Wednesday 25 November 2015

സിംഹക്കുട്ടി

ഒരിടത്ത് ഒരു കാട്ടിൽ ഒരു പെൺസിംഹം ജീവിച്ചിരുന്നു. വസന്തകാലം.. കാട്ടിലെങ്ങും പൂക്കളും അവയുടെ സുഗന്ധവും.. എല്ലാ ജീവികളും സന്തോഷിച്ചുതുള്ളിച്ചാടി കളിക്കുമ്പോൾ ആ പെൺസിംഹം മാത്രം ഗുഹയിൽ ഒതുങ്ങിക്കൂടി. പൂർണ്ണ ഗർഭിണിയായിരുന്ന അവൾ ഭക്ഷണം കഴിച്ചിട്ടു കുറച്ചുനാളായിരുന്നു. ഇരപിടിക്കാൻ വയ്യ. ഒടുവിൽ വിശപ്പു സഹിക്കവയ്യാതായപ്പോൾ സിംഹം പുറത്തിറങ്ങി. പതുക്കെ നടന്നു. ഒരു മലഞ്ചെരുവിൽ കുറേ ആടുകൾ മേയുന്നു. ആട്ടിൻ‌കുട്ടികൾ യാതൊരു ഭയവുമില്ലാതെ സ്വൈരവിഹാരം നടത്തുന്നു. കുറേ നേരം അവൾ ആ കാഴ്ച നോക്കി നിന്നു. അവസാനം രണ്ടും കല്പിച്ച് ഒരു കുഞ്ഞാടിനെ ലക്ഷ്യം വച്ചു ഓടി. സിംഹം വരുന്നതുകണ്ട് ആടുകൾ പ്രാണരക്ഷാർത്ഥം പരക്കം പാഞ്ഞു. ആടിന്റെ അടുത്തെത്തിയ സിംഹം ആഞ്ഞുചാടി. നിർഭാഗ്യവശാൽ അവൾക്കു ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. അവൾ തറയിൽ പതിച്ചു. ആ ചാട്ടത്തിൽ അവൾ ഒരു കുഞ്ഞിനെ പ്രസവിച്ചു. പ്രസവത്തോടെ മരിക്കുകയും ചെയ്തു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ആടുകൾ തിരിച്ചെത്തി. അവർ ചത്തുകിടക്കുന്ന സിംഹത്തെയും കുഞ്ഞിനേയും കണ്ടു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അതിലൊരു തള്ളയാടിനു പാവം തോന്നി. അവൾ ആ സിംഹക്കുഞ്ഞിനു പാലുകൊടുത്തു. ആ ആടുകൾ അവനെ അവരുടെ കൂടെ കൂട്ടി.

ആടുകളോടൊപ്പം അവൻ വളർന്നു. ആട്ടിൻ‌കുട്ടികളോടൊപ്പം ചാടിക്കളിച്ചും പുൽമേടുകളിൽ മേഞ്ഞും നടന്ന അവൻ ആടിനെപ്പോലെ കരയാനും പഠിച്ചു. ആടുകൾക്കെല്ലാം അവനെ വലിയ ഇഷ്ടമായിരുന്നു.

ഒരിക്കൽ മറ്റൊരു കാട്ടിൽ നിന്നും ഒരു സിംഹം അവിടെ എത്തി. അവൻ ആടുകളെ ഓടിച്ചു പിടിക്കാൻ ശ്രമിച്ചു. ശക്തനായ അവൻ കൂട്ടത്തിൽ വലിയ ഒരാടിനെത്തന്നെ ലക്ഷ്യം വച്ചു. അപ്പോഴാണു അവൻ അതു കണ്ടത്.. തന്നെ കണ്ട് ആടുകളോടൊപ്പം പരക്കം പായുന്ന ഒരു സിംഹക്കുട്ടി!! അവനു കൌതുകം തോന്നി. ആ സിംഹക്കുട്ടിയോടു സംസാരിക്കണമെന്ന് അവൻ നിശ്ചയിച്ചു.

ഒരു ദിവസം ആടുകളൊന്നും അടുത്തില്ലാത്ത സമയം സുഖമായി ഉറങ്ങുന്ന  സിംഹകുട്ടിയുടെ അടുത്ത് ആ സിംഹം എത്തി. അവനെ വിളിച്ചുണർത്തി. സിംഹത്തെ കണ്ടയുടൻ അവൻ പ്രാണരക്ഷാർത്ഥം ഓടാൻ ശ്രമിച്ചു. എന്നാൽ സിംഹം വിട്ടില്ല. അവൻ പറഞ്ഞു.

“ എടാ മണ്ടൻ ചെറുക്കാ, നീ എന്തിനാണ് എന്നെ കണ്ടോടുന്നത്. ഞാൻ നിന്നെ ഒന്നും ചെയ്യില്ല. ഒന്നുമില്ലെങ്കിലും നമ്മൾ ഒരേ വർഗ്ഗമല്ലേ?“

സിംഹക്കുട്ടി പറഞ്ഞു.

“നമ്മൾ എങ്ങനെ ഒരേ വർഗ്ഗമാകും. നീ സിംഹമല്ലേ. ഞങ്ങളെ കൊന്നു തിന്നുന്ന സിംഹം..“

എന്നിട്ട് അവൻ ആടിന്റെ ശബ്ദത്തിൽ കരഞ്ഞു. സിംഹം എന്തൊക്കെ പറഞ്ഞിട്ടും അവൻ അതൊന്നും ചെവിക്കൊണ്ടില്ല. അവസാനം സിംഹം അവനെ ബലമായി ഒരു കുളത്തിന്റെ കരയിലെത്തിച്ചു. എന്നിട്ടു കുളത്തിലേക്കു നോക്കാൻ പറഞ്ഞു. കുളത്തിൽ തന്റെ പ്രതിബിംബം കണ്ട സിംഹക്കുട്ടി അത്ഭുതപ്പെട്ടു. താനും ഒരു സിംഹമാണെന്ന് അവനു മനസ്സിലായി. അവൻ ഉറക്കെ ഗർജിച്ചു.

നമ്മളോരോരുത്തരും ആ സിംഹക്കുട്ടിയെപ്പോലെയാണ്. നമുക്കുള്ളിലെ അനന്തമായ ശക്തിവിശേഷത്തെ തിരിച്ചറിയാത്തവർ... സ്വയം പാപികളെന്നു വിളിച്ചു പാപികളായി ഒതുങ്ങിക്കൂടുന്നവർ... പവർകട്ടു സമയത്ത്, “അയ്യോ, ഇരുട്ടേ ഇരുട്ടേ...” എന്നു വിലപിക്കാതെ മെഴുകുതിരി കത്തിക്കയാണു വേണ്ടത്. എപ്പോൾ ആ ജ്ഞാനദീപം മനസ്സിലെ ഇരുട്ടിൽ തെളിയുന്നുവോ,  അന്നു നമുക്കു മനസ്സിലാകും നാം അമൃതത്വത്തിന്റെ പുത്രന്മാരാണെന്ന്... അതുകൊണ്ട്,

“ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്
ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മനഃ“

Thursday 5 November 2015

ലക്ഷ്മണരേഖ

“അങ്കിളേ, ഒരു ലക്ഷ്മണരേഖ..”

കടയിൽ സാധനം മേടിക്കാൻ ചെന്നതായിരുന്നു ഞാൻ. അപ്പൊഴാണ് ഒരു പയ്യൻ വന്നു ലക്ഷ്മണരേഖ ചോദിക്കുന്നത്. കടക്കാരൻ അല്പനേരം ആലോചിച്ചു നിന്നു. ഇതു കണ്ടു പയ്യൻ പറഞ്ഞു.

“പാറ്റയ്ക്കും മറ്റും വരയ്ക്കുന്ന ചോക്ക്..”

“ഓ.. അതാണോ ഈ ലക്ഷ്മണരേഖ.. ദാ പിടിച്ചോ.” അയാൾ ചോക്കെടുത്തു പയ്യനു കൊടുത്തു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു.

“അവൻ പറഞ്ഞതു ശരിയാ.. ലക്ഷ്മണൻ വരച്ച രേഖ രാവണനു താണ്ടാൻ കഴിഞ്ഞില്ല.. അതുപോലെ ഇതുകൊണ്ടൊരു വര വരച്ചാലുണ്ടല്ലോ, ഒരൊറ്റ പാറ്റയും ഉറുമ്പും ആ വഴി വരില്ല!“

“അതൊക്കെ ശരി.. പക്ഷേ ഈ ലക്ഷ്മണൻ ഇങ്ങനൊരു രേഖ വരച്ചതായി രാമായണത്തിൽ ഇല്ലല്ലോ!“ ഞാൻ പറഞ്ഞു.

“അങ്ങനെ ഇല്ലേ അങ്കിളേ.. പക്ഷേ എല്ലാവരും പറയുന്ന കഥകളിൽ അങ്ങനൊരു രേഖയുണ്ടല്ലോ!” പയ്യനു സംശയം.

“വാല്മീകീരാമായണത്തിൽ ഇല്ല എന്നാണു ഞാൻ പറഞ്ഞത്. മറ്റു പലരുടെയും രാമായണത്തിൽ കാണുമായിരിക്കും.”

സാധനങ്ങളും വാ‍ങ്ങി ഞാൻ ആ കുട്ടിയോടൊപ്പം  റോഡ് സൈഡിലൂടെ പതിയെ നടന്നു.

“അങ്കിളേ, രാമായണത്തിൽ ആ കഥ എങ്ങനെയാണു വിവരിക്കുന്നതെന്നൊന്നു പറയാമോ?” അവൻ ചോദിച്ചു.

“അതിനെന്താ പറയാമല്ലോ..” ഞാൻ കഥ പറഞ്ഞുതുടങ്ങി.

“സീതയെ തട്ടിക്കൊണ്ടു പോകാൻ രാവണൻ മാരീചൻ എന്ന രാക്ഷസന്റെ സഹായം തേടുന്നതും ആ രാക്ഷസൻ ഒരു സ്വർണ്ണനിറമുള്ള മാനായി സീതയെ മോഹിപ്പിച്ചതായുമുള്ള കഥ കേട്ടിരിക്കുമല്ലോ! അങ്ങനെ സീതയ്ക്ക് ആ മാനിനെ പിടിച്ചു കൊടുക്കാൻ രാമൻ പോകുന്നു. പോകുന്നതിനു മുൻപ് ലക്ഷ്മണനെ സീതയുടെ സംരക്ഷണത്തിനായി ആശ്രമത്തിൽ കാവൽ നിർത്തുന്നു. മാനായ മാരീചൻ രാമനെ ദൂ‍രേയ്ക്ക് കൊണ്ടുപോകുന്നു. എത്ര ശ്രമിച്ചിട്ടും മാനിനെ ജീവാനോടെ പിടിക്കാൻ കഴിയില്ല എന്നു മനസ്സിലാക്കി രാമൻ അതിന്റെ നേരെ അസ്ത്രം പ്രയോഗിക്കുന്നു. ആ അമ്പു കൊണ്ട രാക്ഷസൻ മരിക്കുന്നതിനു മുൻപ് രാമന്റെ സ്വരത്തിൽ സീതയേയും ലക്ഷ്മണനേയും വിളിച്ചു കരയുന്നു.

അതിദയനീയമായ ആ നിലവിളി കേട്ട സീതയുടെ മനസ്സു കലങ്ങി. അവൾ ലക്ഷ്മണനോടു രാമന്റെ സഹായത്തിനായി പോകാൻ നിർദ്ദേശിക്കുന്നു. എന്നാൽ ജ്യേഷ്ഠന്റെ വാക്കു ധിക്കരിച്ചു താൻ ആശ്രമം വിട്ടുപോകില്ല എന്നു ലക്ഷ്മണൻ തീർത്തു പറയുന്നു. ഇതു സീതയെ കോപിഷ്ടയും ദുഃഖിതയുമാക്കി. അവൾ പറഞ്ഞു.

“ലക്ഷ്മണാ.. അങ്ങയെ ജ്യേഷ്ഠന്റെ സഹായിയായാണ് എല്ലാവരും കണ്ടിരുന്നത്. പക്ഷേ അതു വെറും അഭിനയമായിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. രാമന് ഇത്ര വലിയ ഒരു ആപത്തു വന്നിട്ടും അദ്ദേഹത്തെ സഹായിക്കാൻ ചെല്ലാത്തത് എന്തുകൊണ്ടാണ്? എന്നെ കിട്ടുമെന്നു മോഹിച്ചാണെങ്കിൽ ആ മോഹം വൃഥാവിലാണ്. പരമദുഷ്ടനായ നീ കപടബുദ്ധിയോടെയാണ് ഇത്രയും കാലം ഇവിടെ കഴിഞ്ഞിരുന്നതെന്ന് ഇപ്പോൾ തെളിഞ്ഞു. ശ്രീരാമനെ വിട്ടുപിരിഞ്ഞ് ഒരു നിമിഷം പോലും ഞാൻ ജീവനോടെ ഇരിക്കില്ല എന്നു നീ അറിയുക. ഒന്നുകിൽ ഞാൻ ഈ ഗോദാവരി നദിയിൽ ചാടിമരിക്കും. അല്ലെങ്കിൽ തൂങ്ങിച്ചാകും. അതുമല്ലെങ്കിൽ ഘോരമായ വിഷത്തെ പാനം ചെയ്യും. അല്ലെങ്കിൽ അഗ്നിയിൽ ചാടും. എന്നാലും പരപുരുഷനെ ഞാൻ സങ്കല്പിക്കുക കൂടി ഇല്ല.“

 അതികഠിനമായ ഈ വാക്കുകൾ പറഞ്ഞു ധാരധാരയായി കണ്ണുനീരൊഴുക്കി കരയുന്ന വൈദേഹിയെ കണ്ടു നിൽക്കാൻ കഴിയാതെ ലക്ഷ്മണൻ പോകാനൊരുങ്ങി.

“വൈദേഹീ, ചുട്ടുപഴുപ്പിച്ച എഴുത്താണിക്കു തുല്യമായ ഈ വാക്കുകൾ ഇനിയും സഹിക്കാൻ എനിക്കു കഴിയാതെയായിരിക്കുന്നു. വനദേവതകൾ ഭവതിയെ രക്ഷിക്കട്ടെ. ആരാലും തോല്പിക്കാൻ കഴിയാത്ത രാമന്റെ ശബ്ദമല്ല ആ കേട്ടതെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ ഭവതി എന്റെ വാക്കുകൾ ശ്രദ്ധിക്കാൻ തയ്യാറാകുന്നില്ല. ജ്യേഷ്ഠൻ എവിടെയുണ്ടോ അവിടേക്കു ഞാൻ ഇതാ പോകുന്നു. ഭവതിക്കു നന്മയുണ്ടാകട്ടെ..”

ലക്ഷ്മണൻ സീതയേയും ആശ്രമത്തേയും പല പ്രാവശ്യം തിരിഞ്ഞുനോക്കിക്കൊണ്ടു വനത്തിലേക്കു പോയി. ഈ തക്കം നോക്കി ഒരു സന്ന്യാസിയുടെ വേഷത്തിൽ കമണ്ഡലുവും യോഗദണ്ഡുമായി രാവണൻ അവിടെയെത്തി. ആശ്രമത്തിലെത്തിയ അതിഥിയെ സീത ഉപചാരപൂർവ്വം സ്വീകരിച്ചിരുത്തി. സീത ആരാണെന്നും ആ കാട്ടിൽ എങ്ങനെ എത്തിപ്പെട്ടെന്നുമുള്ള വൃത്താന്തം രാവണൻ ചോദിച്ചു. താൻ ആരാണെന്നും അവിടെ എത്തിച്ചേരാൻ ഇടയായ സാഹചര്യവുമെല്ലാം സീ‍ത വിശദമായി തന്നെ സന്ന്യാസി വേഷത്തിൽ വന്ന രാവണനെ പറഞ്ഞു കേൾപ്പിച്ചു. എന്നിട്ടു രാവണന്റെ വൃത്താന്തം ആരാഞ്ഞു. ഇതുകേട്ടു രാവണൻ തന്റെ നിജസ്ഥിതി വെളിപ്പെടുത്തി.

“സീതേ, യാതൊരുവനാൽ ദേവന്മാരും അസുരന്മാരും ഈ ത്രിലോകങ്ങളും കുലുക്കപ്പെട്ടുവോ ആ രാക്ഷസരാജാവായ രാവണനാണു ഞാൻ. നിന്നെ കണ്ടതുമുതൽ നിന്റെ സൌന്ദര്യത്തിൽ ആകൃഷ്ടനാ‍യ എനിക്ക് എന്റെ മറ്റു പത്നികളിലുള്ള ആശ നശിച്ചിരിക്കുന്നു. സമുദ്രത്തിനു നടുക്കുള്ള ലങ്കയെന്ന എന്റെ മനോഹരമായ രാജധാനിയിലേക്കു പട്ടമഹിഷിയായി നീ വരണമെന്നു ഞാൻ ആഗ്രഹിക്കുന്നു. സീതേ, നീ എനിക്കു ഭാര്യയായി ഭവിച്ചാൽ സർവ്വാഭരണവിഭൂഷിതകളായ അയ്യായിരം ദാസിമാർ നിന്നെ പരിചരിക്കും. എന്നോടൊപ്പം വന്നാലും.”

ഇതുകേട്ട് അത്യധികം കോപത്തോടെ സീത മറുപടി പറഞ്ഞു.

“വൻ പർവ്വതം പോലെ ഇളക്കുവാൻ കഴിയാത്തവനും വൻ കടൽ പോലെ കലക്കുവാൻ കഴിയാത്തവനും സകല സൗഭാഗ്യങ്ങളും തികഞ്ഞവനും ആശ്രയിക്കുന്നവരെ രക്ഷിക്കുന്നവനും പറഞ്ഞ വാക്കിളക്കാത്തവനും പരിശുദ്ധാത്മാവുമായ ശ്രീരാമനെ ഭർത്താവായി ശരണം പ്രാപിച്ചവളാണു ഞാൻ. ആ എന്നെയാണു മൂഢനായ നീ കൊതിക്കുന്നത്. വിശന്നിരിക്കുന്ന സിംഹത്തിന്റെ വായിൽ നിന്നും തേറ്റ പറിച്ചെടുക്കുന്നതുപോലെയും, പർവ്വതങ്ങളിൽ വലുതായ മന്ദരത്തെ പിഴുതെടുക്കുന്നതുപോലെയും, കാളകൂടവിഷത്തെ കുടിച്ചിട്ടു ജീവനോടെ ഇരിപ്പാൻ ഇച്ഛിക്കുന്നതുപോലെയും, കണ്ണിനെ സൂചികൊണ്ടു തുടയ്ക്കുന്നതുപോലെയും, നാക്കുകൊണ്ടു കത്തി നക്കി തുടയ്ക്കുന്നതുപോലെയും, കഴുത്തിൽ പാറക്കല്ലുകെട്ടി ആഴിയെ മറികടക്കാൻ ശ്രമിക്കുന്നതുപോലെയും, സൂര്യചന്ദ്രന്മാരെ കൈകൾ കൊണ്ടു പിടിക്കാൻ ശ്രമിക്കുന്നതുപോലെയുമാണത്. കാട്ടിൽ വസിക്കുന്ന സിംഹത്തിനും കുറുനരിക്കും എന്തു വ്യത്യാസമോ അതുപോലെയാണു രാമനും നീയും തമ്മിൽ. സമുദ്രത്തിനും ഒവുചാലിനും എന്തു ഭേദമോ, അമൃതിനും പുളിച്ചകാടിക്കും എന്തു ഭേദമോ, സ്വർണ്ണത്തിനും ഈയത്തിനും എന്തു വ്യത്യാസമോ, കളഭത്തിനും ചേറ്റിനും എന്തു ഭേദമോ, അനയ്ക്കും പൂച്ചയ്ക്കും തമ്മിൽ എന്തു ഭേദമോ അത്രയും അന്തരമുണ്ടു രാമനും നീയും തമ്മിൽ. ഇന്ദ്രനുതുല്യമായ തേജസ്സാർന്ന ആ ശ്രീരാമൻ അമ്പും വില്ലും കയ്യിലേന്തി വർത്തിക്കുമ്പോൾ ഞാൻ എന്തിനു ദുഃഖിക്കണം.”

സീതയുടെ ഇത്തരത്തിലുള്ള പരിഹാസം കേട്ടു രാവണൻ ക്രുദ്ധനായി. അയാൾ സീതയെ കോരി എടുത്തു പുഷ്പകവിമാനത്തിൽ കയറ്റി ലങ്കയിലേക്കു പോയി. ഇതാണു വാല്മീകീരാമായണത്തിലുള്ളത്.” ഞാൻ പറഞ്ഞു നിർത്തി. കഥ കേട്ട സന്തോഷത്തോടെ ആ കുട്ടി നടന്നകന്നു.