Saturday 28 June 2014

ശകുന്തളചേച്ചി

സുഹൃത്തിന്റെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴാണ് അടുത്ത വീട്ടിൽ ഭയങ്കര ബഹളം കേട്ടത്.

“എന്തുവാടേ അത്. അടിയും ബഹളവുമാണല്ലോ?” ഞാൻ ചോദിച്ചു.

“ഓ, അതെന്നുമുള്ളതാ. അങ്ങേര് എവിടുന്നെങ്കിലും കള്ളും മോന്തിയിട്ട് വരും; പിന്നെ സംശയമാണ്. ആകെ അടിയും പിടിയും. ആ ശകുന്തളചേച്ചിയുടെ കാര്യമാണ് കഷ്ടം. ഒരു മകനുണ്ട്. കുമാരേട്ടൻ കുടിച്ചുകഴിഞ്ഞാൽ പിന്നെ ആ കുഞ്ഞ് അങ്ങേരുടതല്ലെന്ന് പറഞ്ഞ് ബഹളമാണ്. രാവിലെ ആകുമ്പോൾ എല്ലാം ശാന്തം, സ്വസ്ഥം. ഇപ്പൊ അങ്ങോട്ട് ചെന്നാൽ നമുക്കും തെറിവിളി കേൾക്കും.”

 “എന്തായാലും ആ കൊച്ചിനെ കണ്ടാൽ അങ്ങേരുടെ ഛായയുണ്ട്!“ ഞാൻ പതിയെ പറഞ്ഞു.

“വെളിവുണ്ടെങ്കിലല്ലേ ചായയും കാപ്പിയുമൊക്കെ അറിയാൻ കഴിയൂ.” സുഹൃത്ത് ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

വീട്ടിലേക്കുള്ള ബസ്സിൽ കയറിയിരിക്കുമ്പോൾ മുഴുവൻ അവരായിരുന്നു മനസ്സിൽ. കുമാരേട്ടനും ശകുന്തളചേച്ചിയും. മഹാഭാരതത്തിൽ ഒരു ശകുന്തളയുണ്ട്. തന്റെ മകന്റെ പിതൃത്വം നിഷേധിച്ച ദുഷ്യന്തന് ധർമ്മോപദേശം നൽകിയ ശകുന്തള. രണ്ടും തമ്മിലുള്ള അന്തരം ഞാൻ ഓർത്തുപോയി.

ദുഷ്യന്തമഹാരാജാവ് നായാട്ടിനു പോയ വഴിക്ക് കണ്വാശ്രമത്തിൽ വച്ചാണ് അതിസുന്ദരിയായ ശകുന്തളയെ കാണുന്നത്. രാജാവിന് ശകുന്തളയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുദിച്ചു. ശകുന്തളയ്ക്കും എതിർപ്പുണ്ടായിരുന്നില്ല. പക്ഷേ ഒറ്റ കണ്ടീഷൻ മാത്രം! തനിക്കുണ്ടാകുന്ന മകനെ യുവരാജാവാക്കണം. ആ സമയത്ത് ദുഷ്യന്തന് എന്തും സമ്മതമായിരുന്നു. അങ്ങനെ ഗാന്ധർവ്വവിധിപ്രകാരം അവർ വിവാഹിതരായി. അന്ന് അവിടെ നിന്ന് പോയ രാജാവ് പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. ശകുന്തളയ്ക്കുണ്ടായ മകൻ കണ്വാശ്രമത്തിൽ വളർന്നു. കാലം കഴിഞ്ഞു. എല്ലാ ശാസ്ത്രങ്ങളിലും വിദ്യകളിലും പ്രാവീണ്യം നേടിയ കുമാരനുമായി ശകുന്തള ദുഷ്യന്തമഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. തന്നെയും തന്റെ മകനെയും സ്വീകരിച്ച് രാജാവ് തന്റെ പ്രതിജ്ഞ നിറവേറ്റണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് രാജസദസ്സിൽ നിന്ന ശകുന്തളയെ ദുഷ്യന്തൻ തിരിച്ചറിഞ്ഞു. പക്ഷേ, പുറത്തു പറയാനൊക്കുമോ? ആളുകൾ ദുഷിച്ചാലോ? രാജാവ് ശകുന്തളയെ തള്ളിപ്പറഞ്ഞു. കണ്ട വേശ്യകൾക്ക് എവിടുന്നെങ്കിലും കിട്ടിയ മകനെയും കൊണ്ട് കയറിവരാൻ പറ്റിയ സ്ഥലമല്ല ഇതെന്നുവരെ പറഞ്ഞു. അതോടെ ശകുന്തള കോപം കൊണ്ട് വിറച്ചു. പിന്നെ ദുഃഖക്രോധാവേശത്തോടെ ഇപ്രകാരം പറഞ്ഞു.

“ഹേ! രാജാവേ, അറിഞ്ഞുകൊണ്ടെന്തിനാണ് അങ്ങ് അറിയാത്തതുപോലെ ഭാവിക്കുന്നത്. ധർമ്മത്തെ സാക്ഷിയായി നിർത്തി ഭവാൻ ശുഭം പറയുക. ആത്മാവമാനനം ചെയ്യരുത്. ആത്മാവിനെ വഞ്ചിക്കുന്നവൻ കള്ളനെപ്പോലെ ആത്മഹാരിയാണ്. അവൻ എന്ത് പാപമാണ് ചെയ്യുവാൻ മടിക്കുക? സത്യം ദേവകൾ കാണുന്നുണ്ട്. നിന്റെ ഹൃദയത്തിലിരിക്കുന്നവനും കാണുന്നുണ്ട്. ആദിത്യനും ചന്ദ്രനും അഗ്നിയും വായുവും ആകാശവും രാവും പകലും രണ്ട് സന്ധ്യകളും ധർമ്മവും നരന്റെ വൃത്തം കാണുന്നുണ്ട്. ഉള്ളിൽ വാഴുന്ന കർമ്മസാക്ഷിയെ ചതിച്ച് ആരാണ് അന്യഥാത്വം നടിക്കുന്നത്? സ്വയം വന്നു കയറിയവളാണ് ഞാൻ എന്ന് നീ എന്നെ നിന്ദിക്കരുത്. ഞാൻ പതിവ്രതയാണ്. ഞാൻ ആദരിക്കപ്പെടേണ്ടവളായ നിന്റെ ഭാര്യയാണ്.“

“യാചിച്ചു പറയുന്ന എന്റെ വാക്ക് നീ അനുസരിക്കുന്നില്ലെങ്കിൽ ദുഷ്യന്താ, നിന്റെ ശിരസ്സ് നൂറു ഖണ്ഡമായി പൊട്ടിത്തെറിക്കും. ഭർത്താവ് ഭാര്യയിൽ ചേർന്നാൽ താൻ തന്നെ പുത്രനായി വീണ്ടും ജന്മമെടുക്കുന്നു. അതുകൊണ്ടാണ് ഭാര്യയ്ക്ക് ‘ജായാ‘ എന്ന് പേരുവരാൻ കാരണമെന്ന് വേദജ്ഞാനികൾ പറയുന്നു. പതിയുടെ ആത്മാവാണ് ഭാര്യയിൽ പുത്രരൂപേണ ജനിക്കുന്നത്. സുതൻ ‘പും’ നാമനരകത്തിൽനിന്നു പിതാവിനെ ത്രാണനം ചെയ്യുന്നു. അതുകൊണ്ട് അവനെ പുത്രനെന്ന് വിളിക്കുന്നു. പുത്രനാൽ ശാശ്വതമായ ലോകം നേടും. പുത്രനാൽ ശാശ്വതമായ ഫലം നേടും. ഗൃഹത്തിൽ സമർത്ഥയായവളാണ് ഭാര്യ! സുതാന്വിതയായവളാണ് ഭാര്യ! പതിപ്രാണയായവളാണ് ഭാര്യ! പതിവ്രതയായവളാണ് ഭാര്യ! പുരുഷന്ന് പകുതിയും ഭാര്യയാണ്, ഭാര്യ ഉത്തമയായ സഖിയാണ്. ധർമ്മാർത്ഥകാമമോക്ഷമൂലമായതും ഭാര്യയാണ്. സൽഗതിക്കു കാമിക്കുന്നവന് ബന്ധുവും ഭാര്യയാണ്. ഭാര്യയുള്ളവർ മാത്രമാണ് ഗൃഹസ്ഥർ. ഭാര്യയുള്ളവർക്കേ സൗഖ്യമുള്ളൂ. ഭാര്യയുള്ളവർക്കേ ലക്ഷ്മിയുള്ളൂ. വിജനത്തിൽ പ്രിയം ചൊല്ലുന്ന ഭാര്യമാർ സഖികളാണ്. ധർമ്മങ്ങളെ ഉപദേശിക്കുന്ന വിഷയത്തിൽ പിതാക്കളാണ്. ദുഃഖിതന്ന് അമ്മമാരാകുന്നു. ഭാര്യയുള്ളവൻ വിശ്വാസ്യനാകുന്നു. അതുകൊണ്ട് പുരുഷന്നു ഗതി ഭാര്യയാണ്.”

“അവനവനെ അവനവൻ തന്നെ ജനിപ്പിക്കുന്നതാണ് പുത്രനെന്ന് അറിവുള്ളവർ പറയുന്നു. അതുകൊണ്ട് പുത്രന്റെ അമ്മയെ തന്റെ മാതാവിനെപ്പോലെതന്നെ ബുധന്മാർ കാണുന്നു. കണ്ണാടിയിൽ തന്റെ മുഖമെന്നപോലെ ഭാര്യയിൽ തന്റെ പുത്രനെ പുണ്യവാനായ അച്ഛൻ കണ്ട് സ്വർഗ്ഗസുഖം അനുഭവിക്കുന്നു. ഉറുമ്പുകൾ പോലും അവയുടെ മുട്ടകൾ ഉടയാതെ സൂക്ഷിക്കുന്നു. ധർമ്മജ്ഞനായ ഭവാൻ എന്തുകൊണ്ട് സ്വപുത്രനെ ഭരിക്കുന്നില്ല? സ്പർശനസുഖത്തിൽ ഏറ്റവും ശ്രേഷ്ഠമായത് പുത്രസ്പർശസുഖമാണ്. വസ്ത്രങ്ങൾ, നാരിമാർ, ജലം ഇവയുടെ സ്പർശനസുഖത്തേക്കാൾ ശിശുവായ പുത്രൻ പുണരുന്ന സ്പർശനസുഖമാണ് ശ്രേഷ്ഠതമം. ഹേ രാജാവേ! നിന്റെ അംഗത്തിൽ നിന്ന് ഇവൻ ജനിച്ചു. പുരുഷന്മാരിൽ ശ്രേഷ്ഠപുരുഷനാണിവൻ. നീ തന്നെ രണ്ടായി നിൽക്കുന്നതുപോലെ ഇവനെ കാണുന്നു! തന്നോടുതുല്യനായ പുത്രനെ ജനിപ്പിച്ചിട്ട് നിരസിക്കുകയാണെങ്കിൽ ദേവകൾ അവന്റെ ഐശ്വര്യം നശിപ്പിക്കും. അതുകൊണ്ട് ഭവാൻ ധർമ്മവിത്താകുന്ന പുത്രനെ ഉപേക്ഷിക്കരുത്. നൂറു കിണറിനെക്കാൾ മെച്ചം ഒരു കുളമാണ്. നൂറു കുളത്തേക്കാൾ ശ്രേഷ്ഠം ഒരു യാഗമാണ്. നൂറു യാഗത്തേക്കാൾ ശ്രേഷ്ഠം ഒരു പുത്രനാണ്. നൂറു പുത്രനേക്കാൾ മെച്ചം ഒരു സത്യമാണ്. സത്യത്തിനു തുല്യമായി ധർമ്മമില്ല. സത്യത്തിനു തുല്യമായി മറ്റൊന്നുമില്ല. സത്യമാണ് പരമമായ ബ്രഹ്മം! സത്യമത്രേ വാഗ്ദാനം! അതുകൊണ്ട് ശപഥം, വാഗ്ദാനം ഭവാൻ കൈവെടിയരുതേ! സഖ്യം ഭവാനു സത്യമായി ഭവിക്കട്ടെ!“

ഇപ്രകാരം പറഞ്ഞ് അവിടെ നിന്നും ശകുന്തള പോകുവാൻ തുടങ്ങിയപ്പോൾ ‘ഇവൻ ദുഷ്യന്തന്റെ പുത്രനാണ്’ എന്നൊരു അശരീരി കേട്ടുവെന്നും അങ്ങനെ ഭാര്യയെയും മകനെയും രാജാവ് സ്വീകരിച്ചെന്നുമാണ് കഥ. ദുഷ്യന്തമഹാരാജാവ് ഏറ്റെടുത്ത ആ പുത്രൻ ‘ഭരതൻ‘ എന്ന് അറിയപ്പെട്ടു. ഭരതന്റെ രാജഭരണകാലം ഒരു സുവർണ്ണകാലമായിരുന്നു. അദ്ദേഹം അനേകം രാജ്യങ്ങൾ കീഴടക്കി. ജനങ്ങൾക്കെല്ലാം സർവ്വസമ്മതനായി അനേകകാലം ചക്രവർത്തിയായി വാണു. ആ ഭരതന്റെ രാജ്യം അന്നുമുതൽ ഭാരതം എന്നറിയപ്പെട്ടു.

കുമാരേട്ടന്റെയും ശകുന്തളചേച്ചിയുടെയും പുത്രനും ഭാവിയിൽ ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയേക്കാം. പക്ഷേ അതിന് ശകുന്തളചേച്ചി അടിയും കൊണ്ട് കരഞ്ഞുകൊണ്ട് വീടിനു ചുറ്റും ഓടിയാൽ പോരാ. മഹാഭാരതത്തിലെ ശകുന്തളയെപ്പോലെ ഭർത്താവിന് ധർമ്മം ഉപദേശിക്കണം. നടക്കുമോ എന്തോ?

Wednesday 25 June 2014

മദ്യപാനികൾക്ക് കിട്ടിയ ശാപം

കുടിയന്മാരെ അസുരഗുരു ശപിക്കുന്ന ഒരു ഭാഗമുണ്ട് മഹാഭാരതത്തിൽ. ആ കഥ പറയാം..

ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ ഭയങ്കരമായ ഒരു യുദ്ധമുണ്ടായി. രണ്ടു ഭാഗത്തും ഒരുപാട് പേർ മരിച്ചുവീണു. യുദ്ധം ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് ദേവന്മാർ ഒരു കാര്യം ശ്രദ്ധിച്ചത്. മരിച്ചു വീഴുന്ന അസുരന്മാരെല്ലാം തിരിച്ചുവന്ന് വീണ്ടും യുദ്ധം ചെയ്യുന്നു! എന്താണ് ഇതിന്റെ രഹസ്യമെന്ന് ദേവന്മാർ കൂടിയാലോചിച്ചു. അവർ ദേവഗുരുവായ ബൃഹസ്പതിയെ ചെന്നുകണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി പറഞ്ഞു.

“നിങ്ങളാൽ കൊല്ലപ്പെടുന്ന അസുരന്മാരെയെല്ലാം അസുരഗുരുവായ ശുക്രാചാര്യൻ ജീവിപ്പിക്കുകയാണ്. അദ്ദേഹത്തിന്ന് ‘സംജീവനിമന്ത്രം’ വശമുണ്ട്.“

ഇത് അറിഞ്ഞതോടെ ദേവന്മാർ അങ്കലാപ്പിലായി. ഇങ്ങനെ പോയാൽ യുദ്ധത്തിൽ പരാജയം സംഭവിക്കും. എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ. അവർ കൂടിയാലോചിച്ച് അവസാനം ഒരു ഉപായം കണ്ടെത്തി. ദേവഗുരുവായ ബൃഹസ്പതിയുടെ മകനായ കചനെ ശൂക്രാചാര്യരുടെ അടുത്തേക്ക് അയയ്ക്കാം. കചൻ അദ്ദേഹത്തിന്റെ ശിഷ്യനായി അവിടെ കഴിഞ്ഞ് ഗുരുവിന്റെ പ്രീതി സമ്പാദിച്ച് മന്ത്രവിദ്യ സ്വായത്തമാക്കട്ടെ!

അങ്ങനെ കചൻ ശുക്രാചാര്യരുടെ അടുത്തെത്തി തന്നെ ശിഷ്യനാക്കണമെന്ന് അപേക്ഷിച്ചു. ദേവഗുരുവിന്റെ മകനെ ശിഷ്യനാക്കാൻ ശുക്രാചാര്യൻ ഒരു മടിയും കാണിച്ചില്ല. അങ്ങനെ കചൻ ഗുരുകുലത്തിൽ വസിച്ചു.  ഗുരുവിന്റെ കല്പനകളെല്ലാം അയാൾ ശിരസാവഹിച്ചു. കാലം കഴിഞ്ഞതോടെ ഗുരുവിന്റെ പ്രിയശിഷ്യനായി കചൻ മാറി. തന്നെയുമല്ല ഗുരു പുത്രിയായ ദേവയാനിയ്ക്കും പ്രിയപ്പെട്ടവനായി മാറാൻ കചനു കഴിഞ്ഞു.

ഇങ്ങനെയിരിക്കെ അസുരന്മാർക്ക് കചനെക്കുറിച്ച് സംശയമായി. അവർ അയാളെ അപായപ്പെടുത്താനുറച്ചു. ഒരുദിവസം പശുവിനെ മേയ്ക്കാൻ പോയ കചനെ അസുരന്മാർ കൊന്നു. അവന്റെ ശരീരം ചെറുതായി വെട്ടി അരിഞ്ഞ് ചെന്നായ്ക്കൾക്ക് കൊടുത്തു.

സന്ധ്യയായി. പശുക്കളെല്ലാം തിരിച്ചെത്തി. കചനെ കാണുന്നില്ല. ദേവയാനിക്ക് പരിഭ്രമമായി. അവൾ തന്റെ പിതാവിന്റെ അടുത്തെത്തി.

“അച്ഛാ, അങ്ങ് അഗ്നിയെ ഹോമിച്ചു കഴിഞ്ഞു. സൂര്യനും അസ്തമിച്ചിരിക്കുന്നു. പശുപാലനെ കൂടാതെ പശുക്കളെല്ലാം തിരിച്ചെത്തിയിരിക്കുന്നു. കചനെ കാണുന്നില്ല. അവൻ മരിച്ചുവോ? അവനെ ആരെങ്കിലും കൊന്നുകളഞ്ഞുവോ? നിശ്ചയമായും കചന് ആപത്തുപറ്റിയിരിക്കുന്നു. അവന് ആപത്തു പറ്റിയാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല”

പുത്രിയുടെ വിലാപം കേട്ട് ശുക്രാചാര്യൻ സംജീവനിമന്ത്രം ചൊല്ലി കചനെ വിളിച്ചു. ചെന്നായ്ക്കളുടെ ദേഹം പിളർന്ന് കചന്റെ ദേഹാംശങ്ങൾ ഒന്നായി ചേർന്നു. കചൻ തിരിച്ചെത്തി. അവൻ നടന്നതെല്ലാം ദേവയാനിയെ അറിയിച്ചു.

പിന്നീടൊരിക്കൽ പുഴയിലേക്ക് പോയ കചനെ അസുരന്മാർ പിടിച്ച് കൊന്ന് അരച്ച് വെള്ളത്തിൽ കലക്കി. അപ്പോഴും ദേവയാനിയുടെ അപേക്ഷ പ്രകാരം ശുക്രാചാര്യർ കചനെ ജീവിപ്പിച്ചു. ഒടുവിൽ അസുരന്മാർ ഒരു ഉപായം കണ്ടെത്തി. അവർ കചനെ ചുട്ടുപൊടിച്ച് മദ്യത്തിൽ കലക്കി അത് ശുക്രാചാര്യനെ കുടിപ്പിച്ചു.

കചനെ കാണാതായപ്പോൾ ദേവയാനി വീണ്ടും അച്ഛന്റെ അടുത്തെത്തി. മഹർഷി മന്ത്രം ചൊല്ലിയതോടെ അവൻ ജീവിച്ചു. പക്ഷേ തന്റെ വയറ്റിലാണ് ശിഷ്യൻ എന്നറിഞ്ഞ് ഗുരു ചോദിച്ചു.

“ഹേ, കചാ! നീ എങ്ങനെയാണ് എന്റെ വയറ്റിൽ പെട്ടത്?”

കചൻ ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞു. അതുകേട്ട് ശൂക്രാചാര്യൻ ദേവയാനിയോട് പറഞ്ഞു.

“മകളേ, ഞാൻ ഇപ്പോൾ ഈ വിഷമസന്ധിയിൽ എത്തിപ്പെട്ടിരിക്കുന്നു. ഞാൻ മരിച്ചാലേ കചൻ ജീവിക്കുകയുള്ളൂ. എന്റെ വയറു കീറാതെ അതിനുള്ളിൽ കിടക്കുന്ന കചൻ പുറത്തുവരികയില്ല. ഞാൻ എന്തു ചെയ്യും?”

ഇതുകേട്ട് ദേവയാനി പറഞ്ഞു.

“അച്ഛാ, അങ്ങയുടെ നാശവും കചന്റെ നാശവും എനിക്ക് ദുസ്സഹമാണ്. കചൻ മരിച്ചാൽ എന്റെ സുഖം നശിച്ചു! അങ്ങ് മരിച്ചാ‍ൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.”

മകളുടെ ദുഃഖം കണ്ട് അവസാനം ശുക്രാചാര്യൻ അത് തീരുമാനിച്ചു. തന്റെ വയറ്റിൽ കിടക്കുന്ന കചനെ സംജീവനിമന്ത്രം പഠിപ്പിക്കുക. എന്നിട്ട് വയറു കീറി അവനെ പുറത്തെടുക്കുക. അവൻ തന്നെ ജീവിപ്പിച്ചോളും. ഗുരു പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. കചൻ മന്ത്രം ഹൃദിസ്ഥമാക്കി. വയറുകീറി പുറത്തുചാടിയ ശിഷ്യൻ ഗുരുവിനെ ജീവിപ്പിച്ചു. എല്ലാം ശുഭമായി കലാശിച്ചു.

എന്നാൽ ശുക്രാചാര്യർ തീർത്തും അസ്വസ്ഥനായിരുന്നു. സുരാപാനം മൂലം ചതിയിൽ പെട്ടുപോയ മുനി ഘോരമായ സംജ്ഞാനാശം അറിഞ്ഞു. വിദ്വാനായ കചനെക്കൂടി താൻ മദ്യത്തോടുകൂടി സേവിച്ചതോർത്ത് താൻ ചെയ്ത തെറ്റിനെക്കുറിച്ച് സ്വയമേവ ക്രുദ്ധനായി. അദ്ദേഹം മദ്യപാനികളെ ഇങ്ങനെ ശപിച്ചു.

“ഇന്നുമുതൽ ഏതൊരു വ്യക്തിയാണോ മദ്യം പാനം ചെയ്യുന്നത്, മന്ദബുദ്ധിയായ അവൻ ധർമ്മം വിട്ട് ബ്രഹ്മഹത്യാപാപമേറ്റ് നിന്ദ്യനാകട്ടേ..”

Tuesday 24 June 2014

വിചിത്ര വാഹനങ്ങൾ

“എത്ര വിചിത്രങ്ങളാണ് ഓരോ ദേവന്മാർക്കും നൽകിയിരിക്കുന്ന വാഹനങ്ങൾ. ആനയും കുതിരയുമൊക്കെ ആണെങ്കിൽ പുറത്തു കയറി യാത്ര ചെയ്യാമെന്ന് വെയ്ക്കാം. പക്ഷേ ഈ എലിയുടെയും മയിലിന്റെയും ഹംസത്തിന്റെയുമൊക്കെ പുറത്തു കയറി എങ്ങനെ സഞ്ചരിക്കും. എന്താണ് ഇങ്ങനെ പറഞ്ഞിരിക്കുന്നതിന്റെ ഉദ്ദേശം?” ഭാര്യയുടെ ഈ സംശയം എനിക്കും തോന്നിയിട്ടുള്ളതു തന്നെ. പക്ഷേ ഉത്തരം അറിയില്ലാന്ന് പറയുന്നതിലെ അഭംഗിയോർത്ത് ഞാൻ തുടങ്ങി.

“നിന്റെ കുഞ്ഞുന്നാളിൽ നീ കട്ടിലിൽ കയറിയിരുന്ന് കാലാട്ടുമ്പോൾ നിന്റെ അമ്മൂമ്മ എന്താണ് പറഞ്ഞിരുന്നത്?”

വിഷയത്തിൽ നിന്ന് മാറിയുള്ള എന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് അവളൊന്ന് അമ്പരന്നു. എന്നിട്ട് മറുപടി പറഞ്ഞു.

“ കാലാട്ടിയാൽ അച്ഛനും അമ്മയ്ക്കും ദോഷമാണ്, അതുകൊണ്ട് കാലാട്ടരുത് എന്ന് പറയുമായിരുന്നു.”

“എന്നിട്ട് പിന്നെ നീ കാലാട്ടിയിരുന്നോ?”

“ഇല്ല!“

“എന്തുകൊണ്ടാണ് അമ്മൂമ്മ അങ്ങനെ പറഞ്ഞിരുന്നതെന്ന് അറിയുമോ?”

“ഇല്ല!“

“അമ്മൂമ്മയുടെ കോളാമ്പിയും മറ്റ് സാധനങ്ങളും കട്ടിലിനടിയിലുണ്ട്. നിങ്ങൾ പിള്ളേര് കാലാട്ടി അത് തട്ടി മറിച്ചിടാതിരിക്കാൻ പ്രയോഗിച്ച സൂത്രമായിരുന്നു അത്.”

അവളെന്തെങ്കിലും പറയുന്നതിനു മുൻപ് ഞാൻ തുടർന്നു.

“ഇതുപോലെ പൗരാണിക ഭാരതീയർ, സാധാരണ ജനങ്ങളെ ധാർമ്മികമായ ഒരു ജീവിതചര്യ പഠിപ്പിച്ചിരുന്നത് പല രീതിയിലുള്ള കഥകളെയും വിശ്വാസങ്ങളെയും ജനമനസ്സുകളിൽ ദൃഢമായി പതിപ്പിച്ചുകൊണ്ടായിരുന്നു. തന്റെ ചുറ്റുപാടുമുള്ള സസ്യങ്ങളുടെയും ജന്തുക്കളുടെയും നിലനില്പിനെ  സംരക്ഷിക്കുവാനായി അവർ കൊണ്ടുവന്ന മാർഗ്ഗങ്ങളിലൊന്നായിരുന്നു ഈ പറഞ്ഞ വാഹനങ്ങൾ. തന്റെ ചുറ്റുപാടുമുള്ള സസ്യങ്ങളേയും ജന്തുക്കളേയും നശിപ്പിക്കരുത് എന്ന് ജനങ്ങളോട് പറയുന്നതിലും ഫലപ്രദമായി ഇവ അവർ വിശ്വസിക്കുന്ന ദേവന്മാർക്ക് പ്രീയപ്പെട്ടവരാണെന്നും അതുകൊണ്ടുതന്നെ സംരക്ഷിക്കപ്പെടേണ്ടവയാണെന്നും പറഞ്ഞു. അങ്ങനെ ഒരു പരിധി വരെ ആവാസവ്യവസ്ഥയുടെ നാശത്തെ പൗരാണികർ തടഞ്ഞു”

“പക്ഷേ ഓരോ ദേവന്മാർക്കും വാഹനങ്ങൾ കിട്ടിയതിനെക്കുറിച്ച് ഓരോ കഥകളാണല്ലോ?” അവൾ ചോദിച്ചു.

“അതെ. അങ്ങനെയുള്ള കൊച്ചു കൊച്ചു കഥകളിലൂടെ അവർ ഒരു സംസ്കാരത്തെ കെട്ടിപ്പടുക്കുകയായിരുന്നു.” ഞാൻ അഭിമാനത്തോടെ പറഞ്ഞു.

“ഈ മഹാവിഷ്ണുവിന്റെ വാഹനം ഗരുഡനല്ലേ?“

ഞാൻ തലകുലുക്കി.

“ഗരുഡൻ മഹാവിഷ്ണുവിന്റെ വാഹനമായതിനെക്കുറിച്ച് എന്തെങ്കിലും കഥയുണ്ടോ?”

“ഉണ്ടല്ലോ. എനിക്കറിയാവുന്ന കഥ ഞാൻ പറയാം.” ഞാൻ പറഞ്ഞു തുടങ്ങി.

“പണ്ട് കാശ്യപനെന്ന മഹർഷി  സത്പുത്രനെ ലഭിക്കുവാനായി ഒരു യാഗം നടത്താൻ തീരുമാനിച്ചു. യാഗത്തിനു വേണ്ട സാധനങ്ങൾ ശേഖരിക്കാൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന മറ്റ് മഹർഷിമാർ സഹായിച്ചു. അവരുടെ കൂട്ടത്തിൽ ബാലഖില്യർ എന്നറിയപ്പെടുന്ന മഹർഷിമാരും ഉണ്ടായിരുന്നു. ഒരു വിരലോളം മാത്രം പൊക്കം ഉള്ളവരായിരുന്നു അവർ. അവരും യാഗത്തിനു വേണ്ടി വിറക് ശേഖരിക്കാൻ പുറപ്പെട്ടു. ചെറിയ വിറകിന്റെ ചീളും തലയിലേന്തി പ്രയാസപ്പെട്ട് നടന്നു വരുന്ന അവരെ കണ്ട് ദേവേന്ദ്രൻ അത്ഭുതത്തോടെ നോക്കിനിന്നു. ഇങ്ങനെ വിറകുമായി പോകുന്ന വഴിയിൽ പശുക്കുളമ്പ് പതിഞ്ഞ് വെള്ളം കെട്ടിനിന്ന ഒരു കുഴിയിൽ അവർ വീണു. വിരലോളം മാത്രം പൊക്കമുണ്ടായിരുന്ന അവർക്ക് അത് ഒരു വലിയ തടാകമായി തോന്നി. ആ വെള്ളത്തിൽ നിന്നും കര കയറുവാൻ അവർ കാണിക്കുന്ന തത്രപ്പാടു കണ്ട് ദേവേന്ദ്രൻ പരിഹസിച്ചു ചിരിച്ചു. ഇത് ബാലഖില്യ മഹർഷിമാർക്ക് വിഷമമുണ്ടാക്കി.“

“ഇതിന് പ്രതികാരം ചെയ്യാൻ അവർ തീരുമാനിച്ചു. അവർ ഇന്ദ്രനെ ഭയപ്പെടുത്തുവാനായി ഒരു മഹാകർമ്മം തുടങ്ങി. ഇന്ദ്രനേക്കാൾ നൂറിരട്ടി ശക്തിയുള്ള മറ്റൊരു ഇന്ദ്രനെ സൃഷ്ടിക്കാനായിരുന്നു കർമ്മം. ഇത് കണ്ടതോടെ ദേവേന്ദ്രൻ ഭയപ്പെട്ട് കാശ്യപമഹർഷിയുടെ അടുത്ത് ചെന്ന് സഹായം അഭ്യർത്ഥിച്ചു. മഹർഷി ഇടപെട്ട് ബാലഖില്യന്മാരെ അനുനയിപ്പിച്ചു. എങ്കിലും കർമ്മത്തിന്റെ ഫലമായി കാശ്യപന്റെ പുത്രനായി അതിബലവാനായ പക്ഷികളുടെ രാജാവായ ഗരുഡൻ ഉണ്ടാകുമെന്ന് ബാലഖില്യന്മാർ ആശിർവദിച്ചു. ഇതാണ് ഗരുഡോല്പത്തി.”

“എന്നിട്ട്?” ബാക്കി കഥ കൂടി കേൾക്കാനുള്ള അവളുടെ ആകാംശ കണ്ട് ഞാൻ തുടർന്നു.

“പിന്നീടൊരിക്കൽ അമ്മയെ ദാസ്യത്തിൽ നിന്ന് രക്ഷിക്കുന്നതിനായി ദേവലോകത്തു നിന്നും അമൃത് കൊണ്ടുവരാനായി ഗരുഡൻ പുറപ്പെട്ടു. ഗരുഡന്റെ ഉദ്യമത്തെ തടയാൻ ദേവന്മാർ ശ്രമിച്ചു. അതിഭയങ്കരമായ യുദ്ധം ഉണ്ടായി. ഗരുഡൻ ഒറ്റയ്ക്ക് ദേവന്മാരോടെല്ലാം യുദ്ധം ചെയ്ത് അവരെ തോല്പിച്ചു. അമൃതുമായി മടങ്ങാൻ ശ്രമിക്കുന്ന ഗരുഡന്റെ വീര്യം കണ്ട് മഹാവിഷ്ണു സന്തുഷ്ടനായി.  അമൃത് സേവിക്കാതെ തന്നെ അമരനായിരിക്കും എന്ന വരവും നൽകി തന്റെ വാഹനമായിരിക്കാൻ ഗരുഡനെ മഹാവിഷ്ണു ക്ഷണിച്ചു. അങ്ങനെ ഗരുഡൻ മഹാവിഷ്ണുവിന്റെ വാഹനമായി.”

“കഥ കൊള്ളാം.” അവൾ അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു.

“പക്ഷേ ഒരു കാര്യമുണ്ട്. എന്റെ അമ്മൂമ്മയ്ക്ക് മുറുക്കുന്ന സ്വഭാവം ഇല്ലായിരുന്നു. അതുകൊണ്ട് കട്ടിലിനടിയിൽ കോളാമ്പിയുമുണ്ടായിരുന്നില്ല.”

Wednesday 18 June 2014

ജാതകപ്പൊരുത്തം

“എന്തൊക്കെയുണ്ടെടാ വിശേഷം? ഒരുപാട് നാളായല്ലോ കണ്ടിട്ട്? നിന്റെ കല്ല്യാണക്കാര്യമൊക്കെ എന്തായി?”

കൂടെ പഠിച്ച സുഹൃത്തിനെ വർഷങ്ങൾക്ക് ശേഷം കണ്ടതിന്റെ ആവേശത്തിൽ ഞാൻ ചോദിക്കാനുള്ളതെല്ലാം ഒറ്റശ്വാസത്തിൽ ചോദിച്ചിട്ട് മറുപടിക്കായി കാത്തിരുന്നു. കല്ല്യാണക്കാര്യം ചോദിച്ചപ്പോഴേക്കും അവന്റെ മുഖം വാടി.

“കല്ല്യാണാലോചനകളൊക്കെ മുറയ്ക്ക് നടക്കുന്നുണ്ട്.” അവൻ അല്പം നിരാശയോടെ പറഞ്ഞു.

“നിനക്ക് എന്താണ് ഇത്ര പ്രശ്നം? നല്ല ജോലി. ജോലിക്കൊത്ത ശമ്പളം. വീട്ടിൽ വേറെ ബാധ്യതകളൊന്നുമില്ല. അച്ഛനും അമ്മയും സുഖമായിരിക്കുന്നു. പിന്നെന്താണ് പ്രശ്നം?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“ഓ, എന്റെ ജാതകം പ്രശ്നമാണ്. ഞങ്ങൾക്കിഷ്ടപ്പെടുന്ന ആലോചനകളൊന്നും ചേരില്ലെന്നാണ് ജോത്സ്യൻ പറയുന്നത്. എന്റെ ഈ ഒരു ജാതകം കൊണ്ടു തന്നെ അയാൾ പുതിയ വീടു വച്ചു.” അവൻ അല്പം തമാശയായി പറഞ്ഞു.

“എടാ, ഇനിയെങ്കിലും ഈ ജാതകമൊക്കെ മാറ്റി വച്ച് നല്ല ഏതെങ്കിലും ആലോചന വരുമ്പോൾ നടത്തിക്കൂടേ?” ഞാൻ ചോദിച്ചു.

“വീട്ടുകാർക്ക് ഇതിലൊക്കെ ഭയങ്കരവിശ്വാസമാ. ഞാൻ പറഞ്ഞാലൊന്നും നടക്കത്തില്ല.” അവന്റെ വാക്കുകളിലെ നിരാശ ഞാനറിഞ്ഞു. ഞാൻ പതിവുപോലെ എന്റെ ഉപദേശമാരംഭിച്ചു.

“നിനക്കൊരു കാര്യം അറിയാമോ! നമ്മൾ വിവാഹക്കാര്യങ്ങളിൽ മാതൃകയാക്കുന്നത് രാമന്റെയും സീതയുടെയും വിവാഹമാണ്. എന്നാൽ, ഈ രാമൻ ജാതകം നോക്കാതെയാണ് കെട്ടിയത്!“

“ശരിക്കും?“ അവൻ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി.

“അതെ. ഞാൻ ആ കഥ പറയാം. ഒരിക്കൽ രാമലക്ഷ്മണന്മാരോടൊത്ത് വിശ്വാമിത്രമഹർഷി ജനക മഹാരാജാവ് നടത്തുന്ന യാഗത്തിൽ സംബന്ധിക്കാനെത്തി. രാമലക്ഷ്മണന്മാർക്ക് ജനകന്റെ കയ്യിലുള്ള അതിവിശിഷ്ടമായ ശൈവചാപത്തെ കണ്ട് നമസ്കരിക്കാൻ ആഗ്രഹമുണ്ടെന്ന് വിശ്വാമിത്രൻ അറിയിച്ചു. അതുകേട്ട് സന്തുഷ്ടനായ രാജാവ് ആ വില്ലിന്റെ മാഹാത്മ്യത്തെക്കുറിച്ചും അതിൽ ഞാൺ കെട്ടാൻ കെല്പുള്ള വീരനു മാത്രമേ തന്റെ വളർത്തുപുത്രിയായ സീതയെ കൊടുക്കൂ എന്ന തന്റെ പ്രതിജ്ഞയെ കുറിച്ചും അവരോട് സൂചിപ്പിച്ചു. അനന്തരം, രാജാവിന്റെ നിർദ്ദേശപ്രകാരം ആ വില്ല് കൊണ്ടുവരപ്പെട്ടു. അതിബലവാന്മാരായ അയ്യായിരം പേർ എട്ടു ചക്രങ്ങളുള്ള ഒരു ഇരുമ്പു വണ്ടിയിൽ വില്ല് വച്ചിരുന്ന ആ പെട്ടി വലിച്ചുകൊണ്ടു വന്നു. അനേകം രാജാക്കന്മാർ എടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ആ വില്ല് കണ്ടപ്പോൾ അതൊന്നെടുത്ത് ഞാൺ കെട്ടിയാൽ കൊള്ളാമെന്ന് രാമനു തോന്നി. വിശ്വാമിത്രന്റെ അനുവാദത്തോടെ രാമൻ വില്ലെടുത്തുയർത്തി. അത് വളച്ച് ഞാൺ കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ അതിഭയങ്കരമായ ശബ്ദത്തോടെ വില്ല് രണ്ടായി ഒടിഞ്ഞു. ആ ശബ്ദം കേട്ട് വിശ്വാമിത്രമഹർഷിയും രാമലക്ഷ്മണന്മാരും ജനകമഹാരാജാവും ഒഴികെ എല്ലാവരും മോഹാലത്സ്യപ്പെട്ടു വീണു. അത്യത്ഭുതകരമായ ആ കൃത്യം കണ്ട് രാജാവ് അത്യധികം സന്തുഷ്ടനായി. സീതയെ രാമനും തന്റെ പുത്രിയായ ഊർമ്മിളയെ ലക്ഷ്മണനും വിവാഹം കഴിച്ചുകൊടുക്കാമെന്ന് ജനകമഹാരാജാവ് തീരുമാനിച്ചു.”

“ദൂതന്മാർ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. വാർത്ത അറിഞ്ഞ് ദശരഥമഹാരാജാവിനും സന്തോഷമായി. പരിവാരങ്ങളോടും ചതുരംഗസൈന്യങ്ങളോടും കൂടി അദ്ദേഹം മിഥിലയിലേക്ക് പുറപ്പെട്ടു. ജനകൻ സാംകാശ്യത്തിലെ രാജാവും തന്റെ അനുജനുമായ കുശദ്ധ്വജനേയും വിവരം അറിയിച്ചു. എല്ലാവരും എത്തി കുശലാന്വേഷണങ്ങൾ നടത്തുന്നതിനിടയിൽ ദശരഥമഹാരാജാവിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ഒരു നിർദ്ദേശം വച്ചു. ദശരഥന് വീരന്മാരായ രണ്ട് പുത്രന്മാർ കൂടിയുണ്ട്; ജനകന്റെ അനുജനായ കുശദ്ധ്വജനും സുന്ദരികളായ രണ്ട് പുത്രിമാരുണ്ടെന്ന് അറിയുന്നു; അവരുടെ വിവാഹം കൂടി ഈ അവസരത്തിൽ ചിന്തിച്ചാലെന്താ എന്നായിരുന്നു നിർദ്ദേശം. എല്ലാവരും അതിനെ അനുകൂലിച്ചു. അങ്ങനെ രാമൻ സീതയെയും, ലക്ഷ്മണൻ ഊർമ്മിളയേയും, ഭരതൻ മാണ്ഡവിയേയും, ശത്രുഘ്നൻ ശ്രുതകീർത്തിയെയും വിവാഹം കഴിക്കാം എന്ന് തീരുമാനിക്കപ്പെട്ടു. ഇവിടെയെങ്ങും ഒരു ജാതകവും നോക്കിയില്ല.”

ഞാൻ പറഞ്ഞു നിർത്തി.

“വിവാഹത്തിന്റെ മുഹൂർത്തവും നോക്കിയില്ലേ?” കഥ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന അവൻ ചോദിച്ചു.

“പ്രത്യേകമായി ഒരു ജോത്സ്യനെയും വരുത്തിയില്ല. വിവാഹനിശ്ചയം കഴിഞ്ഞ് മൂന്നാം നാൾ കല്ല്യാണം. മംഗളകാര്യങ്ങൾക്ക് ഉത്രം നാൾ നല്ലതാണെന്ന് ബുദ്ധിമാന്മാർ പറഞ്ഞു കേട്ടിട്ടുണ്ട് എന്ന ജനകന്റെ നിർദ്ദേശത്തോട് എല്ലാവരും യോജിക്കുകയായിരുന്നു.” ഞാൻ പറഞ്ഞു.

“നമ്മുടെ വിവാഹങ്ങളിൽ കാണാറുള്ള സ്വർണ്ണാഭരണങ്ങളിൽ പൊതിഞ്ഞ കല്ല്യാണപ്പെണ്ണ് എന്ന സമ്പ്രദായവും ഈ കല്ല്യാണത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമോ?” അവൻ സംശയം പ്രകടിപ്പിച്ചു.

“അതെനിക്കറിയില്ല. രാജകുമാരന്മാരുടെ വിവാഹമല്ലേ! ആഡംബരങ്ങൾ കാണാതിരിക്കുമോ? ഹംസങ്ങൾ പോലെ പൂവേലകളോടു കൂടിയ ഇളം മഞ്ഞനിറമുള്ള പട്ടുസാരിയും ഉടുത്ത് സർവ്വാലങ്കാരഭൂഷിതയായി കടും ചുവപ്പ് നിറത്തിലുള്ള ഉത്തരീയവും ധരിച്ച് മഹാലക്ഷ്മിയെപ്പോലെ വിവാഹമണ്ഡപത്തിലേക്കെത്തുന്ന സീതയെ വാല്മീകീരാമായണത്തിൽ വർണ്ണിച്ചിട്ടുണ്ട്. എന്തായാലും വിവാഹച്ചടങ്ങുകളെപ്പറ്റി ആലോചിക്കാതെ ഈ കഥ നീ നിന്റെ അച്ഛന് പറഞ്ഞുകൊടുക്ക്. എന്നിട്ട് നല്ല ഒരു പെണ്ണിനെ കണ്ടെത്താൻ നോക്ക്. ” ഞാൻ അവനോട് യാത്ര പറഞ്ഞു.

ഒരു മാസം കഴിഞ്ഞാണ് പിന്നെ ഞാൻ അവനെ കാണുന്നത്. ഒരു കല്ല്യാണാലോചന കൂടി ജാതകം കാരണം മുടങ്ങിയ വിഷമത്തിലായിരുന്നു അവൻ. ഞാൻ ചോദിച്ചു.

“ഞാൻ പറഞ്ഞ കഥ നീ നിന്റെ അച്ഛനോട് പറഞ്ഞില്ലേ?”

“അത് പറഞ്ഞതാ കൂടുതൽ പ്രശ്നമായത്. ആ കഥ കേട്ട് അച്ഛൻ പറഞ്ഞ ഡയലോഗ് എന്താണെന്നോ? ‘മോനേ, നീ രാമായണം എടുത്ത് ബാക്കി കഥ കൂടി വായിച്ച് പഠിക്ക്. കല്ല്യാണം കഴിക്കുന്നതുവരെ രാജകുമാരനായി വിലസിയ രാമൻ, അതിനു ശേഷം എന്നെങ്കിലും സമാധാനത്തോടിരുന്നിട്ടുണ്ടോ? കാട്ടിൽ പോയി, ഭാര്യയെ കാണാതായി, രാക്ഷസന്മാരോട് ഏറ്റുമുട്ടി അവസാനം ഡൈവേഴ്സും ആയി. ഇതിനെല്ലാം കാരണം ജാതകം നോക്കാതെ കല്ല്യാണം കഴിച്ചതാ. അതുകൊണ്ട് നീ ജാതകം നോക്കി കെട്ടിയാൽ മതി.’“ അവന്റെ സംസാരം കേട്ട് ഞാൻ ചിരിച്ചുപോയി. വെളുക്കാൻ തേച്ചത് പാണ്ടായി.

Thursday 12 June 2014

ത്രിശങ്കു സ്വർഗ്ഗം

“അച്ഛാ, ഈ അന്റിയാണോ അമ്മയാണോ ക്യൂട്ട്?”

മകന്റെ ചോദ്യം കേട്ട് ഞാൻ തലയുയർത്തി നോക്കി. ടിവിൽ ഐശ്വര്യാറായി അഭിനയിച്ച പരസ്യചിത്രം. അടുക്കളയിൽ നിന്നും ഒരു തല എത്തിവലിഞ്ഞ് ടിവിയിൽ എന്താണ് കാണിക്കുന്നത് എന്ന് നോക്കി. എന്തിനാടാ ചെറുക്കാ എന്നെ ഇങ്ങനെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് കഷ്ടപ്പെടുത്തുന്നത് എന്ന മുഖഭാവത്തിൽ ഞാൻ അവനേയും നോക്കി.

ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടു. അവൻ വിടാൻ ഭാവമില്ല. അവസാനം ഞാൻ പറഞ്ഞു.

“എന്തിനാ മോനേ അച്ഛനെ ഇങ്ങനെ ത്രിശങ്കു സ്വർഗ്ഗത്തിലാക്കുന്നത്?”

“അതെന്താ അച്ഛാ, ഈ ത്രിശങ്കു?”

വിഷയം മാറ്റാൻ പറ്റിയ അവസരം. ഞാൻ പെട്ടന്നുതന്നെ കഥ പറയാൻ തുടങ്ങി.

“ഒരു രാജ്യത്ത് സത്യവൃതൻ എന്ന ഒരു രാജാവുണ്ടായിരുന്നു. ഇന്ദ്രിയങ്ങളെ ജയിച്ചവനും സത്യസന്ധനും പ്രസിദ്ധനുമായ രാജാവായിരുന്നു സത്യവൃതൻ. ഒരിക്കൽ അദ്ദേഹത്തിന് ഒരു ആഗ്രഹം. ഉടലോടെ സ്വർഗ്ഗത്ത് പോകണം! രാജാവ് ഗുരുവായ വസിഷ്ഠമഹർഷിയെ ചെന്നു കണ്ട് തന്റെ ആഗ്രഹം അറിയിച്ചു. മരിച്ച് സ്വർഗ്ഗത്തിൽ പോകുന്നതുതന്നെ ബുദ്ധിമുട്ടാണ്, അപ്പോഴാണ് ഉടലോടെ പോകാൻ വന്നിരിക്കുന്നത്. വസിഷ്ഠമഹർഷി രാജാവിനെ നിരുത്സാഹപ്പെടുത്തി വിട്ടു.“

“എന്നിട്ടും സത്യവൃതൻ തന്റെ ആഗ്രഹം ഉപേക്ഷിച്ചില്ല. അദ്ദേഹം വസിഷ്ഠമഹർഷിയുടെ പുത്രന്മാരെ സമീപിച്ചു. പിതാവ് തള്ളിയ കാര്യം സാധിപ്പാൻ ആരാലും കഴിയില്ലെന്ന് പറഞ്ഞ് അവരും അദ്ദേഹത്തെ മടക്കി അയച്ചു. കോപാവേശത്താൽ രാജാവ് പറഞ്ഞു, ‘പിതാവും പുത്രന്മാരും കണക്കാണ്. രണ്ടുപേരും സഹായം ചോദിച്ചു വരുന്നവരെ വെറും കയ്യോടെ മടക്കി അയയ്ക്കുന്നവരാണല്ലോ!‘. ഇതുകേട്ടതൊടെ വസിഷ്ഠമഹർഷിയുടെ പുത്രന്മാർക്ക് ദേഷ്യം പിടിച്ചു. അവർ രാജാവിനെ ശപിച്ചു. അതോടെ രാജാവ് കറുത്ത് വിരൂപനായ ഒരു ചണ്ഡാളനായി മാറി. രാജാവിന്റെ രൂപം കണ്ട് കൂടെ വന്ന പരിചാരകർ നാലുപാടും ഓടി. രാജാവിന് ഒരു കാര്യം ബോധ്യമായി - ഇനി കൊട്ടാരത്തിലേക്ക് പോയിട്ട് കാര്യമില്ല.”

“അതെന്താ അച്ഛാ ഈ ചണ്ഡാളൻ?” മകന്റെ ചോദ്യം കേട്ട് ഞാൻ പറഞ്ഞു.

“തനിക്ക് ചെയ്യുവാനുള്ള കർമ്മത്തെ ചെയ്യാതെ ബോധം നശിച്ച് നടക്കുന്നവനെയാണ് അങ്ങനെ വിളിക്കുന്നത്. ഇപ്പൊ ഉദാഹരണത്തിന് നിനക്ക് പഠിക്കുവാനുള്ള നേരത്ത് അത് ചെയ്യാതെ വായിന്നോക്കി നടന്നാൽ നീയും ഒരു ചണ്ഡാളനായി മാറും.”

ഇതുകേട്ട് അവനെന്നെ രൂക്ഷമായി നോക്കി.

“വെറുതെ വേണ്ടാത്തതൊക്കെ ആഗ്രഹിച്ചാൽ ഇങ്ങനിരിക്കും. ഇത് എല്ലാവർക്കും ഒരു പാഠമാണ്.” അടുക്കളയിൽ നിന്നു കേട്ട കമന്റ് കേട്ടില്ലെന്ന് നടിച്ച് ഞാൻ വീണ്ടും കഥ തുടർന്നു.

“വികൃതമായ തന്റെ രൂപവുമായി രാജാവ് പലയിടത്തും അലഞ്ഞു. നിരാശനും ദുഃഖിതനുമായ അദ്ദേഹം ഒടുവിൽ വിശ്വാമിത്രമഹർഷി തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തിപ്പെട്ടു. സത്യവൃതൻ മഹർഷിയോട് നടന്നതെല്ലാം പറഞ്ഞു. രാജാവിന്റെ ദാരുണമായ അവസ്ഥ കണ്ട് വിശ്വാമിത്രൻ അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. മഹർഷി തന്റെ പുത്രന്മാരെ പല ദേശങ്ങളിലേക്കും അയച്ചു. ഒരു യാഗത്തിനു വേണ്ട സാമഗ്രികളും ഋത്വിക്കുകളും ഋഷിഗണങ്ങളും എല്ലാം സന്നിഹിതരാക്കപ്പെട്ടു.”

“യാഗം തുടങ്ങി. യാഗകർമ്മങ്ങളെല്ലാം ശാസ്ത്രവിധിപ്രകാരം മന്ത്രോച്ചാരണ പുരസ്സരം നടത്തി. ദിവസങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടാകുന്നില്ല. ഇതു കണ്ട്  കുപിതനായ വിശ്വാമിത്രൻ തന്റെ തപഃശക്തിയാൽ സത്യവൃതനെ ഉടലോടെ സ്വർഗ്ഗത്തിലേക്ക് ഉയർത്തി.“

“സ്വർഗ്ഗത്തിലേക്ക് കടന്നുവരുന്ന വികൃതരൂപിയായ രാജാവിനെ കണ്ട് ദേവേന്ദ്രൻ ഇങ്ങനെ കല്പിച്ചു - ‘ഹേ മൂഢനായ രാജാവേ, നീ മടങ്ങിപ്പോവുക. ഗുരുവിനെ നിന്ദിച്ച് ശാപമേറ്റവനായ നീ തലകീഴായി ഭൂമിയിലേക്ക് പതിക്കട്ടെ.’ ഇതോടെ സത്യവൃതൻ വന്നവഴിയേ താഴോട്ട് വീഴാൻ തുടങ്ങി. ഇതുകണ്ട് വിശ്വാമിത്രൻ തന്റെ ശക്തിയാൽ രാജാവിനെ താഴെ വീഴാതെ ആകാശത്തിൽ തടഞ്ഞു നിർത്തി. അതിതേജസ്സ്വിയായ വിശ്വാമിത്രൻ കോപാഗ്നിയിൽ ജ്വലിച്ചു. തന്റെ തപഃശക്തിയാൽ മറ്റൊരു ബ്രഹ്മാവിനെപ്പോലെയായ മഹാമുനി രാജാവിനുവേണ്ടി മറ്റൊരു സ്വർഗ്ഗലോകം തന്നെ സൃഷ്ടിക്കാൻ തുടങ്ങി. പുതിയൊരു സപ്തർഷിഗണത്തെയും പല നക്ഷത്രമാലകളെയും സൃഷ്ടിച്ച മഹർഷി ഒരു ഡ്യൂപ്ലിക്കേറ്റ് ഇന്ദ്രനെ കൂടി സൃഷ്ടിക്കാൻ തുടങ്ങിയപ്പോഴാണ് ദേവേന്ദ്രന് അപകടം മനസ്സിലായത്. അദ്ദേഹം ദേവഗണങ്ങളെയും കൂട്ടി വിശ്വാമിത്രന്റെ മുന്നിലെത്തി അദ്ദേഹത്തെ അനുനയിപ്പിച്ചു. വിശ്വാമിത്രൻ സൃഷ്ടിച്ച സ്വർഗ്ഗത്തിൽ തന്നെ സത്യവൃതൻ തുടരട്ടേയെന്ന് ആശിർവദിച്ചു.”

“അപ്പൊൾ ഈ ത്രിശങ്കു ആരാ?” ഭാര്യയാണ് അത് ചോദിച്ചത്.

“എടീ, സത്യവൃതനെ തന്നെയാണ് ത്രിശങ്കു എന്ന് വിളിക്കുന്നത്. വിശ്വാമിത്രൻ സൃഷ്ടിച്ച സ്വർഗ്ഗത്തെ ത്രിശങ്കു സ്വർഗ്ഗമെന്നും അറിയപ്പെടുന്നു. ശാസ്ത്രസത്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാനും ഓർക്കാനും രസകരമായ കഥകൾ പുരാതന ഭാരതീയർ ഉണ്ടാക്കിയിരുന്നു. അതിലൊന്നായി വേണമെങ്കിൽ ഇതിനെ കരുതാം. ആകാശത്തിൽ ദക്ഷിണഗോ‍ളത്തിൽ അനിഴം നക്ഷത്രത്തിനു തെക്കുപടിഞ്ഞാറ്, കുരിശിന്റെ ആകൃതിയിലുള്ള നാലു നക്ഷത്രങ്ങളും അവയ്ക്ക് മുകളിലായി അല്പം വിസ്താരത്തിൽ രണ്ടു നക്ഷത്രങ്ങളും ചേർന്ന ആറ് നക്ഷത്രങ്ങളെയാണ് ത്രിശങ്കു എന്ന് വിളിക്കുന്നത്. ഒരു മനുഷ്യൻ കാൽ രണ്ടും വിടർത്തി തലകീഴായി തൂങ്ങുന്ന ആകൃതിയിലുള്ളവയാണിവ. ഒരു ദിക്കിനെ കാണിക്കുന്ന രേഖയ്ക്ക് പണ്ട് ശങ്കു എന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഈ നക്ഷത്രങ്ങൾ ധ്രുവത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്നതുകൊണ്ട് ‘ത്രിശങ്കു’ എന്ന് വിളിക്കുന്നു.“

ത്രിശങ്കുസ്വർഗ്ഗത്തിൽ നിന്നും രക്ഷപെട്ട സമാധാനത്തോടെ ഞാൻ കഥ നിർത്തി.

Tuesday 10 June 2014

അതിഥിയുണ്ടാക്കുന്ന പൊല്ലാപ്പ്

സമയം നോക്കാതെ വന്നൂ. കൊടുത്തത് മൂക്കുമുട്ടെ തിന്നൂ. എന്നിട്ട് ആ ഭക്ഷണമുണ്ടാക്കിയ ചട്ടിയും കലവും കൂടി തനിക്ക് വേണം എന്ന് പറഞ്ഞാലോ! അങ്ങനെ ഒരു കഥയുണ്ട് രാമായണത്തിൽ. ഒരു അതിഥിയുണ്ടാക്കുന്ന പൊല്ലാപ്പിന്റെ കഥ!

വിശ്വാമിത്രൻ രാജാവായി വാഴുന്ന കാലം. അതിബലവാനും വീരശൂരപരാക്രമശാലിയും പ്രജാക്ഷേമതല്പരനുമായ രാജാവായിരുന്നു വിശ്വാമിത്രൻ. സമ്പൽ‌ സ‌മൃദ്ധമായിരുന്നു അദ്ദേഹത്തിന്റെ രാജ്യം. ഒരിക്കൽ സൈന്യവും പരിവാരങ്ങളുമായി അദ്ദേഹം നാടുകാണാനിറങ്ങി. പല ദേശങ്ങളും സഞ്ചരിച്ചു. സാമന്തരാജാക്കന്മാരുടെ അതിഥിയായി പലയിടത്തും തങ്ങി. ഒടുവിൽ ഒരു വനപ്രദേശത്ത് എത്തിച്ചേർന്നു. ദൂരെ വനത്തിൽ അതിമനോഹരമായ ഒരു ആശ്രമം കണ്ട അദ്ദേഹം അത് ആരുടേതാണെന്ന് തിരക്കി. മഹാതപസ്വിയായ വസിഷ്ഠമഹർഷിയുടെ ആശ്രമമാണതെന്ന് മനസ്സിലാക്കിയ രാജാവിന് അവിടം സന്ദർശിച്ച് മഹർഷിയുടെ അനുഗ്രഹങ്ങൾ നേടാൻ ഇച്ഛ ഉദിച്ചു.

വസിഷ്ഠമഹർഷി വിശ്വാമിത്രനെ സന്തോഷപൂർവ്വം സ്വീകരിച്ചു. ഫലമൂലാദികൾ നൽകി. കുശലാന്വേഷണങ്ങൾ നടത്തി. മഹർഷിയുടെ അനുഗ്രഹാശിസ്സുകൾ ലഭിച്ച് തൃപ്തനായ രാജാവ് മടങ്ങുവാൻ തയ്യാറായി. അപ്പോൾ വസിഷ്ഠമഹർഷി പറഞ്ഞു.

“അല്ലയോ രാജാവേ, അങ്ങയുടെ സന്ദർശനം ഞങ്ങൾക്ക് അത്യധികം സന്തോഷമുണ്ടാക്കി. അതുകൊണ്ടുതന്നെ അങ്ങയെയും അങ്ങയുടെ പരിവാരങ്ങളേയും സൽക്കരിക്കാൻ എന്നെയും ആശ്രമവാസികളേയും അനുവദിച്ചാലും. സമയം ഏറെ ആയിരിക്കുന്നു. അങ്ങയുടെ ഭടന്മാർ ക്ഷീണിതരാണ്. അവർക്ക് വേണ്ട ഭക്ഷണങ്ങൾ നൽകാൻ ഞങ്ങളെ അനുവദിച്ചാലും.”

ഇത്രയേറെ ഭടന്മാരെ സൽക്കരിക്കുന്നതിനുള്ള കഴിവ് ആ ആശ്രമത്തിനുണ്ടാകുമോ എന്ന് ശങ്കിച്ച രാജാവ് ആ‍ദ്യം മഹർഷിയുടെ താല്പര്യത്തെ നിരസിച്ചു. എന്നാൽ വസിഷ്ഠമഹർഷി വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ രാജാവ് സമ്മതം മൂളി.

ആ മഹാമുനി ഉടൻ തന്നെ വിശിഷ്ടമായ കാമധേനു എന്ന പശൂവിനെ വിളിച്ചു. എന്ത് അഭീഷ്ടങ്ങളും സാധിച്ചുതരാൻ കെല്പുള്ള അതിവിശിഷ്ടമായ കാമധേനു ഉടൻ തന്നെ ഉത്തമങ്ങളായ ഭക്ഷണപദാർത്ഥങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ഓരോരുത്തർക്കും ഏതേതു രസത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളാണോ ഇഷ്ടം അതാത് സാധങ്ങൾ അവരുടെ മുന്നിൽ പ്രത്യക്ഷമായി. ചോറിന്റെയും കറികളുടേയും കൂമ്പാരങ്ങൾ കുന്നുകൾ പോലെ കാണപ്പെട്ടു. വേണ്ടതെല്ലാം കഴിച്ച് രാജാവും പരിവാരങ്ങളും ഉത്സാഹഭരിതരായി.

ആശ്ചര്യഭരിതനായ വിശ്വാമിത്രൻ മഹർഷിയോട് പറഞ്ഞു.

“ഹേ ബ്രാഹ്മണോത്തമാ, അങ്ങയുടെ വിരുന്ന് അതിവിശിഷ്ടം തന്നെ. സംശയമില്ല. ഞാനും എന്റെ ഭടന്മാരും ഈ സദ്യയുണ്ട് തൃപ്തരായി. അങ്ങയ്ക്ക് പ്രണാമം. ഇപ്പോൾ അങ്ങയോട് ഞാൻ ഒരു കാര്യം ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നു. പറ്റില്ല എന്ന് പറയരുത്. അങ്ങയുടെ ഈ കാമധേനുവിന് പകരമായി നൂറായിരം പശുക്കളെ ഞാൻ തരാം. എല്ലാ വിശിഷ്ടവസ്തുക്കളും രാജാവിന് അവകാശപ്പെട്ടതാണെന്ന് അങ്ങയ്ക്കറിയാമല്ലോ. പശുക്കളിൽ വച്ച് ഏറ്റവും വിശിഷ്ടമാണ് ഈ പശു. അതിനെ എനിക്ക് തരണം.”

വസിഷ്ഠമഹർഷി സമ്മതിക്കുന്നില്ലെന്ന് കണ്ട് വിശ്വാമിത്രൻ വീണ്ടും പറഞ്ഞു.

“അല്ലയോ മഹാമുനീ, സ്വർണ്ണ നെറ്റിപ്പട്ടങ്ങളും ചങ്ങലയും അണിഞ്ഞ പതിനാലായിരം ആനകളും, സ്വർണ്ണം കൊണ്ടുണ്ടാക്കിയ എണ്ണൂറ് രഥങ്ങളും, നല്ലയിനത്തിൽ പെട്ടതും അതിവേഗതയുള്ളതുമായ പതിനോരായിരം കുതിരകളും, കറവയുള്ള ഒരുകോടി പശുക്കളേയും അങ്ങയ്ക്ക തരാം. പകരം കാമധേനുവിനെ എനിക്ക് നൽകിയാലും. അല്ലയോ ബ്രാഹ്മണോത്തമാ, അവിടുന്നെന്താണോ ഇച്ഛിക്കുന്നത് അവയെല്ലാം ഞാൻ തരാം. ഇതിനെ എനിക്ക് നൽകിയാലും.”

രാജാവ് വീണ്ടും ശാഠ്യം പിടിക്കുന്നതു കണ്ട് മുനി പറഞ്ഞു.

“അല്ലയോ മഹാരാജാവേ, അങ്ങ് എന്തെല്ലാം പകരം നൽകാമെന്ന് പറഞ്ഞാലും ഈ കാമധേനുവിനെ എനിക്ക് നൽകാൻ കഴിയില്ല എന്ന് അങ്ങ് അറിഞ്ഞാലും. ആശ്രമത്തിൽ വേണ്ട എല്ലാ കാര്യങ്ങളും നടക്കുന്നത് ഈ പശു മൂലമാണ്. എന്റെ ജീവനാണ് ഈ പശു. ഇതിനെ ഞാൻ വിട്ടുതരില്ല.”

മഹർഷിയുടെ മറുപടികേട്ട് രാജാവിന് ദേഷ്യം പിടിച്ചു. പശുവിനെ ബലമായി പിടിച്ചുകെട്ടാൻ അദ്ദേഹം ഭടന്മാരോടാജ്ഞാപിച്ചു.  തന്നെ പിടിക്കാൻ വന്ന ഭടന്മാരെ വെട്ടിച്ച് കാമധേനു വസിഷ്ഠമഹർഷിയുടെ കാൽക്കൽ ചെന്ന് വീണു.

“അല്ലയോ മഹാത്മാവേ, അങ്ങ് എന്നെ ഈ രാജാവിന്റെ കൂടെ പറഞ്ഞയയ്ക്കുകയാണോ? ഈ ഭടന്മാർ എന്നെ ബലമായി കൊണ്ടുപോകാൻ ശ്രമിക്കുന്നത് അങ്ങ് കാണുന്നില്ലേ. എന്നെ രക്ഷിക്കാത്തതെന്തേ?”

കാമധേനുവിന്റെ വാക്കുകൾകേട്ട് മഹർഷി ഇങ്ങനെ പറഞ്ഞു.

“നിന്നെ ഞാൻ ആർക്കും കൊടുക്കുവാൻ സമ്മതിച്ചിട്ടില്ലെന്ന് നീ അറിഞ്ഞാലും. എന്നാൽ ഈ രാജാവ് മഹാശക്തനാണ്. അദ്ദേഹത്തെ എതിരിടുവാൻ എനിക്ക് ശക്തിയില്ല.”

ഇതുകേട്ട കാമധേനു അതിബലവാന്മാരായ അനേകായിരം സൈനികരെ സൃഷ്ടിച്ചു തുടങ്ങി. ആ സൈനികർ വിശ്വാമിത്രന്റെ സൈന്യവുമായി ഏറ്റുമുട്ടി. ഘോരമായ യുദ്ധം നടന്നു. രാജാവിന്റെ സൈന്യം നശിച്ചു തുടങ്ങി. ഇതുകണ്ട് വിശ്വാമിത്രൻ വിശിഷ്ടങ്ങളായ അസ്ത്രങ്ങൾ പ്രയോഗിച്ച് കാമധേനു സൃഷ്ടിച്ച സൈന്യത്തെ നശിപ്പിച്ചു. എന്നാൽ അതിനനുസരിച്ച് കാമധേനു കൂടുതൽ കൂടുതൽ സൈനികരെ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഇതുകണ്ട് വിശ്വാമിത്രന്റെ പുത്രന്മാർ വസിഷ്ഠമഹർഷിയെ ആക്രമിക്കാൻ പാഞ്ഞടുത്തു. ആ മഹാമുനി തന്റെ തപഃശക്തിയാൽ അവരെയെല്ലാം ഭസ്മമാക്കി. അതിഭയങ്കരമായ ആ യുദ്ധത്തിനൊടുവിൽ വിശ്വാമിത്രൻ പരാജിതനായി അവിടെ നിന്ന് പലായനം ചെയ്തു.

വിഷണ്ണനായ രാജാവ് തന്റെ ഒരു പുത്രനെ രാജ്യഭാരമേല്പിച്ച് കാട്ടിൽ പോയി അതികഠിനമായ തപസ്സ് ആരംഭിച്ചു. വർഷങ്ങൾ കഴിഞ്ഞു. ഒടുവിൽ രാജാവിന്റെ തപസ്സിൽ സം‌പ്രീതനായി ശിവൻ പ്രത്യക്ഷപ്പെട്ടു. ഈ ലോകത്തിലുള്ള സകല ദിവ്യാസ്ത്രങ്ങളും ലഭിക്കണമെന്ന് രാജാവ് ശിവനോട് അപേക്ഷിച്ചു. അങ്ങനെ എല്ലാ ദിവ്യായുധങ്ങളും വിശ്വാമിത്രന് വരമായി ലഭിച്ചു.

വരം ലഭിച്ച വിശ്വാമിത്രൻ നേരെ പോയത് വസിഷ്ഠമുനിയുടെ ആശ്രമത്തിലേക്കാണ്. പ്രതികാരാഗ്നിയാൽ ജ്വലിച്ച രാജാവ് ആശ്രമത്തിലേക്ക് ശരവർഷം നടത്തി. ആശ്രമം കത്തി ചാമ്പലായി. ആശ്രമത്തിലെ അന്തേവാസികളെല്ലാം നാലുപാടും ഓടി. ആയിരക്കണക്കിനായ പക്ഷിമൃഗാദികൾ ആ വനം ഉപേക്ഷിച്ച് പോയി. ഇതുകണ്ട് വസിഷ്ഠമഹർഷി തന്റെ യോഗദണ്ഡുമായി വിശ്വാമിത്രന്റെ മുന്നിൽ ചെന്ന് ഇങ്ങനെ പറഞ്ഞു.

“അനേകകാലങ്ങൾ കൊണ്ട് ശ്രദ്ധയോടെ പരിപാലിച്ചു പോന്ന എന്റെ ആശ്രമത്തെ ചുട്ടുചാമ്പലാക്കിയ മൂഢാ, നീ ജീവനോടെ ഇരിക്കാൻ അർഹനല്ല.”

ഇതുകേട്ട് കോപാഗ്നിയിൽ ജ്വലിച്ച വിശ്വാമിത്രൻ പറഞ്ഞു.

“എന്നെ അപമാനിച്ച് എന്റെ പുത്രന്മാരെ കൊന്ന് എന്റെ സൈന്യത്തെ നശിപ്പിച്ച ബ്രാഹ്മണാ, ക്ഷത്രിയബലത്തെ കണ്ടുകൊൾക.”

തുടർന്ന് വിശ്വാമിത്രൻ, മുനിയുടെ നേരെ ആഗ്നേയാസ്ത്രത്തെ പ്രയോഗിച്ചു. എന്തും ചുട്ട് ചാമ്പലാക്കാൻ കെൽ‌പ്പുള്ളതെന്ന് പേരുകേട്ട അസ്ത്രം വരുന്നതുകണ്ട് വസിഷ്ഠമഹർഷി തന്റെ യോഗദണ്ഡുയർത്തി. ആഗ്നേയാസ്ത്രം ആ ബ്രഹ്മദണ്ഡിനെ നമസ്കരിച്ച് അപ്രത്യക്ഷമായി. ഇതുകണ്ട് കോപാക്രാന്തനായ വിശ്വാമിത്രൻ, വരുണാസ്ത്രത്തെ പ്രയോഗിച്ചു. അതും വിഫലമായതുകണ്ട് തന്റെ കയ്യിലുള്ള ദിവ്യാസ്ത്രങ്ങളെ തുടരെ തുടരെ പ്രയോഗിച്ചുതുടങ്ങി. രുദ്രാസ്ത്രവും, ഐന്ദ്രാസ്ത്രവും, പാശുപതാസ്ത്രവും, ഐഷീകാസ്ത്രവും, മാനവാസ്ത്രവും, മോഹനാസ്ത്രവും, ഗന്ധർവ്വാസ്ത്രവും, ജൃംഭണാസ്ത്രവും വിഫലമായി. ആരെയും ഉറക്കുന്ന സ്വാപനാസ്ത്രവും ഫലം കണ്ടില്ല. ലോകത്തെ തപിപ്പിക്കുന്ന സന്താപനാസ്ത്രവും കരയിക്കുന്ന വിലാപനാസ്ത്രവും വരട്ടുന്ന ശോഷണാ‍സ്ത്രവും കൊടിയതായ ദാരുണാസ്ത്രവും വെല്ലുവാൻ കഴിയാത്ത വജ്രായുധവും മഹർഷിയുടെ ബ്രഹ്മദണ്ഡിനു മുന്നിൽ പരാജയപ്പെട്ടു. ഇത് കണ്ട രാജാവ് കൂടൂതൽ കോപിഷ്ഠനായി. ബ്രഹ്മപാശത്തേയും കാലപാശത്തേയും വരുണപാശത്തേയും പ്രയോഗിച്ചു. അതും നഷ്ടപ്പെട്ടതോടെ പിനാകാസ്ത്രവും, ദണ്ഡാസ്ത്രവും, പൈശാചാസ്ത്രവും, ക്രൗഞ്ചാസ്ത്രവും തൊടുത്തു. അവയും ഫലവത്തായില്ല. പിന്നീട് ധർമ്മചക്രവും, കാലചക്രവും വിഷ്ണുചക്രവും പ്രയോഗിച്ചു. അവയെയും മഹർഷി തന്റെ യോഗദണ്ഡിനാൽ ശാന്തമാക്കി. എന്നിട്ടും രാജാവ് ആക്രമണം തുടർന്നു. അതിവിശിഷ്ടങ്ങളായ അസ്ത്രങ്ങളുടെ പെരുമഴ തന്നെ അദ്ദേഹം സൃഷ്ടിച്ചു. വായവ്യാസ്ത്രത്തേയും മഥനാസ്ത്രത്തേയും ഹയശിരസ്സെന്ന അസ്ത്രത്തേയും വിശ്വാമിത്രൻ തൊടുത്തുവിട്ടു. അവയും അപ്രത്യക്ഷമായപ്പോൾ രാക്ഷസീയ ശക്തികൾ ഉൾക്കൊണ്ട ആയുധങ്ങൾ പ്രയോഗിച്ചുതുടങ്ങി. കങ്കാളാസ്ത്രവും, മുസലാസ്ത്രവും, കൊടിയ കാലാസ്ത്രവും, ഘോരമായ ത്രിശൂലാസ്ത്രവും, കാപാലാസ്ത്രവും കങ്കണാസ്ത്രവും പ്രയോഗിക്കപ്പെട്ടു. ഇവയ്ക്കൊന്നും മുനിയെ സ്പർശിക്കാൻ പോലും കഴിഞ്ഞില്ല എന്ന് കണ്ട് അവസാനം വിശ്വാമിത്രൻ ബ്രഹ്മാസ്ത്രത്തെ പ്രയോഗിച്ചു. ലോകം മുഴുവൻ കുലുങ്ങി. ദിഗന്തങ്ങൾ പൊട്ടുമാറ് ഇടിമുഴങ്ങി. ബ്രഹ്മപുത്രനായ വസിഷ്ഠമഹർഷി അത്യുജ്ജ്വലമായ തേജസ്സോടെ അചഞ്ചലനായി നിലയുറപ്പിച്ചു. ബ്രഹ്മാസ്ത്രം മഹർഷിയെ വന്ദിച്ച് ബ്രഹ്മദണ്ഡിൽ വിലയം പ്രാപിച്ചു. കോപാഗ്നിയിൽ കത്തിജ്വലിച്ചു നിന്ന വസിഷ്ഠമഹർഷിയെ മറ്റ് മഹർഷിമാർ ശാന്തനാക്കി. വിശ്വാമിത്രനും അഹങ്കാരമെല്ലാം നശിച്ച് വസിഷ്ഠമഹർഷിയെ വന്ദിച്ച് ഇങ്ങനെ പറഞ്ഞു.

“അല്ലയോ മുനിശ്രേഷ്ഠാ, അങ്ങയുടെ ശക്തി അപാരം തന്നെ. ഞാൻ പ്രയോഗിച്ച എല്ലാ അസ്ത്രങ്ങളും അങ്ങയുടെ തപഃശക്തിക്കു മുന്നിൽ നിഷ്ഫലമായി. എന്നോട് ക്ഷമിച്ചാലും. എന്റെ ബുദ്ധിശൂന്യതകൊണ്ട് പല അബദ്ധങ്ങളും ഉണ്ടായി. അങ്ങയ്ക്ക് മുന്നിൽ എന്റെ ക്ഷത്രിയബലം എത്രയോ നിസ്സാ‍രം. ഞാനും ഇന്ദ്രിയങ്ങളെ അടക്കി ബ്രാഹ്മണ്യത്തെ പ്രാപിക്കുന്നതിനായി തപസ്സ് അനുഷ്ടിക്കുവാൻ പോകുന്നു. എന്നെ അനുഗ്രഹിക്കാൻ കനിവുണ്ടാകണേ!”

കോപം കെട്ടടങ്ങിയ വസിഷ്ഠമഹർഷി വിശ്വാമിത്രനെ അനുഗ്രഹിച്ചയച്ചു.

പിന്നീട് ദീർഘനാളത്തെ തപസ്സുകൊണ്ട് വിശ്വാമിത്രൻ എന്ന രാജാവ് വിശ്വാമിത്ര മഹർഷി ആയി ഉയർന്നു.

ഈ കഥയിൽ നിന്നും കിട്ടിയത് :-

1. വഴിയേ പോകുന്ന വയ്യാവേലിയെ വീട്ടിൽ വലിച്ചു കേറ്റരുത്.

2. അതിഥി, സദ്യ ഉണ്ടിട്ട് അടുക്കള എഴുതി തരണമെന്ന് പറയരുത്.

Tuesday 3 June 2014

കൗസല്യാസുപ്രജാ രാമ...

“കൗസല്യാസുപ്രജാ രാമ പൂർവ്വാ സന്ധ്യാ പ്രവർത്തതേ
ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം..”

രാമുവേട്ടന്റെ വീട്ടിൽ നിന്നാണ് പാട്ട് കേൾക്കുന്നത്. ഞാൻ ക്ലോക്കിലേക്ക് നോക്കി. സമയം ഉച്ചയ്ക്ക് മൂന്നു മണി. കൗസല്യയും സുപ്രജയും രാമനും സന്ധ്യയും ഒക്കെ എണീറ്റ് എപ്പോഴേ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടാകും. ഇപ്പോഴാണോ ഇങ്ങേർക്ക് നേരം വെളുത്തത്! പിന്നെ, അങ്ങേരെ കുറ്റം പറയാനും പറ്റില്ല. സൗദിയിൽ നിന്നും ഇന്നലെ എത്തിയിട്ടേയുള്ളൂ കക്ഷി. അതിന്റെ ബഹളമാണിതെല്ലാം. പോരാഞ്ഞിട്ട് ഇന്ന് വെള്ളിയാഴ്ചയും. സൗദിയിലെ രീതിയനുസരിച്ച്, വെള്ളിയാഴ്ചകളിൽ അവിടെ മിക്കവർക്കും നേരം വെളുക്കുന്നത് നട്ടുച്ചയ്ക്കാണ്. ഇങ്ങനെ ഓരോന്ന് ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ് മകന്റെ ചോദ്യം കേട്ടത്.

“അച്ഛാ, ഈ പാട്ട് രാവിലെ പാടുന്നതല്ലേ? ആ അങ്കിളിന് വട്ടായോ?”

അവന്റെ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു.

“നിന്നോടാരാ പറഞ്ഞത് ഇത് രാവിലെ മാത്രമേ പാടാവൂ എന്ന്?” ഞാൻ ചോദിച്ചു.

“അച്ഛനല്ലേ ഇന്നാള് പറഞ്ഞത് ഇത് രാവിലെ പാടുന്ന പാട്ടാ‍ണെന്ന്? എന്താണച്ഛ ഈ പാട്ടിന്റെ അർത്ഥം?” 

അവനെ പതുക്കെ മടിയിൽ പിടിച്ചിരുത്തി ഞാൻ ആ കഥ പറഞ്ഞു.

“ഒരിക്കൽ ബ്രഹ്മർഷിയായ വിശ്വാമിത്രൻ ഒരു യജ്ഞം നടത്താൻ തീരുമാനിച്ചു.“

“അച്ഛാ, അതെന്താ ഈ ബ്രഹ്മർഷി?” അവൻ ഇടയ്ക്കുകയറി ചോദിച്ചു.

“അത് പണ്ട്  വിശ്വാമിത്രൻ രാജാവായിരുന്നു. കന്യാകുബ്ജം എന്ന നാട്ടിലെ രാജാവ്. ഒരിക്കൽ വിശ്വാമിത്രൻ നായാട്ടിന് പോയി വഴിതെറ്റി. അങ്ങനെ കാട്ടിൽ അലഞ്ഞുതിരിഞ്ഞ് അദ്ദേഹം അവസാനം വസിഷ്ഠമഹർഷിയുടെ ആശ്രമത്തിലെത്തി. മഹർഷി അദ്ദേഹത്തെ സ്വീകരിച്ച് വേണ്ട ഭക്ഷണങ്ങളെല്ലാം കൊടുത്തു. വിശ്വാമിത്രന് സന്തോഷമായി. എങ്ങനെയാണ് കാട്ടിൽ കഴിയുന്ന ഈ മഹർഷിക്ക് ഇത്രയും നല്ല ഫലമൂലാദികൾ കിട്ടുന്നതെന്ന് ചിന്തിച്ച അദ്ദേഹത്തിന് ആ രഹസ്യം പിടികിട്ടി. മഹർഷിക്ക് ‘നന്ദിനി‘ എന്നു പേരുള്ള വിശേഷപ്പെട്ട ഒരു പശുവുണ്ട്. ചോദിക്കുന്നതെന്തും നൽകുന്ന പശു! എന്നാൽ ആ പശുവിനെ തനിക്ക് വേണമെന്നായി വിശ്വാമിത്രൻ. മഹർഷിയോട് ചോദിച്ചപ്പോൾ തരില്ല എന്ന് ഉത്തരം. രാജാവല്ലേ. അഹങ്കാരത്തിനൊട്ട് കുറവുമില്ല. വിശ്വാമിത്രൻ നന്ദിനിയെ ബലമായി പിടിച്ചുകൊണ്ട് പോകാൻ ശ്രമിച്ചു. പക്ഷേ, വസിഷ്ഠമഹർഷിയുടെ തപഃശക്തിക്ക് മുൻപിൽ വിശ്വാമിത്രൻ തോറ്റ് തൊപ്പിയിട്ടു. ലജ്ജിതനായ രാജാവ് രാജ്യം ഉപേക്ഷിച്ച് തപസ്സുചെയ്യാൻ തീരുമാനിച്ചു. അങ്ങനെ അത്യുഗ്രമായ തപഃശ്ചര്യയിലൂടെ അദ്ദേഹം അനേകം സിദ്ധികൾ നേടി. അങ്ങനെ ബ്രഹ്മർഷിയായി മാറി. ഇനി ഇടയ്ക്കു കയറി ചോദ്യം ചോദിച്ചാൽ ഞാൻ കഥ പറഞ്ഞു തരുത്തില്ല.” ഞാൻ പറഞ്ഞു.

“അങ്ങനെ ആ വിശ്വാമിത്രൻ സിദ്ധാശ്രമത്തിൽ വച്ച് ഒരു മഹായജ്ഞം നടത്താൻ തീരുമാനിച്ചു. വ്രതങ്ങളെല്ലാം അനുഷ്ഠിച്ച് യജ്ഞം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മാരീചൻ എന്നും സുബാഹുവെന്നും പേരുള്ള രണ്ട് രാക്ഷസന്മാർ അവിടെ എത്തുന്നത്. ഭയങ്കരന്മാരായ ആ രാക്ഷസന്മാർ യജ്ഞശാല കുട്ടിച്ചോറാക്കി.“

“എന്നാൽ പിന്നെ മഹർഷിക്ക് അവരെ ശപിച്ച് ഭസ്മമാക്കിക്കൂടായിരുന്നോ?” അടുക്കളയിൽ നിന്ന് കഥ കേട്ടുകൊണ്ടിരുന്ന പെണ്ണുമ്പിള്ളയുടേതാണ് ചോദ്യം. അതുകേട്ട് മകനും എന്നെ സംശയത്തോടെ നോക്കി.

“എടീ, വിശ്വാമിത്രൻ കഠിനവ്രതത്തിലായിരുന്നു. ആ സമയത്ത് അശുഭകരമായതൊന്നും ചെയ്തുകൂടാ. വ്രതം തെറ്റും.” ഞാൻ പറഞ്ഞു.

“ഊവ്വ് ഊവ്വ്, ഓരോ പുളു കഥയുമായിട്ടിറങ്ങിയിട്ടുണ്ട്.” അവൾ കളിയാക്കി.

ഞാൻ പറഞ്ഞു. “പുളു ആണെന്ന് തോന്നുന്നെങ്കിൽ നീ കേൾക്കണ്ട. മോൻ ശ്രദ്ധിക്ക്.”

“അങ്ങനെ വിശ്വാമിത്രൻ കോസലരാജ്യത്തിലെ ദശരഥ മഹാരാജാവിന്റെ അടുത്ത് സഹായത്തിനായി ചെന്നു. തലസ്ഥാനമായ അയോദ്ധ്യയിലാണ് രാജകൊട്ടാരം. കൊട്ടാരത്തിലെത്തിയ വിശ്വാമിത്രനെ രാജാവും പരിവാരങ്ങളും ഭക്ത്യാദരവോടെ സ്വീകരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാം എന്ന് രാജാവ് വാഗ്ദാനവും ചെയ്തു. യാഗരക്ഷയ്ക്കായി ദശരഥന്റെ മൂത്ത പുത്രനായ രാമനെ തന്റെ ഒപ്പം അയയ്ക്കണമെന്ന് വിശ്വാമിത്രൻ അപേക്ഷിച്ചു. അതുകേട്ടപ്പോൾ രാജാവ് പരിഭ്രമിച്ചു. രാമന് പതിനാറ് വയസ്സുപോലും തികഞ്ഞിട്ടില്ല. യുദ്ധപ്രാവീണ്യവുമില്ല. പുത്രവാത്സല്യത്താൽ തന്റെ മകനെ ബ്രഹ്മർഷിയോടൊപ്പം അയയ്ക്കാൻ മടികാണിച്ച മഹാരാജാവിനെ കുലഗുരുവായ വസിഷ്ഠൻ അനുനയിപ്പിച്ചു. അങ്ങനെ രാമനും കൂടെ ലക്ഷ്മണനും വിശ്വാമിത്രനോടൊപ്പം യാത്ര തിരിച്ചു.”

“എന്നിട്ട്?” അടുക്കളയിൽ നിന്നാണ് ശബ്ദം.

ഞാൻ തുടർന്നു. “ ഇന്നത്തെപ്പോലെ അന്ന് കാറും ബസ്സുമൊന്നും ഇല്ല. നടന്നുവേണം പോകാൻ. അങ്ങനെ അവർ മൂന്നുപേരും നടന്നു നടന്ന് സന്ധ്യയായപ്പോൾ സരയൂ നദിക്കരയിലെത്തി. അവിടെ വച്ച് മഹർഷി അവർക്ക് ബല എന്നും അതിബലയെന്നും പേരുള്ള വിശിഷ്ടങ്ങളായ് രണ്ട് മന്ത്രങ്ങൾ ഉപദേശിച്ചു. ആ മഹാമന്ത്രങ്ങൾ ഉരുവിട്ടാൽ ക്ഷീണമോ വിശപ്പോ ഉണ്ടാകുകയില്ല. ആ രാത്രിയിൽ അവർ ആ നദീതീരത്തു തങ്ങി. പട്ടുമെത്തയിൽ കിടന്നിരുന്ന രാജകുമാരന്മാർ, പുല്ലുമെത്തയിൽ കുളിർകാറ്റേറ്റ് കളകൂജനങ്ങളും കേട്ട് സുഖമായുറങ്ങി. രാവിലെ ആയിട്ടും പോത്തുപോലെ കിടന്നുറങ്ങുന്ന രാമനേയും ലക്ഷ്മണനേയും വിളിച്ചുണർത്താൻ ശ്രമിക്കുന്ന വിശ്വാമിത്രൻ പറയുന്നതാണ് ഈ ശ്ലോകം.”

“കൗസല്യാദേവിയുടെ ഓമന പുത്രനായ രാമാ, പുരുഷോത്തമാ, പ്രഭാതസന്ധ്യാകാലം തുടങ്ങിയിരിക്കുന്നു. പ്രഭാതകൃത്യങ്ങളും പ്രാർത്ഥനകളും ചെയ്യേണ്ടിയിരിക്കുന്നു. എഴുനേൽക്കൂ..”

“അപ്പൊ ഏകദേശം എത്ര മണിയായി കാണും?” ഭാര്യയുടെ സംശയം.

“ ഏകദേശം മൂന്ന് മണിയായിക്കാണും. അപ്പോഴാണല്ലോ പ്രഭാതം പൊട്ടിവിടരുന്നത്.” ഞാൻ പറഞ്ഞു.

“ഇപ്പോൾ എത്രായി?” അവൾ ചോദിച്ചു.

“മൂന്ന്. AM, PM ആയി എന്ന വ്യത്യാസമേയുള്ളൂ”  ഞാൻ പറഞ്ഞു.