Wednesday 18 June 2014

ജാതകപ്പൊരുത്തം

“എന്തൊക്കെയുണ്ടെടാ വിശേഷം? ഒരുപാട് നാളായല്ലോ കണ്ടിട്ട്? നിന്റെ കല്ല്യാണക്കാര്യമൊക്കെ എന്തായി?”

കൂടെ പഠിച്ച സുഹൃത്തിനെ വർഷങ്ങൾക്ക് ശേഷം കണ്ടതിന്റെ ആവേശത്തിൽ ഞാൻ ചോദിക്കാനുള്ളതെല്ലാം ഒറ്റശ്വാസത്തിൽ ചോദിച്ചിട്ട് മറുപടിക്കായി കാത്തിരുന്നു. കല്ല്യാണക്കാര്യം ചോദിച്ചപ്പോഴേക്കും അവന്റെ മുഖം വാടി.

“കല്ല്യാണാലോചനകളൊക്കെ മുറയ്ക്ക് നടക്കുന്നുണ്ട്.” അവൻ അല്പം നിരാശയോടെ പറഞ്ഞു.

“നിനക്ക് എന്താണ് ഇത്ര പ്രശ്നം? നല്ല ജോലി. ജോലിക്കൊത്ത ശമ്പളം. വീട്ടിൽ വേറെ ബാധ്യതകളൊന്നുമില്ല. അച്ഛനും അമ്മയും സുഖമായിരിക്കുന്നു. പിന്നെന്താണ് പ്രശ്നം?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“ഓ, എന്റെ ജാതകം പ്രശ്നമാണ്. ഞങ്ങൾക്കിഷ്ടപ്പെടുന്ന ആലോചനകളൊന്നും ചേരില്ലെന്നാണ് ജോത്സ്യൻ പറയുന്നത്. എന്റെ ഈ ഒരു ജാതകം കൊണ്ടു തന്നെ അയാൾ പുതിയ വീടു വച്ചു.” അവൻ അല്പം തമാശയായി പറഞ്ഞു.

“എടാ, ഇനിയെങ്കിലും ഈ ജാതകമൊക്കെ മാറ്റി വച്ച് നല്ല ഏതെങ്കിലും ആലോചന വരുമ്പോൾ നടത്തിക്കൂടേ?” ഞാൻ ചോദിച്ചു.

“വീട്ടുകാർക്ക് ഇതിലൊക്കെ ഭയങ്കരവിശ്വാസമാ. ഞാൻ പറഞ്ഞാലൊന്നും നടക്കത്തില്ല.” അവന്റെ വാക്കുകളിലെ നിരാശ ഞാനറിഞ്ഞു. ഞാൻ പതിവുപോലെ എന്റെ ഉപദേശമാരംഭിച്ചു.

“നിനക്കൊരു കാര്യം അറിയാമോ! നമ്മൾ വിവാഹക്കാര്യങ്ങളിൽ മാതൃകയാക്കുന്നത് രാമന്റെയും സീതയുടെയും വിവാഹമാണ്. എന്നാൽ, ഈ രാമൻ ജാതകം നോക്കാതെയാണ് കെട്ടിയത്!“

“ശരിക്കും?“ അവൻ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി.

“അതെ. ഞാൻ ആ കഥ പറയാം. ഒരിക്കൽ രാമലക്ഷ്മണന്മാരോടൊത്ത് വിശ്വാമിത്രമഹർഷി ജനക മഹാരാജാവ് നടത്തുന്ന യാഗത്തിൽ സംബന്ധിക്കാനെത്തി. രാമലക്ഷ്മണന്മാർക്ക് ജനകന്റെ കയ്യിലുള്ള അതിവിശിഷ്ടമായ ശൈവചാപത്തെ കണ്ട് നമസ്കരിക്കാൻ ആഗ്രഹമുണ്ടെന്ന് വിശ്വാമിത്രൻ അറിയിച്ചു. അതുകേട്ട് സന്തുഷ്ടനായ രാജാവ് ആ വില്ലിന്റെ മാഹാത്മ്യത്തെക്കുറിച്ചും അതിൽ ഞാൺ കെട്ടാൻ കെല്പുള്ള വീരനു മാത്രമേ തന്റെ വളർത്തുപുത്രിയായ സീതയെ കൊടുക്കൂ എന്ന തന്റെ പ്രതിജ്ഞയെ കുറിച്ചും അവരോട് സൂചിപ്പിച്ചു. അനന്തരം, രാജാവിന്റെ നിർദ്ദേശപ്രകാരം ആ വില്ല് കൊണ്ടുവരപ്പെട്ടു. അതിബലവാന്മാരായ അയ്യായിരം പേർ എട്ടു ചക്രങ്ങളുള്ള ഒരു ഇരുമ്പു വണ്ടിയിൽ വില്ല് വച്ചിരുന്ന ആ പെട്ടി വലിച്ചുകൊണ്ടു വന്നു. അനേകം രാജാക്കന്മാർ എടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ആ വില്ല് കണ്ടപ്പോൾ അതൊന്നെടുത്ത് ഞാൺ കെട്ടിയാൽ കൊള്ളാമെന്ന് രാമനു തോന്നി. വിശ്വാമിത്രന്റെ അനുവാദത്തോടെ രാമൻ വില്ലെടുത്തുയർത്തി. അത് വളച്ച് ഞാൺ കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ അതിഭയങ്കരമായ ശബ്ദത്തോടെ വില്ല് രണ്ടായി ഒടിഞ്ഞു. ആ ശബ്ദം കേട്ട് വിശ്വാമിത്രമഹർഷിയും രാമലക്ഷ്മണന്മാരും ജനകമഹാരാജാവും ഒഴികെ എല്ലാവരും മോഹാലത്സ്യപ്പെട്ടു വീണു. അത്യത്ഭുതകരമായ ആ കൃത്യം കണ്ട് രാജാവ് അത്യധികം സന്തുഷ്ടനായി. സീതയെ രാമനും തന്റെ പുത്രിയായ ഊർമ്മിളയെ ലക്ഷ്മണനും വിവാഹം കഴിച്ചുകൊടുക്കാമെന്ന് ജനകമഹാരാജാവ് തീരുമാനിച്ചു.”

“ദൂതന്മാർ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. വാർത്ത അറിഞ്ഞ് ദശരഥമഹാരാജാവിനും സന്തോഷമായി. പരിവാരങ്ങളോടും ചതുരംഗസൈന്യങ്ങളോടും കൂടി അദ്ദേഹം മിഥിലയിലേക്ക് പുറപ്പെട്ടു. ജനകൻ സാംകാശ്യത്തിലെ രാജാവും തന്റെ അനുജനുമായ കുശദ്ധ്വജനേയും വിവരം അറിയിച്ചു. എല്ലാവരും എത്തി കുശലാന്വേഷണങ്ങൾ നടത്തുന്നതിനിടയിൽ ദശരഥമഹാരാജാവിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ഒരു നിർദ്ദേശം വച്ചു. ദശരഥന് വീരന്മാരായ രണ്ട് പുത്രന്മാർ കൂടിയുണ്ട്; ജനകന്റെ അനുജനായ കുശദ്ധ്വജനും സുന്ദരികളായ രണ്ട് പുത്രിമാരുണ്ടെന്ന് അറിയുന്നു; അവരുടെ വിവാഹം കൂടി ഈ അവസരത്തിൽ ചിന്തിച്ചാലെന്താ എന്നായിരുന്നു നിർദ്ദേശം. എല്ലാവരും അതിനെ അനുകൂലിച്ചു. അങ്ങനെ രാമൻ സീതയെയും, ലക്ഷ്മണൻ ഊർമ്മിളയേയും, ഭരതൻ മാണ്ഡവിയേയും, ശത്രുഘ്നൻ ശ്രുതകീർത്തിയെയും വിവാഹം കഴിക്കാം എന്ന് തീരുമാനിക്കപ്പെട്ടു. ഇവിടെയെങ്ങും ഒരു ജാതകവും നോക്കിയില്ല.”

ഞാൻ പറഞ്ഞു നിർത്തി.

“വിവാഹത്തിന്റെ മുഹൂർത്തവും നോക്കിയില്ലേ?” കഥ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന അവൻ ചോദിച്ചു.

“പ്രത്യേകമായി ഒരു ജോത്സ്യനെയും വരുത്തിയില്ല. വിവാഹനിശ്ചയം കഴിഞ്ഞ് മൂന്നാം നാൾ കല്ല്യാണം. മംഗളകാര്യങ്ങൾക്ക് ഉത്രം നാൾ നല്ലതാണെന്ന് ബുദ്ധിമാന്മാർ പറഞ്ഞു കേട്ടിട്ടുണ്ട് എന്ന ജനകന്റെ നിർദ്ദേശത്തോട് എല്ലാവരും യോജിക്കുകയായിരുന്നു.” ഞാൻ പറഞ്ഞു.

“നമ്മുടെ വിവാഹങ്ങളിൽ കാണാറുള്ള സ്വർണ്ണാഭരണങ്ങളിൽ പൊതിഞ്ഞ കല്ല്യാണപ്പെണ്ണ് എന്ന സമ്പ്രദായവും ഈ കല്ല്യാണത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമോ?” അവൻ സംശയം പ്രകടിപ്പിച്ചു.

“അതെനിക്കറിയില്ല. രാജകുമാരന്മാരുടെ വിവാഹമല്ലേ! ആഡംബരങ്ങൾ കാണാതിരിക്കുമോ? ഹംസങ്ങൾ പോലെ പൂവേലകളോടു കൂടിയ ഇളം മഞ്ഞനിറമുള്ള പട്ടുസാരിയും ഉടുത്ത് സർവ്വാലങ്കാരഭൂഷിതയായി കടും ചുവപ്പ് നിറത്തിലുള്ള ഉത്തരീയവും ധരിച്ച് മഹാലക്ഷ്മിയെപ്പോലെ വിവാഹമണ്ഡപത്തിലേക്കെത്തുന്ന സീതയെ വാല്മീകീരാമായണത്തിൽ വർണ്ണിച്ചിട്ടുണ്ട്. എന്തായാലും വിവാഹച്ചടങ്ങുകളെപ്പറ്റി ആലോചിക്കാതെ ഈ കഥ നീ നിന്റെ അച്ഛന് പറഞ്ഞുകൊടുക്ക്. എന്നിട്ട് നല്ല ഒരു പെണ്ണിനെ കണ്ടെത്താൻ നോക്ക്. ” ഞാൻ അവനോട് യാത്ര പറഞ്ഞു.

ഒരു മാസം കഴിഞ്ഞാണ് പിന്നെ ഞാൻ അവനെ കാണുന്നത്. ഒരു കല്ല്യാണാലോചന കൂടി ജാതകം കാരണം മുടങ്ങിയ വിഷമത്തിലായിരുന്നു അവൻ. ഞാൻ ചോദിച്ചു.

“ഞാൻ പറഞ്ഞ കഥ നീ നിന്റെ അച്ഛനോട് പറഞ്ഞില്ലേ?”

“അത് പറഞ്ഞതാ കൂടുതൽ പ്രശ്നമായത്. ആ കഥ കേട്ട് അച്ഛൻ പറഞ്ഞ ഡയലോഗ് എന്താണെന്നോ? ‘മോനേ, നീ രാമായണം എടുത്ത് ബാക്കി കഥ കൂടി വായിച്ച് പഠിക്ക്. കല്ല്യാണം കഴിക്കുന്നതുവരെ രാജകുമാരനായി വിലസിയ രാമൻ, അതിനു ശേഷം എന്നെങ്കിലും സമാധാനത്തോടിരുന്നിട്ടുണ്ടോ? കാട്ടിൽ പോയി, ഭാര്യയെ കാണാതായി, രാക്ഷസന്മാരോട് ഏറ്റുമുട്ടി അവസാനം ഡൈവേഴ്സും ആയി. ഇതിനെല്ലാം കാരണം ജാതകം നോക്കാതെ കല്ല്യാണം കഴിച്ചതാ. അതുകൊണ്ട് നീ ജാതകം നോക്കി കെട്ടിയാൽ മതി.’“ അവന്റെ സംസാരം കേട്ട് ഞാൻ ചിരിച്ചുപോയി. വെളുക്കാൻ തേച്ചത് പാണ്ടായി.

No comments:

Post a Comment