“അച്ഛാ, ഒരു കഥ പറയാമോ?”
“പറയാമല്ലോ! ഏതുതരം കഥയാണു വേണ്ടത്?”
“യുദ്ധത്തിന്റെ കഥ മതി!“
“ശരി.. എന്നാൽ മഹാഭാരതയുദ്ധത്തിൽ പങ്കെടുത്ത ശ്രുതായുധൻ എന്ന രാജാവിന്റെ കഥ പറയാം. ശ്രദ്ധിച്ചു കേട്ടോണം!
മഹാഭാരതയുദ്ധം തുടങ്ങി പതിമൂന്നു ദിവസം കഴിഞ്ഞു. പതിമൂന്നാമത്തെ ദിവസത്തെ അതിദാരുണമായ യുദ്ധത്തിൽ അർജ്ജുനന്റെ മകനായ അഭിമന്യു വധിക്കപ്പെട്ടു.”
“അല്ലച്ഛാ, ഈ അഭിമന്യു എങ്ങനാ മരിച്ചത്?”
“ഇതിപ്പൊ യുദ്ധം മുഴുവൻ പറയേണ്ടി വരുമല്ലോ!! ശരി... അഭിമന്യു.. അഭിമന്യു.. അഭിമന്യു.. ആ വീരനെ വിവരിക്കാൻ വാക്കുകൾ ഇല്ല. ഒറ്റദിവസം കൊണ്ടു കൌരവപ്പടയിലെ അനേകം മഹാരഥന്മാരെ കൊന്നു തള്ളിയവൻ..ബാലനായ അഭിമന്യുവിനു തുല്യനായ ഒരു പോരാളി മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തില്ലെന്നു പറയേണ്ടി വരും. അത്രയ്ക്ക് ഉജ്ജ്വലമായിരുന്നു അഭിമന്യുവിന്റെ കർമ്മം.
അർജ്ജുനൻ സംശപ്തകപ്പടയോടു യുദ്ധം ചെയ്യുന്ന ലാക്കു നോക്കി യുധിഷ്ഠിരനെ ജീവനോടെ പിടിക്കാൻ ദ്രോണാചാര്യർ ചക്രവ്യൂഹം നിർമ്മിച്ചു. ഇതോടെ പാണ്ഡവപ്പട ആകെ അങ്കലാപ്പിലായി. കൃഷ്ണനും അർജ്ജുനനും പ്രദ്യുമ്നനും അഭിമന്യുവിനും മാത്രമേ വ്യൂഹം ഭേദിക്കുവാനുള്ള വിദ്യ വശമുണ്ടായിരുന്നുള്ളൂ. കൃഷ്ണന്റെ പുത്രനായ പ്രദ്യുമ്നൻ യുദ്ധത്തിൽ പങ്കെടുക്കാതെ ബലരാമനുമൊത്തു തീർത്ഥാടനത്തിനു പോയി. പിന്നെ ഉള്ളത് അഭിമന്യു മാത്രം. ബാലനായ അഭിമന്യുവിനാകട്ടെ വ്യൂഹം ഭേദിക്കുവാനുള്ള വിദ്യ മാത്രമേ വശമുണ്ടായിരുന്നുള്ളൂ. എന്തെങ്കിലും പ്രശ്നമുണ്ടായാൽ തിരികെ ഇറങ്ങാനുള്ള പഠിപ്പു തികഞ്ഞിരുന്നില്ല.. എങ്കിലും ചക്രവ്യൂഹം ഭേദിച്ചാലുടനെ പാണ്ഡവപക്ഷത്തെ മറ്റു മഹാരഥന്മാർ സഹായത്തിനായി കൂടെ ചെന്നുകൊള്ളാം എന്ന ധാരണയിൽ അഭിമന്യു ആ സാഹസത്തിനു പുറപ്പെട്ടു.
ഓജസ്വിയായ അർജ്ജുനപുത്രൻ വ്യൂഹം തകർത്തു മുന്നേറി. അഭിമന്യുവിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ കൌരവപ്പടയിലെ ഒരു രാജാവിനും കഴിഞ്ഞില്ല. കർണ്ണനും ദുശ്ശാസനനും ശല്യരും കൃപരും ദുര്യോധനനുമെല്ലാം ആ ബാലന്റെ മുന്നിൽ പരാജയപ്പെട്ടു. എന്നാൽ ആ സമയം സിന്ധുരാജാവിന്റെ പുത്രനായ ജയദ്രഥൻ അഭിമന്യുവിന്റെ സഹായത്തിനെത്തിയ പാണ്ഡവരെയും മറ്റുള്ളവരെയും തടഞ്ഞു. ഇതോടെ അഭിമന്യു തനിച്ചു വ്യൂഹത്തിനുള്ളിൽ അകപ്പെട്ടുപോയി. എങ്കിലും ആ വീരൻ ഭയപ്പെട്ടില്ല. തനിച്ചു നിന്നു പലരോടും പോരാടി. ദുര്യോധനന്റെ പുത്രനായ ലക്ഷ്മണൻ, കോസലരാജാവായ ബൃഹൽബലൻ, ശല്യരുടെ പുത്രൻ, കൃതവർമ്മാവിന്റെ പുത്രനായ മാർത്തികാവതൻ, അശ്വകേതു, കുഞ്ജരകേതു, ഭോജൻ തുടങ്ങി അനേകം രാജാക്കന്മാരെ കൊന്നു. അവസാനം ആറു മഹാരഥന്മാർ ഒരുമിച്ചു ചേർന്ന് ആക്രമിച്ച് അഭിമന്യുവിനെ യുദ്ധക്കളത്തിൽ വീഴ്ത്തി.
തന്റെ മകന്റെ മരണവാർത്തയറിഞ്ഞ് അർജ്ജുനൻ കോപവും വ്യസനവും സഹിക്കവയ്യാതെ ശപഥം ചെയ്തു. ആരെല്ലാം സംരക്ഷിച്ചാലും അടുത്ത ദിവസത്തെ യുദ്ധത്തിൽ ജയദ്രഥനെ കൊല്ലും. തനിക്ക് അതിനു കഴിഞ്ഞില്ലെങ്കിൽ ദേഹത്യാഗം ചെയ്യും.
അർജ്ജുനന്റെ ശപഥം അറിഞ്ഞതോടെ പതിന്നാലാം ദിവസം ജയദ്രഥനെ രക്ഷിക്കാനായി ദ്രോണർ മഹാവ്യൂഹം ചമച്ചു. എന്നാൽ വില്ലാളി വീരനായ അർജ്ജുനനു മുന്നിൽ കൌരവപക്ഷത്തെ രാജാക്കന്മാർക്കൊന്നും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അപ്പോഴാണു ശ്രുതായുധൻ അർജ്ജുനനുമായി ഏറ്റുമുട്ടിയത്.
വരുണന്റെ പുത്രനാണു ശ്രുതായുധ രാജാവ്. അവന്റെ അമ്മയായ പർണ്ണാശ തന്റെ പുത്രനെ ആരാലും വധിക്കപ്പെടാത്തവനാക്കണമെന്ന വരം വരുണനോടാവശ്യപ്പെട്ടു. എന്നാൽ ജനിച്ചവർ ആരായാലും അവർ മരിക്കുക തന്നെ ചെയ്യും; അത് ആരാലും മാറ്റാൻ കഴിയില്ല എന്നു പറഞ്ഞു വരുണൻ ശ്രുതായുധനു ദിവ്യമായ ഒരു ഗദ കൊടുത്തു. ആ ഗദ കയ്യിലുള്ളപ്പോൾ അവനെ ആർക്കും വധിക്കാൻ കഴിയില്ല. പക്ഷേ നിരായുധനിലോ യുദ്ധം ചെയ്യാത്തവനിലോ ആ ആയുധം ഉപയോഗിച്ചാൽ അതു തിരികെ അതു പ്രയോഗിച്ചവനെ കൊല്ലും.
അർജ്ജുനനും ശ്രുതായുധനും തമ്മിൽ അതിഭയങ്കരമായ ഒരു യുദ്ധം നടന്നു. കൃഷ്ണനേയും അർജ്ജുനനെയും ശ്രുതായുധ രാജാവ് അമ്പുകൾ കൊണ്ടു മൂടി. പാണ്ഡുപുത്രൻ തിരികെ അനേകം അസ്ത്രങ്ങൾ എയ്യുകയും അവന്റെ വില്ലറുക്കുകയും ചെയ്തു. പെട്ടന്നുതന്നെ രാജാവു മറ്റൊരു വില്ലെടുത്ത് അർജ്ജുനന്റെ മാറത്തും കൈക്കുമായി ഒൻപതു ശരങ്ങൾ എയ്തു. ഇതോടെ അർജ്ജുനൻ ചൊടിച്ചു ശ്രുതായുധന്റെ കുതിരകളെയും സൂതനേയും അമ്പെയ്തു വീഴ്ത്തി. കുതിരയും തേരാളിയും പോയതോടെ രാജാവു തേർ വിട്ടു ഗദയുമായി അർജ്ജുനന്റെ നേരെ ഓടി അടുത്തു. യുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ വരുണന്റെ വാക്കുകൾ ഓർക്കാതെ ശ്രുതായുധൻ കൃഷ്ണനെ ഗദ കൊണ്ടടിച്ചു. കൃഷ്ണൻ ആ പ്രഹരം തന്റെ മുതുകു കൊണ്ട് ഏറ്റു. നിരായുധന്റെ മേൽ ഗദ പ്രയോഗിച്ചതോടെ ആ ആയുധം ശ്രുതായുധന്റെ മേൽ പതിച്ചു. അങ്ങനെ ശ്രുതായുധൻ സ്വന്തം ആയുധം കൊണ്ടുതന്നെ കൊല്ലപ്പെട്ടു.“
“ങാ.. ഇനി വേറൊരു കഥ..”
“അതു പറ്റില്ല.. ഒരു ദിവസം ഒരു കഥ.. ഇനി പിന്നെ..”

No comments:
Post a Comment