Sunday, 1 March 2015

ഭീമനും പെരുമ്പാമ്പും

ആയിരം ആനകളുടെ ശക്തിയുള്ളവനും ആരെയും കൂസാത്തവനുമായ ഭീമസേനനെ ഒരു പെരുമ്പാമ്പു പിടിച്ച കഥ കേട്ടിട്ടുണ്ടോ? എന്നാൽ അതാകട്ടെ അടുത്തത്..

പാണ്ഡവരുടെ വനവാസകാലം. ഭീമസേനൻ കാട്ടിലൂടെ അങ്ങുമിങ്ങും ചുറ്റിനടന്നു. തന്റെ അസ്ത്രങ്ങൾ കൊണ്ടും ഗദകൊണ്ടും സിംഹത്തേയും ആനയേയുമൊക്കെ ഭയപ്പെടുത്തി മരങ്ങൾ പിഴുതെറിഞ്ഞ് ആ മഹാവീരൻ കാട്ടിൽ നായാട്ടു നടത്തി. ഇങ്ങനെ നടക്കുന്നതിനിടയിൽ അവൻ ഒരു പെരുമ്പാമ്പിന്റെ മുന്നിൽ പെട്ടു. പർവ്വതം പോലെ വമ്പിച്ച മെയ്യുള്ളതും, വളരെ ശക്തിയുള്ളതും, വിചിത്രരേഖകൾകൊണ്ടു ചിത്രാംഗമായിട്ടുള്ളതും, മഞ്ഞൾ നിറമുള്ളതും, നാലു ദംഷ്ട്രങ്ങളോടും, ദീപ്തനേത്രങ്ങളോടും കൂടിയതുമായിരുന്നു അതിന്റെ രൂപം. ഭീമനെ കണ്ടയുടൻ പാമ്പു കോപത്തോടെ ചീറിയടുത്തു. അതിന്റെ സ്പർശനമാത്രയിൽ തന്നെ ഭീമൻ ബോധരഹിതനായി. ബോധം വീണ്ടുകിട്ടിയപ്പോഴേക്കും അവൻ പാമ്പിന്റെ പിടിയിൽ അമർന്നു കഴിഞ്ഞിരുന്നു. ഭീമൻ തന്റെ സകല ശക്തിയും പ്രയോഗിച്ചിട്ടും അതൊന്നും ആ പാമ്പിന്റെ മുന്നിൽ ഫലിച്ചില്ല.

ഭീമൻ ചിന്തിച്ചു. സാധാരണ വന്യമൃഗങ്ങളൊന്നും തന്റെ ശക്തിക്കു മുന്നിൽ പിടിച്ചു നിൽക്കില്ല. പക്ഷേ ഈ പാമ്പ് എന്നെ ശരിക്കു തോല്പിച്ചു കളഞ്ഞു. ആരായിരിക്കും ഇത്? താൻ ആരാണെന്നും മറ്റുമുള്ള വിവരം ധരിപ്പിച്ചിട്ടു ഭീമസേനൻ ആ പെരുമ്പാമ്പിനോടു പറഞ്ഞു.

“സടചിന്നുന്ന സിംഹങ്ങളേയും, ഉഗ്രവ്യാഘ്രങ്ങളേയും, കാട്ടുപോത്തുകളേയും, അസംഖ്യം ആനകളേയും പോരാടി സംഹരിച്ചവനാണു ഞാൻ. രാക്ഷസന്മാർ, പിശാചുക്കൾ, പന്നഗങ്ങൾ എന്നിവയൊന്നും എന്റെ കയ്യൂക്കു താങ്ങുവാൻ ശക്തരല്ലല്ലോ പന്നഗോത്തമാ! അങ്ങു വിദ്യാബലം കൊണ്ടോ, വരബലം കൊണ്ടോ, എന്തു മഹാബലം കൊണ്ടാണ് എന്നെ ബന്ധിച്ചത്?”

ഇതുകേട്ട് ആ പാമ്പു തന്റെ കഥ പറഞ്ഞു.

“രാജർഷിയായ നഹുഷനെപ്പറ്റി ഭവാൻ കേട്ടിട്ടുണ്ടാകും. ഭവാന്റെ പൂർവ്വന്മാർക്കും പൂർവ്വനായ വംശകൃത്തും ആയുസ്സിന്റെ പുത്രനുമായ ആ നഹുഷനാണു ഞാൻ. ഗർവ്വു മൂലം മഹർഷിമാരെ നിന്ദിച്ച എന്നെ അഗസ്ത്യമുനി ശപിച്ച് ഈ രൂപത്തിലാക്കി. പിന്നീട് എന്റെ അപേക്ഷ പ്രകാരം മുനി ശാപ മോചനത്തിനുള്ള ഉപായവും പറഞ്ഞിരുന്നു. എന്റെ ചോദ്യങ്ങൾക്കെല്ലം ഉത്തരം പറയാൻ പ്രാപ്തനായ ഒരാൾ മുന്നിലെത്തുമ്പോൾ മാത്രമേ ഈ ശാപത്തിൽ നിന്നും ഞാൻ മുക്തനാകൂ. കൂടാതെ എന്നിൽ ദയ തോന്നിയ മഹർഷി എനിക്ക് ഒരു വരം നൽകി. എന്റെ സ്പർശനമാത്രയിൽ ഏതു ശക്തനായ ജീവിയും ശക്തിയെല്ലാം നശിച്ച് അവശനാകും. അങ്ങനെ ഇവിടെ എത്തുന്ന മൃഗങ്ങളെ പിടിച്ചു തിന്നു ഞാൻ ജീവിക്കുന്നു. ഇന്നു നിന്നെയാണ് എനിക്കു ഭക്ഷണമായി കിട്ടിയത്.“

ഭീമൻ ഇങ്ങനെ പെരുമ്പാമ്പിന്റെ പിടിയിലമർന്നു കഷ്ടപ്പെടുമ്പോൾ അങ്ങകലെ ആശ്രമത്തിലിരുന്ന യുധിഷ്ഠിരൻ പല ദുശ്ശകുനങ്ങളും കണ്ടുതുടങ്ങി. ആശ്രമത്തിൽ ഭീമനെ തിരഞ്ഞിട്ടു കാണാതെ അദ്ദേഹം അന്വേഷിച്ചിറങ്ങി. ഭീമൻ പോയ അടയാളങ്ങൾ നോക്കി നടന്നുനടന്ന് അവസാനം യുധിഷ്ഠിരൻ പെരുമ്പാമ്പിന്റെ മുന്നിലെത്തി. അതിശക്തനായ ഭീമനെ ചുറ്റിവരിഞ്ഞു പാമ്പ് അവനെ തിന്നാൻ തുടങ്ങുകയായിരുന്നു. വ്യസനത്തോടെ യുധിഷ്ഠിരൻ ഭീമനോടു കാര്യങ്ങൾ തിരക്കി. ഭീമനിൽ നിന്നു കാര്യങ്ങൾ മനസ്സിലാക്കിയ യുധിഷ്ഠിരൻ പാമ്പിനോടു പറഞ്ഞു.

“ഹേ സർപ്പമേ! ആയുഷ്മാനേ! ഭവാൻ എന്റെ സഹോദരനെ വിട്ടയയ്ക്കുക! ഭവാനു വിശപ്പടക്കുവാൻ ഞാൻ വേറെ ഇര നൽകാം!“

സർപ്പം പറഞ്ഞു: “ ഞാൻ ഇര കിട്ടുവാൻ കൊതിച്ചിരിക്കുമ്പോൾ എനിക്കു കിട്ടിയ ഇരയാണിവൻ. നീ നിൽക്കേണ്ട! പൊയ്ക്കൊള്ളുക. ഇവിടെ നിന്നാൽ നാളേയ്ക്കു നിന്നേയും ഞാൻ പിടിച്ചു തിന്നും. എന്റെ താവളത്തിൽ വന്ന ആരെയും ഞാൻ വിടില്ല. മറ്റൊന്നിലും എനിക്കു കാംക്ഷയില്ല. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ശരിയായ ഉത്തരം പറയുവാൻ നിനക്കു കഴിയുമോ? എങ്കിൽ ഞാൻ നിന്റെ അനുജനെ വിട്ടുതരാം.”

ഭീമനെ രക്ഷിക്കാൻ യുധിഷ്ഠിരൻ തയ്യാറാണെന്നു കണ്ടു പാമ്പു ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

സർപ്പം   :   “ആരാണു ബ്രാഹ്മണൻ? അറിയപ്പെടേണ്ടത് എന്താണ്?”

യുധിഷ്ഠിരൻ   :   “സത്യം, ദാനം, ക്ഷമാശീലം, ആനൃശംസ്യം, തപം, ദയ ഇവ ചേർന്നവനാണു ബ്രാഹ്മണൻ. പിന്നെ പരമമായതു ബ്രഹ്മമാണ്. അതു സുഖദുഃഖഹീനമാണ്. അതാണു വേദ്യം.”

സർപ്പം   :   “ശൂദ്രന്മാരിലും സത്യം, ദാനം, അക്രോധം എന്നീ ഗുണങ്ങളുണ്ടാകാം. ആനൃശംസ്യവും, അഹിംസയും ദയയും ഉണ്ടാകാം.”

യുധിഷ്ഠിരൻ   :   “ശൂദ്രനിൽ കണ്ടതായ ഈ ഗുണചിഹ്നം ദ്വിജനിൽ കണ്ടില്ലെങ്കിൽ ആ ശൂദ്രൻ ശൂദ്രനല്ല; വിപ്രൻ വിപ്രനുമല്ല. ഈ വൃത്തം തികഞ്ഞവനാണു ബ്രാഹ്മണൻ. ഈ വൃത്തം തികയാത്ത ബ്രാഹ്മണൻ ശൂദ്രനാണ് എന്നു തീരുമാനിക്കണം.”

സർപ്പം   :   “ബ്രാഹ്മണൻ അവന്റെ വൃത്തിയോടുകൂടിയവനാണെന്നു ഭവാൻ വിചാരിക്കുന്നുണ്ടെങ്കിൽ വൃത്തിയോടു കൂടാതെയുള്ള ജാതിനാമം വെറുതെയാണ്.”

യുധിഷ്ഠിരൻ   :   “ജാതി എന്നതു മനുഷ്യരിൽ കാണുവാൻ വിഷമമാണ്. ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രാദികളെ പ്രത്യക്ഷത്തിൽ തിരിച്ചറിയുവാൻ സാദ്ധ്യമല്ല. എല്ലാ ജാതിക്കാർക്കും ഏതു ജാതിയിലും മക്കളുണ്ടാകും. വാക്കും, മൈഥുനവും, ജനനവും, മരണവുമൊക്കെ ഏതു ജാതിയിലും മനുഷ്യരിൽ ഒന്നുപോലെതന്നെയാണ്. അതിനാൽ തത്ത്വദർശികൾ ശീലത്തെയാണു പ്രധാനമായി കണക്കാക്കുന്നത്; ജന്മത്തെയല്ല. ‘ജന്മനാ ജായതേ ശൂദ്രഃ കർമ്മണാ ജായതേ ദ്വിജഃ‘ എന്നാണല്ലോ മനു പറഞ്ഞത്. സംസ്കാരം ചേർന്ന വൃത്തി ഏതൊരുവനിൽ കാണുന്നുവോ അവൻ ബ്രാഹ്മണനാണ് എന്നാണ് എന്റെ അഭിപ്രായം”

സർപ്പം : “ഹേ യുധിഷ്ഠിര! വേദ്യവേദിയായ ഭവാൻ പറഞ്ഞ വാക്കു ഞാൻ കേട്ടു. ഇനി എങ്ങനെയാണു ഞാൻ ഭീമനെ തിന്നുക?”

സർപ്പം ഭീമനെ വിട്ടയച്ചു. നഹുഷനു ശാപമോക്ഷവും ലഭിച്ചു.

No comments:

Post a Comment