Tuesday, 3 June 2014

കൗസല്യാസുപ്രജാ രാമ...

“കൗസല്യാസുപ്രജാ രാമ പൂർവ്വാ സന്ധ്യാ പ്രവർത്തതേ
ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം..”

രാമുവേട്ടന്റെ വീട്ടിൽ നിന്നാണ് പാട്ട് കേൾക്കുന്നത്. ഞാൻ ക്ലോക്കിലേക്ക് നോക്കി. സമയം ഉച്ചയ്ക്ക് മൂന്നു മണി. കൗസല്യയും സുപ്രജയും രാമനും സന്ധ്യയും ഒക്കെ എണീറ്റ് എപ്പോഴേ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടാകും. ഇപ്പോഴാണോ ഇങ്ങേർക്ക് നേരം വെളുത്തത്! പിന്നെ, അങ്ങേരെ കുറ്റം പറയാനും പറ്റില്ല. സൗദിയിൽ നിന്നും ഇന്നലെ എത്തിയിട്ടേയുള്ളൂ കക്ഷി. അതിന്റെ ബഹളമാണിതെല്ലാം. പോരാഞ്ഞിട്ട് ഇന്ന് വെള്ളിയാഴ്ചയും. സൗദിയിലെ രീതിയനുസരിച്ച്, വെള്ളിയാഴ്ചകളിൽ അവിടെ മിക്കവർക്കും നേരം വെളുക്കുന്നത് നട്ടുച്ചയ്ക്കാണ്. ഇങ്ങനെ ഓരോന്ന് ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ് മകന്റെ ചോദ്യം കേട്ടത്.

“അച്ഛാ, ഈ പാട്ട് രാവിലെ പാടുന്നതല്ലേ? ആ അങ്കിളിന് വട്ടായോ?”

അവന്റെ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു.

“നിന്നോടാരാ പറഞ്ഞത് ഇത് രാവിലെ മാത്രമേ പാടാവൂ എന്ന്?” ഞാൻ ചോദിച്ചു.

“അച്ഛനല്ലേ ഇന്നാള് പറഞ്ഞത് ഇത് രാവിലെ പാടുന്ന പാട്ടാ‍ണെന്ന്? എന്താണച്ഛ ഈ പാട്ടിന്റെ അർത്ഥം?” 

അവനെ പതുക്കെ മടിയിൽ പിടിച്ചിരുത്തി ഞാൻ ആ കഥ പറഞ്ഞു.

“ഒരിക്കൽ ബ്രഹ്മർഷിയായ വിശ്വാമിത്രൻ ഒരു യജ്ഞം നടത്താൻ തീരുമാനിച്ചു.“

“അച്ഛാ, അതെന്താ ഈ ബ്രഹ്മർഷി?” അവൻ ഇടയ്ക്കുകയറി ചോദിച്ചു.

“അത് പണ്ട്  വിശ്വാമിത്രൻ രാജാവായിരുന്നു. കന്യാകുബ്ജം എന്ന നാട്ടിലെ രാജാവ്. ഒരിക്കൽ വിശ്വാമിത്രൻ നായാട്ടിന് പോയി വഴിതെറ്റി. അങ്ങനെ കാട്ടിൽ അലഞ്ഞുതിരിഞ്ഞ് അദ്ദേഹം അവസാനം വസിഷ്ഠമഹർഷിയുടെ ആശ്രമത്തിലെത്തി. മഹർഷി അദ്ദേഹത്തെ സ്വീകരിച്ച് വേണ്ട ഭക്ഷണങ്ങളെല്ലാം കൊടുത്തു. വിശ്വാമിത്രന് സന്തോഷമായി. എങ്ങനെയാണ് കാട്ടിൽ കഴിയുന്ന ഈ മഹർഷിക്ക് ഇത്രയും നല്ല ഫലമൂലാദികൾ കിട്ടുന്നതെന്ന് ചിന്തിച്ച അദ്ദേഹത്തിന് ആ രഹസ്യം പിടികിട്ടി. മഹർഷിക്ക് ‘നന്ദിനി‘ എന്നു പേരുള്ള വിശേഷപ്പെട്ട ഒരു പശുവുണ്ട്. ചോദിക്കുന്നതെന്തും നൽകുന്ന പശു! എന്നാൽ ആ പശുവിനെ തനിക്ക് വേണമെന്നായി വിശ്വാമിത്രൻ. മഹർഷിയോട് ചോദിച്ചപ്പോൾ തരില്ല എന്ന് ഉത്തരം. രാജാവല്ലേ. അഹങ്കാരത്തിനൊട്ട് കുറവുമില്ല. വിശ്വാമിത്രൻ നന്ദിനിയെ ബലമായി പിടിച്ചുകൊണ്ട് പോകാൻ ശ്രമിച്ചു. പക്ഷേ, വസിഷ്ഠമഹർഷിയുടെ തപഃശക്തിക്ക് മുൻപിൽ വിശ്വാമിത്രൻ തോറ്റ് തൊപ്പിയിട്ടു. ലജ്ജിതനായ രാജാവ് രാജ്യം ഉപേക്ഷിച്ച് തപസ്സുചെയ്യാൻ തീരുമാനിച്ചു. അങ്ങനെ അത്യുഗ്രമായ തപഃശ്ചര്യയിലൂടെ അദ്ദേഹം അനേകം സിദ്ധികൾ നേടി. അങ്ങനെ ബ്രഹ്മർഷിയായി മാറി. ഇനി ഇടയ്ക്കു കയറി ചോദ്യം ചോദിച്ചാൽ ഞാൻ കഥ പറഞ്ഞു തരുത്തില്ല.” ഞാൻ പറഞ്ഞു.

“അങ്ങനെ ആ വിശ്വാമിത്രൻ സിദ്ധാശ്രമത്തിൽ വച്ച് ഒരു മഹായജ്ഞം നടത്താൻ തീരുമാനിച്ചു. വ്രതങ്ങളെല്ലാം അനുഷ്ഠിച്ച് യജ്ഞം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മാരീചൻ എന്നും സുബാഹുവെന്നും പേരുള്ള രണ്ട് രാക്ഷസന്മാർ അവിടെ എത്തുന്നത്. ഭയങ്കരന്മാരായ ആ രാക്ഷസന്മാർ യജ്ഞശാല കുട്ടിച്ചോറാക്കി.“

“എന്നാൽ പിന്നെ മഹർഷിക്ക് അവരെ ശപിച്ച് ഭസ്മമാക്കിക്കൂടായിരുന്നോ?” അടുക്കളയിൽ നിന്ന് കഥ കേട്ടുകൊണ്ടിരുന്ന പെണ്ണുമ്പിള്ളയുടേതാണ് ചോദ്യം. അതുകേട്ട് മകനും എന്നെ സംശയത്തോടെ നോക്കി.

“എടീ, വിശ്വാമിത്രൻ കഠിനവ്രതത്തിലായിരുന്നു. ആ സമയത്ത് അശുഭകരമായതൊന്നും ചെയ്തുകൂടാ. വ്രതം തെറ്റും.” ഞാൻ പറഞ്ഞു.

“ഊവ്വ് ഊവ്വ്, ഓരോ പുളു കഥയുമായിട്ടിറങ്ങിയിട്ടുണ്ട്.” അവൾ കളിയാക്കി.

ഞാൻ പറഞ്ഞു. “പുളു ആണെന്ന് തോന്നുന്നെങ്കിൽ നീ കേൾക്കണ്ട. മോൻ ശ്രദ്ധിക്ക്.”

“അങ്ങനെ വിശ്വാമിത്രൻ കോസലരാജ്യത്തിലെ ദശരഥ മഹാരാജാവിന്റെ അടുത്ത് സഹായത്തിനായി ചെന്നു. തലസ്ഥാനമായ അയോദ്ധ്യയിലാണ് രാജകൊട്ടാരം. കൊട്ടാരത്തിലെത്തിയ വിശ്വാമിത്രനെ രാജാവും പരിവാരങ്ങളും ഭക്ത്യാദരവോടെ സ്വീകരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാം എന്ന് രാജാവ് വാഗ്ദാനവും ചെയ്തു. യാഗരക്ഷയ്ക്കായി ദശരഥന്റെ മൂത്ത പുത്രനായ രാമനെ തന്റെ ഒപ്പം അയയ്ക്കണമെന്ന് വിശ്വാമിത്രൻ അപേക്ഷിച്ചു. അതുകേട്ടപ്പോൾ രാജാവ് പരിഭ്രമിച്ചു. രാമന് പതിനാറ് വയസ്സുപോലും തികഞ്ഞിട്ടില്ല. യുദ്ധപ്രാവീണ്യവുമില്ല. പുത്രവാത്സല്യത്താൽ തന്റെ മകനെ ബ്രഹ്മർഷിയോടൊപ്പം അയയ്ക്കാൻ മടികാണിച്ച മഹാരാജാവിനെ കുലഗുരുവായ വസിഷ്ഠൻ അനുനയിപ്പിച്ചു. അങ്ങനെ രാമനും കൂടെ ലക്ഷ്മണനും വിശ്വാമിത്രനോടൊപ്പം യാത്ര തിരിച്ചു.”

“എന്നിട്ട്?” അടുക്കളയിൽ നിന്നാണ് ശബ്ദം.

ഞാൻ തുടർന്നു. “ ഇന്നത്തെപ്പോലെ അന്ന് കാറും ബസ്സുമൊന്നും ഇല്ല. നടന്നുവേണം പോകാൻ. അങ്ങനെ അവർ മൂന്നുപേരും നടന്നു നടന്ന് സന്ധ്യയായപ്പോൾ സരയൂ നദിക്കരയിലെത്തി. അവിടെ വച്ച് മഹർഷി അവർക്ക് ബല എന്നും അതിബലയെന്നും പേരുള്ള വിശിഷ്ടങ്ങളായ് രണ്ട് മന്ത്രങ്ങൾ ഉപദേശിച്ചു. ആ മഹാമന്ത്രങ്ങൾ ഉരുവിട്ടാൽ ക്ഷീണമോ വിശപ്പോ ഉണ്ടാകുകയില്ല. ആ രാത്രിയിൽ അവർ ആ നദീതീരത്തു തങ്ങി. പട്ടുമെത്തയിൽ കിടന്നിരുന്ന രാജകുമാരന്മാർ, പുല്ലുമെത്തയിൽ കുളിർകാറ്റേറ്റ് കളകൂജനങ്ങളും കേട്ട് സുഖമായുറങ്ങി. രാവിലെ ആയിട്ടും പോത്തുപോലെ കിടന്നുറങ്ങുന്ന രാമനേയും ലക്ഷ്മണനേയും വിളിച്ചുണർത്താൻ ശ്രമിക്കുന്ന വിശ്വാമിത്രൻ പറയുന്നതാണ് ഈ ശ്ലോകം.”

“കൗസല്യാദേവിയുടെ ഓമന പുത്രനായ രാമാ, പുരുഷോത്തമാ, പ്രഭാതസന്ധ്യാകാലം തുടങ്ങിയിരിക്കുന്നു. പ്രഭാതകൃത്യങ്ങളും പ്രാർത്ഥനകളും ചെയ്യേണ്ടിയിരിക്കുന്നു. എഴുനേൽക്കൂ..”

“അപ്പൊ ഏകദേശം എത്ര മണിയായി കാണും?” ഭാര്യയുടെ സംശയം.

“ ഏകദേശം മൂന്ന് മണിയായിക്കാണും. അപ്പോഴാണല്ലോ പ്രഭാതം പൊട്ടിവിടരുന്നത്.” ഞാൻ പറഞ്ഞു.

“ഇപ്പോൾ എത്രായി?” അവൾ ചോദിച്ചു.

“മൂന്ന്. AM, PM ആയി എന്ന വ്യത്യാസമേയുള്ളൂ”  ഞാൻ പറഞ്ഞു.

2 comments:

  1. ഇതിൽ അഭിപ്രായവ്യത്യാസം ഉണ്ട് കേട്ടൊ
    രാജർഷിയിൽ നിന്നും വിശ്വാമിത്രൻ ബ്രഹ്മർഷി ആയിത്തീർന്നതാണ്. അതിനു ശേഷമാണ് ഇക്കഥ
    http://indiaheritage.blogspot.in/2008/09/blog-post_19.html 

    ReplyDelete
  2. ശരിയാണ്.. തെറ്റ് തിരുത്തിയിട്ടുണ്ട് പണിക്കർ സാർ.. നന്ദി..

    ReplyDelete