Saturday 28 June 2014

ശകുന്തളചേച്ചി

സുഹൃത്തിന്റെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴാണ് അടുത്ത വീട്ടിൽ ഭയങ്കര ബഹളം കേട്ടത്.

“എന്തുവാടേ അത്. അടിയും ബഹളവുമാണല്ലോ?” ഞാൻ ചോദിച്ചു.

“ഓ, അതെന്നുമുള്ളതാ. അങ്ങേര് എവിടുന്നെങ്കിലും കള്ളും മോന്തിയിട്ട് വരും; പിന്നെ സംശയമാണ്. ആകെ അടിയും പിടിയും. ആ ശകുന്തളചേച്ചിയുടെ കാര്യമാണ് കഷ്ടം. ഒരു മകനുണ്ട്. കുമാരേട്ടൻ കുടിച്ചുകഴിഞ്ഞാൽ പിന്നെ ആ കുഞ്ഞ് അങ്ങേരുടതല്ലെന്ന് പറഞ്ഞ് ബഹളമാണ്. രാവിലെ ആകുമ്പോൾ എല്ലാം ശാന്തം, സ്വസ്ഥം. ഇപ്പൊ അങ്ങോട്ട് ചെന്നാൽ നമുക്കും തെറിവിളി കേൾക്കും.”

 “എന്തായാലും ആ കൊച്ചിനെ കണ്ടാൽ അങ്ങേരുടെ ഛായയുണ്ട്!“ ഞാൻ പതിയെ പറഞ്ഞു.

“വെളിവുണ്ടെങ്കിലല്ലേ ചായയും കാപ്പിയുമൊക്കെ അറിയാൻ കഴിയൂ.” സുഹൃത്ത് ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

വീട്ടിലേക്കുള്ള ബസ്സിൽ കയറിയിരിക്കുമ്പോൾ മുഴുവൻ അവരായിരുന്നു മനസ്സിൽ. കുമാരേട്ടനും ശകുന്തളചേച്ചിയും. മഹാഭാരതത്തിൽ ഒരു ശകുന്തളയുണ്ട്. തന്റെ മകന്റെ പിതൃത്വം നിഷേധിച്ച ദുഷ്യന്തന് ധർമ്മോപദേശം നൽകിയ ശകുന്തള. രണ്ടും തമ്മിലുള്ള അന്തരം ഞാൻ ഓർത്തുപോയി.

ദുഷ്യന്തമഹാരാജാവ് നായാട്ടിനു പോയ വഴിക്ക് കണ്വാശ്രമത്തിൽ വച്ചാണ് അതിസുന്ദരിയായ ശകുന്തളയെ കാണുന്നത്. രാജാവിന് ശകുന്തളയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുദിച്ചു. ശകുന്തളയ്ക്കും എതിർപ്പുണ്ടായിരുന്നില്ല. പക്ഷേ ഒറ്റ കണ്ടീഷൻ മാത്രം! തനിക്കുണ്ടാകുന്ന മകനെ യുവരാജാവാക്കണം. ആ സമയത്ത് ദുഷ്യന്തന് എന്തും സമ്മതമായിരുന്നു. അങ്ങനെ ഗാന്ധർവ്വവിധിപ്രകാരം അവർ വിവാഹിതരായി. അന്ന് അവിടെ നിന്ന് പോയ രാജാവ് പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. ശകുന്തളയ്ക്കുണ്ടായ മകൻ കണ്വാശ്രമത്തിൽ വളർന്നു. കാലം കഴിഞ്ഞു. എല്ലാ ശാസ്ത്രങ്ങളിലും വിദ്യകളിലും പ്രാവീണ്യം നേടിയ കുമാരനുമായി ശകുന്തള ദുഷ്യന്തമഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. തന്നെയും തന്റെ മകനെയും സ്വീകരിച്ച് രാജാവ് തന്റെ പ്രതിജ്ഞ നിറവേറ്റണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് രാജസദസ്സിൽ നിന്ന ശകുന്തളയെ ദുഷ്യന്തൻ തിരിച്ചറിഞ്ഞു. പക്ഷേ, പുറത്തു പറയാനൊക്കുമോ? ആളുകൾ ദുഷിച്ചാലോ? രാജാവ് ശകുന്തളയെ തള്ളിപ്പറഞ്ഞു. കണ്ട വേശ്യകൾക്ക് എവിടുന്നെങ്കിലും കിട്ടിയ മകനെയും കൊണ്ട് കയറിവരാൻ പറ്റിയ സ്ഥലമല്ല ഇതെന്നുവരെ പറഞ്ഞു. അതോടെ ശകുന്തള കോപം കൊണ്ട് വിറച്ചു. പിന്നെ ദുഃഖക്രോധാവേശത്തോടെ ഇപ്രകാരം പറഞ്ഞു.

“ഹേ! രാജാവേ, അറിഞ്ഞുകൊണ്ടെന്തിനാണ് അങ്ങ് അറിയാത്തതുപോലെ ഭാവിക്കുന്നത്. ധർമ്മത്തെ സാക്ഷിയായി നിർത്തി ഭവാൻ ശുഭം പറയുക. ആത്മാവമാനനം ചെയ്യരുത്. ആത്മാവിനെ വഞ്ചിക്കുന്നവൻ കള്ളനെപ്പോലെ ആത്മഹാരിയാണ്. അവൻ എന്ത് പാപമാണ് ചെയ്യുവാൻ മടിക്കുക? സത്യം ദേവകൾ കാണുന്നുണ്ട്. നിന്റെ ഹൃദയത്തിലിരിക്കുന്നവനും കാണുന്നുണ്ട്. ആദിത്യനും ചന്ദ്രനും അഗ്നിയും വായുവും ആകാശവും രാവും പകലും രണ്ട് സന്ധ്യകളും ധർമ്മവും നരന്റെ വൃത്തം കാണുന്നുണ്ട്. ഉള്ളിൽ വാഴുന്ന കർമ്മസാക്ഷിയെ ചതിച്ച് ആരാണ് അന്യഥാത്വം നടിക്കുന്നത്? സ്വയം വന്നു കയറിയവളാണ് ഞാൻ എന്ന് നീ എന്നെ നിന്ദിക്കരുത്. ഞാൻ പതിവ്രതയാണ്. ഞാൻ ആദരിക്കപ്പെടേണ്ടവളായ നിന്റെ ഭാര്യയാണ്.“

“യാചിച്ചു പറയുന്ന എന്റെ വാക്ക് നീ അനുസരിക്കുന്നില്ലെങ്കിൽ ദുഷ്യന്താ, നിന്റെ ശിരസ്സ് നൂറു ഖണ്ഡമായി പൊട്ടിത്തെറിക്കും. ഭർത്താവ് ഭാര്യയിൽ ചേർന്നാൽ താൻ തന്നെ പുത്രനായി വീണ്ടും ജന്മമെടുക്കുന്നു. അതുകൊണ്ടാണ് ഭാര്യയ്ക്ക് ‘ജായാ‘ എന്ന് പേരുവരാൻ കാരണമെന്ന് വേദജ്ഞാനികൾ പറയുന്നു. പതിയുടെ ആത്മാവാണ് ഭാര്യയിൽ പുത്രരൂപേണ ജനിക്കുന്നത്. സുതൻ ‘പും’ നാമനരകത്തിൽനിന്നു പിതാവിനെ ത്രാണനം ചെയ്യുന്നു. അതുകൊണ്ട് അവനെ പുത്രനെന്ന് വിളിക്കുന്നു. പുത്രനാൽ ശാശ്വതമായ ലോകം നേടും. പുത്രനാൽ ശാശ്വതമായ ഫലം നേടും. ഗൃഹത്തിൽ സമർത്ഥയായവളാണ് ഭാര്യ! സുതാന്വിതയായവളാണ് ഭാര്യ! പതിപ്രാണയായവളാണ് ഭാര്യ! പതിവ്രതയായവളാണ് ഭാര്യ! പുരുഷന്ന് പകുതിയും ഭാര്യയാണ്, ഭാര്യ ഉത്തമയായ സഖിയാണ്. ധർമ്മാർത്ഥകാമമോക്ഷമൂലമായതും ഭാര്യയാണ്. സൽഗതിക്കു കാമിക്കുന്നവന് ബന്ധുവും ഭാര്യയാണ്. ഭാര്യയുള്ളവർ മാത്രമാണ് ഗൃഹസ്ഥർ. ഭാര്യയുള്ളവർക്കേ സൗഖ്യമുള്ളൂ. ഭാര്യയുള്ളവർക്കേ ലക്ഷ്മിയുള്ളൂ. വിജനത്തിൽ പ്രിയം ചൊല്ലുന്ന ഭാര്യമാർ സഖികളാണ്. ധർമ്മങ്ങളെ ഉപദേശിക്കുന്ന വിഷയത്തിൽ പിതാക്കളാണ്. ദുഃഖിതന്ന് അമ്മമാരാകുന്നു. ഭാര്യയുള്ളവൻ വിശ്വാസ്യനാകുന്നു. അതുകൊണ്ട് പുരുഷന്നു ഗതി ഭാര്യയാണ്.”

“അവനവനെ അവനവൻ തന്നെ ജനിപ്പിക്കുന്നതാണ് പുത്രനെന്ന് അറിവുള്ളവർ പറയുന്നു. അതുകൊണ്ട് പുത്രന്റെ അമ്മയെ തന്റെ മാതാവിനെപ്പോലെതന്നെ ബുധന്മാർ കാണുന്നു. കണ്ണാടിയിൽ തന്റെ മുഖമെന്നപോലെ ഭാര്യയിൽ തന്റെ പുത്രനെ പുണ്യവാനായ അച്ഛൻ കണ്ട് സ്വർഗ്ഗസുഖം അനുഭവിക്കുന്നു. ഉറുമ്പുകൾ പോലും അവയുടെ മുട്ടകൾ ഉടയാതെ സൂക്ഷിക്കുന്നു. ധർമ്മജ്ഞനായ ഭവാൻ എന്തുകൊണ്ട് സ്വപുത്രനെ ഭരിക്കുന്നില്ല? സ്പർശനസുഖത്തിൽ ഏറ്റവും ശ്രേഷ്ഠമായത് പുത്രസ്പർശസുഖമാണ്. വസ്ത്രങ്ങൾ, നാരിമാർ, ജലം ഇവയുടെ സ്പർശനസുഖത്തേക്കാൾ ശിശുവായ പുത്രൻ പുണരുന്ന സ്പർശനസുഖമാണ് ശ്രേഷ്ഠതമം. ഹേ രാജാവേ! നിന്റെ അംഗത്തിൽ നിന്ന് ഇവൻ ജനിച്ചു. പുരുഷന്മാരിൽ ശ്രേഷ്ഠപുരുഷനാണിവൻ. നീ തന്നെ രണ്ടായി നിൽക്കുന്നതുപോലെ ഇവനെ കാണുന്നു! തന്നോടുതുല്യനായ പുത്രനെ ജനിപ്പിച്ചിട്ട് നിരസിക്കുകയാണെങ്കിൽ ദേവകൾ അവന്റെ ഐശ്വര്യം നശിപ്പിക്കും. അതുകൊണ്ട് ഭവാൻ ധർമ്മവിത്താകുന്ന പുത്രനെ ഉപേക്ഷിക്കരുത്. നൂറു കിണറിനെക്കാൾ മെച്ചം ഒരു കുളമാണ്. നൂറു കുളത്തേക്കാൾ ശ്രേഷ്ഠം ഒരു യാഗമാണ്. നൂറു യാഗത്തേക്കാൾ ശ്രേഷ്ഠം ഒരു പുത്രനാണ്. നൂറു പുത്രനേക്കാൾ മെച്ചം ഒരു സത്യമാണ്. സത്യത്തിനു തുല്യമായി ധർമ്മമില്ല. സത്യത്തിനു തുല്യമായി മറ്റൊന്നുമില്ല. സത്യമാണ് പരമമായ ബ്രഹ്മം! സത്യമത്രേ വാഗ്ദാനം! അതുകൊണ്ട് ശപഥം, വാഗ്ദാനം ഭവാൻ കൈവെടിയരുതേ! സഖ്യം ഭവാനു സത്യമായി ഭവിക്കട്ടെ!“

ഇപ്രകാരം പറഞ്ഞ് അവിടെ നിന്നും ശകുന്തള പോകുവാൻ തുടങ്ങിയപ്പോൾ ‘ഇവൻ ദുഷ്യന്തന്റെ പുത്രനാണ്’ എന്നൊരു അശരീരി കേട്ടുവെന്നും അങ്ങനെ ഭാര്യയെയും മകനെയും രാജാവ് സ്വീകരിച്ചെന്നുമാണ് കഥ. ദുഷ്യന്തമഹാരാജാവ് ഏറ്റെടുത്ത ആ പുത്രൻ ‘ഭരതൻ‘ എന്ന് അറിയപ്പെട്ടു. ഭരതന്റെ രാജഭരണകാലം ഒരു സുവർണ്ണകാലമായിരുന്നു. അദ്ദേഹം അനേകം രാജ്യങ്ങൾ കീഴടക്കി. ജനങ്ങൾക്കെല്ലാം സർവ്വസമ്മതനായി അനേകകാലം ചക്രവർത്തിയായി വാണു. ആ ഭരതന്റെ രാജ്യം അന്നുമുതൽ ഭാരതം എന്നറിയപ്പെട്ടു.

കുമാരേട്ടന്റെയും ശകുന്തളചേച്ചിയുടെയും പുത്രനും ഭാവിയിൽ ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയേക്കാം. പക്ഷേ അതിന് ശകുന്തളചേച്ചി അടിയും കൊണ്ട് കരഞ്ഞുകൊണ്ട് വീടിനു ചുറ്റും ഓടിയാൽ പോരാ. മഹാഭാരതത്തിലെ ശകുന്തളയെപ്പോലെ ഭർത്താവിന് ധർമ്മം ഉപദേശിക്കണം. നടക്കുമോ എന്തോ?

No comments:

Post a Comment