Thursday, 3 December 2015

ലൈവ് ടെലിക്കാസ്റ്റ്!!

“ഇതെന്തുവാടേ ഈ കാണുന്നത്. സിനിമയാണോ?”

“അല്ല ചേട്ടാ, നമ്മുടെ സെക്രട്ടേറിയറ്റിന്റെ മുന്നിൽ നടക്കുന്ന അടിപിടിയാ.. ലൈവ് ടെലിക്കാസ്റ്റ്!!“

“ദേണ്ടെ ഒരുത്തനെ പോലീസുകാരെല്ലാരും കൂടി ചേർന്നു വളഞ്ഞിട്ടു തല്ലുന്നു. അവന്റെ ജീവിതം പോയി! എന്തായാലും കൊള്ളാം.. വീട്ടിലിരുന്നു സുഖമായി അടി കാണാം. കാലം പോയ പോക്കേ!“

“അതിനു പഴയ കാലത്തും ഇതുപോലെ ലൈവ് ടെലിക്കാസ്റ്റ് ഉണ്ടായിരുന്നതായാണല്ലോ പറയുന്നത്.. നമ്മുടെ മഹാഭാരതത്തിൽ സഞ്ജയൻ ധൃതരാഷ്ട്രർക്കു യുദ്ധത്തെക്കുറിച്ചു വിവരിക്കുന്നത്..”

“അതങ്ങനെയൊന്നുമല്ലടേ കാര്യങ്ങൾ.. പലരും അവർക്കു തോന്നുന്നപോലെ എഴുതി വിടുന്നതാ.. അല്ലാതെ മഹാഭാരതത്തിലൊന്നും അങ്ങനെ പറയുന്നില്ല..”

“പിന്നെ??”

“എന്നാൽ കേട്ടോ.. മഹാഭാരത യുദ്ധം തുടങ്ങുന്നത്തിന്റെ തലേന്നാണു സന്ദർഭം. കൗരവരും പാണ്ഡവരും യുദ്ധസന്നദ്ധരായി നിൽക്കുന്നു. കൗരവപക്ഷത്ത് 11 അക്ഷൗഹിണിപ്പടയും പാണ്ഡവപക്ഷത്ത് 7 അക്ഷൗഹിണിപ്പടയും നിരന്നു. ഇതെല്ലാം അറിഞ്ഞു വേദവ്യാസൻ തന്റെ മകന്റെ അടുത്തെത്തി. സർവ്വനാശത്തിലേക്കു നയിക്കുന്ന ആ മഹായുദ്ധം തടഞ്ഞു ദുര്യോധനനെ പിന്തിരിപ്പിക്കണമെന്ന് അദ്ദേഹം ധൃതരാഷ്ട്രരോട് ആവശ്യപ്പെട്ടു. എന്നാൽ, ഇന്നു പല അച്ഛനമ്മമാരും സ്വന്തം മക്കളെക്കുറിച്ചു പറയുന്നതു തന്നെയാണു ധൃതരാഷ്ട്രരും പറഞ്ഞത് - ‘അവൻ ഞാൻ പറഞ്ഞാൽ കേൾക്കില്ല‘! ഇതുകേട്ട് വ്യാസൻ പറഞ്ഞു,

“രാജാവേ, നിന്റെ മക്കളും മറ്റു രാജാക്കന്മാരുമൊക്കെ കാലം പിഴച്ചവരാണ്. അവർ പോരിൽ തമ്മിൽ ഹിംസിക്കുവാനാണല്ലോ നിൽക്കുന്നത്. കാലദോഷത്താൽ മുടിയുന്ന അവരെപ്പറ്റി എന്തിനു ദുഃഖിക്കുന്നു? മനസ്സിൽ അവരെപ്പറ്റി ചിന്തിക്കാതിരിക്കുക. ഇവർ തമ്മിൽ പോരാടുന്നതു കാണണമെന്നാഗ്രഹമുണ്ടെങ്കിൽ ഞാൻ നിന്റെ കണ്ണുകൾക്കു കാഴ്ച നൽകാം.. നീ രണം കണ്ടുകൊള്ളുക!“

പക്ഷേ തനിക്കു തന്റെ മക്കളുടെ മരണം കാണാൻ ശക്തിയില്ലെന്നു ധൃതരാഷ്ട്രർ പറഞ്ഞു. യുദ്ധത്തെക്കുറിച്ചു കേൾക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനാൽ വ്യാസൻ ധൃതരാഷ്ട്രരുടെ മന്ത്രിയായ സഞ്ജയനു വരം നൽകി. എന്നിട്ടു പറഞ്ഞു,

“രാജാവേ, ഈ സഞ്ജയൻ യുദ്ധമൊക്കെ ഭവാന്നു വിവരിച്ചു പറഞ്ഞുതരും. ഏതു യുദ്ധത്തിലും ഇവൻ കാണാത്തതായി യാതൊരു സംഗതിയും ഉണ്ടാവുകയില്ല. രാജാവേ, സഞ്ജയൻ ദിവ്യചക്ഷുസ്സുള്ളവനായിരിക്കും. ഇവൻ യുദ്ധക്കളത്തിൽ പോയാൽ ശത്രുക്കളൊന്നും ഇവന്റെ ദേഹത്തെ മുറിവേല്പിക്കുകയില്ല. ഇവന്നു തളർച്ച ബാധിക്കുകയുമില്ല. പോരിൽ മരിക്കുകയുമില്ല. വെളിവായും ഒളിവായും, രാവായാലും പകലായാലും മനസ്സുകൊണ്ട് ഓർത്താൽ ഈ സഞ്ജയൻ ഒക്കെ അറിയും.“

ഇങ്ങനെ ഒരു വരം നൽകി വ്യാസൻ പോയി. സഞ്ജയൻ യുദ്ധക്കളത്തിലേയ്ക്കും യാത്രയായി. പിന്നീടു സഞ്ജയൻ ധൃതരാഷ്ട്രരുടെ സമീപത്തെത്തുന്നതു പത്തു ദിവസം കഴിഞ്ഞിട്ടാണ്. അതായത് 10 ദിവസത്തെ യുദ്ധം കഴിഞ്ഞു ഭീഷ്മർ ശരശയ്യയിൽ കിടക്കുന്നതു കണ്ടിട്ട്. സഞ്ജയൻ പറഞ്ഞു,

“മഹാരാജാവേ, സഞ്ജയൻ ഇതാ വന്നിരിക്കുന്നു. ഭവാനെ ഞാൻ നമസ്കരിക്കുന്നു. കുരുപിതാമഹനും ശാന്തനവനുമായ ഭീഷ്മൻ ഹനിക്കപ്പെട്ടു! സർവ്വയോദ്ധാക്കന്മാർക്കും ആനന്ദപ്രദനും, വില്ലാളികൾക്കൊക്കെ ആശ്രയസ്ഥാനവുമായ കുരുപിതാമഹൻ ഇപ്പോൾ ശരതല്പത്തിൽ കിടക്കുകയാണ്. നിന്റെ പുത്രൻ ആരുടെ കൈയൂക്കിന്റെ പിൻബലം കണ്ടിട്ടാണോ ചൂതാട്ടത്തിന്നിറങ്ങിയത് ആ ഭീഷ്മൻ പോരിൽ ശിഖണ്ഡിയാൽ വീഴ്ത്തപ്പെട്ടു!“

പിന്നീടാണു യുദ്ധത്തിൽ നടന്നതിനെക്കുറിച്ചു വിസ്തരിച്ചു പറഞ്ഞുതരാൻ സഞ്ജയനോട് ധൃതരാഷ്ട്രർ പറയുന്നതും കൃഷ്ണൻ അർജ്ജുനനു ഗീത ഉപദേശിക്കുന്നതു മുതൽ നടന്നതെല്ലാം സഞ്ജയൻ വിവരിക്കുന്നതും. ഇതാണു മഹാഭാരതത്തിലുള്ളത്.”

No comments:

Post a Comment