Wednesday 12 October 2016

കടിഞ്ഞാൺ ഇല്ലാത്ത കുതിര

സ്കൂളിൽ നിന്നു വന്നതേ വലിയ ഉത്സാഹമില്ലാതെയാണ്. ഒന്നിനും ഒരു ഉഷാറില്ല. കളിയിൽ ഒന്നും താല്പര്യം കാണിക്കുന്നില്ല. ഞാൻ പതുക്കെ ചോദിച്ചു.

“എന്തുപറ്റി മോനേ, സ്കൂളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?”

“ഹേയ്, ഒന്നുമില്ല..” ഉത്തരം പെട്ടെന്നായിരുന്നു.

“പിന്നെന്തുപറ്റി?“

“ഭയങ്കര തളർച്ച.. നാളെ പോകാതിരുന്നാലോ?”

ഞാൻ നെറ്റിയിൽ കൈ വച്ചുനോക്കി. ചൂടൊന്നുമില്ല. ഞാൻ പറഞ്ഞു.

“ആഹാരമൊക്കെ കഴിച്ചു നന്നായി ഉറങ്ങിയെണീക്കുമ്പോൾ തളർച്ചയൊക്കെ മാറും.”

വൈകുന്നേരം മുഴുവനും അവൻ മിണ്ടാതെ നടന്നു. അവസാനം കിടക്കുന്നതിനു മുൻപു പതുക്കെ എന്നോടു ചോദിച്ചു.

“ഞാൻ ഒരു കാര്യം പറഞ്ഞാൽ അച്ഛൻ വഴക്കു പറയുമോ?”

“വഴക്കുപറയില്ല.. നീ കാര്യം പറ.”

അവൻ മനസ്സില്ലാമനസ്സോടെ പറഞ്ഞു.

“ക്ലാസ്സിൽ എന്റെ അടുത്തിരിക്കുന്ന റിസ്വാന്റെ പെൻസിൽ ഞാൻ വെറുതെ നോക്കാനായി എടുത്തു. അവൻ ഉടനെ അതു പിടിച്ചു വാങ്ങാൻ നോക്കി. പെൻസിൽ ഒടിഞ്ഞു പോയി. ഞാനല്ല ഒടിച്ചത്. അവനാ.. അവൻ പറഞ്ഞു അവന്റെ അച്ഛനെയും വിളിച്ചു നാളെ പ്രിൻസിപ്പാളിനെ കാണാൻ വരുമെന്ന്. പ്രിൻസിപ്പാളിനെ കൊണ്ട് എന്നെ അടിപ്പിക്കാനാ. ഞാൻ നാളെ പോകില്ല.”

അപ്പോഴേക്കും അവന്റെ കണ്ണു നിറഞ്ഞു. അഞ്ചുവയസ്സുകാരനു പെൻസിൽ ഒടിഞ്ഞതിനേക്കാൾ വലിയ കാര്യം വേറെയില്ല. എന്തായാലും ഞാൻ അവനെ സമാധാനിപ്പിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അച്ഛൻ തീ‍ർച്ചയായും വരും എന്നും പറഞ്ഞാണ് അവനെ പിറ്റേന്നു സ്കൂളിലയച്ചത്.

അവൻ തിരിച്ചെത്തിയതു വളരെ സന്തോഷത്തോടെയായിരുന്നു. ഞാൻ ചോദിച്ചു.

“എന്തായി? പ്രിൻസിപ്പാൾ വിളിച്ചില്ലേ?”

“ഇല്ല! റിസ്വാൻ ഇന്നു പുതിയൊരു പെൻസിൽ കൊണ്ടുവന്നു. ഒടിഞ്ഞത് അവൻ എനിക്കു തന്നു. ആ പെൻസിൽ നേരത്തേ ഒടിഞ്ഞിരുന്നതായിരുന്നു. ഞാൻ ഒടിച്ചെന്ന് അവൻ വെറുതേ പറഞ്ഞതാ!“

“നല്ലത്. പക്ഷേ, മോൻ ഇന്നലെ മുഴുവൻ ദുഃഖിച്ചിരുന്നതെന്തിനാ‍യിരുന്നു? എന്തെല്ലാം ചിന്തിച്ചു കൂട്ടി. റിസ്വാന്റെ അച്ഛൻ വരും.. പ്രിൻസിപ്പാളിനെ കാണും.. അദ്ദേഹം നിന്നെ വിളിച്ചു വഴക്കു പറയുകയോ അടിക്കുകയോ ചെയ്യും.. അതുകൊണ്ടു സ്കൂളിൽ പോകുന്നില്ല, എന്നെല്ലാം ചിന്തിച്ചില്ലേ? ഇതാണു മനസ്സിന്റെ കുഴപ്പം. അല്പം പിടിവിട്ടാൽ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടിനടക്കും. ഇതു മോന്റെ മാത്രം പ്രശ്നമല്ല. എല്ലാവരുടെയും മനസ്സ് ഇതുപോലെയാണ്. രാമായണത്തിലും മനസ്സിന്റെ ഈ വിക്രിയയെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ഭാഗമുണ്ട്. ഒരാൾ വെറുതെ ഇരുന്നു ചിന്തിച്ചു കൂട്ടുകയാണ്. ആരാണെന്നു പറയാമോ?“

“രാമൻ ആണോ? “

“അല്ല.”

“എന്നാൽ സീതയായിരിക്കും.”

“സീതയുമല്ല രാ‍മനുമല്ല. ഹനുമാൻ!”

“ഹനുമാൻ എന്തിനാ ദുഃഖിച്ചിരുന്നത്? അച്ഛാ, ആ കഥയൊന്നു പറയുമോ?”

“പറയാം.. ഹനുമാൻ സീതയെ അന്വേഷിച്ചു നൂറുയോജന ദൂരമുള്ള സമുദ്രം ചാടിക്കടന്നു ലങ്കയിലെത്തി. രാത്രിയായപ്പോൾ ആരും കാണാതെ ലങ്കാനഗരിയിൽ ചുറ്റിനടന്നു സീതയെ അന്വേഷിച്ചു തുടങ്ങി. രാക്ഷസന്മാർ കാണാതിരിക്കാൻ ഒരു പൂച്ചയുടെ അത്രയും വലിപ്പത്തിലാണു ഹനുമാൻ ചുറ്റിത്തിരിഞ്ഞത്. വിശാലമായ നടപ്പാ‍തകളും മണിമാളികകളും കടകളും എല്ലാമുള്ള ലങ്കാനഗരി കണ്ടു ഹനുമാൻ അത്ഭുതപ്പെട്ടു. പല പല കൊട്ടാരങ്ങളിലും അന്തഃപുരങ്ങളിലും തിരഞ്ഞ് അവസാനം രാവണന്റെ കൊട്ടാരത്തിലെത്തി. അവിടെ പുഷ്പകവിമാനം കണ്ടു. ഉറങ്ങിക്കിടക്കുന്ന രാവണനെയും പത്നിമാരെയും കണ്ടു. മണ്ഡോദരിയെ കണ്ടു സീതയാണെന്നു തെറ്റിദ്ധരിച്ചു. പിന്നീട് അതു സീതയാകാൻ വഴിയില്ല എന്നു ഹനുമാൻ ഉറപ്പിച്ചു. പാചകശാലയിലും അന്തഃപുരങ്ങളിലും തടവറകളിലും എല്ലായിടത്തും തിരഞ്ഞ് അവസാനം രാവണന്റെ കൊട്ടാര മതിലിനു മുകളിൽ കയറി ഇരുന്നു ഹനുമാൻ ചിന്തിച്ചു.

ലങ്കാനഗരി മുഴുവൻ തിരഞ്ഞിട്ടും സീതയെ കാണാൻ കഴിയാതെ വന്ന ഹനുമാൻ ദുഃഖിച്ച് ഓരോന്നു ചിന്തിക്കാൻ തുടങ്ങി. സീത മരണമടഞ്ഞിട്ടുണ്ട്. പതിവ്രതയായ സീതയെ ദുഷ്ടനായ രാവണൻ കൊന്നിരിക്കാനിടയുണ്ട്. അല്ലെങ്കിൽ വികൃതരൂപികളും ക്രൂരമായ ദൃഷ്ടിയോടു കൂടിയവരുമായ രാക്ഷസികളെ കണ്ടു ഭയത്താൽ സീത മരിച്ചിരിക്കും. ഒരുവേള സീതയെ എടുത്തുകൊണ്ടു വരുന്നവഴി വിമാനത്തിൽ നിന്നും വീണുമരിച്ചിരിക്കുമോ? അതോ സത്കുലജാതയായ സീത സമുദ്രത്തിനു മുകളിലൂടെ എടുത്തുകൊണ്ടു വരപ്പെട്ടപ്പോൾ ഹൃദയം നിന്നു മരിച്ചിരിക്കുമോ? ചിലപ്പോൾ ബലിഷ്ഠനായ രാവണന്റെ കൈകൾക്കിടയിൽ പെട്ടു ഞെരിഞ്ഞുപോയിരിക്കും. അതോ‍ നീചനായ ആ രാക്ഷസൻ സീതയെ തിന്നിരിക്കുമോ? ഒരു പക്ഷേ ശ്രീരാമനെ കുറിച്ചു മാത്രം ചിന്തിച്ചിരുന്ന സീത മറ്റൊരു വഴിയും കാണാതെ മരണത്തെ പ്രാപിച്ചിരിക്കുമോ?

ഇനി ഞാൻ എന്തു ചെയ്യും. എങ്ങനെ തിരിച്ചുപോകും. ശ്രീരാമനോടു സീത മരണപ്പെട്ടുവെന്ന വാർത്ത എങ്ങനെ പറയും. അതുകേട്ടാൽ പിന്നെ ഒരു നിമിഷം പോലും അദ്ദേഹം ജീ‍വിച്ചിരിക്കില്ല. ശ്രീരാമനില്ലെങ്കിൽ പിന്നെ ലക്ഷ്മണനില്ല! ഭ്രാതാക്കന്മാർ രണ്ടുപേരും മരിച്ചുവെന്നറിഞ്ഞാൽ പിന്നെ ഭരതൻ ജീവിച്ചിരിക്കുമോ? ഭരതനും മരിച്ചാൽ പിന്നെ ശത്രുഘ്നൻ മരിക്കുമെന്നതു തീർച്ചയാണ്. മക്കളെല്ലാവരും മരിച്ചാൽ പിന്നെ അമ്മമാരായ കൌസല്യയും സുമിത്രയും കൈകേയിയും മരിക്കുമെന്നുറപ്പല്ലേ?

ഇനി കിഷ്കിന്ധയിലെ കാര്യമോ! സുഹൃത്തായ ശ്രീരാമന്റെ മരണം സുഗ്രീവനു താങ്ങാനാകുമോ? ഭർത്താവു മരിച്ചാൽ പിന്നെ രുമ ജീവിച്ചിരിക്കില്ല. വാലി മരിച്ച ദുഃഖത്തിലിരിക്കുന്ന താരയ്ക്കും അതു താങ്ങാനാവില്ല. അവർ ജീവത്യാഗം ചെയ്യുമെന്നുറപ്പല്ലേ! അമ്മ മരിച്ചാൽ പിന്നെ യുവരാ‍ജാവായ അംഗദൻ എങ്ങനെ ജീവിച്ചിരിക്കും? രാജാവും യുവരാജാവും മരണമടഞ്ഞ ദുഃഖം താങ്ങാനാവാതെ വാനരന്മാർ സ്വന്തം തലകൾ തല്ലിപ്പൊളിക്കും.  വാനരന്മാർ എല്ലാവരും മലമുകളിൽ നിന്നും താഴേക്കു ചാടിയോ, വിഷം കഴിച്ചോ, തീയിൽ ചാടിയോ മരിക്കും. അല്ലെങ്കിൽ തൂങ്ങിച്ചാവുകയോ ആയുധങ്ങൾ കൊണ്ടു സ്വയം വെട്ടിമരിക്കുകയോ ചെയ്യും.

ഞാൻ തിരികെ ചെന്നാൽ ഇക്ഷ്വാകുകുലവും വാനരന്മാരും നശിക്കും. തിരിച്ചു പോയില്ലെങ്കിൽ സീതയെ എങ്ങനെയെങ്കിലും കണ്ടെത്താമെന്ന പ്രതീക്ഷയിൽ അവർ ജീവിക്കും. അതുകൊണ്ട് ഇവിടെ കാട്ടിലെ പഴങ്ങളും തിന്നു ശിഷ്ടകാലം കഴിയാം. അല്ലെങ്കിൽ ചിതകൂട്ടി അതിൽ ചാടി ചാകാം. അല്ലെങ്കിൽ പട്ടിണികിടന്നു മരണത്തെ വരിക്കാം. അതുമല്ലെങ്കിൽ സമുദ്രത്തിൽ ചാടി മരിക്കാം.”

“ഇങ്ങനെയെല്ലാം ചിന്തിച്ചു കൊട്ടാരമതിലിനു മുകളിൽ ഹനുമാൻ ദുഃഖിച്ചിരിക്കുമ്പോൾ തൊട്ടടുത്ത് അശോകവനിയിൽ ശിംശുപാ വൃക്ഷച്ചുവട്ടിൽ സീതയുണ്ട്. ഹനുമാൻ അതറിയാതെ വെറുതെ ഓരോന്നു ചിന്തിച്ചുകൂട്ടി. കണ്ടോ മനസ്സിന്റെ പോക്ക്! അതുകൊണ്ടു ദുഃഖവും പ്രയാസങ്ങളും വരുമ്പോൾ മനസ്സിനെ സ്വതന്ത്രമായി പായാൻ അനുവദിക്കരുത്. നിയന്ത്രിച്ചു നിർത്തണം. ഇല്ലെങ്കിൽ അതു നമ്മളെ ഏതെങ്കിലും കുണ്ടിൽ കൊണ്ടു തള്ളിയിടും.“

കഥ കേട്ട സന്തോഷത്തോടെ അവൻ സുഖമായി ഉറങ്ങി.