Wednesday 21 August 2019

ഹനുമാന്റെ ഗര്‍വ്വ്!!



ഹനുമാന് ഗര്‍വ്വോ? അതെ! അതിബലവാനായ വാനരനാണ് ഹനുമാന്‍. ശ്രീരാമന് ഏറ്റവും പ്രിയപ്പെട്ടവന്‍. എന്നാല്‍ ഒരിക്കല്‍ ഹനുമാനും അഹങ്കാരത്തിനടിമപ്പെട്ടു! ആ കഥയൊന്നു കേട്ടാലോ?

രാവണവധം കഴിഞ്ഞു. ശ്രീരാമനും ലക്ഷ്മണനും സീതയും വിഭീഷണനും ഹനുമാനും മറ്റു വാനരന്മാരും പുഷ്പകവിമാനത്തില്‍ കയറി തിരികെ അയോദ്ധ്യയിലേക്കു യാത്രതിരിച്ചു. വഴിയില്‍ ഉള്ള കാഴ്ചകള്‍ രാമന്‍ സീതയ്ക്കു കാട്ടിക്കൊടുത്തു. അവര്‍ അങ്ങനെ രാമേശ്വരത്തെത്തി. അവിടെ വച്ചു രാമന്‍ ഋഷിമാരോട് ഒരു ചോദ്യം ചോദിച്ചു.

"അല്ലയോ ഋഷീശ്വരന്മാരെ, നിങ്ങള്‍ക്ക് പ്രണാമം. രാവണവധം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അതിബലവാനും ജ്ഞാനിയുമായ രാവണനെ വധിച്ചതുമൂലം എനിക്കുണ്ടായിരിക്കുന്ന പാപത്തില്‍ നിന്നും മുക്തനാകുവാന്‍ ഒരുപായവും ഞാന്‍ കാണുന്നില്ല. ദയവായി ഉപദേശിച്ചാലും.."

ഋഷിമാര്‍ പറഞ്ഞു.

"അല്ലയോ രാമാ, രാവണവധത്തിലൂടെ അങ്ങ് ഈ ലോകത്തിനു ശാന്തിയും സമാധാനവും വീണ്ടെടുത്തു തന്നിരിക്കുന്നു. ഈ രാമേശ്വരത്ത് ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു പൂജിച്ചാലും. അങ്ങയ്ക്കു മനഃസമാധാനം കൈവരുക തന്നെ ചെയ്യും."

ഋഷിമാരുടെ ഉപദേശം ശ്രവിച്ച ശ്രീരാമന്‍ ശിവലിംഗപ്രതിഷ്ഠയ്ക്കുള്ള വഴികള്‍ ആലോചിച്ചു. പ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തം നിശ്ചയിച്ചിട്ടു ഹനുമാനെ ശിവലിംഗം കൊണ്ടുവരുന്നതിനായി ചുമതലപ്പെടുത്തി. എന്നാല്‍ ശിവലിംഗത്തിനായി വാരണാസിയിലേക്കു പോയ ഹനുമാന്‍ മുഹൂര്‍ത്തസമയമായിട്ടും മടങ്ങിയെത്തിയില്ല. അതിനാല്‍ ഋഷിമാരുടെ ഉപദേശപ്രകാരം സീത ഉരുട്ടിക്കൊടുത്ത മണ്ണുകൊണ്ടുള്ള ശിവലിംഗം ശ്രീരാമന്‍ അവിടെ പ്രതിഷ്ഠിച്ചു.

ശ്രീരാമനായി ശിവലിംഗവും തനിക്കായി ഒരു ആത്മലിംഗവുമായി മടങ്ങിയെത്തിയ ഹനുമാന്‍ പ്രതിഷ്ഠയും പൂജയുമൊക്കെ കഴിഞ്ഞതായി അറിഞ്ഞു ദുഃഖിച്ചു. ഇതുകണ്ടു ശ്രീരാമന്‍ പറഞ്ഞു.

"ഹനുമാനേ, മുഹൂര്‍ത്തസമയമായിട്ടും അങ്ങയെ കാണാഞ്ഞ് ഞാന്‍ മണ്ണുകൊണ്ടൊരു ശിവലിംഗം പ്രതിഷ്ഠിച്ചു. അതുസാരമില്ല. അതെടുത്തുമാറ്റിയിട്ട് അങ്ങ് കൊണ്ടുവന്ന മനോഹരമായ ശിവലിംഗത്തെ പ്രതിഷ്ഠിച്ചാലും."

ഇതുകേട്ടു ഹനുമാന് സന്തോഷമായി. ആ വാനരശ്രേഷ്ഠന്‍ തന്റെ വാലുകൊണ്ട് ശ്രീരാമന്‍ പ്രതിഷ്ഠിച്ച ശിവലിംഗത്തെ എടുത്തുമാറ്റാന്‍ ശ്രമിച്ചു. സാധിച്ചില്ല! ഇതുകണ്ടു കോപാകുലനായ ഹനുമാന്‍ വീണ്ടും തന്റെ വാലുകൊണ്ട് ആ ശിവലിംഗത്തെ വരിഞ്ഞുകെട്ടി വലിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ വാലുമുറിഞ്ഞ് ആ വാനരന്‍ ദൂരെ തെറിച്ചു വീണു. തന്റെ തെറ്റുമനസ്സിലാക്കിയ ഹനുമാന്‍ ശ്രീരാമനെ സാഷ്ടാംഗം പ്രണമിച്ചു മാപ്പപേക്ഷിച്ചു. ശ്രീരാമന്‍ ഹനുമാനെ അനുഗ്രഹിച്ചു. ഹനുമാന്‍ കൊണ്ടുവന്ന ആത്മലിംഗത്തെ മണ്ണുകൊണ്ടുള്ള ശിവലിംഗത്തിനു വടക്കായി ശ്രീരാമന്‍ പ്രതിഷ്ഠിച്ചു.

ഇന്നും രാമേശ്വരത്ത് ശ്രീരാമനായി ഹനുമാന്‍ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിക്കാതെ ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നതു നമുക്കു കാണാം.