Saturday 22 June 2019

സദാചാരം



ഒരിക്കല്‍ ഒരു കാട്ടില്‍ ഒരു വേടന്‍ വേട്ടയാടാനായി പോയി. പല മൃഗങ്ങളെയും അമ്പെയ്തും വല വിരിച്ചും പിടിച്ചിട്ട് അയാള്‍ തിരിച്ചുപോകാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു കടുവയുടെ മുന്‍പില്‍ ചെന്നുപെട്ടത്. വേടന്‍ ജീവനും കൊണ്ട് ഓട്ടം തുടങ്ങി. കടുവയുണ്ടോ വിടുന്നു! അതു പുറകെ കൂടി! അവസാനം ഗത്യന്തരമില്ലാതെ അയാള്‍ ഒരു വലിയ മരത്തില്‍ പിടിച്ചു കയറി. ഒരുവിധത്തില്‍ മുകളിലെത്തിയ വേടന്‍ പറ്റിയ ഒരു കൊമ്പില്‍ ഇരിപ്പായി. എന്നാല്‍ കടുവ മടങ്ങിപ്പോയില്ല. അത് മരത്തിനു ചുവട്ടില്‍ ഇരിപ്പുറപ്പിച്ചു.

അപ്പോഴാണ് വേടന്‍ അതു ശ്രദ്ധിച്ചത്. താനിരിക്കുന്ന കൊമ്പിനു തൊട്ടുമുകളില്‍ ഒരു കരടി ഇരിക്കുന്നു. കരടിയുടെ താമസസ്ഥലമായിരുന്നു ആ മരം. വേടന്‍ ഉള്ളാലെ ഒന്നു നടുങ്ങി. എങ്കിലും ധൈര്യം അവലംബിച്ച് അയാള്‍ പറഞ്ഞു.

"അല്ലയോ കരടി ശ്രേഷ്ഠാ, എന്നോടു ക്ഷമിക്കണം. കടുവയില്‍ നിന്നും രക്ഷപെടാനാണ് ഞാന്‍ അറിയാതെ ഇവിടെ കയറിയത്. എന്നെ ഒന്നും ചെയ്യരുത്."

കരടി പറഞ്ഞു.

"താങ്കള്‍ രക്ഷപെടുവാനായി ഇവിടെ അഭയം പ്രാപിച്ചിരിക്കുകയാണ്. അതിനാല്‍ പേടിക്കേണ്ട. ഞാന്‍ ഒന്നും ചെയ്യില്ല. കടുവ പോകുന്നതു വരെ താങ്കള്‍ക്ക് ഇവിടെ കഴിയാം."

വേടന് ആശ്വാസമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്ന് ഉറങ്ങാന്‍ തുടങ്ങി. ഇതു കണ്ട കടുവ കരടിയോടു പറഞ്ഞു.

"ഹേ മിത്രമേ, നമ്മള്‍ രണ്ടും ഈ കാടിന്റെ സന്തതികളാണ്‌. ഈ കാട്ടില്‍ ഒരുമിച്ചു കഴിയുന്നവര്‍. ഇവനോ പുറത്തുനിന്നും വന്നവന്‍. അതുകൊണ്ടു മടിക്കാതെ അവനെ തള്ളി താഴെ ഇടൂ. അവന്‍ എനിക്കു ഭക്ഷണം ആകട്ടെ."

കരടി അതുകേട്ടു പറഞ്ഞു.

"പ്രിയ കടുവച്ചേട്ടാ, നമ്മള്‍ രണ്ടും ഈ കാട്ടിലുള്ളവര്‍ തന്നെ. ഒരുമിച്ച് ജീവിക്കുന്നവര്‍. പക്ഷേ, എന്റെ വീട്ടിലേക്കു സ്വയരക്ഷാര്‍ത്ഥം ഓടിക്കയറി അഭയം ചോദിച്ച ഒരാളെ വഞ്ചിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്നോടു ക്ഷമിച്ചാലും.."

കരടിയുടെ വാക്കുകേട്ടു കടുവയ്ക്ക് അതിയായ കോപം വന്നു. എങ്കിലും അവന്‍ ഒന്നും മിണ്ടാതെ മരത്തിനു ചുവട്ടില്‍ കാത്തിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ വേടന്‍ തെളിഞ്ഞു. അപ്പോഴേക്കും കരടി ഉറക്കം തൂങ്ങിത്തുടങ്ങി. ഇതുകണ്ട കടുവ വേടനോടു പറഞ്ഞു.

"ഹേ വേടാ, നിനക്കു രക്ഷപെടാന്‍ ഒരവസരം തരാം. മുകളിലത്തെ കൊമ്പിലിരിക്കുന്ന കരടിയെ തള്ളി താഴെ ഇടൂ. നിന്നെ ഞാന്‍ പോകാന്‍ അനുവദിക്കാം. ഇതെന്റെ വാക്കാണ്."

ഇതുകേട്ട വേടന്‍ ചിന്തിച്ചു. ഈ മരത്തിലിങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ടു കുറേ നേരമായി. രക്ഷപെടാന്‍ ഒരു വഴിയുമില്ല. കരടിയെ തള്ളിയിട്ടാല്‍ ചിലപ്പോള്‍ ഈ കടുവ എന്നെ വെറുതെ വിട്ടാലോ? അവന്‍ കടുവ പറഞ്ഞതുപോലെ ചെയ്യാന്‍ തീരുമാനിച്ചു. സര്‍വ്വശക്തിയുമെടുത്ത് അവന്‍ കരടിയെ ആഞ്ഞുതള്ളി. എന്നാല്‍ ഉറക്കത്തിലും ജാഗ്രത പുലര്‍ത്തിയിരുന്ന കരടി വീഴുന്നതിനു മുന്പ് മറ്റൊരു കൊമ്പില്‍ തൂങ്ങി രക്ഷപെട്ടു.

ഇതുകണ്ടു കടുവ കരടിയോടു പറഞ്ഞു.

"ഇപോള്‍ നീ എന്തുപറയുന്നു. ഇവന്‍ പുറത്തുനിന്നു വന്നവനാണ്. ഇവനു നമ്മളെ ചതിക്കുന്നതില്‍ യാതൊരുമടിയുമില്ല. ഈ ചതിയനെയാണോ നീ സംരക്ഷിക്കാന്‍ ശ്രമിച്ചത്. ഇപ്പോള്‍ മടിക്കാതെ ഈ ദുഷ്ടനെ തള്ളി താഴെയിടൂ."

ഇതുകേട്ടു കരടി പറഞ്ഞു.

"അല്ലയോ കടുവേ, നീ പറഞ്ഞതു ശരിയാണ്. ഇവന്‍ ചതിയനാണ്. പക്ഷേ, ഒരു സത്പുരുഷന്‍ തനിക്കു തിന്മ വിളയിക്കുന്നവര്‍ക്കു പോലും ദോഷം വരുത്തുവാന്‍ ആഗ്രഹിക്കില്ല. എന്റെ വീട്ടിലേയ്ക്കു രക്ഷതേടി എത്തുന്നവരെ സംരക്ഷിക്കുക എന്നത് എന്റെ ആചാരമാണ്. ആ സദാചാരം തെറ്റിപ്പോകാതെ സംരക്ഷിക്കുക എന്നത് എന്റെ കര്‍ത്തവ്യമാണ്. അതുകൊണ്ടുതന്നെ ഇവനെ ഞാന്‍ തള്ളിയിടില്ല."

ഇതുകേട്ട് കടുവ നിരാശയോടെ മടങ്ങിപ്പോയി.

സീതയെ ഉപദ്രവിച്ച രാക്ഷസിമാരെ കൊല്ലാന്‍ രാവണവധത്തിനു ശേഷം ഹനുമാന്‍ തുനിയുമ്പോള്‍ സീത പറഞ്ഞ കഥയാണിത്.

"ന പരഃ പാപമാദത്തേ പരേഷാം പാപകര്‍മ്മണാം
  സമയോ രക്ഷിതവ്യസ്തു സന്തശ്ചാരിത്രഭൂഷണാഃ"

കഥയില്‍ കരടി പറയുന്ന ഈ ശ്ലോകത്തിലൂടെ തന്നെ ഉപദ്രവിച്ച രാക്ഷസിമാരോടു പോലും ക്ഷമിക്കുക എന്നതാണ് തന്റെ തീരുമാനമെന്ന് സീത ഹനുമാനെ ധരിപ്പിക്കുന്നു.