Thursday 4 September 2014

വിനാശകാലേ വിപരീത ബുദ്ധി!!

ചിലർ അങ്ങനെയാണ്. ചോദിച്ചു വാങ്ങും. കിട്ടിയില്ലെങ്കിൽ വീണ്ടും വീണ്ടും ചോദിക്കും. ശമ്പളവർദ്ധനവിലെ വ്യത്യാസങ്ങളെക്കുറിച്ച് മാനേജരോട് തട്ടിക്കയറുകയാണ് അയാൾ. കിട്ടേണ്ടത് കിട്ടിയെങ്കിലും വേറൊരാൾക്ക് കുറച്ച് അധികം കിട്ടിയതാണ് പ്രശ്നം. ആദ്യമൊക്കെ മാനേജർ മിണ്ടാതെയിരുന്നു. പിന്നെ സമാധാനിപ്പിക്കാൻ നോക്കി. ചീത്തവിളിയും തന്തയ്ക്കുവിളിയും അധികമായപ്പോൾ സസ്പെൻഷൻ ഓർഡർ എടുത്ത് കയ്യിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു,

“നീ ഇവിടെ കാട്ടിക്കൂട്ടിയിട്ടുള്ള കള്ളത്തരങ്ങളും തിരിമറികളുമെല്ലാം എനിക്കറിയാം. അതെല്ലാം ഞാൻ ക്ഷമിച്ചു. പക്ഷേ, ഇപ്പോൾ നീ പരിധി വിട്ടിരിക്കുന്നു. ഇനി കുറച്ചുകാലം വീട്ടിലിരിക്ക്..”

സസ്പെൻഷനും വാങ്ങി മിണ്ടാതെ പുറത്തേക്ക് പോയ ആളെ കണ്ടപ്പോൾ എനിക്ക് ശിശുപാലനെയാണ് ഓർമ്മ വന്നത്. ആരാണ് ഈ ശിശുപാലൻ എന്നല്ലേ? മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കക്ഷി! ശ്രീകൃഷ്ണനെ ചീത്തവിളിക്കുന്നവൻ! ആ കഥ ഒന്ന് കേൾക്കാം..

യുധിഷ്ഠിരൻ ഖാണ്ഡവപ്രസ്ഥത്തിൽ രാജാവായി വാഴുന്ന കാലം. ചക്രവർത്തി പദം കാംക്ഷിച്ച് അദ്ദേഹം രാജസൂയ യജ്ഞം ചെയ്യുവാൻ തീരുമാനിക്കുന്നു. അതിലേക്കായി ചുറ്റുപാടുമുള്ള രാജ്യങ്ങളിലെ എല്ലാ രാജാക്കന്മാരും എത്തിച്ചേർന്നു. അമൂല്യങ്ങളായ സമ്മാനങ്ങളുമായി എത്തിച്ചേർന്ന രാജാക്കന്മാരെക്കൊണ്ട് ഇന്ദ്രപ്രസ്ഥം നിറഞ്ഞു. അപ്പോൾ യുധിഷ്ഠരന്റെ മനസ്സിൽ ഒരു സംശയമുദിച്ചു. ശ്രേഷ്ഠന്മാരായ ഈ രാജാക്കന്മാരിൽ ആരെ ആണ് ആദ്യം പൂജിക്കേണ്ടത്? ആരെയാണ് ആദ്യം ഉപചാരപൂർവ്വം സ്വീകരിക്കേണ്ടത്? യുധിഷ്ഠരൻ ഭീഷ്മരുടെ സഹായം തേടി.

ഭീഷ്മർ പറഞ്ഞു. “ഈ ഭൂമിയിൽ വച്ച് ഏറ്റവും മാന്യനായവൻ കൃഷ്ണനാണ്. അവൻ എല്ലാവരേക്കാളും ശക്തിയിലും മഹത്ത്വത്തിലും പരാക്രമത്തിലും മുമ്പനാണ്. ജ്യോതിസ്സുകളുടെ ഇടയിൽ ഭാസ്കരനെപ്പോലെ തപിക്കുന്നവനാണ്. സൂര്യനില്ലാത്തിടത്ത് സൂര്യനാണ്. കാറ്റില്ലാത്തേടത്ത് കാറ്റാണ്. അപ്രകാരമാണ് ഈ സഭയെ തെളിയിച്ച് കൃഷ്ണൻ ആഹ്ലാദിപ്പിക്കുന്നത്.“

ഭീഷ്മരുടെ നിർദ്ദേശം അനുസരിച്ച് സഹദേവൻ കൃഷ്ണനെ ഉപചാരപൂർവ്വം സ്വീകരിച്ചു. എന്നാൽ വാസുദേവനെ അഗ്രപൂജ ചെയ്ത് സ്വീകരിച്ചത് സദസ്സിലിരുന്ന ചേദിരാജാവായ ശിശുപാലന് സഹിച്ചില്ല. മഹാബലവാനായ അദ്ദേഹം ആ സഭയിൽ ഭീഷ്മനേയും ധർമ്മപുത്രനേയും നിന്ദിച്ച്, കൃഷ്ണനെ ആക്ഷേപിച്ച് സംസാരിച്ചു. ശിശുപാലൻ പറഞ്ഞു.

“മഹാത്മാക്കളായ മഹാരാജാക്കന്മാർ സദസ്സിൽ നിറഞ്ഞിരിക്കുമ്പോൾ വൃഷ്ണിവംശജനായ ഇവൻ രാജപൂജയ്ക്ക് അർഹനല്ല. മഹാന്മാരായ പാണ്ഡവർക്ക് ചേർന്നതല്ല ഈ കർമ്മം. വിവരമില്ലാത്തവനും അല്പം മാത്രം കാണുന്നവനുമാണ് ഗംഗാനദിയുടെ പുത്രനായ ഭീഷ്മൻ. രാജാവല്ലാത്ത കൃഷ്ണൻ എങ്ങനെയാണ് ഈ വിധം പൂജയ്ക്ക് അർഹനായത്? വൃദ്ധൻ എന്ന നിലയ്ക്കാണ് നിങ്ങൾ ഇവനെ ആദരിച്ചതെങ്കിൽ വസുദേവനിരിക്കുമ്പോൾ അവന്റെ പുത്രൻ എങ്ങനെ പൂജയ്ക്ക് അർഹനാകും? അതല്ല, ഇഷ്ടം ചെയ്യുന്ന ബന്ധു എന്ന നിലയ്ക്കാണെങ്കിൽ ദ്രുപദനല്ലേ അതിന് അർഹൻ? ആചാര്യന്റെ നിലയ്ക്കാണ് അഗ്രപൂജ ചെയ്തതെങ്കിൽ ദ്രോണരെ അല്ലേ ആദ്യം സൽക്കരിക്കേണ്ടത്? അതല്ല, ഋത്വിക്കിന്റെ നിലയിലാണ് സല്ക്കരിച്ചതെങ്കിൽ വൃദ്ധനായ വ്യാസനുള്ളപ്പോൾ എന്താണ് കൃഷ്ണനെ പൂജിച്ചത്? പുരുഷന്മാരിൽ വച്ച് ഉത്തമനായ ഭീഷ്മനും, സർവ്വശസ്ത്രജ്ഞനായ അശ്വത്ഥാമാവും, രാജേന്ദ്രനും പുരുഷശ്രേഷ്ഠനുമായ ദുര്യോധനനും, കൃപാചാര്യരും, ദ്രുമനും, ദുർദ്ധർഷനായ ഭീഷ്മകനും, പാണ്ഡുതുല്യനായ രുഗ്മിയും, മഹാധനുർദ്ധരനായ ഏകലവ്യനും, മാദ്രേശനായ ശല്യരുമുള്ളപ്പോൾ എന്തേ, കൃഷ്ണനെ പൂജിക്കുവാൻ? സർവ്വരാജാക്കന്മാരുടേയും ഇടയിൽ മഹാബലവാനും പരശുരാമന്റെ ഇഷ്ടശിഷ്യനുമായ കർണ്ണൻ നിൽക്കുമ്പോൾ കൃഷ്ണനെ പൂജിച്ചത് ഉചിതമായോ? കൃഷ്ണൻ ഋത്വിക്കല്ല, ആചാര്യനല്ല, രാജാവല്ല! പിന്നെ പൂജ ചെയ്തത് എന്തുകൊണ്ട്? വെറും സേവയ്ക്ക് മാത്രം. അല്ലാതെന്ത്? നിങ്ങൾക്ക് ഇവനെ ആദരിക്കണമെങ്കിൽ ഞങ്ങളെയെല്ലാം വിളിച്ചുവരുത്തി അപമാനിച്ചതെന്തിന്? രാജസദസ്സിൽ വച്ച് ലക്ഷണംകെട്ട ഇവനെ ഇങ്ങനെ പൂജിച്ചതിനാൽ, ഹേ യുധിഷ്ഠിരാ, ധർമ്മാത്മാവ് എന്ന പേര് നീ കളഞ്ഞുകുളിച്ചു. ജരാസന്ധരാജാവിനെ ചതിച്ചുകൊന്ന കൊലപാതകിയാണിവൻ. പാർത്ഥർ ഭീരുക്കളും കൃപണന്മാ‍രും പാവങ്ങളുമാണെങ്കിൽ, ഹേ കൃഷ്ണാ, നീ ചിന്തിക്കേണ്ടതല്ലേ ഈ പൂജ തനിക്ക് ചേർന്നതാണോയെന്ന്? അർഹതയില്ലാത്തത് വാങ്ങിയിട്ട് ഹവിസ്സിന്റെ ഭാഗം വിജനത്തിൽ വെച്ചു തിന്നുന്ന പട്ടിയെപ്പോലെ നാണമില്ലാതെ യോഗ്യത നടിക്കുന്നു.”

ഇത്രയും പറഞ്ഞ് സ്വന്തം ആസനത്തിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകുവാൻ തുടങ്ങിയ ചേദിരാജാവിനെ യുധിഷ്ഠിരൻ ആവും വിധം സമാധാനിപ്പിക്കുവാൻ ശ്രമിച്ചു. അപ്പോൾ ഭീഷ്മർ ഇങ്ങനെ പറഞ്ഞു.

“ലോകത്തിലെ ഏറ്റവും ജ്ഞാനവൃദ്ധനായ കൃഷ്ണനെ ആദരിച്ചത് സഹിക്കാൻ കഴിയാത്ത ഇവനെ ഭവാൻ എന്തിന് സാന്ത്വനിപ്പിക്കാൻ ശ്രമിക്കണം? ക്ഷത്രിയൻ ക്ഷത്രിയനോട് പോരാടി ജയിച്ച് കീഴടക്കിയാൽ ആ പോരാളിക്ക് അവൻ ഗുരുവാണ്. കൃഷ്ണൻ പോരിൽ തന്റെ ശക്തിയാൽ ജയിക്കാത്ത ഒരു രാജാവിനേയും ഈ സദസ്സിൽ ഞാൻ കാണുന്നില്ല. ജന്മം മുതൽ ഈ ധീമാന്റെ കർമ്മങ്ങൾ പലപ്പോഴും പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ചേദിരാജാവേ, വെറും മോഹംകൊണ്ടല്ല, ബന്ധുവഴിക്കല്ല, സഹായിച്ച വേഴ്ചനോക്കിയുമല്ല ജനാർദ്ദനനെ അർച്ചിച്ചത്. ഇവൻ അർച്ച്യനായതുകൊണ്ടാണ്. ബ്രാഹ്മണരിൽ ജ്ഞാനം അധികമുള്ളവനും, ക്ഷത്രിയരിൽ ബലം കൂടിയവനും, വൈശ്യരിൽ സമ്പന്നനും, ശൂദ്രരിൽ മൂപ്പുകൂടിയവനുമാണ് പൂജാർഹൻ. വേദവേദാംഗവിജ്ഞാനവും അതുല്യമായ മഹാബലവും തികഞ്ഞ കൃഷ്ണനല്ലാതെ മനുഷ്യലോകത്തിൽ മറ്റാരുണ്ട് ഈ പൂജയ്ക്ക് അർഹൻ? വേദം അഗ്നിഹോത്രമുഖം, ഗായത്രി ഛന്ദസ്സുകൾക്കു മുഖം, മനുഷ്യർക്കു മുഖം നൃപൻ, പുഴകൾക്കു മുഖം സമുദ്രം, നക്ഷത്രങ്ങൾക്കു ചന്ദ്രൻ മുഖം, തേജസ്സിന് അർക്കൻ മുഖം, മലകൾക്കു മുഖം മേരു, ഖഗങ്ങൾക്കു മുഖം ഗരുഡൻ, മേലും കീഴും ചുറ്റും കാണുന്ന എല്ലാ ജഗത്തുകളിലും ദേവാസുരന്മാരടങ്ങിയ സകല ലോകർക്കും മുഖമായത് ഭഗവാൻ കേശവനാണ്. ശിശുപാലന് ഇതൊന്നും അറിഞ്ഞുകൂടാ. അവൻ ബാലനാണ്.“

ഭീഷ്മരുടെ വാക്കുകൾ കേട്ടപ്പോൾ ശിശുപാലൻ വീണ്ടും ക്രുദ്ധനായി. തന്റെ പക്ഷത്ത് കുറേ രാജാക്കന്മാരെ കൂട്ടി അദ്ദേഹം യുദ്ധത്തിന് തയ്യാറായി. രാജസൂയം മുടങ്ങുമെന്ന അവസ്ഥയായി. ഇത് കണ്ട് അസ്വസ്ഥനായ യുധിഷ്ഠിരനെ ഭീഷ്മർ സമാധാനിപ്പിച്ചു. കൃഷ്ണന്റെ കോപത്തിനുപാത്രമാക്കി ഈ രാജാക്കന്മാരെയെല്ലാം കൊല്ലിക്കാനാണ് ശിശുപാലൻ ശ്രമിക്കുന്നതെന്ന് ഭീഷ്മർ പറഞ്ഞു. ഇതുകേട്ട് ശിശുപാലൻ ഭീഷ്മരെ നിന്ദിക്കാൻ ആരംഭിച്ചു.

“രാജാക്കന്മാരെയൊക്കെ ഭയപ്പെടുത്താൻ, ഭീഷ്മാ, നീ പല ഭീഷണികളും പറഞ്ഞു. നിനക്ക് നാണമില്ലേ പടുവൃദ്ധാ? ബാലന്മാർ സ്തുതിക്കുന്ന ഇടയച്ചെറുക്കനായ ഈ കൃഷ്ണൻ വിശേഷിച്ച് ചെയ്തതെന്താണ്? ഒരു പെണ്ണിനെ കൊന്നതോ? അതോ ബാല്യത്തിൽ ഒരു പക്ഷിയെ കൊന്നതോ? ഇതിലെന്താണ് അത്ഭുതമിരിക്കുന്നത്? ഒരു കുതിരയേയും കാളയേയും കൊന്നതിലെന്ത് വൈചിത്ര്യമാണുള്ളത്? ചൈതന്യമില്ലാത്ത ഒരു  വണ്ടി കാലുകൊണ്ട് ചവിട്ടി വീഴ്ത്തിയതാണോ അത്ഭുതം? പുറ്റുപോലുള്ള ഗോവർദ്ധനക്കുന്ന് ഏഴുദിവസം പൊക്കിപ്പിടിച്ചു നിന്നത്രേ! കംസനെ കൊന്നതാണോ ഇവനുള്ള വലിയ യോഗ്യത? ചോറു നൽകുന്നവരിലും താൻ സേവിക്കുന്നവരിലും സ്ത്രീകളിലും പശുക്കളിലും ബ്രാഹ്മണരിലും ആയുധം പ്രയോഗിക്കരുതെന്നാണ് ധർമ്മിഷ്ഠന്മാർ കല്പിക്കുന്നത്. എന്നാൽ പശുഘാതകനും സ്ത്രീഘാതകനുമായ ഒരുത്തനെയാണ് നീ സ്തുതിക്കുന്നത്. അവനാണത്രേ ജഗല്പ്രഭു! ഇതൊക്കെ സജ്ജനങ്ങൾ സമ്മതിച്ചു കൊടുക്കുമോ?

ഭീഷ്മാ, ധർമ്മത്തെക്കുറിച്ച് പ്രസംഗിക്കാൻ നിനക്കെന്ത് അധികാരം? നീ മറ്റൊരാളെ പ്രേമിക്കുന്ന ധർമ്മശീലയായ അംബയെ ഹരിച്ചുകൊണ്ട് പോന്നില്ലേ? നീ അവളെ ഹരിച്ച നിലയ്ക്ക് എന്തേ അവളെ കൈക്കൊള്ളാഞ്ഞത്? വിചിത്രവീര്യൻ, നിന്റെ അനുജൻ, ധർമ്മം തെറ്റാതെ നടക്കുന്നവനാണ്. അതുകൊണ്ട് നീ കൊണ്ടുവന്നിട്ടും അവൻ അവളെ സ്വതന്ത്രയാക്കി; ഭാര്യയാക്കിയില്ല. എടോ ഭീഷ്മാ, നീ ധർമ്മത്തെ പുകഴ്ത്തുന്നുവല്ലോ! നിനക്ക് ബ്രഹ്മചര്യം കൊണ്ടെന്തുഫലം? മൗഢ്യം കൊണ്ടല്ലേ നീ ബ്രഹ്മചര്യം സ്വീകരിച്ചത്? അല്ലെങ്കിൽ നീ ആണും പെണ്ണും കെട്ടവനായിരിക്കണം! നപുംസകത്തിന് പെണ്ണിനെക്കൊണ്ട് കാര്യമില്ലല്ലോ? എന്നിട്ടും അഭിമാനിക്കുന്നു, ധർമ്മജ്ഞനാണ് താനെന്ന്!“

ശിശുപാലൻ ഇങ്ങനെ വളരെ നിന്ദ്യമായ രീതിയിൽ സംസാരം തുടരുന്നതു കണ്ട് ഭീമന് കോപം അടക്കാൻ കഴിഞ്ഞില്ല. അവനെ കൊല്ലാൻ തയ്യാറെടുക്കുന്ന ഭീമനെ തടഞ്ഞുകൊണ്ട് ഭീഷ്മർ പറഞ്ഞു.

“ശിശുപാലന്റെ ജന്മത്തെക്കുറിച്ച് നിനക്കറിയില്ല ഭീമാ. ഇവനെ കൃഷ്ണനല്ലാതെ മറ്റാർക്കും കൊല്ലാൻ കഴിയില്ല. ചേദിരാജാവിന്റെ കുലത്തിൽ ജനിച്ച ഇവൻ മൂന്ന് കണ്ണും നാല് കൈകളുമായാണ് പിറന്നത്. വികൃതമായ അംഗങ്ങളും, വികൃതമായ കരച്ചിലുമുള്ള ശിശുവിനെ അച്ഛനമ്മമാർ ഉപേക്ഷിക്കാൻ മുതിർന്നു. അപ്പോൾ ഒരു അശരീരിവാക്കുണ്ടായി. ഇവൻ ശ്രീമാനും മഹാശക്തനുമാകുമെന്നും ഇവനെ കൊല്ലാൻ ലോകത്തിൽ ഒരാൾക്കേ കഴിയൂവെന്നും ആര് ഇവനെ എടുത്ത് മടിയിൽ കിടത്തുമ്പോഴാണോ ഇവന്റെ അധികമുള്ള അവയവങ്ങൾ അപ്രത്യക്ഷമാകുന്നത് അയാളായിരിക്കും അന്തകനെന്നുമായിരുന്നു അശരീരി. ആ അത്ഭുതശിശുവിനെക്കാണാൻ  പല രാജാക്കന്മാരും എത്തി. കുട്ടിയെ കാണാൻ വന്നവരെ വേണ്ടവിധം സല്കരിച്ചശേഷം രാജാവ് ഓരോരുത്തരുടെയും മടിയിൽ കുട്ടിയെ വയ്ക്കുകയായി. ഇങ്ങനെയിരിക്കെ ദ്വാരകയിൽ നിന്നും കൃഷ്ണനും ബലരാമനും അച്ഛൻ പെങ്ങളായ രാജ്ഞിയേയും കുഞ്ഞിനെയും കാണാൻ എത്തി. കൃഷ്ണന്റെ മടിയിൽ വച്ചുടനെ ശിശുവിന്റെ അധികമുള്ള കൈകളും കണ്ണും അപ്രത്യക്ഷമായി. ഇതുകണ്ട് ഭയപ്പെട്ട രാജ്ഞി കൃഷ്ണനോട് ഒരു വരം ആവശ്യപ്പെട്ടു. തന്റെ മകന്റെ തെറ്റുകൾ പൊറുക്കണമെന്നായിരുന്നു വരം.  ശിശുപാലൻ ചെയ്യുന്ന നൂറ് തെറ്റുകൾ പൊറുത്തുകൊള്ളാം എന്ന വരം കൃഷ്ണൻ നൽകുകയും ചെയ്തു.“

കൃഷ്ണൻ നൽകിയ വരമാണ് തന്റെ ജീവിതമെന്ന് ഭീഷ്മർ പറയുന്നതുകേട്ട് ശിശുപാലൻ കോപം കൊണ്ട് വിറച്ചു. ശ്രീകൃഷ്ണനെ പോരിനു വിളിച്ചു. തന്നെയും പാണ്ഡവരെയും കൊല്ലാൻ തയ്യാറായി നിൽക്കുന്ന ശിശുപാലനെ കണ്ട് കൃഷ്ണൻ പറഞ്ഞു.

“രാജാക്കന്മാരേ, എന്റെ അച്ഛൻ പെങ്ങളുടെ മകനായിട്ടുകൂടി ഇവൻ ഞങ്ങൾക്ക് എന്നും ദ്രോഹങ്ങൾ ചെയ്തുകൊണ്ടിരുന്നു. മുൻപ്, ഞങ്ങൾ ഇല്ലാതിരുന്ന സമയത്ത് ഇവൻ ദ്വാരകയ്ക്ക് തീ വച്ചു. ഭോജരാജാവ് രൈവതത്തിൽ ക്രീഡിച്ചുകൊണ്ടിരിക്കുന്ന തക്കത്തിന് അവരെ കൊന്നു. എന്റെ അച്ഛൻ അശ്വമേധത്തിനായി കാവലോടെ വിട്ട കുതിരയെ പാപിയായ ഇവൻ കട്ടുകൊണ്ടുപോയി. അച്ഛന്റെ യജ്ഞം മുടക്കുവാൻ ശ്രമിച്ചു. സൗവീരത്തിൽ പോകുകയായിരുന്ന ബഭ്രുവിന്റെ തപസ്വിനിയായ ഭാര്യയെ ഇവൻ കാമമോഹിതനായി തട്ടിക്കൊണ്ടുപോയി. മായാവിയും മാതുലദ്രോഹിയുമായ ഇവൻ വൈശാലരാജകുമാരിയായ ഭദ്രയെ , അവൾ കാരൂഷരാജാവിനുവേണ്ടി തപസ്സ് ചെയ്തുകൊണ്ടിരിക്കെ, കാരൂഷന്റെ മായാവേഷം ധരിച്ച് അപഹരിച്ചു. ഇങ്ങനെ ഇവൻ ചെയ്ത അനേകം ദ്രോഹങ്ങളെ അച്ഛൻ പെങ്ങൾക്കുവേണ്ടി ഞാൻ ക്ഷമിച്ചു. ഇപ്പോൾ എന്നോടിവൻ യുദ്ധത്തിനു വന്നിരിക്കുന്നു. വേഗം ചാകാൻ ആഗ്രഹിക്കുന്ന മൂഢനായ ഇവന് രുക്മിണിയിൽ വലിയ ആശയുണ്ടായിരുന്നു. എന്നാൽ അന്ന് അവളെ ഇവന് കിട്ടിയില്ല.“

ഇതു കേട്ട് ശിശുപാലൻ കൃഷ്ണനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

“ഹേ കൃഷ്ണാ, നിനക്കു നാണമില്ലേ, വിശേഷിച്ചും ഈ രാജാക്കന്മാരുടെ മുന്നിൽ വച്ച് നിന്റെ ഭാര്യയെ മറ്റൊരുവൻ ആഗ്രഹിച്ചുവെന്ന് പറയാൻ? മുമ്പ് അന്യനുദ്ദേശിക്കപ്പെട്ട സ്ത്രീയെ സ്വന്തമാക്കിയ കാര്യം സദസ്സിൽ വച്ച് നീ അല്ലാതെ ആരാണ് പുകഴ്ത്തി പറയുക? നീ ആദരവോടെ പൊറുത്താലും കൊള്ളാം, പൊറുത്തില്ലെങ്കിലും കൊള്ളാം, എനിക്ക് രണ്ടും ശരിയാണ്. കൃഷ്ണന്റെ കോപം കൊണ്ട് എനിക്ക് ഒരു ചുക്കും വരാനില്ല! നിന്റെ പ്രസാദം കൊണ്ട് എനിക്കൊന്നും വേണ്ടതാനും.”

ഇതു കേട്ട് നൂറും തികഞ്ഞു എന്ന് പറഞ്ഞ് ശ്രീകൃഷ്ണൻ സുദർശനചക്രത്തെ മനസാൽ സ്മരിച്ചു. ദൈത്യനാശനമായ ചക്രം ശിശുപാലന്റെ ശിരസ്സ് ഛേദിച്ചു. അതായത് ശിശുപാലന്റെ അഹംഭാവമെന്ന തലയെ ഇല്ലാതാക്കി അദ്ദേഹത്തിനെ നല്ല വഴിക്ക് നടത്തിച്ചു. വിനാശകാലത്തിൽ വിപരീത ബുദ്ധി ഉദിക്കുമെങ്കിലും അവനും നല്ല ബുദ്ധി തോന്നിക്കാൻ നല്ലവർക്ക് കഴിയും !!

4 comments:

  1. വിനാശകാലേ വിപരീത ബുദ്ധി!
    ശിശുപാലന്മാർ ഒരു പാഠമാകട്ടെ!

    ReplyDelete
  2. ശിശുപാലന്മാർ പഠം പഠിക്കുമോ? അവരെ നന്നാക്കാൻ നല്ല ദർശനം നൽകുകതന്നെ വേണം.

    ReplyDelete