Wednesday 10 September 2014

കുറുക്കന്റെ കൗശലം

“അച്ഛാ, ഒരു കഥ പറയുമോ?” ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്ന എന്റെ കയ്യിൽ നിന്ന് അത് തട്ടിപ്പറിച്ചുകൊണ്ട് അവൻ ചോദിച്ചു. പറഞ്ഞേക്കാം! ഇല്ലെങ്കിൽ ബഹളമാണ്. ഞാൻ പതിയെ അവനെ എടുത്ത് മടിയിലിരുത്തി കഥ പറയാൻ തുടങ്ങി.

“ഒരിടത്ത് ഒരു കുറുക്കനുണ്ടായിരുന്നു. ആ കുറുക്കന് ഒരു ദിവസം ഒരു കോഴിയെ തിന്നാൻ മോഹമുദിച്ചു.”

ഞാൻ പറയുന്നത് തടഞ്ഞുകൊണ്ട് അവൻ ഇടയ്ക്കുകയറി പറഞ്ഞു.

“ഇത് നീലകുറുക്കന്റെ കഥയല്ലേ? അതെനിക്കറിയാം.. വേറെ കുറുക്കന്റെ കഥ പറ!“

“എന്നാൽ വേറെ ഒരു കാട്ടിൽ ഒരു കുറുക്കനുണ്ടായിരുന്നു. ആ കുറുക്കൻ മഹാബുദ്ധിമാനും തന്ത്രശാലിയുമായിരുന്നു.” ഞാൻ കഥ പറഞ്ഞു തുടങ്ങി.

“ആ കുറുക്കന് നാല് കൂട്ടുകാരുണ്ടായിരുന്നു. ഒരു പുലി, ചെന്നായ്, എലി, കീരി എന്നിവരായിരുന്നു കുറുക്കന്റെ കൂട്ടുകാർ. ഒരു ദിവസം വിശന്ന് വലഞ്ഞു നടന്ന അവർ കാട്ടിൽ ഒരു മാനിനെ കണ്ടു. പുലി, മാനിനെ പിടിക്കാനായി പുറകെ ഓടി. പക്ഷേ ശക്തിയും വേഗതയുമുള്ള മാൻ പുലിയെ വെട്ടിച്ച് അകലേക്ക് ഓടിപ്പോയി. ഇത് കണ്ട് കുറുക്കൻ പുലിയോടും മറ്റ് കൂട്ടുകാരോടും പറഞ്ഞു.

“വയസനായ നമ്മുടെ പുലിച്ചേട്ടന് ശക്തനായ ആ മാനിനെ ഓടിച്ചിട്ട് പിടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് നമുക്കൊരു ബുദ്ധി പ്രയോഗിക്കാം. ആ മാൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് എലി പതുക്കെ പോയി അവന്റെ കാൽ കടിച്ചു മുറിക്കണം. കാലു മുറിഞ്ഞാൽ പിന്നെ അവന് വേഗത്തിൽ ഓടാൻ കഴിയില്ല. അപ്പോൾ പുലിയ്ക്ക് അവനെ എളുപ്പത്തിൽ കീഴടക്കാൻ കഴിയും.”

കുറുക്കൻ ഉപദേശിച്ച ബുദ്ധി എല്ലാവർക്കും ഇഷ്ടപ്പെട്ടു. അങ്ങനെ, മാൻ ഉറങ്ങിക്കിടന്ന സമയത്ത് എലി അതിന്റെ കാൽ കടിച്ചുമുറിച്ചു. പുലി ചാടിവീണ് അതിനെ കൊന്നു. മാനിന്റെ ഇറച്ചി തിന്നാനായി കൂട്ടുകാരെല്ലാം ഒത്തുചേർന്നു. അപ്പോൾ കുറുക്കൻ പറഞ്ഞു.

“ഞാൻ ഒഴികെ ആരും തന്നെ ഇന്ന് കുളിച്ചിട്ടില്ല. കുളിച്ച് വൃത്തിയായി വേണം ആഹാരം കഴിക്കാൻ. അതുകൊണ്ട് നിങ്ങൾ പോയി കുളിച്ചിട്ട് വരണം. ഈ ഭക്ഷണത്തിന് ഞാനിവിടെ കാവൽ നിൽക്കാം.”

കുറുക്കൻ പറഞ്ഞതനുസരിച്ച് എല്ലാവരും കുളിക്കാൻ പോയി. പുലിയാണ് ആദ്യം കുളി കഴിഞ്ഞെത്തിയത്. അപ്പോൾ കുറുക്കൻ വിഷമിച്ചിരിക്കുന്നത് കണ്ട് അവൻ കാര്യം തിരക്കി. കുറുക്കൻ പറഞ്ഞു.

“എന്നാലും ആ എലിയുടെ അഹങ്കാരം നോക്കണേ! അവൻ കടിച്ചതിന്റെ ബാക്കി കഴിക്കാനാണ് നമുക്കൊക്കെ യോഗം. അവനില്ലായിരുന്നെങ്കിൽ നമ്മളെല്ലാം പട്ടിണികിടന്ന് ചത്തുപോകുമായിരുന്നുവെന്നാണ് അവൻ പറയുന്നത്.“

ഇത് കേട്ടതോടെ അഭിമാനിയായ പുലി ആ മാനിനെ തിന്നില്ല എന്ന് തീരുമാനിച്ച് കാട്ടിലേക്ക് പോയി. കുറുക്കൻ ഉള്ളാലെ ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ എലി കുളി കഴിഞ്ഞെത്തി. അപ്പോൾ കുറുക്കൻ പറഞ്ഞു.

“എടാ എലീ, നീ ഓടി രക്ഷപെട്ടോ. ഇല്ലെങ്കിൽ ആ കീരി നിന്നെ തിന്നും. പുലി തൊട്ട മാനിന്റെ ഇറച്ചി വിഷമായതുകൊണ്ട് അവന് വേണ്ട. നിന്നെ തിന്നാൻ അവനെ അനുവദിക്കണമെന്നും പറഞ്ഞിട്ടാണ് അവൻ കുളിക്കാൻ പോയത്.”

ഇത് കേട്ടതോടെ എലി ഓടി അവന്റെ മാളത്തിലൊളിച്ചു. പിന്നെ കുളികഴിഞ്ഞ് വന്നത് ചെന്നായ് ആയിരുന്നു. അവൻ വരുന്നതുകണ്ട് കുറുക്കൻ ഭയപ്പെട്ടിരിക്കുന്നതായി അഭിനയിച്ചു. എന്നിട്ട് പറഞ്ഞു.

“എടാ ചെന്നായേ, ആ പുലി നിന്നോട് ദേഷ്യപ്പെട്ടാണിരിക്കുന്നത്. അവൻ അവന്റെ ഭാര്യയേയും ബന്ധുക്കളേയും വിളിച്ചോണ്ട് വരാൻ പോയിരിക്കുകയാ!“

ഇത് കേട്ടതോടെ ചെന്നായ പേടിച്ച് ഓടിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ കീരി എത്തി. കീരിയുടെ നേരെ ചീറി അടുത്തുകൊണ്ട് കുറുക്കൻ പറഞ്ഞു.

“എടാ കീരീ, പുലിയെയും ചെന്നായെയും എലിയേയും ഞാൻ ഓടിച്ചു വിട്ടു. ഇനി നീ ആണ് എന്റെ ഇര.”

ശക്തരായ പുലിയെയും ചെന്നായെയുമൊക്കെ തോല്പിച്ചോടിച്ച കുറുക്കനോടെതിരിടാതെ കീരി ജീവനും കൊണ്ടോടി. കൂട്ടുകാർ എല്ലാം ഓടിപ്പോയത് കണ്ട് കുറുക്കൻ പൊട്ടിച്ചിരിച്ചു.“

“അച്ഛാ, ഞാൻ മൂത്രമൊഴിച്ചിട്ട് വരാം. വരുമ്പോൾ ബാക്കി പറയണേ!“ മകൻ എന്റെ മടിയിൽ നിന്നിറങ്ങി ബാത്ത് റൂമിലേക്കോടി.

ഞാൻ ചിന്തിച്ചു. അവൻ വരുന്നതിനു മുൻപ് ഈ കഥയ്ക്കൊരു ക്ലൈമാക്സ് കണ്ടുപിടിക്കണമല്ലോ! ഇത്രയും കഥ മഹാഭാരതത്തിൽ ഉള്ളതാണ്. യുധിഷ്ഠിരനെ യുവരാജാവായി അഭിഷേകം ചെയ്ത ശേഷം പാണ്ഡവരുടെ പ്രശസ്തിയും ബലവീര്യപരാക്രമങ്ങളും കേട്ടറിഞ്ഞ ധൃതരാഷ്ട്രമഹാരാജാവ് അസ്വസ്ഥനാകുന്നു. തന്റെ മക്കളേക്കാൾ യോഗ്യന്മാരാണ് പാണ്ഡവർ എന്ന് കണ്ട് അസൂയമൂത്ത രാജാവ് കുശാഗ്രബുദ്ധിയായ കണികൻ എന്ന തന്റെ മന്ത്രിയെ വിളിച്ചു വരുത്തി മാർഗ്ഗം ആരായുന്നു. അപ്പോൾ ആ മന്ത്രി പറയുന്നതാണ് ഈ കഥ. ഇതിലെ കുറുക്കനെപ്പോലെ രാജാവും ഭീരുക്കളെ ആട്ടി ഓടിക്കണം. വീരന്മാരെ വന്ദനം കൊണ്ട് പിടിക്കണം. ലുബ്ധനെ ദാനം കൊണ്ട് കീഴടക്കണം. സമനേയും താണവനേയും കയ്യൂക്ക് കൊണ്ട് നേരിടണം. ശപഥം ചെയ്തും, അർത്ഥം കൊടുത്തും, വിഷം കൊടുത്തും, മായ പ്രയോഗിച്ചും ശത്രുവിനെ കൊല്ലണം എന്നിങ്ങനെ പാണ്ഡവരെ നശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി രാജാവിനെ ധരിപ്പിക്കുന്നതാണ് സന്ദർഭം.

“ങാ, ഇനി ബാക്കി പറ.” മടിയിലേക്ക് ചാടിക്കയറിയിരുന്നുകൊണ്ട് മകൻ പറഞ്ഞു. ഞാൻ കഥ തുടർന്നു.

“എലിയോടുള്ള ദേഷ്യം സഹിക്ക വയ്യാതെ അവനെ കൊല്ലാൻ വേണ്ടി മടങ്ങിവന്ന പുലി  മറഞ്ഞുനിന്ന് കുറുക്കന്റെ നാടകം ഒക്കെ കണ്ടു. കൂട്ടുകാരെ എല്ലാം ഓടിച്ചുവിട്ടിട്ട് ഒറ്റയ്ക്ക് മാനിറച്ചി തിന്നാൻ തയ്യാറെടുത്ത കുറുക്കന്റെ മേലേക്ക് പുലി ചാടിവീണു. കള്ളക്കുറുക്കന്റെ കഥ കഴിച്ചു. കള്ളത്തരം കാണിച്ചാൽ ഇതായിരിക്കും ഫലം.” ഒരുവിധത്തിൽ കഥ കൊണ്ടെത്തിച്ച ആവേശത്തിൽ ഞാൻ പറഞ്ഞു നിർത്തി.

No comments:

Post a Comment