Thursday 3 December 2015

ലൈവ് ടെലിക്കാസ്റ്റ്!!

“ഇതെന്തുവാടേ ഈ കാണുന്നത്. സിനിമയാണോ?”

“അല്ല ചേട്ടാ, നമ്മുടെ സെക്രട്ടേറിയറ്റിന്റെ മുന്നിൽ നടക്കുന്ന അടിപിടിയാ.. ലൈവ് ടെലിക്കാസ്റ്റ്!!“

“ദേണ്ടെ ഒരുത്തനെ പോലീസുകാരെല്ലാരും കൂടി ചേർന്നു വളഞ്ഞിട്ടു തല്ലുന്നു. അവന്റെ ജീവിതം പോയി! എന്തായാലും കൊള്ളാം.. വീട്ടിലിരുന്നു സുഖമായി അടി കാണാം. കാലം പോയ പോക്കേ!“

“അതിനു പഴയ കാലത്തും ഇതുപോലെ ലൈവ് ടെലിക്കാസ്റ്റ് ഉണ്ടായിരുന്നതായാണല്ലോ പറയുന്നത്.. നമ്മുടെ മഹാഭാരതത്തിൽ സഞ്ജയൻ ധൃതരാഷ്ട്രർക്കു യുദ്ധത്തെക്കുറിച്ചു വിവരിക്കുന്നത്..”

“അതങ്ങനെയൊന്നുമല്ലടേ കാര്യങ്ങൾ.. പലരും അവർക്കു തോന്നുന്നപോലെ എഴുതി വിടുന്നതാ.. അല്ലാതെ മഹാഭാരതത്തിലൊന്നും അങ്ങനെ പറയുന്നില്ല..”

“പിന്നെ??”

“എന്നാൽ കേട്ടോ.. മഹാഭാരത യുദ്ധം തുടങ്ങുന്നത്തിന്റെ തലേന്നാണു സന്ദർഭം. കൗരവരും പാണ്ഡവരും യുദ്ധസന്നദ്ധരായി നിൽക്കുന്നു. കൗരവപക്ഷത്ത് 11 അക്ഷൗഹിണിപ്പടയും പാണ്ഡവപക്ഷത്ത് 7 അക്ഷൗഹിണിപ്പടയും നിരന്നു. ഇതെല്ലാം അറിഞ്ഞു വേദവ്യാസൻ തന്റെ മകന്റെ അടുത്തെത്തി. സർവ്വനാശത്തിലേക്കു നയിക്കുന്ന ആ മഹായുദ്ധം തടഞ്ഞു ദുര്യോധനനെ പിന്തിരിപ്പിക്കണമെന്ന് അദ്ദേഹം ധൃതരാഷ്ട്രരോട് ആവശ്യപ്പെട്ടു. എന്നാൽ, ഇന്നു പല അച്ഛനമ്മമാരും സ്വന്തം മക്കളെക്കുറിച്ചു പറയുന്നതു തന്നെയാണു ധൃതരാഷ്ട്രരും പറഞ്ഞത് - ‘അവൻ ഞാൻ പറഞ്ഞാൽ കേൾക്കില്ല‘! ഇതുകേട്ട് വ്യാസൻ പറഞ്ഞു,

“രാജാവേ, നിന്റെ മക്കളും മറ്റു രാജാക്കന്മാരുമൊക്കെ കാലം പിഴച്ചവരാണ്. അവർ പോരിൽ തമ്മിൽ ഹിംസിക്കുവാനാണല്ലോ നിൽക്കുന്നത്. കാലദോഷത്താൽ മുടിയുന്ന അവരെപ്പറ്റി എന്തിനു ദുഃഖിക്കുന്നു? മനസ്സിൽ അവരെപ്പറ്റി ചിന്തിക്കാതിരിക്കുക. ഇവർ തമ്മിൽ പോരാടുന്നതു കാണണമെന്നാഗ്രഹമുണ്ടെങ്കിൽ ഞാൻ നിന്റെ കണ്ണുകൾക്കു കാഴ്ച നൽകാം.. നീ രണം കണ്ടുകൊള്ളുക!“

പക്ഷേ തനിക്കു തന്റെ മക്കളുടെ മരണം കാണാൻ ശക്തിയില്ലെന്നു ധൃതരാഷ്ട്രർ പറഞ്ഞു. യുദ്ധത്തെക്കുറിച്ചു കേൾക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനാൽ വ്യാസൻ ധൃതരാഷ്ട്രരുടെ മന്ത്രിയായ സഞ്ജയനു വരം നൽകി. എന്നിട്ടു പറഞ്ഞു,

“രാജാവേ, ഈ സഞ്ജയൻ യുദ്ധമൊക്കെ ഭവാന്നു വിവരിച്ചു പറഞ്ഞുതരും. ഏതു യുദ്ധത്തിലും ഇവൻ കാണാത്തതായി യാതൊരു സംഗതിയും ഉണ്ടാവുകയില്ല. രാജാവേ, സഞ്ജയൻ ദിവ്യചക്ഷുസ്സുള്ളവനായിരിക്കും. ഇവൻ യുദ്ധക്കളത്തിൽ പോയാൽ ശത്രുക്കളൊന്നും ഇവന്റെ ദേഹത്തെ മുറിവേല്പിക്കുകയില്ല. ഇവന്നു തളർച്ച ബാധിക്കുകയുമില്ല. പോരിൽ മരിക്കുകയുമില്ല. വെളിവായും ഒളിവായും, രാവായാലും പകലായാലും മനസ്സുകൊണ്ട് ഓർത്താൽ ഈ സഞ്ജയൻ ഒക്കെ അറിയും.“

ഇങ്ങനെ ഒരു വരം നൽകി വ്യാസൻ പോയി. സഞ്ജയൻ യുദ്ധക്കളത്തിലേയ്ക്കും യാത്രയായി. പിന്നീടു സഞ്ജയൻ ധൃതരാഷ്ട്രരുടെ സമീപത്തെത്തുന്നതു പത്തു ദിവസം കഴിഞ്ഞിട്ടാണ്. അതായത് 10 ദിവസത്തെ യുദ്ധം കഴിഞ്ഞു ഭീഷ്മർ ശരശയ്യയിൽ കിടക്കുന്നതു കണ്ടിട്ട്. സഞ്ജയൻ പറഞ്ഞു,

“മഹാരാജാവേ, സഞ്ജയൻ ഇതാ വന്നിരിക്കുന്നു. ഭവാനെ ഞാൻ നമസ്കരിക്കുന്നു. കുരുപിതാമഹനും ശാന്തനവനുമായ ഭീഷ്മൻ ഹനിക്കപ്പെട്ടു! സർവ്വയോദ്ധാക്കന്മാർക്കും ആനന്ദപ്രദനും, വില്ലാളികൾക്കൊക്കെ ആശ്രയസ്ഥാനവുമായ കുരുപിതാമഹൻ ഇപ്പോൾ ശരതല്പത്തിൽ കിടക്കുകയാണ്. നിന്റെ പുത്രൻ ആരുടെ കൈയൂക്കിന്റെ പിൻബലം കണ്ടിട്ടാണോ ചൂതാട്ടത്തിന്നിറങ്ങിയത് ആ ഭീഷ്മൻ പോരിൽ ശിഖണ്ഡിയാൽ വീഴ്ത്തപ്പെട്ടു!“

പിന്നീടാണു യുദ്ധത്തിൽ നടന്നതിനെക്കുറിച്ചു വിസ്തരിച്ചു പറഞ്ഞുതരാൻ സഞ്ജയനോട് ധൃതരാഷ്ട്രർ പറയുന്നതും കൃഷ്ണൻ അർജ്ജുനനു ഗീത ഉപദേശിക്കുന്നതു മുതൽ നടന്നതെല്ലാം സഞ്ജയൻ വിവരിക്കുന്നതും. ഇതാണു മഹാഭാരതത്തിലുള്ളത്.”

Wednesday 25 November 2015

സിംഹക്കുട്ടി

ഒരിടത്ത് ഒരു കാട്ടിൽ ഒരു പെൺസിംഹം ജീവിച്ചിരുന്നു. വസന്തകാലം.. കാട്ടിലെങ്ങും പൂക്കളും അവയുടെ സുഗന്ധവും.. എല്ലാ ജീവികളും സന്തോഷിച്ചുതുള്ളിച്ചാടി കളിക്കുമ്പോൾ ആ പെൺസിംഹം മാത്രം ഗുഹയിൽ ഒതുങ്ങിക്കൂടി. പൂർണ്ണ ഗർഭിണിയായിരുന്ന അവൾ ഭക്ഷണം കഴിച്ചിട്ടു കുറച്ചുനാളായിരുന്നു. ഇരപിടിക്കാൻ വയ്യ. ഒടുവിൽ വിശപ്പു സഹിക്കവയ്യാതായപ്പോൾ സിംഹം പുറത്തിറങ്ങി. പതുക്കെ നടന്നു. ഒരു മലഞ്ചെരുവിൽ കുറേ ആടുകൾ മേയുന്നു. ആട്ടിൻ‌കുട്ടികൾ യാതൊരു ഭയവുമില്ലാതെ സ്വൈരവിഹാരം നടത്തുന്നു. കുറേ നേരം അവൾ ആ കാഴ്ച നോക്കി നിന്നു. അവസാനം രണ്ടും കല്പിച്ച് ഒരു കുഞ്ഞാടിനെ ലക്ഷ്യം വച്ചു ഓടി. സിംഹം വരുന്നതുകണ്ട് ആടുകൾ പ്രാണരക്ഷാർത്ഥം പരക്കം പാഞ്ഞു. ആടിന്റെ അടുത്തെത്തിയ സിംഹം ആഞ്ഞുചാടി. നിർഭാഗ്യവശാൽ അവൾക്കു ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. അവൾ തറയിൽ പതിച്ചു. ആ ചാട്ടത്തിൽ അവൾ ഒരു കുഞ്ഞിനെ പ്രസവിച്ചു. പ്രസവത്തോടെ മരിക്കുകയും ചെയ്തു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ആടുകൾ തിരിച്ചെത്തി. അവർ ചത്തുകിടക്കുന്ന സിംഹത്തെയും കുഞ്ഞിനേയും കണ്ടു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അതിലൊരു തള്ളയാടിനു പാവം തോന്നി. അവൾ ആ സിംഹക്കുഞ്ഞിനു പാലുകൊടുത്തു. ആ ആടുകൾ അവനെ അവരുടെ കൂടെ കൂട്ടി.

ആടുകളോടൊപ്പം അവൻ വളർന്നു. ആട്ടിൻ‌കുട്ടികളോടൊപ്പം ചാടിക്കളിച്ചും പുൽമേടുകളിൽ മേഞ്ഞും നടന്ന അവൻ ആടിനെപ്പോലെ കരയാനും പഠിച്ചു. ആടുകൾക്കെല്ലാം അവനെ വലിയ ഇഷ്ടമായിരുന്നു.

ഒരിക്കൽ മറ്റൊരു കാട്ടിൽ നിന്നും ഒരു സിംഹം അവിടെ എത്തി. അവൻ ആടുകളെ ഓടിച്ചു പിടിക്കാൻ ശ്രമിച്ചു. ശക്തനായ അവൻ കൂട്ടത്തിൽ വലിയ ഒരാടിനെത്തന്നെ ലക്ഷ്യം വച്ചു. അപ്പോഴാണു അവൻ അതു കണ്ടത്.. തന്നെ കണ്ട് ആടുകളോടൊപ്പം പരക്കം പായുന്ന ഒരു സിംഹക്കുട്ടി!! അവനു കൌതുകം തോന്നി. ആ സിംഹക്കുട്ടിയോടു സംസാരിക്കണമെന്ന് അവൻ നിശ്ചയിച്ചു.

ഒരു ദിവസം ആടുകളൊന്നും അടുത്തില്ലാത്ത സമയം സുഖമായി ഉറങ്ങുന്ന  സിംഹകുട്ടിയുടെ അടുത്ത് ആ സിംഹം എത്തി. അവനെ വിളിച്ചുണർത്തി. സിംഹത്തെ കണ്ടയുടൻ അവൻ പ്രാണരക്ഷാർത്ഥം ഓടാൻ ശ്രമിച്ചു. എന്നാൽ സിംഹം വിട്ടില്ല. അവൻ പറഞ്ഞു.

“ എടാ മണ്ടൻ ചെറുക്കാ, നീ എന്തിനാണ് എന്നെ കണ്ടോടുന്നത്. ഞാൻ നിന്നെ ഒന്നും ചെയ്യില്ല. ഒന്നുമില്ലെങ്കിലും നമ്മൾ ഒരേ വർഗ്ഗമല്ലേ?“

സിംഹക്കുട്ടി പറഞ്ഞു.

“നമ്മൾ എങ്ങനെ ഒരേ വർഗ്ഗമാകും. നീ സിംഹമല്ലേ. ഞങ്ങളെ കൊന്നു തിന്നുന്ന സിംഹം..“

എന്നിട്ട് അവൻ ആടിന്റെ ശബ്ദത്തിൽ കരഞ്ഞു. സിംഹം എന്തൊക്കെ പറഞ്ഞിട്ടും അവൻ അതൊന്നും ചെവിക്കൊണ്ടില്ല. അവസാനം സിംഹം അവനെ ബലമായി ഒരു കുളത്തിന്റെ കരയിലെത്തിച്ചു. എന്നിട്ടു കുളത്തിലേക്കു നോക്കാൻ പറഞ്ഞു. കുളത്തിൽ തന്റെ പ്രതിബിംബം കണ്ട സിംഹക്കുട്ടി അത്ഭുതപ്പെട്ടു. താനും ഒരു സിംഹമാണെന്ന് അവനു മനസ്സിലായി. അവൻ ഉറക്കെ ഗർജിച്ചു.

നമ്മളോരോരുത്തരും ആ സിംഹക്കുട്ടിയെപ്പോലെയാണ്. നമുക്കുള്ളിലെ അനന്തമായ ശക്തിവിശേഷത്തെ തിരിച്ചറിയാത്തവർ... സ്വയം പാപികളെന്നു വിളിച്ചു പാപികളായി ഒതുങ്ങിക്കൂടുന്നവർ... പവർകട്ടു സമയത്ത്, “അയ്യോ, ഇരുട്ടേ ഇരുട്ടേ...” എന്നു വിലപിക്കാതെ മെഴുകുതിരി കത്തിക്കയാണു വേണ്ടത്. എപ്പോൾ ആ ജ്ഞാനദീപം മനസ്സിലെ ഇരുട്ടിൽ തെളിയുന്നുവോ,  അന്നു നമുക്കു മനസ്സിലാകും നാം അമൃതത്വത്തിന്റെ പുത്രന്മാരാണെന്ന്... അതുകൊണ്ട്,

“ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്
ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മനഃ“

Thursday 5 November 2015

ലക്ഷ്മണരേഖ

“അങ്കിളേ, ഒരു ലക്ഷ്മണരേഖ..”

കടയിൽ സാധനം മേടിക്കാൻ ചെന്നതായിരുന്നു ഞാൻ. അപ്പൊഴാണ് ഒരു പയ്യൻ വന്നു ലക്ഷ്മണരേഖ ചോദിക്കുന്നത്. കടക്കാരൻ അല്പനേരം ആലോചിച്ചു നിന്നു. ഇതു കണ്ടു പയ്യൻ പറഞ്ഞു.

“പാറ്റയ്ക്കും മറ്റും വരയ്ക്കുന്ന ചോക്ക്..”

“ഓ.. അതാണോ ഈ ലക്ഷ്മണരേഖ.. ദാ പിടിച്ചോ.” അയാൾ ചോക്കെടുത്തു പയ്യനു കൊടുത്തു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു.

“അവൻ പറഞ്ഞതു ശരിയാ.. ലക്ഷ്മണൻ വരച്ച രേഖ രാവണനു താണ്ടാൻ കഴിഞ്ഞില്ല.. അതുപോലെ ഇതുകൊണ്ടൊരു വര വരച്ചാലുണ്ടല്ലോ, ഒരൊറ്റ പാറ്റയും ഉറുമ്പും ആ വഴി വരില്ല!“

“അതൊക്കെ ശരി.. പക്ഷേ ഈ ലക്ഷ്മണൻ ഇങ്ങനൊരു രേഖ വരച്ചതായി രാമായണത്തിൽ ഇല്ലല്ലോ!“ ഞാൻ പറഞ്ഞു.

“അങ്ങനെ ഇല്ലേ അങ്കിളേ.. പക്ഷേ എല്ലാവരും പറയുന്ന കഥകളിൽ അങ്ങനൊരു രേഖയുണ്ടല്ലോ!” പയ്യനു സംശയം.

“വാല്മീകീരാമായണത്തിൽ ഇല്ല എന്നാണു ഞാൻ പറഞ്ഞത്. മറ്റു പലരുടെയും രാമായണത്തിൽ കാണുമായിരിക്കും.”

സാധനങ്ങളും വാ‍ങ്ങി ഞാൻ ആ കുട്ടിയോടൊപ്പം  റോഡ് സൈഡിലൂടെ പതിയെ നടന്നു.

“അങ്കിളേ, രാമായണത്തിൽ ആ കഥ എങ്ങനെയാണു വിവരിക്കുന്നതെന്നൊന്നു പറയാമോ?” അവൻ ചോദിച്ചു.

“അതിനെന്താ പറയാമല്ലോ..” ഞാൻ കഥ പറഞ്ഞുതുടങ്ങി.

“സീതയെ തട്ടിക്കൊണ്ടു പോകാൻ രാവണൻ മാരീചൻ എന്ന രാക്ഷസന്റെ സഹായം തേടുന്നതും ആ രാക്ഷസൻ ഒരു സ്വർണ്ണനിറമുള്ള മാനായി സീതയെ മോഹിപ്പിച്ചതായുമുള്ള കഥ കേട്ടിരിക്കുമല്ലോ! അങ്ങനെ സീതയ്ക്ക് ആ മാനിനെ പിടിച്ചു കൊടുക്കാൻ രാമൻ പോകുന്നു. പോകുന്നതിനു മുൻപ് ലക്ഷ്മണനെ സീതയുടെ സംരക്ഷണത്തിനായി ആശ്രമത്തിൽ കാവൽ നിർത്തുന്നു. മാനായ മാരീചൻ രാമനെ ദൂ‍രേയ്ക്ക് കൊണ്ടുപോകുന്നു. എത്ര ശ്രമിച്ചിട്ടും മാനിനെ ജീവാനോടെ പിടിക്കാൻ കഴിയില്ല എന്നു മനസ്സിലാക്കി രാമൻ അതിന്റെ നേരെ അസ്ത്രം പ്രയോഗിക്കുന്നു. ആ അമ്പു കൊണ്ട രാക്ഷസൻ മരിക്കുന്നതിനു മുൻപ് രാമന്റെ സ്വരത്തിൽ സീതയേയും ലക്ഷ്മണനേയും വിളിച്ചു കരയുന്നു.

അതിദയനീയമായ ആ നിലവിളി കേട്ട സീതയുടെ മനസ്സു കലങ്ങി. അവൾ ലക്ഷ്മണനോടു രാമന്റെ സഹായത്തിനായി പോകാൻ നിർദ്ദേശിക്കുന്നു. എന്നാൽ ജ്യേഷ്ഠന്റെ വാക്കു ധിക്കരിച്ചു താൻ ആശ്രമം വിട്ടുപോകില്ല എന്നു ലക്ഷ്മണൻ തീർത്തു പറയുന്നു. ഇതു സീതയെ കോപിഷ്ടയും ദുഃഖിതയുമാക്കി. അവൾ പറഞ്ഞു.

“ലക്ഷ്മണാ.. അങ്ങയെ ജ്യേഷ്ഠന്റെ സഹായിയായാണ് എല്ലാവരും കണ്ടിരുന്നത്. പക്ഷേ അതു വെറും അഭിനയമായിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. രാമന് ഇത്ര വലിയ ഒരു ആപത്തു വന്നിട്ടും അദ്ദേഹത്തെ സഹായിക്കാൻ ചെല്ലാത്തത് എന്തുകൊണ്ടാണ്? എന്നെ കിട്ടുമെന്നു മോഹിച്ചാണെങ്കിൽ ആ മോഹം വൃഥാവിലാണ്. പരമദുഷ്ടനായ നീ കപടബുദ്ധിയോടെയാണ് ഇത്രയും കാലം ഇവിടെ കഴിഞ്ഞിരുന്നതെന്ന് ഇപ്പോൾ തെളിഞ്ഞു. ശ്രീരാമനെ വിട്ടുപിരിഞ്ഞ് ഒരു നിമിഷം പോലും ഞാൻ ജീവനോടെ ഇരിക്കില്ല എന്നു നീ അറിയുക. ഒന്നുകിൽ ഞാൻ ഈ ഗോദാവരി നദിയിൽ ചാടിമരിക്കും. അല്ലെങ്കിൽ തൂങ്ങിച്ചാകും. അതുമല്ലെങ്കിൽ ഘോരമായ വിഷത്തെ പാനം ചെയ്യും. അല്ലെങ്കിൽ അഗ്നിയിൽ ചാടും. എന്നാലും പരപുരുഷനെ ഞാൻ സങ്കല്പിക്കുക കൂടി ഇല്ല.“

 അതികഠിനമായ ഈ വാക്കുകൾ പറഞ്ഞു ധാരധാരയായി കണ്ണുനീരൊഴുക്കി കരയുന്ന വൈദേഹിയെ കണ്ടു നിൽക്കാൻ കഴിയാതെ ലക്ഷ്മണൻ പോകാനൊരുങ്ങി.

“വൈദേഹീ, ചുട്ടുപഴുപ്പിച്ച എഴുത്താണിക്കു തുല്യമായ ഈ വാക്കുകൾ ഇനിയും സഹിക്കാൻ എനിക്കു കഴിയാതെയായിരിക്കുന്നു. വനദേവതകൾ ഭവതിയെ രക്ഷിക്കട്ടെ. ആരാലും തോല്പിക്കാൻ കഴിയാത്ത രാമന്റെ ശബ്ദമല്ല ആ കേട്ടതെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ ഭവതി എന്റെ വാക്കുകൾ ശ്രദ്ധിക്കാൻ തയ്യാറാകുന്നില്ല. ജ്യേഷ്ഠൻ എവിടെയുണ്ടോ അവിടേക്കു ഞാൻ ഇതാ പോകുന്നു. ഭവതിക്കു നന്മയുണ്ടാകട്ടെ..”

ലക്ഷ്മണൻ സീതയേയും ആശ്രമത്തേയും പല പ്രാവശ്യം തിരിഞ്ഞുനോക്കിക്കൊണ്ടു വനത്തിലേക്കു പോയി. ഈ തക്കം നോക്കി ഒരു സന്ന്യാസിയുടെ വേഷത്തിൽ കമണ്ഡലുവും യോഗദണ്ഡുമായി രാവണൻ അവിടെയെത്തി. ആശ്രമത്തിലെത്തിയ അതിഥിയെ സീത ഉപചാരപൂർവ്വം സ്വീകരിച്ചിരുത്തി. സീത ആരാണെന്നും ആ കാട്ടിൽ എങ്ങനെ എത്തിപ്പെട്ടെന്നുമുള്ള വൃത്താന്തം രാവണൻ ചോദിച്ചു. താൻ ആരാണെന്നും അവിടെ എത്തിച്ചേരാൻ ഇടയായ സാഹചര്യവുമെല്ലാം സീ‍ത വിശദമായി തന്നെ സന്ന്യാസി വേഷത്തിൽ വന്ന രാവണനെ പറഞ്ഞു കേൾപ്പിച്ചു. എന്നിട്ടു രാവണന്റെ വൃത്താന്തം ആരാഞ്ഞു. ഇതുകേട്ടു രാവണൻ തന്റെ നിജസ്ഥിതി വെളിപ്പെടുത്തി.

“സീതേ, യാതൊരുവനാൽ ദേവന്മാരും അസുരന്മാരും ഈ ത്രിലോകങ്ങളും കുലുക്കപ്പെട്ടുവോ ആ രാക്ഷസരാജാവായ രാവണനാണു ഞാൻ. നിന്നെ കണ്ടതുമുതൽ നിന്റെ സൌന്ദര്യത്തിൽ ആകൃഷ്ടനാ‍യ എനിക്ക് എന്റെ മറ്റു പത്നികളിലുള്ള ആശ നശിച്ചിരിക്കുന്നു. സമുദ്രത്തിനു നടുക്കുള്ള ലങ്കയെന്ന എന്റെ മനോഹരമായ രാജധാനിയിലേക്കു പട്ടമഹിഷിയായി നീ വരണമെന്നു ഞാൻ ആഗ്രഹിക്കുന്നു. സീതേ, നീ എനിക്കു ഭാര്യയായി ഭവിച്ചാൽ സർവ്വാഭരണവിഭൂഷിതകളായ അയ്യായിരം ദാസിമാർ നിന്നെ പരിചരിക്കും. എന്നോടൊപ്പം വന്നാലും.”

ഇതുകേട്ട് അത്യധികം കോപത്തോടെ സീത മറുപടി പറഞ്ഞു.

“വൻ പർവ്വതം പോലെ ഇളക്കുവാൻ കഴിയാത്തവനും വൻ കടൽ പോലെ കലക്കുവാൻ കഴിയാത്തവനും സകല സൗഭാഗ്യങ്ങളും തികഞ്ഞവനും ആശ്രയിക്കുന്നവരെ രക്ഷിക്കുന്നവനും പറഞ്ഞ വാക്കിളക്കാത്തവനും പരിശുദ്ധാത്മാവുമായ ശ്രീരാമനെ ഭർത്താവായി ശരണം പ്രാപിച്ചവളാണു ഞാൻ. ആ എന്നെയാണു മൂഢനായ നീ കൊതിക്കുന്നത്. വിശന്നിരിക്കുന്ന സിംഹത്തിന്റെ വായിൽ നിന്നും തേറ്റ പറിച്ചെടുക്കുന്നതുപോലെയും, പർവ്വതങ്ങളിൽ വലുതായ മന്ദരത്തെ പിഴുതെടുക്കുന്നതുപോലെയും, കാളകൂടവിഷത്തെ കുടിച്ചിട്ടു ജീവനോടെ ഇരിപ്പാൻ ഇച്ഛിക്കുന്നതുപോലെയും, കണ്ണിനെ സൂചികൊണ്ടു തുടയ്ക്കുന്നതുപോലെയും, നാക്കുകൊണ്ടു കത്തി നക്കി തുടയ്ക്കുന്നതുപോലെയും, കഴുത്തിൽ പാറക്കല്ലുകെട്ടി ആഴിയെ മറികടക്കാൻ ശ്രമിക്കുന്നതുപോലെയും, സൂര്യചന്ദ്രന്മാരെ കൈകൾ കൊണ്ടു പിടിക്കാൻ ശ്രമിക്കുന്നതുപോലെയുമാണത്. കാട്ടിൽ വസിക്കുന്ന സിംഹത്തിനും കുറുനരിക്കും എന്തു വ്യത്യാസമോ അതുപോലെയാണു രാമനും നീയും തമ്മിൽ. സമുദ്രത്തിനും ഒവുചാലിനും എന്തു ഭേദമോ, അമൃതിനും പുളിച്ചകാടിക്കും എന്തു ഭേദമോ, സ്വർണ്ണത്തിനും ഈയത്തിനും എന്തു വ്യത്യാസമോ, കളഭത്തിനും ചേറ്റിനും എന്തു ഭേദമോ, അനയ്ക്കും പൂച്ചയ്ക്കും തമ്മിൽ എന്തു ഭേദമോ അത്രയും അന്തരമുണ്ടു രാമനും നീയും തമ്മിൽ. ഇന്ദ്രനുതുല്യമായ തേജസ്സാർന്ന ആ ശ്രീരാമൻ അമ്പും വില്ലും കയ്യിലേന്തി വർത്തിക്കുമ്പോൾ ഞാൻ എന്തിനു ദുഃഖിക്കണം.”

സീതയുടെ ഇത്തരത്തിലുള്ള പരിഹാസം കേട്ടു രാവണൻ ക്രുദ്ധനായി. അയാൾ സീതയെ കോരി എടുത്തു പുഷ്പകവിമാനത്തിൽ കയറ്റി ലങ്കയിലേക്കു പോയി. ഇതാണു വാല്മീകീരാമായണത്തിലുള്ളത്.” ഞാൻ പറഞ്ഞു നിർത്തി. കഥ കേട്ട സന്തോഷത്തോടെ ആ കുട്ടി നടന്നകന്നു.

Wednesday 4 March 2015

ഇറച്ചിവെട്ടുകാരന്റെ വേദാന്തം

വൃദ്ധരായ മാതാപിതാക്കളുമായി അമ്പലത്തിലെത്തുക, എന്നിട്ടു ക്ഷേത്രദർശനവും നടത്തി അവരെ അവിടെ ഉപേക്ഷിച്ചിട്ടു കടന്നുകളയുക... നടതള്ളൽ എന്നാണു മാധ്യമങ്ങൾ ഇതിനു കൊടുത്തിരിക്കുന്ന പേർ. ഇനി മറ്റൊരു കൂട്ടരുണ്ട്! ഗുരുവാണു തങ്ങൾക്കെല്ലാം.. ഗുരുവിൽ നിന്നു ദീക്ഷയും സ്വീകരിച്ചു വിവരമില്ലാത്ത അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു പോകുകയാണെന്നു പറയുന്നവർ. ഈ രണ്ടു കൂട്ടർക്കുമായി മഹാഭാരതത്തിലെ ഈ കഥ ഡെഡിക്കേറ്റു ചെയ്യുന്നു... ഇറച്ചിവെട്ടുകാരന്റെ വേദാന്തം..

ഒരിടത്തു കൗശികൻ എന്ന ഒരു മഹാബ്രാഹ്മണൻ ഉണ്ടായിരുന്നു. അദ്ദേഹം വേദാദ്ധ്യായിയും, തപോനിധിയും, ധർമ്മശീലനുമായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു മരത്തിന്റെ ചുവട്ടിൽ വേദം ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ഒരു വെള്ളിൽ പക്ഷി തലയിൽ കാഷ്ഠിച്ചു. ക്രുദ്ധനായ കൗശികൻ കോപത്തോടെ പക്ഷിയെ ഒന്നു നോക്കി. ആ കോപാഗ്നിയിൽ കരിഞ്ഞു പക്ഷി തറയിൽ വീണു ചത്തു. ഇതു കണ്ടതോടെ ബ്രാഹ്മണനു വിഷമമായി. കോപത്തെ അടക്കാൻ കഴിയാത്ത തന്റെ കഴിവുകേടിനെക്കുറിച്ചോർത്ത് അദ്ദേഹം ലജ്ജിച്ചു. അദ്ദേഹം അവിടെ നിന്ന് അടുത്ത ഗ്രാമത്തിലേക്കു യാത്രയായി.

സമയം ഉച്ചയായി. കൗശികൻ ആദ്യം കണ്ട വീട്ടിൽ ഭിക്ഷ യാചിക്കാൻ കയറി. ആ സമയത്ത് അവിടുത്തെ ഗൃഹനായിക പാത്രം കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. പാത്രം കഴികിയിട്ടു ഭിക്ഷ തരാമെന്നു പറഞ്ഞ് ആ സ്ത്രീ തന്റെ പണി തുടർന്നു. ഈ സമയത്താണ് അവരുടെ ഭർത്താവു വിശന്നു തളർന്നു വീട്ടിലേക്കു കയറി വന്നത്. ഉടനെ ആ പതിവ്രത പണിയെല്ലാം നിർത്തിയിട്ടു ഭർത്താവിനു വേണ്ട ശുശ്രൂഷകൾ ചെയ്തു. അദ്ദേഹം സ്വസ്ഥനായപ്പോൾ ബ്രാഹ്മണനു ഭിക്ഷയുമായി ചെന്നു. ഇതെല്ലാം കണ്ടു കോപിച്ചു നിൽക്കുന്ന അദ്ദേഹത്തെ അവർ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നിട്ടും കൗശികന്റെ കോപം ശമിക്കുന്നില്ലെന്നു കണ്ട് അവർ പറഞ്ഞു.

“ഹേ ബ്രാഹ്മണാ, അങ്ങയുടെ കോപത്തിൽ ദഹിച്ചു പോകാൻ ഞാൻ വെള്ളിൽ പക്ഷിയല്ല. അങ്ങു കോപത്തെ അടക്കിയാലും. എനിക്ക് ഏറ്റവും ശ്രേഷ്ഠമായ ധർമ്മം പതിശുശ്രൂഷയാണ്. അതാണു ഞാൻ ചെയ്തത്. അങ്ങയ്ക്ക് ഇനിയും പലതും പഠിക്കാനുണ്ട്. മിഥിലയിൽ വസിക്കുന്ന വ്യാധൻ അങ്ങയ്ക്കു ധർമ്മം ഉപദേശിക്കും. അങ്ങോട്ടു ചെല്ലുക!“

ഇതുകേട്ടു ബ്രാഹ്മണന് അത്ഭുതമായി. അദ്ദേഹത്തിന്റെ കോപം മാറി. തന്റെ നിലയെക്കുറിച്ചോർത്തു ലജ്ജിച്ചു. ആ പതിവ്രത പറഞ്ഞതുപോലെ മിഥിലയിലേക്കു പോകാൻ അദ്ദേഹം തീരുമാനിച്ചു.

കൗശികൻ മിഥിലയിലെത്തി വ്യാധനെ അന്വേഷിച്ചു. അവസാനം കണ്ടെത്തി. ഒരു ഇറച്ചിവെട്ടുകാരൻ! ബ്രാഹ്മണനെ കണ്ടയുടനെ ഇറച്ചിക്കടക്കാരൻ കടയിൽ നിന്നിറങ്ങി വന്നു. അയാൾ പറഞ്ഞു:

“ഭവാനെ, അങ്ങ് എന്തിനാണു വന്നതെന്നും ആരാണു അങ്ങയെ പറഞ്ഞയച്ചതെന്നും എനിക്കറിയാം. ആ പതിവ്രത പറഞ്ഞ വ്യാധൻ ഞാൻ തന്നെയാണ്. അങ്ങയ്ക്ക് ഈ സ്ഥലം പറ്റിയതല്ല. നമുക്ക് എന്റെ വീട്ടിലേക്കു പോകാം. അവിടെ ഇരുന്നു സംസാ‍രിക്കാം.”

വ്യാധന്റെ വാക്കുകൾ ബ്രാഹ്മണനെ വീണ്ടും അത്ഭുതപ്പെടുത്തി. അദ്ദേഹം സന്തോഷത്തോടെ ഇറച്ചിവെട്ടുകാരന്റെ ഗൃഹത്തിലേക്കു നടന്നു. അവിടെ വച്ചു കൗശികൻ വ്യാധനോടു തന്റെ സംശയങ്ങളെല്ലാം ചോദിച്ചു. ധർമ്മത്തെക്കുറിച്ചും കുലധർമ്മത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും കർമ്മങ്ങളുടെ സൂക്ഷ്മമായ ഗതിയെക്കുറിച്ചും വ്യാധൻ ബ്രാഹ്മണനെ ധരിപ്പിച്ചു. ജീവന്റെ പ്രയാണം, പുണ്യപാപങ്ങളുടെ ഗതി, ഇന്ദ്രിയങ്ങളും അവയുടെ നിഗ്രഹവും, മഹാഭൂതങ്ങളും ഗുണത്രയങ്ങളും, പഞ്ചപ്രാണനുകൾ എന്നു വേണ്ട വേദാന്തത്തിന്റെ അതിഗഹനങ്ങളായ പാതകളിൽ കൂടി അവരുടെ ചർച്ചകൾ കടന്നു പോയി. അവസാനം വ്യാധൻ പറഞ്ഞു:

“ഹേ ബ്രാഹ്മണാ, ക്രോധത്തിൽ നിന്നു തപസ്സിനെ രക്ഷിക്കുക. മത്സരത്തിൽ നിന്നു ധർമ്മത്തെ രക്ഷിക്കുക. മാനാവമാനങ്ങളിൽ നിന്നു വിദ്യയെ രക്ഷിക്കുക.തെറ്റിൽ നിന്ന് ആത്മാവിനേയും രക്ഷിക്കുക. ആനൃശംസ്യം പരമമായ ധർമ്മമാകുന്നു. ക്ഷമയോ ഏറ്റവും വലിയ ബലമാകുന്നു. ആത്മജ്ഞാനമാണ് ഏറ്റവും വലിയ ജ്ഞാനം.സത്യമാണു വ്രതങ്ങളിൽ വച്ച് ഏറ്റവും വലിയ വ്രതം. സത്യത്തിനു വാക്കാണു മുഖ്യം. സത്യമെന്നതു ഹിതബോധനമാണ്. ഏറ്റവും ഭൂതഹിതമായിട്ടുള്ളതാണ് ഏറ്റവും മഹത്തായ സത്യം. നിഷ്കാമമായി കർമ്മം ചെയ്യുന്നവനാണു ബുദ്ധിമാനായ ത്യാഗി. ഗുരു ചൊല്ലിക്കൊടുക്കാതെ ഏതിനെ ഉപപാദിച്ചു അതാണു ബ്രഹ്മയോഗം. സഗുണനും, അഗുണനും, അനാസംഗനും, ഏകകാര്യവും, മാറ്റമില്ലാത്തതും, നാശമില്ലാത്തതും, സുഖവുമായതും യാതൊന്നോ, ഹേ, ബ്രാഹ്മണാ, അതു ബ്രഹ്മമെന്ന് അറിഞ്ഞാലും.”

ഇതുകേട്ടു മനസ്സു നിറഞ്ഞു കൗശികൻ പറഞ്ഞു.

“ഹേ, വ്യാധ! അങ്ങയ്ക്ക് എന്റെ പ്രണാമം. ധർമ്മങ്ങളിൽ ഭവാൻ അറിയാത്തതായി ഒന്നും തന്നെയില്ല. ആരാണ് അങ്ങയുടെ ഗുരു? ആരാണ് അങ്ങയുടെ ഉപാസനാ മൂർത്തി? എങ്ങനെയാണ് അങ്ങയ്ക്ക് ഈ സിദ്ധികൾ ലഭിച്ചത്? അത് അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു.”

വ്യാധൻ ആ ബ്രാഹ്മണനെ തന്റെ വീട്ടിനുള്ളിലേക്കു കൊണ്ടുപോയി. മുറികളെല്ലാം നല്ല വൃത്തിയും വെടിപ്പുമാക്കി വച്ചിരിക്കുന്നു. അവിടെ പട്ടുമെത്തയിൽ അയാളുടെ അച്ഛനും അമ്മയും ഇരിക്കുന്നു. അവരെ നമസ്കരിച്ചിട്ടു ആ ഇറച്ചിവെട്ടുകാരൻ പറഞ്ഞു.

“ഹേ, ബ്രാഹ്മണാ! ഇതാണ് എന്റെ പൂജാമുറി. ഇവരാണെന്റെ ഉപാസനാമൂർത്തികൾ. ഇവർ തന്നെയാണ് എനിക്കു ഗുരുവും. വാഴ്ത്തപ്പെട്ട അഗ്നികളും എനിക്കിവരാണ്. യജ്ഞങ്ങളും നാലു വേദങ്ങളും എനിക്കിവരാണ്. ഞാൻ ഇവരെ പൂജിക്കുന്നു. ശുശ്രൂഷിക്കുന്നു. ഇവരോട് അനുകൂലമല്ലാതെ അപ്രിയം ഞാൻ പറയുകയില്ല. അധർമ്മമായാലും ഞാൻ അവരുടെ ഇഷ്ടമനുസരിച്ചു ചെയ്യും. ഏതൊരു നരനും അഞ്ചു ഗുരുക്കന്മാരാണുള്ളതെന്നു ഭവാൻ അറിഞ്ഞാലും.അച്ഛൻ, അമ്മ, അഗ്നി, ആത്മാവ്, ആചാര്യൻ എന്നിവരാണവർ. ഇവരിൽ നല്ലപോലെ വർത്തിക്കുന്നതായാൽ എല്ലാ സത്ഫലങ്ങളും അങ്ങയ്ക്കു സിദ്ധിക്കും.“

വ്യാധനനിൽ നിന്ന് അറിയേണ്ടതെല്ലാമറിഞ്ഞു കൗശികൻ സന്തോഷത്തോടെ തന്റെ വീട്ടിലേക്കു യാത്രയായി.

Sunday 1 March 2015

ഭീമനും പെരുമ്പാമ്പും

ആയിരം ആനകളുടെ ശക്തിയുള്ളവനും ആരെയും കൂസാത്തവനുമായ ഭീമസേനനെ ഒരു പെരുമ്പാമ്പു പിടിച്ച കഥ കേട്ടിട്ടുണ്ടോ? എന്നാൽ അതാകട്ടെ അടുത്തത്..

പാണ്ഡവരുടെ വനവാസകാലം. ഭീമസേനൻ കാട്ടിലൂടെ അങ്ങുമിങ്ങും ചുറ്റിനടന്നു. തന്റെ അസ്ത്രങ്ങൾ കൊണ്ടും ഗദകൊണ്ടും സിംഹത്തേയും ആനയേയുമൊക്കെ ഭയപ്പെടുത്തി മരങ്ങൾ പിഴുതെറിഞ്ഞ് ആ മഹാവീരൻ കാട്ടിൽ നായാട്ടു നടത്തി. ഇങ്ങനെ നടക്കുന്നതിനിടയിൽ അവൻ ഒരു പെരുമ്പാമ്പിന്റെ മുന്നിൽ പെട്ടു. പർവ്വതം പോലെ വമ്പിച്ച മെയ്യുള്ളതും, വളരെ ശക്തിയുള്ളതും, വിചിത്രരേഖകൾകൊണ്ടു ചിത്രാംഗമായിട്ടുള്ളതും, മഞ്ഞൾ നിറമുള്ളതും, നാലു ദംഷ്ട്രങ്ങളോടും, ദീപ്തനേത്രങ്ങളോടും കൂടിയതുമായിരുന്നു അതിന്റെ രൂപം. ഭീമനെ കണ്ടയുടൻ പാമ്പു കോപത്തോടെ ചീറിയടുത്തു. അതിന്റെ സ്പർശനമാത്രയിൽ തന്നെ ഭീമൻ ബോധരഹിതനായി. ബോധം വീണ്ടുകിട്ടിയപ്പോഴേക്കും അവൻ പാമ്പിന്റെ പിടിയിൽ അമർന്നു കഴിഞ്ഞിരുന്നു. ഭീമൻ തന്റെ സകല ശക്തിയും പ്രയോഗിച്ചിട്ടും അതൊന്നും ആ പാമ്പിന്റെ മുന്നിൽ ഫലിച്ചില്ല.

ഭീമൻ ചിന്തിച്ചു. സാധാരണ വന്യമൃഗങ്ങളൊന്നും തന്റെ ശക്തിക്കു മുന്നിൽ പിടിച്ചു നിൽക്കില്ല. പക്ഷേ ഈ പാമ്പ് എന്നെ ശരിക്കു തോല്പിച്ചു കളഞ്ഞു. ആരായിരിക്കും ഇത്? താൻ ആരാണെന്നും മറ്റുമുള്ള വിവരം ധരിപ്പിച്ചിട്ടു ഭീമസേനൻ ആ പെരുമ്പാമ്പിനോടു പറഞ്ഞു.

“സടചിന്നുന്ന സിംഹങ്ങളേയും, ഉഗ്രവ്യാഘ്രങ്ങളേയും, കാട്ടുപോത്തുകളേയും, അസംഖ്യം ആനകളേയും പോരാടി സംഹരിച്ചവനാണു ഞാൻ. രാക്ഷസന്മാർ, പിശാചുക്കൾ, പന്നഗങ്ങൾ എന്നിവയൊന്നും എന്റെ കയ്യൂക്കു താങ്ങുവാൻ ശക്തരല്ലല്ലോ പന്നഗോത്തമാ! അങ്ങു വിദ്യാബലം കൊണ്ടോ, വരബലം കൊണ്ടോ, എന്തു മഹാബലം കൊണ്ടാണ് എന്നെ ബന്ധിച്ചത്?”

ഇതുകേട്ട് ആ പാമ്പു തന്റെ കഥ പറഞ്ഞു.

“രാജർഷിയായ നഹുഷനെപ്പറ്റി ഭവാൻ കേട്ടിട്ടുണ്ടാകും. ഭവാന്റെ പൂർവ്വന്മാർക്കും പൂർവ്വനായ വംശകൃത്തും ആയുസ്സിന്റെ പുത്രനുമായ ആ നഹുഷനാണു ഞാൻ. ഗർവ്വു മൂലം മഹർഷിമാരെ നിന്ദിച്ച എന്നെ അഗസ്ത്യമുനി ശപിച്ച് ഈ രൂപത്തിലാക്കി. പിന്നീട് എന്റെ അപേക്ഷ പ്രകാരം മുനി ശാപ മോചനത്തിനുള്ള ഉപായവും പറഞ്ഞിരുന്നു. എന്റെ ചോദ്യങ്ങൾക്കെല്ലം ഉത്തരം പറയാൻ പ്രാപ്തനായ ഒരാൾ മുന്നിലെത്തുമ്പോൾ മാത്രമേ ഈ ശാപത്തിൽ നിന്നും ഞാൻ മുക്തനാകൂ. കൂടാതെ എന്നിൽ ദയ തോന്നിയ മഹർഷി എനിക്ക് ഒരു വരം നൽകി. എന്റെ സ്പർശനമാത്രയിൽ ഏതു ശക്തനായ ജീവിയും ശക്തിയെല്ലാം നശിച്ച് അവശനാകും. അങ്ങനെ ഇവിടെ എത്തുന്ന മൃഗങ്ങളെ പിടിച്ചു തിന്നു ഞാൻ ജീവിക്കുന്നു. ഇന്നു നിന്നെയാണ് എനിക്കു ഭക്ഷണമായി കിട്ടിയത്.“

ഭീമൻ ഇങ്ങനെ പെരുമ്പാമ്പിന്റെ പിടിയിലമർന്നു കഷ്ടപ്പെടുമ്പോൾ അങ്ങകലെ ആശ്രമത്തിലിരുന്ന യുധിഷ്ഠിരൻ പല ദുശ്ശകുനങ്ങളും കണ്ടുതുടങ്ങി. ആശ്രമത്തിൽ ഭീമനെ തിരഞ്ഞിട്ടു കാണാതെ അദ്ദേഹം അന്വേഷിച്ചിറങ്ങി. ഭീമൻ പോയ അടയാളങ്ങൾ നോക്കി നടന്നുനടന്ന് അവസാനം യുധിഷ്ഠിരൻ പെരുമ്പാമ്പിന്റെ മുന്നിലെത്തി. അതിശക്തനായ ഭീമനെ ചുറ്റിവരിഞ്ഞു പാമ്പ് അവനെ തിന്നാൻ തുടങ്ങുകയായിരുന്നു. വ്യസനത്തോടെ യുധിഷ്ഠിരൻ ഭീമനോടു കാര്യങ്ങൾ തിരക്കി. ഭീമനിൽ നിന്നു കാര്യങ്ങൾ മനസ്സിലാക്കിയ യുധിഷ്ഠിരൻ പാമ്പിനോടു പറഞ്ഞു.

“ഹേ സർപ്പമേ! ആയുഷ്മാനേ! ഭവാൻ എന്റെ സഹോദരനെ വിട്ടയയ്ക്കുക! ഭവാനു വിശപ്പടക്കുവാൻ ഞാൻ വേറെ ഇര നൽകാം!“

സർപ്പം പറഞ്ഞു: “ ഞാൻ ഇര കിട്ടുവാൻ കൊതിച്ചിരിക്കുമ്പോൾ എനിക്കു കിട്ടിയ ഇരയാണിവൻ. നീ നിൽക്കേണ്ട! പൊയ്ക്കൊള്ളുക. ഇവിടെ നിന്നാൽ നാളേയ്ക്കു നിന്നേയും ഞാൻ പിടിച്ചു തിന്നും. എന്റെ താവളത്തിൽ വന്ന ആരെയും ഞാൻ വിടില്ല. മറ്റൊന്നിലും എനിക്കു കാംക്ഷയില്ല. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ശരിയായ ഉത്തരം പറയുവാൻ നിനക്കു കഴിയുമോ? എങ്കിൽ ഞാൻ നിന്റെ അനുജനെ വിട്ടുതരാം.”

ഭീമനെ രക്ഷിക്കാൻ യുധിഷ്ഠിരൻ തയ്യാറാണെന്നു കണ്ടു പാമ്പു ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

സർപ്പം   :   “ആരാണു ബ്രാഹ്മണൻ? അറിയപ്പെടേണ്ടത് എന്താണ്?”

യുധിഷ്ഠിരൻ   :   “സത്യം, ദാനം, ക്ഷമാശീലം, ആനൃശംസ്യം, തപം, ദയ ഇവ ചേർന്നവനാണു ബ്രാഹ്മണൻ. പിന്നെ പരമമായതു ബ്രഹ്മമാണ്. അതു സുഖദുഃഖഹീനമാണ്. അതാണു വേദ്യം.”

സർപ്പം   :   “ശൂദ്രന്മാരിലും സത്യം, ദാനം, അക്രോധം എന്നീ ഗുണങ്ങളുണ്ടാകാം. ആനൃശംസ്യവും, അഹിംസയും ദയയും ഉണ്ടാകാം.”

യുധിഷ്ഠിരൻ   :   “ശൂദ്രനിൽ കണ്ടതായ ഈ ഗുണചിഹ്നം ദ്വിജനിൽ കണ്ടില്ലെങ്കിൽ ആ ശൂദ്രൻ ശൂദ്രനല്ല; വിപ്രൻ വിപ്രനുമല്ല. ഈ വൃത്തം തികഞ്ഞവനാണു ബ്രാഹ്മണൻ. ഈ വൃത്തം തികയാത്ത ബ്രാഹ്മണൻ ശൂദ്രനാണ് എന്നു തീരുമാനിക്കണം.”

സർപ്പം   :   “ബ്രാഹ്മണൻ അവന്റെ വൃത്തിയോടുകൂടിയവനാണെന്നു ഭവാൻ വിചാരിക്കുന്നുണ്ടെങ്കിൽ വൃത്തിയോടു കൂടാതെയുള്ള ജാതിനാമം വെറുതെയാണ്.”

യുധിഷ്ഠിരൻ   :   “ജാതി എന്നതു മനുഷ്യരിൽ കാണുവാൻ വിഷമമാണ്. ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രാദികളെ പ്രത്യക്ഷത്തിൽ തിരിച്ചറിയുവാൻ സാദ്ധ്യമല്ല. എല്ലാ ജാതിക്കാർക്കും ഏതു ജാതിയിലും മക്കളുണ്ടാകും. വാക്കും, മൈഥുനവും, ജനനവും, മരണവുമൊക്കെ ഏതു ജാതിയിലും മനുഷ്യരിൽ ഒന്നുപോലെതന്നെയാണ്. അതിനാൽ തത്ത്വദർശികൾ ശീലത്തെയാണു പ്രധാനമായി കണക്കാക്കുന്നത്; ജന്മത്തെയല്ല. ‘ജന്മനാ ജായതേ ശൂദ്രഃ കർമ്മണാ ജായതേ ദ്വിജഃ‘ എന്നാണല്ലോ മനു പറഞ്ഞത്. സംസ്കാരം ചേർന്ന വൃത്തി ഏതൊരുവനിൽ കാണുന്നുവോ അവൻ ബ്രാഹ്മണനാണ് എന്നാണ് എന്റെ അഭിപ്രായം”

സർപ്പം : “ഹേ യുധിഷ്ഠിര! വേദ്യവേദിയായ ഭവാൻ പറഞ്ഞ വാക്കു ഞാൻ കേട്ടു. ഇനി എങ്ങനെയാണു ഞാൻ ഭീമനെ തിന്നുക?”

സർപ്പം ഭീമനെ വിട്ടയച്ചു. നഹുഷനു ശാപമോക്ഷവും ലഭിച്ചു.