Tuesday, 24 June 2014

വിചിത്ര വാഹനങ്ങൾ

“എത്ര വിചിത്രങ്ങളാണ് ഓരോ ദേവന്മാർക്കും നൽകിയിരിക്കുന്ന വാഹനങ്ങൾ. ആനയും കുതിരയുമൊക്കെ ആണെങ്കിൽ പുറത്തു കയറി യാത്ര ചെയ്യാമെന്ന് വെയ്ക്കാം. പക്ഷേ ഈ എലിയുടെയും മയിലിന്റെയും ഹംസത്തിന്റെയുമൊക്കെ പുറത്തു കയറി എങ്ങനെ സഞ്ചരിക്കും. എന്താണ് ഇങ്ങനെ പറഞ്ഞിരിക്കുന്നതിന്റെ ഉദ്ദേശം?” ഭാര്യയുടെ ഈ സംശയം എനിക്കും തോന്നിയിട്ടുള്ളതു തന്നെ. പക്ഷേ ഉത്തരം അറിയില്ലാന്ന് പറയുന്നതിലെ അഭംഗിയോർത്ത് ഞാൻ തുടങ്ങി.

“നിന്റെ കുഞ്ഞുന്നാളിൽ നീ കട്ടിലിൽ കയറിയിരുന്ന് കാലാട്ടുമ്പോൾ നിന്റെ അമ്മൂമ്മ എന്താണ് പറഞ്ഞിരുന്നത്?”

വിഷയത്തിൽ നിന്ന് മാറിയുള്ള എന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് അവളൊന്ന് അമ്പരന്നു. എന്നിട്ട് മറുപടി പറഞ്ഞു.

“ കാലാട്ടിയാൽ അച്ഛനും അമ്മയ്ക്കും ദോഷമാണ്, അതുകൊണ്ട് കാലാട്ടരുത് എന്ന് പറയുമായിരുന്നു.”

“എന്നിട്ട് പിന്നെ നീ കാലാട്ടിയിരുന്നോ?”

“ഇല്ല!“

“എന്തുകൊണ്ടാണ് അമ്മൂമ്മ അങ്ങനെ പറഞ്ഞിരുന്നതെന്ന് അറിയുമോ?”

“ഇല്ല!“

“അമ്മൂമ്മയുടെ കോളാമ്പിയും മറ്റ് സാധനങ്ങളും കട്ടിലിനടിയിലുണ്ട്. നിങ്ങൾ പിള്ളേര് കാലാട്ടി അത് തട്ടി മറിച്ചിടാതിരിക്കാൻ പ്രയോഗിച്ച സൂത്രമായിരുന്നു അത്.”

അവളെന്തെങ്കിലും പറയുന്നതിനു മുൻപ് ഞാൻ തുടർന്നു.

“ഇതുപോലെ പൗരാണിക ഭാരതീയർ, സാധാരണ ജനങ്ങളെ ധാർമ്മികമായ ഒരു ജീവിതചര്യ പഠിപ്പിച്ചിരുന്നത് പല രീതിയിലുള്ള കഥകളെയും വിശ്വാസങ്ങളെയും ജനമനസ്സുകളിൽ ദൃഢമായി പതിപ്പിച്ചുകൊണ്ടായിരുന്നു. തന്റെ ചുറ്റുപാടുമുള്ള സസ്യങ്ങളുടെയും ജന്തുക്കളുടെയും നിലനില്പിനെ  സംരക്ഷിക്കുവാനായി അവർ കൊണ്ടുവന്ന മാർഗ്ഗങ്ങളിലൊന്നായിരുന്നു ഈ പറഞ്ഞ വാഹനങ്ങൾ. തന്റെ ചുറ്റുപാടുമുള്ള സസ്യങ്ങളേയും ജന്തുക്കളേയും നശിപ്പിക്കരുത് എന്ന് ജനങ്ങളോട് പറയുന്നതിലും ഫലപ്രദമായി ഇവ അവർ വിശ്വസിക്കുന്ന ദേവന്മാർക്ക് പ്രീയപ്പെട്ടവരാണെന്നും അതുകൊണ്ടുതന്നെ സംരക്ഷിക്കപ്പെടേണ്ടവയാണെന്നും പറഞ്ഞു. അങ്ങനെ ഒരു പരിധി വരെ ആവാസവ്യവസ്ഥയുടെ നാശത്തെ പൗരാണികർ തടഞ്ഞു”

“പക്ഷേ ഓരോ ദേവന്മാർക്കും വാഹനങ്ങൾ കിട്ടിയതിനെക്കുറിച്ച് ഓരോ കഥകളാണല്ലോ?” അവൾ ചോദിച്ചു.

“അതെ. അങ്ങനെയുള്ള കൊച്ചു കൊച്ചു കഥകളിലൂടെ അവർ ഒരു സംസ്കാരത്തെ കെട്ടിപ്പടുക്കുകയായിരുന്നു.” ഞാൻ അഭിമാനത്തോടെ പറഞ്ഞു.

“ഈ മഹാവിഷ്ണുവിന്റെ വാഹനം ഗരുഡനല്ലേ?“

ഞാൻ തലകുലുക്കി.

“ഗരുഡൻ മഹാവിഷ്ണുവിന്റെ വാഹനമായതിനെക്കുറിച്ച് എന്തെങ്കിലും കഥയുണ്ടോ?”

“ഉണ്ടല്ലോ. എനിക്കറിയാവുന്ന കഥ ഞാൻ പറയാം.” ഞാൻ പറഞ്ഞു തുടങ്ങി.

“പണ്ട് കാശ്യപനെന്ന മഹർഷി  സത്പുത്രനെ ലഭിക്കുവാനായി ഒരു യാഗം നടത്താൻ തീരുമാനിച്ചു. യാഗത്തിനു വേണ്ട സാധനങ്ങൾ ശേഖരിക്കാൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന മറ്റ് മഹർഷിമാർ സഹായിച്ചു. അവരുടെ കൂട്ടത്തിൽ ബാലഖില്യർ എന്നറിയപ്പെടുന്ന മഹർഷിമാരും ഉണ്ടായിരുന്നു. ഒരു വിരലോളം മാത്രം പൊക്കം ഉള്ളവരായിരുന്നു അവർ. അവരും യാഗത്തിനു വേണ്ടി വിറക് ശേഖരിക്കാൻ പുറപ്പെട്ടു. ചെറിയ വിറകിന്റെ ചീളും തലയിലേന്തി പ്രയാസപ്പെട്ട് നടന്നു വരുന്ന അവരെ കണ്ട് ദേവേന്ദ്രൻ അത്ഭുതത്തോടെ നോക്കിനിന്നു. ഇങ്ങനെ വിറകുമായി പോകുന്ന വഴിയിൽ പശുക്കുളമ്പ് പതിഞ്ഞ് വെള്ളം കെട്ടിനിന്ന ഒരു കുഴിയിൽ അവർ വീണു. വിരലോളം മാത്രം പൊക്കമുണ്ടായിരുന്ന അവർക്ക് അത് ഒരു വലിയ തടാകമായി തോന്നി. ആ വെള്ളത്തിൽ നിന്നും കര കയറുവാൻ അവർ കാണിക്കുന്ന തത്രപ്പാടു കണ്ട് ദേവേന്ദ്രൻ പരിഹസിച്ചു ചിരിച്ചു. ഇത് ബാലഖില്യ മഹർഷിമാർക്ക് വിഷമമുണ്ടാക്കി.“

“ഇതിന് പ്രതികാരം ചെയ്യാൻ അവർ തീരുമാനിച്ചു. അവർ ഇന്ദ്രനെ ഭയപ്പെടുത്തുവാനായി ഒരു മഹാകർമ്മം തുടങ്ങി. ഇന്ദ്രനേക്കാൾ നൂറിരട്ടി ശക്തിയുള്ള മറ്റൊരു ഇന്ദ്രനെ സൃഷ്ടിക്കാനായിരുന്നു കർമ്മം. ഇത് കണ്ടതോടെ ദേവേന്ദ്രൻ ഭയപ്പെട്ട് കാശ്യപമഹർഷിയുടെ അടുത്ത് ചെന്ന് സഹായം അഭ്യർത്ഥിച്ചു. മഹർഷി ഇടപെട്ട് ബാലഖില്യന്മാരെ അനുനയിപ്പിച്ചു. എങ്കിലും കർമ്മത്തിന്റെ ഫലമായി കാശ്യപന്റെ പുത്രനായി അതിബലവാനായ പക്ഷികളുടെ രാജാവായ ഗരുഡൻ ഉണ്ടാകുമെന്ന് ബാലഖില്യന്മാർ ആശിർവദിച്ചു. ഇതാണ് ഗരുഡോല്പത്തി.”

“എന്നിട്ട്?” ബാക്കി കഥ കൂടി കേൾക്കാനുള്ള അവളുടെ ആകാംശ കണ്ട് ഞാൻ തുടർന്നു.

“പിന്നീടൊരിക്കൽ അമ്മയെ ദാസ്യത്തിൽ നിന്ന് രക്ഷിക്കുന്നതിനായി ദേവലോകത്തു നിന്നും അമൃത് കൊണ്ടുവരാനായി ഗരുഡൻ പുറപ്പെട്ടു. ഗരുഡന്റെ ഉദ്യമത്തെ തടയാൻ ദേവന്മാർ ശ്രമിച്ചു. അതിഭയങ്കരമായ യുദ്ധം ഉണ്ടായി. ഗരുഡൻ ഒറ്റയ്ക്ക് ദേവന്മാരോടെല്ലാം യുദ്ധം ചെയ്ത് അവരെ തോല്പിച്ചു. അമൃതുമായി മടങ്ങാൻ ശ്രമിക്കുന്ന ഗരുഡന്റെ വീര്യം കണ്ട് മഹാവിഷ്ണു സന്തുഷ്ടനായി.  അമൃത് സേവിക്കാതെ തന്നെ അമരനായിരിക്കും എന്ന വരവും നൽകി തന്റെ വാഹനമായിരിക്കാൻ ഗരുഡനെ മഹാവിഷ്ണു ക്ഷണിച്ചു. അങ്ങനെ ഗരുഡൻ മഹാവിഷ്ണുവിന്റെ വാഹനമായി.”

“കഥ കൊള്ളാം.” അവൾ അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു.

“പക്ഷേ ഒരു കാര്യമുണ്ട്. എന്റെ അമ്മൂമ്മയ്ക്ക് മുറുക്കുന്ന സ്വഭാവം ഇല്ലായിരുന്നു. അതുകൊണ്ട് കട്ടിലിനടിയിൽ കോളാമ്പിയുമുണ്ടായിരുന്നില്ല.”

No comments:

Post a Comment