന്നു. പതിന്നാലു വയസ്സുവരെ ബാലന്മാർ ചെയ്യുന്ന ഒരു പ്രവൃത്തിയും പാപത്തിനു കാരണമാകയില്ല. അതിനുമേൽ ചെയ്യുന്നതേ ദോഷമായിത്തീരൂ!“

അങ്ങനെ ശാപം കിട്ടിയ യമധർമ്മനാണ് പിന്നീട് വിദുരനായി ഭൂമിയിൽ ജനിച്ചത്. അതുകൊണ്ട് അറിയാത്ത പ്രായത്തിൽ ചെയ്ത തെറ്റിനെക്കുറിച്ചോർത്ത് ദുഃഖിക്കാതെ അറിയുന്ന പ്രായത്തിൽ തെറ്റുചെയ്യാതെ ജീവിക്കുകയാണ് വേണ്ടത്.” ഞാൻ പറഞ്ഞു നിർത്തി.