Wednesday 25 June 2014

മദ്യപാനികൾക്ക് കിട്ടിയ ശാപം

കുടിയന്മാരെ അസുരഗുരു ശപിക്കുന്ന ഒരു ഭാഗമുണ്ട് മഹാഭാരതത്തിൽ. ആ കഥ പറയാം..

ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ ഭയങ്കരമായ ഒരു യുദ്ധമുണ്ടായി. രണ്ടു ഭാഗത്തും ഒരുപാട് പേർ മരിച്ചുവീണു. യുദ്ധം ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് ദേവന്മാർ ഒരു കാര്യം ശ്രദ്ധിച്ചത്. മരിച്ചു വീഴുന്ന അസുരന്മാരെല്ലാം തിരിച്ചുവന്ന് വീണ്ടും യുദ്ധം ചെയ്യുന്നു! എന്താണ് ഇതിന്റെ രഹസ്യമെന്ന് ദേവന്മാർ കൂടിയാലോചിച്ചു. അവർ ദേവഗുരുവായ ബൃഹസ്പതിയെ ചെന്നുകണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി പറഞ്ഞു.

“നിങ്ങളാൽ കൊല്ലപ്പെടുന്ന അസുരന്മാരെയെല്ലാം അസുരഗുരുവായ ശുക്രാചാര്യൻ ജീവിപ്പിക്കുകയാണ്. അദ്ദേഹത്തിന്ന് ‘സംജീവനിമന്ത്രം’ വശമുണ്ട്.“

ഇത് അറിഞ്ഞതോടെ ദേവന്മാർ അങ്കലാപ്പിലായി. ഇങ്ങനെ പോയാൽ യുദ്ധത്തിൽ പരാജയം സംഭവിക്കും. എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ. അവർ കൂടിയാലോചിച്ച് അവസാനം ഒരു ഉപായം കണ്ടെത്തി. ദേവഗുരുവായ ബൃഹസ്പതിയുടെ മകനായ കചനെ ശൂക്രാചാര്യരുടെ അടുത്തേക്ക് അയയ്ക്കാം. കചൻ അദ്ദേഹത്തിന്റെ ശിഷ്യനായി അവിടെ കഴിഞ്ഞ് ഗുരുവിന്റെ പ്രീതി സമ്പാദിച്ച് മന്ത്രവിദ്യ സ്വായത്തമാക്കട്ടെ!

അങ്ങനെ കചൻ ശുക്രാചാര്യരുടെ അടുത്തെത്തി തന്നെ ശിഷ്യനാക്കണമെന്ന് അപേക്ഷിച്ചു. ദേവഗുരുവിന്റെ മകനെ ശിഷ്യനാക്കാൻ ശുക്രാചാര്യൻ ഒരു മടിയും കാണിച്ചില്ല. അങ്ങനെ കചൻ ഗുരുകുലത്തിൽ വസിച്ചു.  ഗുരുവിന്റെ കല്പനകളെല്ലാം അയാൾ ശിരസാവഹിച്ചു. കാലം കഴിഞ്ഞതോടെ ഗുരുവിന്റെ പ്രിയശിഷ്യനായി കചൻ മാറി. തന്നെയുമല്ല ഗുരു പുത്രിയായ ദേവയാനിയ്ക്കും പ്രിയപ്പെട്ടവനായി മാറാൻ കചനു കഴിഞ്ഞു.

ഇങ്ങനെയിരിക്കെ അസുരന്മാർക്ക് കചനെക്കുറിച്ച് സംശയമായി. അവർ അയാളെ അപായപ്പെടുത്താനുറച്ചു. ഒരുദിവസം പശുവിനെ മേയ്ക്കാൻ പോയ കചനെ അസുരന്മാർ കൊന്നു. അവന്റെ ശരീരം ചെറുതായി വെട്ടി അരിഞ്ഞ് ചെന്നായ്ക്കൾക്ക് കൊടുത്തു.

സന്ധ്യയായി. പശുക്കളെല്ലാം തിരിച്ചെത്തി. കചനെ കാണുന്നില്ല. ദേവയാനിക്ക് പരിഭ്രമമായി. അവൾ തന്റെ പിതാവിന്റെ അടുത്തെത്തി.

“അച്ഛാ, അങ്ങ് അഗ്നിയെ ഹോമിച്ചു കഴിഞ്ഞു. സൂര്യനും അസ്തമിച്ചിരിക്കുന്നു. പശുപാലനെ കൂടാതെ പശുക്കളെല്ലാം തിരിച്ചെത്തിയിരിക്കുന്നു. കചനെ കാണുന്നില്ല. അവൻ മരിച്ചുവോ? അവനെ ആരെങ്കിലും കൊന്നുകളഞ്ഞുവോ? നിശ്ചയമായും കചന് ആപത്തുപറ്റിയിരിക്കുന്നു. അവന് ആപത്തു പറ്റിയാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല”

പുത്രിയുടെ വിലാപം കേട്ട് ശുക്രാചാര്യൻ സംജീവനിമന്ത്രം ചൊല്ലി കചനെ വിളിച്ചു. ചെന്നായ്ക്കളുടെ ദേഹം പിളർന്ന് കചന്റെ ദേഹാംശങ്ങൾ ഒന്നായി ചേർന്നു. കചൻ തിരിച്ചെത്തി. അവൻ നടന്നതെല്ലാം ദേവയാനിയെ അറിയിച്ചു.

പിന്നീടൊരിക്കൽ പുഴയിലേക്ക് പോയ കചനെ അസുരന്മാർ പിടിച്ച് കൊന്ന് അരച്ച് വെള്ളത്തിൽ കലക്കി. അപ്പോഴും ദേവയാനിയുടെ അപേക്ഷ പ്രകാരം ശുക്രാചാര്യർ കചനെ ജീവിപ്പിച്ചു. ഒടുവിൽ അസുരന്മാർ ഒരു ഉപായം കണ്ടെത്തി. അവർ കചനെ ചുട്ടുപൊടിച്ച് മദ്യത്തിൽ കലക്കി അത് ശുക്രാചാര്യനെ കുടിപ്പിച്ചു.

കചനെ കാണാതായപ്പോൾ ദേവയാനി വീണ്ടും അച്ഛന്റെ അടുത്തെത്തി. മഹർഷി മന്ത്രം ചൊല്ലിയതോടെ അവൻ ജീവിച്ചു. പക്ഷേ തന്റെ വയറ്റിലാണ് ശിഷ്യൻ എന്നറിഞ്ഞ് ഗുരു ചോദിച്ചു.

“ഹേ, കചാ! നീ എങ്ങനെയാണ് എന്റെ വയറ്റിൽ പെട്ടത്?”

കചൻ ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞു. അതുകേട്ട് ശൂക്രാചാര്യൻ ദേവയാനിയോട് പറഞ്ഞു.

“മകളേ, ഞാൻ ഇപ്പോൾ ഈ വിഷമസന്ധിയിൽ എത്തിപ്പെട്ടിരിക്കുന്നു. ഞാൻ മരിച്ചാലേ കചൻ ജീവിക്കുകയുള്ളൂ. എന്റെ വയറു കീറാതെ അതിനുള്ളിൽ കിടക്കുന്ന കചൻ പുറത്തുവരികയില്ല. ഞാൻ എന്തു ചെയ്യും?”

ഇതുകേട്ട് ദേവയാനി പറഞ്ഞു.

“അച്ഛാ, അങ്ങയുടെ നാശവും കചന്റെ നാശവും എനിക്ക് ദുസ്സഹമാണ്. കചൻ മരിച്ചാൽ എന്റെ സുഖം നശിച്ചു! അങ്ങ് മരിച്ചാ‍ൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.”

മകളുടെ ദുഃഖം കണ്ട് അവസാനം ശുക്രാചാര്യൻ അത് തീരുമാനിച്ചു. തന്റെ വയറ്റിൽ കിടക്കുന്ന കചനെ സംജീവനിമന്ത്രം പഠിപ്പിക്കുക. എന്നിട്ട് വയറു കീറി അവനെ പുറത്തെടുക്കുക. അവൻ തന്നെ ജീവിപ്പിച്ചോളും. ഗുരു പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. കചൻ മന്ത്രം ഹൃദിസ്ഥമാക്കി. വയറുകീറി പുറത്തുചാടിയ ശിഷ്യൻ ഗുരുവിനെ ജീവിപ്പിച്ചു. എല്ലാം ശുഭമായി കലാശിച്ചു.

എന്നാൽ ശുക്രാചാര്യർ തീർത്തും അസ്വസ്ഥനായിരുന്നു. സുരാപാനം മൂലം ചതിയിൽ പെട്ടുപോയ മുനി ഘോരമായ സംജ്ഞാനാശം അറിഞ്ഞു. വിദ്വാനായ കചനെക്കൂടി താൻ മദ്യത്തോടുകൂടി സേവിച്ചതോർത്ത് താൻ ചെയ്ത തെറ്റിനെക്കുറിച്ച് സ്വയമേവ ക്രുദ്ധനായി. അദ്ദേഹം മദ്യപാനികളെ ഇങ്ങനെ ശപിച്ചു.

“ഇന്നുമുതൽ ഏതൊരു വ്യക്തിയാണോ മദ്യം പാനം ചെയ്യുന്നത്, മന്ദബുദ്ധിയായ അവൻ ധർമ്മം വിട്ട് ബ്രഹ്മഹത്യാപാപമേറ്റ് നിന്ദ്യനാകട്ടേ..”

5 comments:

  1. ശ്ശെടാ ഈ ശാപത്തിലെ "ഇന്നു മുതൽ " എന്നത് "നാളെ മുതൽ" എന്നാക്കി കിട്ടിയിരുന്നെങ്കിൽ രക്ഷപെട്ടേനെ. ഇന്ന് വെള്ളമടിക്കാമായിരുന്നു :) 

    ReplyDelete
  2. ഈ ശാപം കേട്ടായിരിക്കും ഉമ്മൻ ചാണ്ടി ബാറുകളൊക്കെ അടച്ചുപൂട്ടിയത്.. :)‌

    ReplyDelete
  3. രാമായണപ്രകാരം വെള്ളമടി ദേവന്മാരുടെ കുത്തക ആണ്

    പാലാഴിമഥനസമയത്ത് മദ്യം - "സുര" ഉയർന്ന് വന്നപ്പോൽ അത് ആരെടുക്കും എന്ന് ചോദ്യം വന്നു.

    ദൈത്യന്മാർ അതിനെ വേണ്ട അന്നു പറഞ്ഞു. അതു കാരണം - സുരയെ വേണ്ടാ എന്ന് വച്ചവർ ആയത് കൊണ്ട് - അവർ അന്നു മുതൽ അസുരന്മാർ എന്നറിയപ്പെട്ടു. സുര അടിച്ചു പൂസായ ദേവന്മാർ സുരന്മാർ എന്നും

    വാല്മീകിരാമായണം

    ReplyDelete
  4. ചുരുക്കം പറഞ്ഞാൽ വെള്ളമടിക്കാരെ കണ്ടാൽ തൊഴണം... അല്ലേ പണിക്കർ സാ‍റേ?

    ReplyDelete