Sunday, 28 December 2014

അഷ്ടാവക്രൻ

എന്നാലും ആ ശ്വേതകേതു എന്തിനാണ് എന്നോട് അങ്ങനെ പറഞ്ഞത്? അച്ഛന്റെ മടിയിലിരിക്കാൻ എനിക്ക് അവകാശമില്ല പോലും. എന്ത് ധിക്കാരമാണ്? എന്തായാലും അമ്മയോടു പറയുകതന്നെ. അഷ്ടാവക്രൻ അമ്മയുടെ അടുത്തേക്കു ചെന്നു.

“അമ്മേ, ആരാണ് എന്റെ അച്ഛൻ? ശ്വേതകേതു എന്നെ കളിയാക്കുന്നു. ഞാൻ ഉദ്ദാലകന്റെ പുത്രനല്ലെന്നാണ് അവൻ പറയുന്നത്. എന്താണു സത്യം?”

മകന്റെ ചോദ്യം കേട്ടു സുജാത ഒരു നിമിഷം തരിച്ചുനിന്നു. എന്നിട്ടു പതിയെ പറഞ്ഞു.

“മകനേ, നീ കേട്ടതു സത്യമാണ്. ഉദ്ദാലകൻ നിന്റെ മുത്തച്ഛനാണ്. അദ്ദേഹം എന്റെ പിതാവാണ്.”

“എങ്കിൽ എന്റെ പിതാവെവിടെ? ആരാണ് അദ്ദേഹം? എന്തുകൊണ്ടാണ് എന്നെ കാണാൻ അദ്ദേഹം എത്താത്തത്?”

എട്ടുവളവുകളുള്ള വിരൂപിയായ ആ പത്തുവസ്സുകാരനെ ചേർത്തുപിടിച്ചുകൊണ്ട് സുജാത ദുഃഖത്തോടെ പറഞ്ഞു.

“ഉദ്ദാലകന്റെ പ്രിയശിഷ്യനായ കഹോഡനാണു നിന്റെ അച്ഛൻ. ശിഷ്യവാത്സല്യം മൂലം അച്ഛൻ എന്നെ അദ്ദേഹത്തിനു വിവാഹം കഴിച്ചു നൽകി. ഞാൻ ഗർഭിണിയായിരുന്നപ്പോൾ ചിലവിനു വകതേടി ജനകമഹാരാജാവിന്റെ രാജധാനിയിലേക്കു പോയതാണ് അദ്ദേഹം. ഇതുവരെ തിരിച്ചെത്തിയില്ല.” അമ്മയുടെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ മകന്റെ നെറുകയിൽ വീണു.

അഷ്ടാവക്രൻ അമ്മയെ സമാധാനിപ്പിച്ചു. “അമ്മേ, ഞാനിതാ പോവുകയായി. ജനകന്റെ രാജധാനിയിലേക്ക്. അച്ഛനുമായേ മടങ്ങിയെത്തൂ.“

കൊട്ടാരത്തിലേക്കു പുറപ്പെട്ട അഷ്ടാവക്രനോടൊപ്പം സമപ്രായക്കാരനായ ശ്വേതകേതുവും കൂടി. അങ്ങനെ അവർ ജനകന്റെ യജ്ഞശാലയുടെ അടുത്തെത്തി. പത്തുവസ്സുപോലും പ്രായമാകാത്ത ആ ബാലന്മാരെ ദ്വാരപാലകർ തടഞ്ഞു. അവർ പറഞ്ഞു,

“ഞങ്ങൾ പണ്ഡിതശ്രേഷ്ഠനായ വന്ദിയുടെ കല്പന നിർവ്വഹിക്കേണ്ടവരാണ്. ഞാൻ പറയുന്നതു ഭവാന്മാർ സാദരം കേട്ടാലും. ബാലന്മാരായ വിപ്രന്മാർക്കു യാഗശാലയിലേക്കു പ്രവേശനമില്ല. വൃദ്ധരും വിജ്ഞാനികളുമായ ബ്രാഹ്മണർക്കേ ഇതിനകത്തേക്കു കടക്കുവാനുള്ള അനുവാദമുള്ളു.”

ഇതുകേട്ട് അഷ്ടാവക്രൻ പറഞ്ഞു.

“വൃദ്ധന്മാർക്ക് ഇതിന്റെ ഉള്ളിലേക്കു കയറാമെന്നുണ്ടെങ്കിൽ ഇതിൽ ഞങ്ങൾക്കും കയറാം. ഞങ്ങൾ അതിവ്രതത്താൽ വൃദ്ധരാണ്. വേദപ്രഭാവമുള്ളവരാണ്. വൃദ്ധന്മാർ ആചരിക്കുന്നതൊക്കെ അറിയുന്നവരാണു ഞങ്ങൾ. ശുശ്രൂഷാപരന്മാരും ജിതേന്ദ്രിയരും ആഗമജ്ഞാനമുള്ളവരുമാണു ഞങ്ങൾ. ചെറുപ്പമാണെന്നുവച്ചു നിങ്ങൾ ഞങ്ങളെ അപമാനിക്കുകയാണ്. ചെറിയ തീയാണെങ്കിലും തൊട്ടാൽ പൊള്ളുമെന്നറിയാമോ? ദേഹം വലിയതായതുകൊണ്ട്  ആൾ മഹാനാകുന്നില്ല. ഫലം നോക്കിയാണു വൃദ്ധിയെ ഗണിക്കേണ്ടത്. വൃദ്ധനായിട്ടും അവൻ നിഷ്ഫലജീവിയാണെങ്കിൽ എന്തുചെയ്യും?”

ദ്വാരപാലകൻ പറഞ്ഞു.

“വൃദ്ധന്മാരുടെ വാക്കുകേട്ടു ബാലന്മാർക്കു ജ്ഞാനം ഉണ്ടാകുന്നു. കാലം ചെല്ലുമ്പോൾ ബാലന്മാർ വൃദ്ധരായിത്തീരുന്നു. അല്പകാലം കൊണ്ടു വലിയ അറിവു നേടുവാൻ സാദ്ധ്യമാണോ? ഭവാനു ദീർഘകാലത്തെ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല. പിന്നെ ബാലനായ നീ വൃദ്ധനായി നടിച്ചു പറയുന്നതു ശരിയാണോ? അവിടെ വാദവിദഗ്ദ്ധനായ വന്ദിയുമായി പല ദേശങ്ങളിൽ നിന്നെത്തിയ പണ്ഡിതർ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയാണ്. തോൽക്കുന്നവർ ബന്ധനസ്ഥരാകും. വന്ദിയെ തോൽ‌പ്പിക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. വിനീതന്മാരായ വിദ്വാന്മാർ ചെന്നുകയറേണ്ട സദസ്സിൽ പത്തു വയസ്സുമാത്രം പ്രായമുള്ള നീ നേരിട്ടു കടന്നുചെല്ലുകയോ?”

അഷ്ടാവക്രൻ പറഞ്ഞു.

“തല നരച്ചതുകൊണ്ടുമാത്രം ഒരാൾ വൃദ്ധനാവുകയില്ല. വയസ്സുകൊണ്ടു ബാലനാണെങ്കിലും, വിജ്ഞാനമുള്ളവനെ ദേവന്മാർ വൃദ്ധനായി കണക്കാക്കുന്നു. ഒരുത്തന്റെ മേന്മ വയസ്സിലോ, തലനരച്ചതുകൊണ്ടോ, സമ്പത്തുകൊണ്ടോ, ബന്ധുക്കളെ നോക്കിയോ ആണു നിശ്ചയിക്കേണ്ടതെന്നു മഹർഷിമാർ പറഞ്ഞിട്ടില്ല. അവയൊന്നുമല്ല മഹത്ത്വത്തെ തീരുമാനിക്കാനുള്ള വഴി. വേദജ്ഞനാണു മഹാൻ. ഞാൻ പണ്ഡിതന്മാരോടുകൂടി വാദിക്കുന്നതും വാദത്തിൽ മുന്നേറി വന്ദിയെ ജയിക്കുന്നതും ഉടനെ കാണാവുന്നതാണ്. വിദ്യാപരിപൂർണ്ണന്മാരായ വിപ്രന്മാർ രാജാവിനോടും പുരോഹിതമുഖ്യന്മാരോടുംകൂടി എനിക്കു വാദത്തിൽ ഉയർച്ചയോ താഴ്ചയോ പറ്റുകയെന്നു ശാന്തമായി ഇരുന്നു കണ്ടുകൊള്ളട്ടെ!“

ബാലന്മാർ നിസ്സാരരല്ല എന്നു മനസ്സിലാക്കിയ ദ്വാരപാലകൻ അവരെ രാജാവിന്റെ മുന്നിലെത്തിച്ചു.നടന്നതെല്ലാം കേട്ടു ജനകമഹാരാജാവ് പറഞ്ഞു.

“അന്യന്റെ വാക്യബലത്തെ ചിന്തിക്കാതെയാണ് ഭവാൻ വന്ദിയെ ജയിക്കുവാൻ ആഗ്രഹിക്കുന്നത്. വേദജ്ഞന്മാരായ ബ്രാഹ്മണർക്കു വന്ദിയെ നന്നായി അറിയാം. ഭവാന് അറിയില്ല! അതിനാലാണ് അദ്ദേഹത്തെ ജയിച്ചുകളയാം എന്നു വിചാരിക്കുന്നത്. മുൻപ് അദ്ദേഹത്തോടെതിർത്ത ബ്രാഹ്മണരൊക്കെ സൂര്യപ്രകാശത്തിൽ നക്ഷത്രങ്ങളെന്നപോലെ ശോഭിക്കാതെ പോയി. വിജ്ഞാനമത്തന്മാർ പോലും വന്ദിയുടെ മുന്നിലെത്തുമ്പോൾ മിണ്ടാൻ പോലും ശക്തിയില്ലാത്തവരാകുന്നതാണു പതിവ്. അതിനാൽ ഭവാന്റെ ജ്ഞാനം ആദ്യം ഞാനൊന്നു പരീക്ഷിച്ചറിയട്ടെ! അതിനുശേഷമാകാം വന്ദിയെ കാണുന്നത്.“

രാജാവ്     :     “മുപ്പതു ഭാഗങ്ങളും പന്ത്രണ്ട് അംശങ്ങളും ഇരുപത്തിനാലു പർവ്വങ്ങളും മുന്നൂറ്ററുപത് അരങ്ങളുമുള്ള വസ്തുവിന്റെ അർത്ഥമറിയുന്നവനെ മാത്രമേ ജ്ഞാനമുള്ളവനായി കണക്കാക്കാവൂ!“

അഷ്ടാവക്രൻ     :     “ഇരുപത്തിനാലു പർവ്വങ്ങളും ആറുനാഭികളും പന്ത്രണ്ടുപരിധിയും മുന്നൂറ്ററുപത് അരങ്ങളുമുള്ള അനന്തം കറങ്ങുന്ന കാലചക്രം അങ്ങയെ രക്ഷിക്കട്ടെ!“

രാജാവ്     :   “തേരിൽ പൂട്ടിയ പെൺകുതിരകളെപ്പോലെ ഒന്നിച്ചു സഞ്ചരിക്കുന്നതും, പരുന്തിനെപ്പോലെ വേഗത്തിൽ പോകുന്നതും എന്താണ്? ആരാണ് അവയ്ക്ക് ജന്മം നൽകുന്നത്?“

 അഷ്ടാവക്രൻ     :    ഇവ രണ്ടും (ഇടിയും മിന്നലും) അങ്ങയുടെ മാത്രമല്ല, അങ്ങയുടെ ശത്രുക്കളുടെ ഗൃഹത്തിലും വന്നുകൂടാതിരിക്കട്ടെ. കാറ്റ് സാരഥിയായവൻ (മേഘം) ഇവ രണ്ടിനേയും സൃഷ്ടിക്കുന്നു.”

രാജാവ്     :    “കണ്ണടയ്ക്കാതെ ഉറങ്ങുന്നത് ഏതു ജീവിയാണ്?

അഷ്ടാവക്രൻ     :    “മീൻ.“

 രാജാവ്     :    “ജനിച്ചതിനുശേഷവും ഇളക്കമില്ലാത്തതെന്തിനാണ്?”

 അഷ്ടാവക്രൻ     :   “മുട്ട.”

രാജാവ്     :     “ഹൃദയമില്ലാത്ത വസ്തുവേത്?”

അഷ്ടാവക്രൻ     :   “കല്ല്.”

രാജാവ്     :    “സ്വന്തം വേഗം കൊണ്ട് വർദ്ധിക്കുന്നതെന്താണ്?”

അഷ്ടാവക്രൻ     :     “നദി”

അഷ്ടാവക്രന്റെ ബുദ്ധിവൈഭവത്തിൽ രാജാവു സംതൃപതനായി. അദ്ദേഹം അവനെ വന്ദിയോടു വാദപ്രതിവാദം നടത്താനനുവദിച്ചു. ഉത്തമമായ വാദപ്രതിവാദത്തിനൊടുവിൽ വന്ദി പരാജിതനായി. ബന്ധനസ്ഥരായ പണ്ഡിതന്മാരെ എല്ലാവരെയും വിട്ടയയ്ക്കാൻ രാജാവ് ഉത്തരവിട്ടു. പിതാവുമൊത്ത് ആ ചെറുബാലന്മാർ വീട്ടിലേക്കു മടങ്ങി.


2 comments:

  1. അഷ്ടാവക്രന്‌ ഇത്രയും ബുദ്ധി എങ്ങനെ കിട്ടി?

    ReplyDelete
  2. കഥയിൽ ചോദ്യമില്ല... കഥാപാത്രങ്ങളുടെ കഴിവ് കഥാകാരന്റെ (വ്യാസന്റെ) മികവ്..

    ReplyDelete