Wednesday, 11 October 2017

കുറ്റവും ശിക്ഷയും

“മോനേ, ഈ പെൻസിൽ കൊള്ളാമല്ലോ! നല്ല തിളക്കം. ഇതുപോലൊരെണ്ണം നിനക്കില്ലായിരുന്നല്ലോ. ഇതെവിടെ നിന്നു കിട്ടി?”

“അച്ഛാ, അത് അരുണിന്റെയാ..” അവൻ പതുക്കെ പറഞ്ഞു.

“അരുൺ നിനക്കു തന്നതാണോ?” ഞാൻ ചോദിച്ചു. അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു.

“സത്യമേ പറയാവൂ. അരുൺ തന്നതാണോ ഇത്?”

“തറയിൽ കിടക്കുന്നതു കണ്ടു ഞാൻ എടുത്തതാ. അവൻ അറിഞ്ഞില്ല.”

“എന്നാൽ നാളെത്തന്നെ ഇത് അരുണിനെ ഏല്പിക്കണം. അറിയാതെ എടുത്തുപോയതാണെന്നു പറയുകയും വേണം. മറ്റൊരാളുടെ സാധനം അവർ അറിയാതെ എടുക്കുന്നതു കള്ളത്തരമാണ്. മോൻ ഇനി ഒരിക്കലും അതു ചെയ്യരുത്.”

അവൻ ഇനി അങ്ങനെ ചെയ്യില്ല എന്നു സമ്മതിച്ചു. കുറച്ചു നേരം കഴിഞ്ഞ് അവൻ എന്റെ അടുത്തെത്തി.

“അച്ഛാ, ഈ പെൻസിൽ എടുക്കുന്നതൊക്കെ വലിയ തെറ്റാണോ. മറ്റൊരാളുടെ പണം എടുക്കുന്നതല്ലേ കള്ളത്തരം?”

“അല്ല. നമുക്ക് അവകാശമില്ലാത്ത ഏതു സാധനം എടുക്കുന്നതും മോഷണം തന്നെയാണ്. കള്ളത്തരം നമ്മളെ മൂടോടെ നശിപ്പിക്കും. അതുകൊണ്ടു മോൻ ഒരിക്കലും അതു ചെയ്യരുത്. പണ്ടൊക്കെ രാജാക്കന്മാർ എത്ര ഭയങ്കര ശിക്ഷയാണെന്നോ മോഷണത്തിനു നൽകിയിരുന്നത്. ഈ കഥ കേൾക്കൂ..”

കഥ എന്നു കേട്ടതോടെ അവൻ ആവേശത്തോടെ ശ്രദ്ധിച്ചിരുന്നു. ഞാൻ പറഞ്ഞുതുടങ്ങി.

“ഒരിടത്ത് ഒരു കാട്ടിൽ ജ്യേഷ്ഠാനുജന്മാരായ രണ്ടു ബ്രാഹ്മണകുമാരന്മാർ തപസ്സു ചെയ്തിരുന്നു. മൂത്തയാൾ ശംഖൻ. ഇളയവൻ ലിഖിതൻ. ഒരു നദിയുടെ കരയിൽ ദൂരെദൂരെയായി രണ്ടു പർണ്ണശാലകൾ കെട്ടിയായിരുന്നു അവർ കഴിഞ്ഞിരുന്നത്. ധാരാളം പൂക്കളും പഴങ്ങളും തരുന്ന ചെടികളും വൃക്ഷങ്ങളും കൊണ്ട് ആ പർണ്ണശാലകൾ മനോഹരമാക്കിയിരുന്നു.

ഒരിക്കൽ ലിഖിതൻ ജ്യേഷ്ഠനെ കാണാ‍ൻ അദ്ദേഹത്തിന്റെ പർണ്ണശാലയിൽ എത്തി. എന്നാൽ ആ സമയം ശംഖൻ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു. ജ്യേഷ്ഠൻ വരുന്നതും കാത്തിരിക്കുന്നതിനിടയിൽ ലിഖിതൻ അവിടെ കണ്ട പഴങ്ങൾ പറിച്ചു തിന്നാൻ തുടങ്ങി. അപ്പോഴാണു ശംഖൻ കടന്നുവരുന്നത്. തന്റെ അനുവാദം കൂടാതെ തന്റെ പർണ്ണശാലയിലെ പഴങ്ങളാണ് അനുജൻ തിന്നുന്നതെന്നറിഞ്ഞ ജ്യേഷ്ഠൻ പറഞ്ഞു,

“അല്ലയോ ലിഖിതാ, അങ്ങ് എന്ത് അപരാധമാണ് ഈ കാട്ടിയത്. ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ അയാളുടെ സാധനം എടുക്കുന്നതു മോഷണമല്ലേ? ഈ പ്രവൃത്തിമൂലം ഇത്രയും കാലം തപസ്സു ചെയ്ത് അങ്ങു നേടിയ പുണ്യമെല്ലാം നശിക്കുമല്ലോ?”

ഇതുകേട്ടതോടെ ലിഖിതൻ സ്തബ്ധനായി. അയാൾ ജ്യേഷ്ഠന്റെ കാൽക്കൽ വീണു മാപ്പുചോദിച്ചു. ശംഖൻ പറഞ്ഞു.

“നീ ചെയ്ത തെറ്റിന്റെ ഫലം നീ അനുഭവിക്കുക തന്നെ വേണം. അല്ലാതെ ഈ പതനത്തിൽ നിന്നും കരകയറുവാൻ മറ്റൊരു മാർഗ്ഗവും ഞാൻ കാണുന്നുമില്ല. നിന്നെ രക്ഷിക്കുവാനോ ശിക്ഷിക്കുവാനോ ഞാൻ അധികാരിയുമല്ല. നീ വേഗം തന്നെ നമ്മുടെ രാജാവായ സുദ്യുമ്നന്റെ അടുത്തു ചെന്നു കാര്യങ്ങൾ പറയുക. അദ്ദേഹം തരുന്ന ശിക്ഷ ഏറ്റുവാങ്ങുക. അതിലൂടെ മാത്രമേ നിനക്ക് ഈ തെറ്റിൽ നിന്നും മോചനം ലഭിക്കൂ.”

ഇതുകേട്ടു ലിഖിതൻ സുദ്യുമ്ന മഹാരാജാവിന്റെ കൊട്ടാരത്തിലേക്കു യാത്രയായി. മഹാജ്ഞാനിയായ ലിഖിതൻ കൊട്ടാരവാതിൽക്കൽ എത്തിയതറിഞ്ഞു രാജാവ് തന്റെ മന്ത്രിമാരോടൊത്തു പുറത്തെത്തി അദ്ദേഹത്തെ സ്വീകരിച്ചു കൊണ്ടുപോയി. ആതിഥ്യമര്യാദകൾ സ്വീകരിച്ച ശേഷം മുനി രാജാവിനോടു പറഞ്ഞു.

“അല്ലയോ മഹാരാജാവേ, അങ്ങയോട് ഒരു സഹായം അഭ്യർത്ഥിക്കാനാണു ഞാൻ എത്തിയത്. അത് എന്താണെന്നു പറയുന്നതിനു മുൻപ് അങ്ങ് എന്റെ അഭ്യർത്ഥന സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പു തരണം.” രാജാവ് ഉറപ്പു നൽകിയപ്പോൾ ലിഖിതൻ തുടർന്നു.

“രാജൻ, ഞാൻ ഒരു വലിയ തെറ്റു ചെയ്തു. എന്റെ ജ്യേഷ്ഠനോടു ചോദിക്കാതെ അദ്ദേഹം ശേഖരിച്ചു വച്ചിരുന്ന പഴങ്ങൾ ഞാൻ ഭക്ഷിക്കാനിടയായി. അതിനാൽ അങ്ങ് എനിക്കു മോഷണത്തിനുള്ള ശിക്ഷ നൽകണമെന്നാണ് എന്റെ അപേക്ഷ.”

ഇതുകേട്ടു രാജാവു പറഞ്ഞു.

“മഹാമുനേ, ഈ രാജ്യത്തുള്ള പ്രജകളെയെല്ലാം ശിക്ഷിക്കുവാനുള്ള അധികാരം എന്നിൽ നിക്ഷിപ്തമാണെങ്കിൽ അവരെ രക്ഷിക്കുവാനും എനിക്കു കഴിയണം. ശിക്ഷ ഏറ്റുപറഞ്ഞതിനാൽ അങ്ങു പരിശുദ്ധനായി എന്നു കരുതുക. ഞാൻ അങ്ങയുടെ ഈ തെറ്റിനു മാപ്പു നൽകുന്നു. അങ്ങു മറ്റെന്തെങ്കിലും ആവശ്യപ്പെട്ടാലും.”

എന്നാൽ രാജാവ് എത്രയൊക്കെ നിർബന്ധിച്ചിട്ടും മുനി തന്റെ നിശ്ചയത്തിൽ ഉറച്ചു നിന്നു. അവസാനം കളവിനുള്ള ശിക്ഷയായി ലിഖിതന്റെ രണ്ടു കൈകളും വെട്ടിമാറ്റുവാൻ ഗത്യന്തരമില്ലാതെ രാജാവ് ഉത്തരവിട്ടു.

ശിക്ഷ നടപ്പിലായി. ലിഖിതൻ തന്റെ ജ്യേഷ്ഠന്റെ അടുത്തു തിരിച്ചെത്തി നടന്നതെല്ലാം പറഞ്ഞു. നദിയിൽ സ്നാനം ചെയ്തിട്ടു പിതൃക്കൾക്കും ഈശ്വരനും പൂജ ചെയ്യാൻ ശംഖൻ  അനുജനോടു നിർദ്ദേശിച്ചു. കുളിച്ചു ശുദ്ധിയായി പൂജയ്ക്കായി ഇരുന്ന ലിഖിതന്റെ കരങ്ങൾ പഴയതുപോലെ ആയി. അത്ഭുതത്തോടെയിരുന്ന ലിഖിതനോടു ശംഖൻ പറഞ്ഞു.

“എന്റെ തപശ്ശക്തിയാൽ നിന്റെ കരങ്ങൾ പൂർവ്വസ്ഥിതിയിലായി. ഇനി ഒരിക്കലും നീ മോഷ്ടിക്കരുത്. കള്ളം പറയുന്നതും കളവു ചെയ്യുന്നതും നമ്മെ വേരോടെ നശിപ്പിക്കും.”“

കഥ കേട്ടുകൊണ്ടിരുന്ന മകൻ അല്പം വിഷമത്തോടെ എന്നോടു ചോദിച്ചു.

“അച്ഛാ, അപ്പോൾ എന്റെ കയ്യും വെട്ടേണ്ടി വരുമോ?”

ഞാൻ പറഞ്ഞു. “വേണ്ട, നീ ഈ പെൻസിൽ ഇതുപോലെ നാളെത്തന്നെ അരുണിനെ ഏൽ‌പ്പിക്കുക. അവനോടു മാപ്പു പറയുക. അതോടെ നിന്റെ തെറ്റിനുള്ള പ്രായശ്ചിത്തമായി.”

അവൻ സമാധാനത്തോടെ ഉറങ്ങാൻ പോയി.

Monday, 3 April 2017

ഥാർ മരുഭൂമി

“അച്ഛാ, ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതാ?”

“രാജസ്ഥാനിലെ ഥാർ മരുഭൂമി.”

“ഈ മരുഭൂമി ഉണ്ടാകുന്നതെങ്ങനെയാണച്ഛാ?“

 “മോനേ, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ചില സ്ഥലങ്ങളിൽ മഴ പെയ്യാതെയാകും. അങ്ങനെ അവിടം വരണ്ടുണങ്ങും. സസ്യങ്ങളും ജന്തുക്കളും എല്ലാ‍ം ചത്തൊടുങ്ങും. അങ്ങനെ കാലക്രമത്തിൽ ഒന്നുമില്ലാത്ത മരുപ്രദേശമായി മാറും.”

“അപ്പോൾ ഈ ഥാർ മരുഭൂമിയും അങ്ങനെയുണ്ടായതാണോ?”

“അതേല്ലോ!“

“ഈ ഥാർ മരുഭൂമി വളരെ വലുതാണോ‍ അച്ഛാ?”

“അതെ. കോടിക്കണക്കിനു ഹെക്ടർ സ്ഥലമാണു മരുഭൂമി ആയി മാറിയത്.”

“അപ്പോൾ ഇത്രയും സ്ഥലം ഒരു പ്രയോജനവുമില്ലാതെ ഒന്നിനും കൊള്ളാതെ കിടക്കുകയാണല്ലേ?”

“അങ്ങനെ പറയാൻ കഴിയില്ല. പ്രയോജനമില്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിലില്ല. ഥാർ മരുഭൂമിയിൽ നിന്നും മാർബിൾ ഖനനം ചെയ്യുന്നുണ്ട്. കൂടാതെ ഇവിടെ ധാരാളം ഉപ്പു തടാകങ്ങളുണ്ട്. അവിടെ നിന്നും ഉപ്പ് ഉണ്ടാക്കുന്നു.”

“മരുഭൂമിയിൽ  എങ്ങനെയാ അച്ഛാ ഉപ്പുണ്ടാകുന്നത്?”

“അതിനെക്കുറിച്ചു പല ഗവേഷണങ്ങളും നടക്കുന്നു. കടലിൽ നിന്നും കാറ്റു വഴി ഇവിടെ ഉപ്പ് എത്തുന്നു എന്നു കരുതപ്പെടുന്നു. ചിലപ്പോൾ പണ്ട് ഈ മരുഭൂ‍മിയും കടലിന്റെ ഭാഗമായിരുന്നിരിക്കാം. അതിനെക്കുറിച്ചു രസകരമായ ഒരു കഥയുണ്ട്. ഞാൻ പറയാം. കേട്ടോളൂ.

രാമായണത്തിൽ യുദ്ധകാണ്ഡത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. രാവണൻ സീതയെ കട്ടോണ്ടു പോയി ലങ്കയിൽ പാർപ്പിച്ചതും, വാനര സൈന്യത്തിന്റെ സഹായത്തോടെ ശ്രീരാമൻ സീതയെ അന്വേഷിച്ചു കണ്ടെത്തിയ കഥയും നിനക്കറിയാമല്ലോ. അങ്ങനെ ശ്രീരാമലക്ഷ്മണന്മാരും വാനരസൈന്യവും സീതയെ വീണ്ടെടുക്കാനായി ലങ്കയിലേക്കു തിരിച്ചു. അവർ സമുദ്രതീരത്തെത്തി. വിശാലമായ സമുദ്രം കടന്നാലേ ലങ്കയിലെത്താൻ കഴിയൂ‍. എന്താണു ചെയ്യുക എന്ന് എല്ലാവരും ചേർന്നാലോചിച്ചു. അവസാനം സമുദ്രദേവനോടുതന്നെ സഹായം തേടാം എന്നു തീരുമാനിച്ചു. ശ്രീരാമൻ സമുദ്രദേവനെ പൂജിച്ച് ഉപവസിച്ചു.

ദിവസങ്ങൾ കടന്നുപോയി. സീ‍തയെ എത്രയും വേഗം രക്ഷപെടുത്തേണ്ടതുണ്ട്. സമുദ്രദേവനാണെങ്കിൽ പ്രത്യക്ഷപ്പെടുന്നുമില്ല. ശ്രീരാമൻ കോപാവിഷ്ടനായി. സമുദ്രം വറ്റിക്കാനായി ആഗ്നേയാസ്ത്രം തന്റെ വില്ലിൽ തൊടുത്തു. ഇതോടെ കടൽ കലങ്ങിമറിഞ്ഞു. ജലജീവികളെല്ല്ലാ‍ം പേടിച്ചു പരക്കം പാഞ്ഞു. ഭൂമി ഇരുളടഞ്ഞു. ഇടിയും മിന്നലും ഉണ്ടായി. അവസാനം സമുദ്രദേവൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം രാമനെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു.

“അല്ലയോ രാമാ, എന്നോട് അനിഷ്ടം തോന്നരുതേ. ഈ പ്രപഞ്ചം മുഴവൻ ഒരു വ്യവസ്ഥയിൽ അടിസ്ഥാനമായാണു നിലകൊള്ളുന്നതെന്ന് അങ്ങയ്ക്ക് അറിവുള്ളതാ‍ണല്ലോ. ഇവിടെ ഉള്ള ഓരോ വസ്തുവിനും ഒരു അടിസ്ഥാന സ്വഭാവം ഉണ്ട്. അതിനെ മാറ്റാൻ ആർക്കും കഴിയുന്നതല്ല. ഈ വിശാലതയും ആഴവും ജലവും എല്ലാം എന്റെ സ്വഭാവമാണ്. ഞാൻ വിചാരിച്ചാൽ കൂടി ഇത് ഇല്ലാതെയാക്കാൻ കഴിയില്ല. എന്നിലൂടെ അണകെട്ടാൻ ഉള്ള എല്ലാ സഹായവും ഞാ‍ൻ ചെയ്യാം. എന്നോടുള്ള കോപം അടക്കിയാലും.”

സമുദ്രദേവന്റെ ഈ അപേക്ഷ കേട്ടു ശ്രീരാമൻ ശാന്തനായി. അദ്ദേഹം പറഞ്ഞു.

“അല്ലയോ സമുദ്രദേവാ, അങ്ങയുടെ വാക്കുകൾ ഞാൻ സ്വീകരിക്കുന്നു. പക്ഷേ ഈ ആഗ്നേയാസ്ത്രം ഞാൻ ഞാണിൽ തൊടുത്തുപോയി. ഇനി ഇതു തിരിച്ചെടുക്കാൻ കഴിയിൽ. അതുകൊണ്ട് ഏതു പ്രദേശത്തേക്കാണ് ഇതു പ്രയോഗിക്കേണ്ടതെന്ന് അങ്ങ് നിശ്ചയിച്ചാലും.”

അങ്ങനെ സമുദ്രദേവന്റെ നിശ്ചയപ്രകാരം ദുഷ്ടജന്തുക്കൾ അധികം പാർത്തിരുന്ന ദ്രുമകൂ‍ല്യമെന്ന ദിക്കിലേക്കു രാമൻ വിശിഷ്ടമായ ആ ബാണം എയ്തു. ആ അസ്ത്രത്തിന്റെ ശക്തിയിൽ ആ ദിക്കിലെ സമുദ്രജലം ഭൂമിയിലേക്ക് അന്തർദ്ധാനം ചെയ്തു. ആ പ്രദേശം മരുകാന്താരം എന്നറിയപ്പെട്ടു. ആ മരുകാന്താരമാണ് ഇന്നത്തെ ഥാർ മരുഭൂമി എന്നതാണു കഥ.”


Monday, 2 January 2017

യുധിഷ്ഠിരവധം!

യുധിഷ്ഠിരനെ വധിച്ചെന്നോ? ആര്? അത്ഭുതം തോന്നുന്നു, അല്ലേ? എന്നാൽ സ്വന്തം അനുജനായ അർജ്ജുനൻ തന്നെയാണു വധിച്ചതെന്നു കേൾക്കുമ്പോഴോ? എന്തായാലും ആ കഥയാകട്ടെ അടുത്തത്...

മഹാഭാരതയുദ്ധം തുടങ്ങി പതിനാറു ദിവസം കഴിഞ്ഞു. ഭീഷ്മർ ശരശയ്യയിൽ കിടക്കുന്നു. ദ്രോ‍ണർ വീരമരണം വരിച്ചു. ഇപ്പോൾ കർണ്ണനാണു കൗരവപക്ഷത്തെ സേനാനായകൻ. ഒന്നുകിൽ അർജ്ജുനൻ അല്ലെങ്കിൽ താൻ, ഇവരിൽ ഒരാളെ ഇനി ബാക്കി ഉണ്ടാകൂ എന്നു ശപഥമെടുത്തു കർണ്ണൻ പതിനേഴാം ദിവസം സേനയെ അണിനിരത്തി. തേരോടിക്കുന്നതിൽ അഗ്രഗണ്യനാ‍യ ശല്യർ കർണ്ണന്റെ തേർ നയിക്കാൻ നിയോഗിതനായി.

യുദ്ധം തുടങ്ങി. അർജ്ജുനൻ സംശപ്തകരുമായും ഭീമൻ ദുര്യോധനനുമാ‍യും ഏറ്റുമുട്ടുന്ന സമയം കർണ്ണൻ വലിയ സൈന്യവുമായി യുധിഷ്ഠിരന്റെ സേനയെ ആക്രമിച്ചു. നകുലനും സഹദേവനും യുധിഷ്ഠിരന്റെ രക്ഷയ്ക്കെത്തിയതോടെ യുദ്ധം കൊടുമ്പിരികൊണ്ടു. അതിശയിപ്പിക്കുന്ന പരാക്രമമാണ് ആ യുദ്ധത്തിൽ കർണ്ണനും കർണ്ണപുത്രന്മാ‍രും പ്രകടമാക്കിയത്. അവരുടെ വീര്യത്തിനു മുന്നിൽ ഏറെനേരം യുധിഷ്ഠിരനും സഹോദരന്മാർക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. കർണ്ണപുത്രനായ വൃഷസേനൻ യുധിഷ്ഠിരന്റെ കുതിരകളെ കൊല്ലുകയും അമ്പെയ്ത് അദ്ദേഹത്തിന്റെ കിരീടം താഴെ വീഴ്ത്തുകയും ചെയ്തു. ഈ സമയം കർണ്ണൻ നകുലന്റെ തേരിലെ കുതിരകളെ അമ്പെയ്തു വീഴ്ത്തി. സഹദേവന്റെ വില്ലു രണ്ടായി മുറിച്ചു. ഇതോടെ കുതിരകൾ നഷ്ടപ്പെട്ട യുധിഷ്ഠിരനും നകുലനും തേരുകൾ ഉപേക്ഷിച്ചു സഹദേവന്റെ തേരിൽ കയറി പലാ‍യനം ചെയ്തു. യുദ്ധത്തിൽ നിന്നും പിന്തിരിഞ്ഞോടുന്ന യുധിഷ്ഠിരന്റെ പുറകെ ചെന്നു കർണൻ ആക്രമിച്ചു മുറിവേല്പിച്ചു. യുധിഷ്ഠിരന്റെ മരണം ആസന്നമായെന്നു മനസ്സിലാക്കിയ സാരഥിയായ‍ ശല്യർ കർണ്ണനെ പിന്തിരിപ്പിച്ചു. ഭീമനും ദുര്യോധനനുമായി നടക്കുന്ന യുദ്ധത്തിൽ ഭീമൻ ദുര്യോധനനെ വധിക്കാൻ പോകുന്ന വിവരം ശല്യർ കർണ്ണനെ അറിയിച്ചു. അർജ്ജുനവധമാണു തന്റെ ലക്ഷ്യമെന്നും രാജാവിനെ രക്ഷിക്കേണ്ടതു തന്റെ കടമയാണെന്നു ചിന്തിച്ചു കർണ്ണൻ ദുര്യോധനന്റെ രക്ഷയ്ക്കായി മടങ്ങിപ്പോയി. അതോടെ യുധിഷ്ഠിരനും സഹോദരന്മാരും കഷ്ടിച്ചു രക്ഷപെട്ടു ശിബിരത്തിൽ മടങ്ങിയെത്തി. അഗാധമായി മുറിവേറ്റ യുധിഷ്ഠിരനെ പരിചാരകർ ശുശ്രൂഷിച്ചു. നകുലനും സഹദേവനും ഭീമന്റെ രക്ഷയ്ക്കായി പോകാൻ അനുവാദം കൊടുത്തിട്ട് അത്യധികം നിരാശയോടും വേദനയോടും യുധിഷ്ഠിരൻ വിശ്രമിച്ചു.

ഈ സമയം യുദ്ധമുഖത്തായിരുന്ന അർജ്ജുനൻ യുധിഷ്ഠിരന്റെ തേരു കാണാതെ പരിഭ്രാന്തനായി. കർണ്ണനുമാ‍യുള്ള യുദ്ധത്തിൽ ജ്യേഷ്ഠന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്നു സംശയിച്ചു. യുധിഷ്ഠിരന്റെ സ്ഥിതിയെന്താണെന്നറിഞ്ഞിട്ടു മതി യുദ്ധമെന്നു തീരുമാനിച്ചു കൃഷ്ണനും അർജ്ജുനനും പടകുടീരത്തിലേക്കു തിരിച്ചു.

തനിക്കേറ്റ പരാജയത്തേയും കർണ്ണനേയും കുറിച്ചു ചിന്തിച്ചിരുന്ന യുധിഷ്ഠിരൻ, അർജ്ജുനൻ പെട്ടെന്നു തിരിച്ചെത്തിയതു കണ്ടു സന്തോഷിച്ചു. കർണ്ണനെ വധിച്ച വിവരം പറയാനാണു അർജ്ജുനൻ മടങ്ങിയെത്തിയതെന്നു കരുതിയ യുധിഷ്ഠിരൻ അനുജനെ അഭിനന്ദിച്ചു. അർജ്ജുനന്റെ വീര്യത്തെ പുകഴ്ത്തി സംസാരിച്ചു തുടങ്ങി. എന്നാൽ ജ്യേഷ്ഠനെ കാണാത്തതുകൊണ്ടു വിവരം അറിയാനാണു തങ്ങൾ മടങ്ങിയെത്തിയതെന്നറിഞ്ഞതോടെ യുധിഷ്ഠിരന്റെ സമനില തെറ്റി. അദ്ദേഹം അനുജനെ ശകാരിച്ചു.

“അല്ലയോ അർജ്ജുനാ, കർണ്ണനെ നീ വധിക്കുമെന്നു കരുതിയ എനിക്കു തെറ്റി. നിനക്കതിനുള്ള കഴിവില്ലെന്നു ഞാൻ കരുതുന്നു. വനവാസകാലത്തു നീ എനിക്കു വാക്കു തന്നിരുന്നു, കർണ്ണനെ വധിച്ചോളാമെന്ന്. ആ വാക്കും പാഴായി. ഭീമന്റെ സഹായത്തിനു യുദ്ധമുഖത്തുണ്ടാകേണ്ട നീ ഇപ്പോൾ കർണ്ണനെ പേടിച്ചു മടങ്ങിയെത്തിയിരിക്കുന്നു. നിന്റെ വാക്കു കേട്ടിട്ടാണു ഞാൻ ഈ യുദ്ധത്തിനു പുറപ്പെട്ടത്. നീ‍ കർണ്ണനെ കൊല്ലുമെന്നുതന്നെ ഞാൻ വിശ്വസിച്ചു. നടക്കാത്ത കാര്യങ്ങളെക്കുറിച്ചു മേനി പറയുന്നതു വീരന്മാർക്കു ഭൂഷണമല്ല. നിന്റെ വീര്യത്തെക്കുറിച്ചു ഞാൻ കേട്ടതെല്ലാം തെറ്റാ‍യിരുന്നു. നിന്റെ കയ്യിൽ ഈ മഹത്തായ ഗാണ്ഡീവം ശോഭിക്കുന്നില്ല. നീ‍ ആ വില്ല് കൃഷ്ണനു കൊടുത്തിട്ട് അദ്ദേഹത്തിന്റെ തേരുതെളിക്കൂ. ശത്രുക്കളെയെല്ലാം അദ്ദേഹം കൊന്നൊടുക്കിക്കോളും.”

ഇതുകേട്ടതോടെ അർജ്ജുനൻ തന്റെ വാൾ ഉറയിൽ നിന്നും ഊരി. ഇതുകണ്ടു കൃഷ്ണൻ അർജ്ജുനനെ തടഞ്ഞു. കൃഷ്ണൻ പറഞ്ഞു.

“പാർത്ഥാ, എന്തിനാണു നീ നിന്റെ വാ‍ൾ ഉറയിൽ നിന്നും ഊരിയത്. നിനക്കു കൊല്ലേണ്ട നിന്റെ ശത്രുക്കളെയൊന്നും ഞാൻ ഈ ശിബിരത്തിൽ കാണുന്നില്ല. യുധിഷ്ഠിരന്റെ സുഖവിവരം അറിയാനാണു നാം എത്തിയത്. അത് അറിഞ്ഞു കഴിഞ്ഞു. ജ്യേഷ്ഠനെതിരെ ആയുധം എടുക്കുകയോ? നിനക്കെന്താ ബുദ്ധിഭ്രമം സംഭവിച്ചോ? ഈ മഹാപാപത്തിന് ഒരുമ്പെടാൻ നിനക്കെങ്ങനെ കഴിഞ്ഞു?”

കോപാക്രാന്തനായ അർജ്ജുനൻ യുധിഷ്ഠിരനെ രൂക്ഷമായി നോക്കിക്കൊണ്ടു പറഞ്ഞു.

“ഈ ഗാണ്ഡീവം പിടിക്കാൻ നീ അർഹനല്ല, അതുകൊണ്ടിതു മറ്റൊരാൾക്കു കൊടുക്കൂ എന്ന് ആരു പറഞ്ഞാലും അയാളെ ഞാൻ വധിക്കുമെന്നു ശപഥം ചെയ്തിട്ടുണ്ട്. എന്റെ ശപഥം എനിക്കു നിറവേറ്റണം. യുധിഷ്ഠിരനെ വധിക്കണം. പക്ഷേ ജ്യേഷ്ഠൻ മരിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. ഈ ഒരു വിഷമഘട്ടത്തിൽ നിന്നും കരകയറ്റാൻ, കൃഷ്ണാ, അങ്ങയ്ക്കേ കഴിയൂ. കഴിഞ്ഞതും നടക്കുന്നതും വരാനിരിക്കുന്നതുമായ എല്ല്ലാത്തിനേക്കുറിച്ചും അറിവുള്ള അങ്ങ് എന്നെ സഹായിച്ചാലും.”

കൃഷ്ണൻ പറഞ്ഞു.

“കോപത്താൽ നിനക്ക് അന്ധത ബാ‍ധിച്ചിരിക്കുന്നു. തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവു നിനക്കു നഷ്ടപ്പെട്ടിരിക്കുന്നു. നിന്റെ പൂർവ്വികർ നിന്നെ പഠിപ്പിച്ചതും ശ്രുതിവാക്യങ്ങളും നീ മറന്നുപോയിരിക്കുന്നു. സത്യം പറയുന്നവനാണ് ഏറ്റവും ഉത്തമൻ എന്നതിൽ തർക്കമില്ല. സത്യത്തേക്കാൾ വലുതായി മറ്റൊന്നില്ല. എന്നാൽ, പ്രായോഗികതലത്തിൽ സത്യവും ധർമ്മവും തിരിച്ചറിയുക അതികഠിനമാണ്. നിന്റെ സത്യലംഘനത്തേക്കാൾ വലിയ പാപമാണു ജ്യേഷ്ഠഹത്യ. അതുകൊണ്ടു നീ അതിനു മുതിരരുത്. കർണ്ണനിൽ നിന്നേറ്റ പരാ‍ജയവും ക്ഷീ‍ണവും കൊണ്ടു മനസ്സുകലങ്ങി യുധിഷ്ഠിരൻ പറഞ്ഞതിനെ നീ സാരമാക്കരുത്. ഇനിയും നിന്റെ ശപഥം നിറവേറ്റണമെന്നുണ്ടെങ്കിൽ നീ ജ്യേഷ്ഠനെ മതിയാവോളം ശകാരിച്ചോളൂ. അനുജനിൽ നിന്നുള്ള ഭർസനം ജ്യേഷ്ഠനു മരണത്തിനു തുല്യമാണ്.”

ഇതുകേട്ട് അർജ്ജുനൻ യുധിഷ്ഠിരന്റെ മുന്നിലെത്തി.

“രാജാവേ, യുദ്ധമുഖത്തു നിന്നും ഓടിയൊളിച്ച് ഈ ശിബിരത്തിൽ സമയം പാഴാക്കുന്ന അങ്ങയ്ക്ക് എന്നെ ശകാരിക്കാൻ അർഹതയില്ല. ഭീമനായിരുന്നു ഇതു പറഞ്ഞിരുന്നതെങ്കിൽ ഞാൻ കേട്ടേനെ. ധാർത്തരാഷ്ട്രന്മാരെ ഒറ്റയ്ക്ക് എതിരിട്ടു നിൽക്കുന്ന ഭീമന് അതു പറയാൻ അർഹതയുണ്ട്. എന്നാൽ അങ്ങയ്ക്കതില്ല. ബ്രാഹ്മണർക്കു വാക്കാണു ശക്തി. ക്ഷത്രിയർക്കു കരങ്ങളും. എന്നാൽ നീ ശക്തിയുള്ള വാക്കുകൾ ഉപയോഗിക്കുന്നു. കരങ്ങൾക്കു ശക്തിയൊട്ടില്ലതാനും. ദ്രൗപദിയുടെ കിടക്കയിൽ സുഖമായി വിശ്രമിച്ചുകൊണ്ടു നിനക്കുവേണ്ടി യുദ്ധം ചെയ്യുന്നവരെ നീ ഭർസിക്കുന്നു. നീ ഒരു ക്രൂരൻ തന്നെ. നിന്റെ ചൂതാട്ടത്തിന്റെ വിലയാണു നാം ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ മഹായുദ്ധത്തിനു കാരണവും നീയാ‍ണ്. നിനക്കുവേണ്ടി യുദ്ധം ചെയ്യുന്നവരെ ക്രൂരമായ വാക്കുകൾ കൊണ്ടു കുത്തി ഇനിയും നീ പ്രകോപിപ്പിക്കരുത്.”

ജ്യേഷ്ഠനോട് ഇത്രയും പരുഷവാക്കുകൾ പറഞ്ഞപ്പോഴേക്കും അർജ്ജുനൻ അഗാധമായ ദുഃഖത്തിനടിപ്പെട്ടു. പിന്നെയും വാൾ വലിച്ചൂരി സ്വയം വെട്ടി മരിക്കാൻ മുതിർന്നു. അപ്പോഴേക്കും കൃഷ്ണൻ അർജ്ജുനനെ തടഞ്ഞു. അർജ്ജുനനെയും യുധിഷ്ഠിരനേയും അദ്ദേഹം സമാധാനിപ്പിച്ചു. കർണ്ണനെ എത്രയും വേഗം വധിക്കും എന്ന് അർജ്ജുനൻ ജ്യേഷ്ഠനു വാക്കു കൊടുത്തു വീണ്ടും യുദ്ധക്കളത്തിലേക്കു മടങ്ങി.

പ്രായോഗികതലത്തിൽ സത്യം പറയാതിരിക്കേണ്ടി വരും. കള്ളം പറയേണ്ടിയും വരും. കള്ളം സത്യമാകും. സത്യം കള്ളവും. ധർമ്മത്തിന്റെ ഗതി അതിഗഹനം തന്നെ..

Wednesday, 12 October 2016

കടിഞ്ഞാൺ ഇല്ലാത്ത കുതിര

സ്കൂളിൽ നിന്നു വന്നതേ വലിയ ഉത്സാഹമില്ലാതെയാണ്. ഒന്നിനും ഒരു ഉഷാറില്ല. കളിയിൽ ഒന്നും താല്പര്യം കാണിക്കുന്നില്ല. ഞാൻ പതുക്കെ ചോദിച്ചു.

“എന്തുപറ്റി മോനേ, സ്കൂളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?”

“ഹേയ്, ഒന്നുമില്ല..” ഉത്തരം പെട്ടെന്നായിരുന്നു.

“പിന്നെന്തുപറ്റി?“

“ഭയങ്കര തളർച്ച.. നാളെ പോകാതിരുന്നാലോ?”

ഞാൻ നെറ്റിയിൽ കൈ വച്ചുനോക്കി. ചൂടൊന്നുമില്ല. ഞാൻ പറഞ്ഞു.

“ആഹാരമൊക്കെ കഴിച്ചു നന്നായി ഉറങ്ങിയെണീക്കുമ്പോൾ തളർച്ചയൊക്കെ മാറും.”

വൈകുന്നേരം മുഴുവനും അവൻ മിണ്ടാതെ നടന്നു. അവസാനം കിടക്കുന്നതിനു മുൻപു പതുക്കെ എന്നോടു ചോദിച്ചു.

“ഞാൻ ഒരു കാര്യം പറഞ്ഞാൽ അച്ഛൻ വഴക്കു പറയുമോ?”

“വഴക്കുപറയില്ല.. നീ കാര്യം പറ.”

അവൻ മനസ്സില്ലാമനസ്സോടെ പറഞ്ഞു.

“ക്ലാസ്സിൽ എന്റെ അടുത്തിരിക്കുന്ന റിസ്വാന്റെ പെൻസിൽ ഞാൻ വെറുതെ നോക്കാനായി എടുത്തു. അവൻ ഉടനെ അതു പിടിച്ചു വാങ്ങാൻ നോക്കി. പെൻസിൽ ഒടിഞ്ഞു പോയി. ഞാനല്ല ഒടിച്ചത്. അവനാ.. അവൻ പറഞ്ഞു അവന്റെ അച്ഛനെയും വിളിച്ചു നാളെ പ്രിൻസിപ്പാളിനെ കാണാൻ വരുമെന്ന്. പ്രിൻസിപ്പാളിനെ കൊണ്ട് എന്നെ അടിപ്പിക്കാനാ. ഞാൻ നാളെ പോകില്ല.”

അപ്പോഴേക്കും അവന്റെ കണ്ണു നിറഞ്ഞു. അഞ്ചുവയസ്സുകാരനു പെൻസിൽ ഒടിഞ്ഞതിനേക്കാൾ വലിയ കാര്യം വേറെയില്ല. എന്തായാലും ഞാൻ അവനെ സമാധാനിപ്പിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അച്ഛൻ തീ‍ർച്ചയായും വരും എന്നും പറഞ്ഞാണ് അവനെ പിറ്റേന്നു സ്കൂളിലയച്ചത്.

അവൻ തിരിച്ചെത്തിയതു വളരെ സന്തോഷത്തോടെയായിരുന്നു. ഞാൻ ചോദിച്ചു.

“എന്തായി? പ്രിൻസിപ്പാൾ വിളിച്ചില്ലേ?”

“ഇല്ല! റിസ്വാൻ ഇന്നു പുതിയൊരു പെൻസിൽ കൊണ്ടുവന്നു. ഒടിഞ്ഞത് അവൻ എനിക്കു തന്നു. ആ പെൻസിൽ നേരത്തേ ഒടിഞ്ഞിരുന്നതായിരുന്നു. ഞാൻ ഒടിച്ചെന്ന് അവൻ വെറുതേ പറഞ്ഞതാ!“

“നല്ലത്. പക്ഷേ, മോൻ ഇന്നലെ മുഴുവൻ ദുഃഖിച്ചിരുന്നതെന്തിനാ‍യിരുന്നു? എന്തെല്ലാം ചിന്തിച്ചു കൂട്ടി. റിസ്വാന്റെ അച്ഛൻ വരും.. പ്രിൻസിപ്പാളിനെ കാണും.. അദ്ദേഹം നിന്നെ വിളിച്ചു വഴക്കു പറയുകയോ അടിക്കുകയോ ചെയ്യും.. അതുകൊണ്ടു സ്കൂളിൽ പോകുന്നില്ല, എന്നെല്ലാം ചിന്തിച്ചില്ലേ? ഇതാണു മനസ്സിന്റെ കുഴപ്പം. അല്പം പിടിവിട്ടാൽ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടിനടക്കും. ഇതു മോന്റെ മാത്രം പ്രശ്നമല്ല. എല്ലാവരുടെയും മനസ്സ് ഇതുപോലെയാണ്. രാമായണത്തിലും മനസ്സിന്റെ ഈ വിക്രിയയെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ഭാഗമുണ്ട്. ഒരാൾ വെറുതെ ഇരുന്നു ചിന്തിച്ചു കൂട്ടുകയാണ്. ആരാണെന്നു പറയാമോ?“

“രാമൻ ആണോ? “

“അല്ല.”

“എന്നാൽ സീതയായിരിക്കും.”

“സീതയുമല്ല രാ‍മനുമല്ല. ഹനുമാൻ!”

“ഹനുമാൻ എന്തിനാ ദുഃഖിച്ചിരുന്നത്? അച്ഛാ, ആ കഥയൊന്നു പറയുമോ?”

“പറയാം.. ഹനുമാൻ സീതയെ അന്വേഷിച്ചു നൂറുയോജന ദൂരമുള്ള സമുദ്രം ചാടിക്കടന്നു ലങ്കയിലെത്തി. രാത്രിയായപ്പോൾ ആരും കാണാതെ ലങ്കാനഗരിയിൽ ചുറ്റിനടന്നു സീതയെ അന്വേഷിച്ചു തുടങ്ങി. രാക്ഷസന്മാർ കാണാതിരിക്കാൻ ഒരു പൂച്ചയുടെ അത്രയും വലിപ്പത്തിലാണു ഹനുമാൻ ചുറ്റിത്തിരിഞ്ഞത്. വിശാലമായ നടപ്പാ‍തകളും മണിമാളികകളും കടകളും എല്ലാമുള്ള ലങ്കാനഗരി കണ്ടു ഹനുമാൻ അത്ഭുതപ്പെട്ടു. പല പല കൊട്ടാരങ്ങളിലും അന്തഃപുരങ്ങളിലും തിരഞ്ഞ് അവസാനം രാവണന്റെ കൊട്ടാരത്തിലെത്തി. അവിടെ പുഷ്പകവിമാനം കണ്ടു. ഉറങ്ങിക്കിടക്കുന്ന രാവണനെയും പത്നിമാരെയും കണ്ടു. മണ്ഡോദരിയെ കണ്ടു സീതയാണെന്നു തെറ്റിദ്ധരിച്ചു. പിന്നീട് അതു സീതയാകാൻ വഴിയില്ല എന്നു ഹനുമാൻ ഉറപ്പിച്ചു. പാചകശാലയിലും അന്തഃപുരങ്ങളിലും തടവറകളിലും എല്ലായിടത്തും തിരഞ്ഞ് അവസാനം രാവണന്റെ കൊട്ടാര മതിലിനു മുകളിൽ കയറി ഇരുന്നു ഹനുമാൻ ചിന്തിച്ചു.

ലങ്കാനഗരി മുഴുവൻ തിരഞ്ഞിട്ടും സീതയെ കാണാൻ കഴിയാതെ വന്ന ഹനുമാൻ ദുഃഖിച്ച് ഓരോന്നു ചിന്തിക്കാൻ തുടങ്ങി. സീത മരണമടഞ്ഞിട്ടുണ്ട്. പതിവ്രതയായ സീതയെ ദുഷ്ടനായ രാവണൻ കൊന്നിരിക്കാനിടയുണ്ട്. അല്ലെങ്കിൽ വികൃതരൂപികളും ക്രൂരമായ ദൃഷ്ടിയോടു കൂടിയവരുമായ രാക്ഷസികളെ കണ്ടു ഭയത്താൽ സീത മരിച്ചിരിക്കും. ഒരുവേള സീതയെ എടുത്തുകൊണ്ടു വരുന്നവഴി വിമാനത്തിൽ നിന്നും വീണുമരിച്ചിരിക്കുമോ? അതോ സത്കുലജാതയായ സീത സമുദ്രത്തിനു മുകളിലൂടെ എടുത്തുകൊണ്ടു വരപ്പെട്ടപ്പോൾ ഹൃദയം നിന്നു മരിച്ചിരിക്കുമോ? ചിലപ്പോൾ ബലിഷ്ഠനായ രാവണന്റെ കൈകൾക്കിടയിൽ പെട്ടു ഞെരിഞ്ഞുപോയിരിക്കും. അതോ‍ നീചനായ ആ രാക്ഷസൻ സീതയെ തിന്നിരിക്കുമോ? ഒരു പക്ഷേ ശ്രീരാമനെ കുറിച്ചു മാത്രം ചിന്തിച്ചിരുന്ന സീത മറ്റൊരു വഴിയും കാണാതെ മരണത്തെ പ്രാപിച്ചിരിക്കുമോ?

ഇനി ഞാൻ എന്തു ചെയ്യും. എങ്ങനെ തിരിച്ചുപോകും. ശ്രീരാമനോടു സീത മരണപ്പെട്ടുവെന്ന വാർത്ത എങ്ങനെ പറയും. അതുകേട്ടാൽ പിന്നെ ഒരു നിമിഷം പോലും അദ്ദേഹം ജീ‍വിച്ചിരിക്കില്ല. ശ്രീരാമനില്ലെങ്കിൽ പിന്നെ ലക്ഷ്മണനില്ല! ഭ്രാതാക്കന്മാർ രണ്ടുപേരും മരിച്ചുവെന്നറിഞ്ഞാൽ പിന്നെ ഭരതൻ ജീവിച്ചിരിക്കുമോ? ഭരതനും മരിച്ചാൽ പിന്നെ ശത്രുഘ്നൻ മരിക്കുമെന്നതു തീർച്ചയാണ്. മക്കളെല്ലാവരും മരിച്ചാൽ പിന്നെ അമ്മമാരായ കൌസല്യയും സുമിത്രയും കൈകേയിയും മരിക്കുമെന്നുറപ്പല്ലേ?

ഇനി കിഷ്കിന്ധയിലെ കാര്യമോ! സുഹൃത്തായ ശ്രീരാമന്റെ മരണം സുഗ്രീവനു താങ്ങാനാകുമോ? ഭർത്താവു മരിച്ചാൽ പിന്നെ രുമ ജീവിച്ചിരിക്കില്ല. വാലി മരിച്ച ദുഃഖത്തിലിരിക്കുന്ന താരയ്ക്കും അതു താങ്ങാനാവില്ല. അവർ ജീവത്യാഗം ചെയ്യുമെന്നുറപ്പല്ലേ! അമ്മ മരിച്ചാൽ പിന്നെ യുവരാ‍ജാവായ അംഗദൻ എങ്ങനെ ജീവിച്ചിരിക്കും? രാജാവും യുവരാജാവും മരണമടഞ്ഞ ദുഃഖം താങ്ങാനാവാതെ വാനരന്മാർ സ്വന്തം തലകൾ തല്ലിപ്പൊളിക്കും.  വാനരന്മാർ എല്ലാവരും മലമുകളിൽ നിന്നും താഴേക്കു ചാടിയോ, വിഷം കഴിച്ചോ, തീയിൽ ചാടിയോ മരിക്കും. അല്ലെങ്കിൽ തൂങ്ങിച്ചാവുകയോ ആയുധങ്ങൾ കൊണ്ടു സ്വയം വെട്ടിമരിക്കുകയോ ചെയ്യും.

ഞാൻ തിരികെ ചെന്നാൽ ഇക്ഷ്വാകുകുലവും വാനരന്മാരും നശിക്കും. തിരിച്ചു പോയില്ലെങ്കിൽ സീതയെ എങ്ങനെയെങ്കിലും കണ്ടെത്താമെന്ന പ്രതീക്ഷയിൽ അവർ ജീവിക്കും. അതുകൊണ്ട് ഇവിടെ കാട്ടിലെ പഴങ്ങളും തിന്നു ശിഷ്ടകാലം കഴിയാം. അല്ലെങ്കിൽ ചിതകൂട്ടി അതിൽ ചാടി ചാകാം. അല്ലെങ്കിൽ പട്ടിണികിടന്നു മരണത്തെ വരിക്കാം. അതുമല്ലെങ്കിൽ സമുദ്രത്തിൽ ചാടി മരിക്കാം.”

“ഇങ്ങനെയെല്ലാം ചിന്തിച്ചു കൊട്ടാരമതിലിനു മുകളിൽ ഹനുമാൻ ദുഃഖിച്ചിരിക്കുമ്പോൾ തൊട്ടടുത്ത് അശോകവനിയിൽ ശിംശുപാ വൃക്ഷച്ചുവട്ടിൽ സീതയുണ്ട്. ഹനുമാൻ അതറിയാതെ വെറുതെ ഓരോന്നു ചിന്തിച്ചുകൂട്ടി. കണ്ടോ മനസ്സിന്റെ പോക്ക്! അതുകൊണ്ടു ദുഃഖവും പ്രയാസങ്ങളും വരുമ്പോൾ മനസ്സിനെ സ്വതന്ത്രമായി പായാൻ അനുവദിക്കരുത്. നിയന്ത്രിച്ചു നിർത്തണം. ഇല്ലെങ്കിൽ അതു നമ്മളെ ഏതെങ്കിലും കുണ്ടിൽ കൊണ്ടു തള്ളിയിടും.“

കഥ കേട്ട സന്തോഷത്തോടെ അവൻ സുഖമായി ഉറങ്ങി.


Thursday, 1 September 2016

ശ്രുതായുധൻ

“അച്ഛാ, ഒരു കഥ പറയാമോ?”

“പറയാമല്ലോ! ഏതുതരം കഥയാണു വേണ്ടത്?”

“യുദ്ധത്തിന്റെ കഥ മതി!“

“ശരി.. എന്നാൽ മഹാഭാരതയുദ്ധത്തിൽ പങ്കെടുത്ത ശ്രുതായുധൻ എന്ന രാജാവിന്റെ കഥ പറയാം. ശ്രദ്ധിച്ചു കേട്ടോണം!

മഹാഭാരതയുദ്ധം തുടങ്ങി പതിമൂന്നു ദിവസം കഴിഞ്ഞു. പതിമൂന്നാമത്തെ ദിവസത്തെ അതിദാരുണമായ യുദ്ധത്തിൽ അർജ്ജുനന്റെ മകനായ അഭിമന്യു വധിക്കപ്പെട്ടു.”

“അല്ലച്ഛാ, ഈ അഭിമന്യു എങ്ങനാ മരിച്ചത്?”

“ഇതിപ്പൊ യുദ്ധം മുഴുവൻ പറയേണ്ടി വരുമല്ലോ!! ശരി... അഭിമന്യു.. അഭിമന്യു.. അഭിമന്യു.. ആ വീരനെ വിവരിക്കാൻ വാക്കുകൾ ഇല്ല. ഒറ്റദിവസം കൊണ്ടു കൌരവപ്പടയിലെ അനേകം മഹാരഥന്മാരെ കൊന്നു തള്ളിയവൻ..ബാലനായ അഭിമന്യുവിനു തുല്യനായ ഒരു പോരാളി മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തില്ലെന്നു പറയേണ്ടി വരും. അത്രയ്ക്ക് ഉജ്ജ്വലമായിരുന്നു അഭിമന്യുവിന്റെ കർമ്മം.

അർജ്ജുനൻ സംശപ്തകപ്പടയോ‍ടു യുദ്ധം ചെയ്യുന്ന ലാക്കു നോക്കി യുധിഷ്ഠിരനെ ജീവനോടെ പിടിക്കാൻ ദ്രോണാചാര്യർ ചക്രവ്യൂഹം നിർമ്മിച്ചു. ഇതോടെ പാണ്ഡവപ്പട ആകെ അങ്കലാപ്പിലായി. കൃഷ്ണനും അർജ്ജുനനും പ്രദ്യു‌മ്നനും അഭിമന്യുവിനും മാത്രമേ വ്യൂഹം ഭേദിക്കുവാനുള്ള വിദ്യ വശമുണ്ടായിരുന്നുള്ളൂ. കൃഷ്ണന്റെ പുത്രനായ പ്രദ്യു‌മ്നൻ യുദ്ധത്തിൽ പങ്കെടുക്കാതെ ബലരാമനുമൊത്തു തീർത്ഥാടനത്തിനു പോയി. പിന്നെ ഉള്ളത് അഭിമന്യു മാത്രം. ബാലനായ അഭിമന്യുവിനാകട്ടെ വ്യൂഹം ഭേദിക്കുവാനുള്ള വിദ്യ മാത്രമേ വശമുണ്ടായിരുന്നുള്ളൂ. എന്തെങ്കിലും പ്രശ്നമുണ്ടായാൽ തിരികെ ഇറങ്ങാനുള്ള പഠിപ്പു തികഞ്ഞിരുന്നില്ല.. എങ്കിലും ചക്രവ്യൂഹം ഭേദിച്ചാലുടനെ പാണ്ഡവപക്ഷത്തെ മറ്റു മഹാരഥന്മാർ സഹായത്തിനായി കൂടെ ചെന്നുകൊള്ളാം എന്ന ധാരണയിൽ അഭിമന്യു ആ സാഹസത്തിനു പുറപ്പെട്ടു.

ഓജസ്വിയായ അർജ്ജുനപുത്രൻ വ്യൂഹം തകർത്തു മുന്നേറി. അഭിമന്യുവിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ കൌരവപ്പടയിലെ ഒരു രാജാവിനും കഴിഞ്ഞില്ല. കർണ്ണനും ദുശ്ശാസനനും ശല്യരും കൃപരും ദുര്യോധനനുമെല്ലാം ആ ബാലന്റെ മുന്നിൽ പരാജയപ്പെട്ടു. എന്നാൽ ആ സമയം സിന്ധുരാജാവിന്റെ പുത്രനായ ജയദ്രഥൻ അഭിമന്യുവിന്റെ സഹായത്തിനെത്തിയ പാണ്ഡവരെയും മറ്റുള്ളവരെയും തടഞ്ഞു. ഇതോടെ അഭിമന്യു തനിച്ചു വ്യൂഹത്തിനുള്ളിൽ അകപ്പെട്ടുപോയി. എങ്കിലും ആ വീരൻ ഭയപ്പെട്ടില്ല. തനിച്ചു നിന്നു പലരോടും പോരാടി. ദുര്യോധനന്റെ പുത്രനായ ലക്ഷ്മണൻ, കോസലരാജാവായ ബൃഹൽബലൻ, ശല്യരുടെ പുത്രൻ, കൃതവർമ്മാവിന്റെ പുത്രനായ മാർത്തികാവതൻ, അശ്വകേതു, കുഞ്ജരകേതു, ഭോജൻ തുടങ്ങി അനേകം രാജാക്കന്മാരെ കൊന്നു. അവസാനം ആറു മഹാരഥന്മാർ ഒരുമിച്ചു ചേർന്ന് ആക്രമിച്ച് അഭിമന്യുവിനെ യുദ്ധക്കളത്തിൽ വീഴ്ത്തി.

തന്റെ മകന്റെ മരണവാർത്തയറിഞ്ഞ് അർജ്ജുനൻ കോപവും വ്യസനവും സഹിക്കവയ്യാതെ ശപഥം ചെയ്തു. ആരെല്ലാം സംരക്ഷിച്ചാലും അടുത്ത ദിവസത്തെ യുദ്ധത്തിൽ ജയദ്രഥനെ കൊല്ലും. തനിക്ക് അതിനു കഴിഞ്ഞില്ലെങ്കിൽ ദേഹത്യാഗം ചെയ്യും.

അർജ്ജുനന്റെ ശപഥം അറിഞ്ഞതോടെ പതിന്നാലാം ദിവസം ജയദ്രഥനെ രക്ഷിക്കാനായി ദ്രോണർ മഹാവ്യൂഹം ചമച്ചു. എന്നാൽ വില്ലാളി വീരനായ അർജ്ജുനനു മുന്നിൽ കൌരവപക്ഷത്തെ രാജാക്കന്മാർക്കൊന്നും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അപ്പോഴാണു ശ്രുതായുധൻ അർജ്ജുനനുമായി ഏറ്റുമുട്ടിയത്.

വരുണന്റെ പുത്രനാണു ശ്രുതായുധ രാജാവ്. അവന്റെ അമ്മയായ പർണ്ണാശ തന്റെ പുത്രനെ ആരാലും വധിക്കപ്പെടാത്തവനാക്കണമെന്ന വരം വരുണനോടാവശ്യപ്പെട്ടു. എന്നാൽ ജനിച്ചവർ ആരായാലും അവർ മരിക്കുക തന്നെ ചെയ്യും; അത് ആരാലും മാറ്റാൻ കഴിയില്ല എന്നു പറഞ്ഞു വരുണൻ ശ്രുതായുധനു ദിവ്യമായ ഒരു ഗദ കൊടുത്തു. ആ ഗദ കയ്യിലുള്ളപ്പോൾ അവനെ ആർക്കും വധിക്കാൻ കഴിയില്ല. പക്ഷേ നിരായുധനിലോ യുദ്ധം ചെയ്യാത്തവനിലോ ആ ആയുധം ഉപയോഗിച്ചാൽ അതു തിരികെ അതു പ്രയോഗിച്ചവനെ കൊല്ലും.

അർജ്ജുനനും ശ്രുതായുധനും തമ്മിൽ അതിഭയങ്കരമായ ഒരു യുദ്ധം നടന്നു. കൃഷ്ണനേയും അർജ്ജുനനെയും ശ്രുതായുധ രാജാവ് അമ്പുകൾ കൊണ്ടു മൂടി. പാണ്ഡുപുത്രൻ തിരികെ അനേകം അസ്ത്രങ്ങൾ എയ്യുകയും അവന്റെ വില്ലറുക്കുകയും ചെയ്തു. പെട്ടന്നുതന്നെ രാജാവു മറ്റൊരു വില്ലെടുത്ത് അർജ്ജുനന്റെ മാ‍റത്തും കൈക്കുമായി ഒൻപതു ശരങ്ങൾ എയ്തു. ഇതോടെ അർജ്ജുനൻ ചൊടിച്ചു ശ്രുതായുധന്റെ കുതിരകളെയും സൂതനേയും അമ്പെയ്തു വീഴ്ത്തി. കുതിരയും തേരാളിയും പോയതോടെ രാജാവു തേർ വിട്ടു ഗദയുമായി അർജ്ജുനന്റെ നേരെ ഓടി അടുത്തു. യുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ വരുണന്റെ വാക്കുകൾ ഓർക്കാതെ ശ്രുതായുധൻ കൃഷ്ണനെ ഗദ കൊണ്ടടിച്ചു. കൃഷ്ണൻ ആ പ്രഹരം തന്റെ മുതുകു കൊണ്ട് ഏറ്റു. നിരായുധന്റെ മേൽ ഗദ പ്രയോഗിച്ചതോടെ ആ ആയുധം ശ്രുതായുധന്റെ മേൽ പതിച്ചു. അങ്ങനെ ശ്രുതായുധൻ സ്വന്തം ആയുധം കൊണ്ടുതന്നെ കൊല്ലപ്പെട്ടു.“

“ങാ.. ഇനി വേറൊരു കഥ..”

“അതു പറ്റില്ല..  ഒരു ദിവസം ഒരു കഥ.. ഇനി പിന്നെ..”


Thursday, 3 December 2015

ലൈവ് ടെലിക്കാസ്റ്റ്!!

“ഇതെന്തുവാടേ ഈ കാണുന്നത്. സിനിമയാണോ?”

“അല്ല ചേട്ടാ, നമ്മുടെ സെക്രട്ടേറിയറ്റിന്റെ മുന്നിൽ നടക്കുന്ന അടിപിടിയാ.. ലൈവ് ടെലിക്കാസ്റ്റ്!!“

“ദേണ്ടെ ഒരുത്തനെ പോലീസുകാരെല്ലാരും കൂടി ചേർന്നു വളഞ്ഞിട്ടു തല്ലുന്നു. അവന്റെ ജീവിതം പോയി! എന്തായാലും കൊള്ളാം.. വീട്ടിലിരുന്നു സുഖമായി അടി കാണാം. കാലം പോയ പോക്കേ!“

“അതിനു പഴയ കാലത്തും ഇതുപോലെ ലൈവ് ടെലിക്കാസ്റ്റ് ഉണ്ടായിരുന്നതായാണല്ലോ പറയുന്നത്.. നമ്മുടെ മഹാഭാരതത്തിൽ സഞ്ജയൻ ധൃതരാഷ്ട്രർക്കു യുദ്ധത്തെക്കുറിച്ചു വിവരിക്കുന്നത്..”

“അതങ്ങനെയൊന്നുമല്ലടേ കാര്യങ്ങൾ.. പലരും അവർക്കു തോന്നുന്നപോലെ എഴുതി വിടുന്നതാ.. അല്ലാതെ മഹാഭാരതത്തിലൊന്നും അങ്ങനെ പറയുന്നില്ല..”

“പിന്നെ??”

“എന്നാൽ കേട്ടോ.. മഹാഭാരത യുദ്ധം തുടങ്ങുന്നത്തിന്റെ തലേന്നാണു സന്ദർഭം. കൗരവരും പാണ്ഡവരും യുദ്ധസന്നദ്ധരായി നിൽക്കുന്നു. കൗരവപക്ഷത്ത് 11 അക്ഷൗഹിണിപ്പടയും പാണ്ഡവപക്ഷത്ത് 7 അക്ഷൗഹിണിപ്പടയും നിരന്നു. ഇതെല്ലാം അറിഞ്ഞു വേദവ്യാസൻ തന്റെ മകന്റെ അടുത്തെത്തി. സർവ്വനാശത്തിലേക്കു നയിക്കുന്ന ആ മഹായുദ്ധം തടഞ്ഞു ദുര്യോധനനെ പിന്തിരിപ്പിക്കണമെന്ന് അദ്ദേഹം ധൃതരാഷ്ട്രരോട് ആവശ്യപ്പെട്ടു. എന്നാൽ, ഇന്നു പല അച്ഛനമ്മമാരും സ്വന്തം മക്കളെക്കുറിച്ചു പറയുന്നതു തന്നെയാണു ധൃതരാഷ്ട്രരും പറഞ്ഞത് - ‘അവൻ ഞാൻ പറഞ്ഞാൽ കേൾക്കില്ല‘! ഇതുകേട്ട് വ്യാസൻ പറഞ്ഞു,

“രാജാവേ, നിന്റെ മക്കളും മറ്റു രാജാക്കന്മാരുമൊക്കെ കാലം പിഴച്ചവരാണ്. അവർ പോരിൽ തമ്മിൽ ഹിംസിക്കുവാനാണല്ലോ നിൽക്കുന്നത്. കാലദോഷത്താൽ മുടിയുന്ന അവരെപ്പറ്റി എന്തിനു ദുഃഖിക്കുന്നു? മനസ്സിൽ അവരെപ്പറ്റി ചിന്തിക്കാതിരിക്കുക. ഇവർ തമ്മിൽ പോരാടുന്നതു കാണണമെന്നാഗ്രഹമുണ്ടെങ്കിൽ ഞാൻ നിന്റെ കണ്ണുകൾക്കു കാഴ്ച നൽകാം.. നീ രണം കണ്ടുകൊള്ളുക!“

പക്ഷേ തനിക്കു തന്റെ മക്കളുടെ മരണം കാണാൻ ശക്തിയില്ലെന്നു ധൃതരാഷ്ട്രർ പറഞ്ഞു. യുദ്ധത്തെക്കുറിച്ചു കേൾക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനാൽ വ്യാസൻ ധൃതരാഷ്ട്രരുടെ മന്ത്രിയായ സഞ്ജയനു വരം നൽകി. എന്നിട്ടു പറഞ്ഞു,

“രാജാവേ, ഈ സഞ്ജയൻ യുദ്ധമൊക്കെ ഭവാന്നു വിവരിച്ചു പറഞ്ഞുതരും. ഏതു യുദ്ധത്തിലും ഇവൻ കാണാത്തതായി യാതൊരു സംഗതിയും ഉണ്ടാവുകയില്ല. രാജാവേ, സഞ്ജയൻ ദിവ്യചക്ഷുസ്സുള്ളവനായിരിക്കും. ഇവൻ യുദ്ധക്കളത്തിൽ പോയാൽ ശത്രുക്കളൊന്നും ഇവന്റെ ദേഹത്തെ മുറിവേല്പിക്കുകയില്ല. ഇവന്നു തളർച്ച ബാധിക്കുകയുമില്ല. പോരിൽ മരിക്കുകയുമില്ല. വെളിവായും ഒളിവായും, രാവായാലും പകലായാലും മനസ്സുകൊണ്ട് ഓർത്താൽ ഈ സഞ്ജയൻ ഒക്കെ അറിയും.“

ഇങ്ങനെ ഒരു വരം നൽകി വ്യാസൻ പോയി. സഞ്ജയൻ യുദ്ധക്കളത്തിലേയ്ക്കും യാത്രയായി. പിന്നീടു സഞ്ജയൻ ധൃതരാഷ്ട്രരുടെ സമീപത്തെത്തുന്നതു പത്തു ദിവസം കഴിഞ്ഞിട്ടാണ്. അതായത് 10 ദിവസത്തെ യുദ്ധം കഴിഞ്ഞു ഭീഷ്മർ ശരശയ്യയിൽ കിടക്കുന്നതു കണ്ടിട്ട്. സഞ്ജയൻ പറഞ്ഞു,

“മഹാരാജാവേ, സഞ്ജയൻ ഇതാ വന്നിരിക്കുന്നു. ഭവാനെ ഞാൻ നമസ്കരിക്കുന്നു. കുരുപിതാമഹനും ശാന്തനവനുമായ ഭീഷ്മൻ ഹനിക്കപ്പെട്ടു! സർവ്വയോദ്ധാക്കന്മാർക്കും ആനന്ദപ്രദനും, വില്ലാളികൾക്കൊക്കെ ആശ്രയസ്ഥാനവുമായ കുരുപിതാമഹൻ ഇപ്പോൾ ശരതല്പത്തിൽ കിടക്കുകയാണ്. നിന്റെ പുത്രൻ ആരുടെ കൈയൂക്കിന്റെ പിൻബലം കണ്ടിട്ടാണോ ചൂതാട്ടത്തിന്നിറങ്ങിയത് ആ ഭീഷ്മൻ പോരിൽ ശിഖണ്ഡിയാൽ വീഴ്ത്തപ്പെട്ടു!“

പിന്നീടാണു യുദ്ധത്തിൽ നടന്നതിനെക്കുറിച്ചു വിസ്തരിച്ചു പറഞ്ഞുതരാൻ സഞ്ജയനോട് ധൃതരാഷ്ട്രർ പറയുന്നതും കൃഷ്ണൻ അർജ്ജുനനു ഗീത ഉപദേശിക്കുന്നതു മുതൽ നടന്നതെല്ലാം സഞ്ജയൻ വിവരിക്കുന്നതും. ഇതാണു മഹാഭാരതത്തിലുള്ളത്.”

Wednesday, 25 November 2015

സിംഹക്കുട്ടി

ഒരിടത്ത് ഒരു കാട്ടിൽ ഒരു പെൺസിംഹം ജീവിച്ചിരുന്നു. വസന്തകാലം.. കാട്ടിലെങ്ങും പൂക്കളും അവയുടെ സുഗന്ധവും.. എല്ലാ ജീവികളും സന്തോഷിച്ചുതുള്ളിച്ചാടി കളിക്കുമ്പോൾ ആ പെൺസിംഹം മാത്രം ഗുഹയിൽ ഒതുങ്ങിക്കൂടി. പൂർണ്ണ ഗർഭിണിയായിരുന്ന അവൾ ഭക്ഷണം കഴിച്ചിട്ടു കുറച്ചുനാളായിരുന്നു. ഇരപിടിക്കാൻ വയ്യ. ഒടുവിൽ വിശപ്പു സഹിക്കവയ്യാതായപ്പോൾ സിംഹം പുറത്തിറങ്ങി. പതുക്കെ നടന്നു. ഒരു മലഞ്ചെരുവിൽ കുറേ ആടുകൾ മേയുന്നു. ആട്ടിൻ‌കുട്ടികൾ യാതൊരു ഭയവുമില്ലാതെ സ്വൈരവിഹാരം നടത്തുന്നു. കുറേ നേരം അവൾ ആ കാഴ്ച നോക്കി നിന്നു. അവസാനം രണ്ടും കല്പിച്ച് ഒരു കുഞ്ഞാടിനെ ലക്ഷ്യം വച്ചു ഓടി. സിംഹം വരുന്നതുകണ്ട് ആടുകൾ പ്രാണരക്ഷാർത്ഥം പരക്കം പാഞ്ഞു. ആടിന്റെ അടുത്തെത്തിയ സിംഹം ആഞ്ഞുചാടി. നിർഭാഗ്യവശാൽ അവൾക്കു ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. അവൾ തറയിൽ പതിച്ചു. ആ ചാട്ടത്തിൽ അവൾ ഒരു കുഞ്ഞിനെ പ്രസവിച്ചു. പ്രസവത്തോടെ മരിക്കുകയും ചെയ്തു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ആടുകൾ തിരിച്ചെത്തി. അവർ ചത്തുകിടക്കുന്ന സിംഹത്തെയും കുഞ്ഞിനേയും കണ്ടു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അതിലൊരു തള്ളയാടിനു പാവം തോന്നി. അവൾ ആ സിംഹക്കുഞ്ഞിനു പാലുകൊടുത്തു. ആ ആടുകൾ അവനെ അവരുടെ കൂടെ കൂട്ടി.

ആടുകളോടൊപ്പം അവൻ വളർന്നു. ആട്ടിൻ‌കുട്ടികളോടൊപ്പം ചാടിക്കളിച്ചും പുൽമേടുകളിൽ മേഞ്ഞും നടന്ന അവൻ ആടിനെപ്പോലെ കരയാനും പഠിച്ചു. ആടുകൾക്കെല്ലാം അവനെ വലിയ ഇഷ്ടമായിരുന്നു.

ഒരിക്കൽ മറ്റൊരു കാട്ടിൽ നിന്നും ഒരു സിംഹം അവിടെ എത്തി. അവൻ ആടുകളെ ഓടിച്ചു പിടിക്കാൻ ശ്രമിച്ചു. ശക്തനായ അവൻ കൂട്ടത്തിൽ വലിയ ഒരാടിനെത്തന്നെ ലക്ഷ്യം വച്ചു. അപ്പോഴാണു അവൻ അതു കണ്ടത്.. തന്നെ കണ്ട് ആടുകളോടൊപ്പം പരക്കം പായുന്ന ഒരു സിംഹക്കുട്ടി!! അവനു കൌതുകം തോന്നി. ആ സിംഹക്കുട്ടിയോടു സംസാരിക്കണമെന്ന് അവൻ നിശ്ചയിച്ചു.

ഒരു ദിവസം ആടുകളൊന്നും അടുത്തില്ലാത്ത സമയം സുഖമായി ഉറങ്ങുന്ന  സിംഹകുട്ടിയുടെ അടുത്ത് ആ സിംഹം എത്തി. അവനെ വിളിച്ചുണർത്തി. സിംഹത്തെ കണ്ടയുടൻ അവൻ പ്രാണരക്ഷാർത്ഥം ഓടാൻ ശ്രമിച്ചു. എന്നാൽ സിംഹം വിട്ടില്ല. അവൻ പറഞ്ഞു.

“ എടാ മണ്ടൻ ചെറുക്കാ, നീ എന്തിനാണ് എന്നെ കണ്ടോടുന്നത്. ഞാൻ നിന്നെ ഒന്നും ചെയ്യില്ല. ഒന്നുമില്ലെങ്കിലും നമ്മൾ ഒരേ വർഗ്ഗമല്ലേ?“

സിംഹക്കുട്ടി പറഞ്ഞു.

“നമ്മൾ എങ്ങനെ ഒരേ വർഗ്ഗമാകും. നീ സിംഹമല്ലേ. ഞങ്ങളെ കൊന്നു തിന്നുന്ന സിംഹം..“

എന്നിട്ട് അവൻ ആടിന്റെ ശബ്ദത്തിൽ കരഞ്ഞു. സിംഹം എന്തൊക്കെ പറഞ്ഞിട്ടും അവൻ അതൊന്നും ചെവിക്കൊണ്ടില്ല. അവസാനം സിംഹം അവനെ ബലമായി ഒരു കുളത്തിന്റെ കരയിലെത്തിച്ചു. എന്നിട്ടു കുളത്തിലേക്കു നോക്കാൻ പറഞ്ഞു. കുളത്തിൽ തന്റെ പ്രതിബിംബം കണ്ട സിംഹക്കുട്ടി അത്ഭുതപ്പെട്ടു. താനും ഒരു സിംഹമാണെന്ന് അവനു മനസ്സിലായി. അവൻ ഉറക്കെ ഗർജിച്ചു.

നമ്മളോരോരുത്തരും ആ സിംഹക്കുട്ടിയെപ്പോലെയാണ്. നമുക്കുള്ളിലെ അനന്തമായ ശക്തിവിശേഷത്തെ തിരിച്ചറിയാത്തവർ... സ്വയം പാപികളെന്നു വിളിച്ചു പാപികളായി ഒതുങ്ങിക്കൂടുന്നവർ... പവർകട്ടു സമയത്ത്, “അയ്യോ, ഇരുട്ടേ ഇരുട്ടേ...” എന്നു വിലപിക്കാതെ മെഴുകുതിരി കത്തിക്കയാണു വേണ്ടത്. എപ്പോൾ ആ ജ്ഞാനദീപം മനസ്സിലെ ഇരുട്ടിൽ തെളിയുന്നുവോ,  അന്നു നമുക്കു മനസ്സിലാകും നാം അമൃതത്വത്തിന്റെ പുത്രന്മാരാണെന്ന്... അതുകൊണ്ട്,

“ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്
ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മനഃ“