Wednesday, 11 October 2017

കുറ്റവും ശിക്ഷയും

“മോനേ, ഈ പെൻസിൽ കൊള്ളാമല്ലോ! നല്ല തിളക്കം. ഇതുപോലൊരെണ്ണം നിനക്കില്ലായിരുന്നല്ലോ. ഇതെവിടെ നിന്നു കിട്ടി?”

“അച്ഛാ, അത് അരുണിന്റെയാ..” അവൻ പതുക്കെ പറഞ്ഞു.

“അരുൺ നിനക്കു തന്നതാണോ?” ഞാൻ ചോദിച്ചു. അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു.

“സത്യമേ പറയാവൂ. അരുൺ തന്നതാണോ ഇത്?”

“തറയിൽ കിടക്കുന്നതു കണ്ടു ഞാൻ എടുത്തതാ. അവൻ അറിഞ്ഞില്ല.”

“എന്നാൽ നാളെത്തന്നെ ഇത് അരുണിനെ ഏല്പിക്കണം. അറിയാതെ എടുത്തുപോയതാണെന്നു പറയുകയും വേണം. മറ്റൊരാളുടെ സാധനം അവർ അറിയാതെ എടുക്കുന്നതു കള്ളത്തരമാണ്. മോൻ ഇനി ഒരിക്കലും അതു ചെയ്യരുത്.”

അവൻ ഇനി അങ്ങനെ ചെയ്യില്ല എന്നു സമ്മതിച്ചു. കുറച്ചു നേരം കഴിഞ്ഞ് അവൻ എന്റെ അടുത്തെത്തി.

“അച്ഛാ, ഈ പെൻസിൽ എടുക്കുന്നതൊക്കെ വലിയ തെറ്റാണോ. മറ്റൊരാളുടെ പണം എടുക്കുന്നതല്ലേ കള്ളത്തരം?”

“അല്ല. നമുക്ക് അവകാശമില്ലാത്ത ഏതു സാധനം എടുക്കുന്നതും മോഷണം തന്നെയാണ്. കള്ളത്തരം നമ്മളെ മൂടോടെ നശിപ്പിക്കും. അതുകൊണ്ടു മോൻ ഒരിക്കലും അതു ചെയ്യരുത്. പണ്ടൊക്കെ രാജാക്കന്മാർ എത്ര ഭയങ്കര ശിക്ഷയാണെന്നോ മോഷണത്തിനു നൽകിയിരുന്നത്. ഈ കഥ കേൾക്കൂ..”

കഥ എന്നു കേട്ടതോടെ അവൻ ആവേശത്തോടെ ശ്രദ്ധിച്ചിരുന്നു. ഞാൻ പറഞ്ഞുതുടങ്ങി.

“ഒരിടത്ത് ഒരു കാട്ടിൽ ജ്യേഷ്ഠാനുജന്മാരായ രണ്ടു ബ്രാഹ്മണകുമാരന്മാർ തപസ്സു ചെയ്തിരുന്നു. മൂത്തയാൾ ശംഖൻ. ഇളയവൻ ലിഖിതൻ. ഒരു നദിയുടെ കരയിൽ ദൂരെദൂരെയായി രണ്ടു പർണ്ണശാലകൾ കെട്ടിയായിരുന്നു അവർ കഴിഞ്ഞിരുന്നത്. ധാരാളം പൂക്കളും പഴങ്ങളും തരുന്ന ചെടികളും വൃക്ഷങ്ങളും കൊണ്ട് ആ പർണ്ണശാലകൾ മനോഹരമാക്കിയിരുന്നു.

ഒരിക്കൽ ലിഖിതൻ ജ്യേഷ്ഠനെ കാണാ‍ൻ അദ്ദേഹത്തിന്റെ പർണ്ണശാലയിൽ എത്തി. എന്നാൽ ആ സമയം ശംഖൻ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു. ജ്യേഷ്ഠൻ വരുന്നതും കാത്തിരിക്കുന്നതിനിടയിൽ ലിഖിതൻ അവിടെ കണ്ട പഴങ്ങൾ പറിച്ചു തിന്നാൻ തുടങ്ങി. അപ്പോഴാണു ശംഖൻ കടന്നുവരുന്നത്. തന്റെ അനുവാദം കൂടാതെ തന്റെ പർണ്ണശാലയിലെ പഴങ്ങളാണ് അനുജൻ തിന്നുന്നതെന്നറിഞ്ഞ ജ്യേഷ്ഠൻ പറഞ്ഞു,

“അല്ലയോ ലിഖിതാ, അങ്ങ് എന്ത് അപരാധമാണ് ഈ കാട്ടിയത്. ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ അയാളുടെ സാധനം എടുക്കുന്നതു മോഷണമല്ലേ? ഈ പ്രവൃത്തിമൂലം ഇത്രയും കാലം തപസ്സു ചെയ്ത് അങ്ങു നേടിയ പുണ്യമെല്ലാം നശിക്കുമല്ലോ?”

ഇതുകേട്ടതോടെ ലിഖിതൻ സ്തബ്ധനായി. അയാൾ ജ്യേഷ്ഠന്റെ കാൽക്കൽ വീണു മാപ്പുചോദിച്ചു. ശംഖൻ പറഞ്ഞു.

“നീ ചെയ്ത തെറ്റിന്റെ ഫലം നീ അനുഭവിക്കുക തന്നെ വേണം. അല്ലാതെ ഈ പതനത്തിൽ നിന്നും കരകയറുവാൻ മറ്റൊരു മാർഗ്ഗവും ഞാൻ കാണുന്നുമില്ല. നിന്നെ രക്ഷിക്കുവാനോ ശിക്ഷിക്കുവാനോ ഞാൻ അധികാരിയുമല്ല. നീ വേഗം തന്നെ നമ്മുടെ രാജാവായ സുദ്യുമ്നന്റെ അടുത്തു ചെന്നു കാര്യങ്ങൾ പറയുക. അദ്ദേഹം തരുന്ന ശിക്ഷ ഏറ്റുവാങ്ങുക. അതിലൂടെ മാത്രമേ നിനക്ക് ഈ തെറ്റിൽ നിന്നും മോചനം ലഭിക്കൂ.”

ഇതുകേട്ടു ലിഖിതൻ സുദ്യുമ്ന മഹാരാജാവിന്റെ കൊട്ടാരത്തിലേക്കു യാത്രയായി. മഹാജ്ഞാനിയായ ലിഖിതൻ കൊട്ടാരവാതിൽക്കൽ എത്തിയതറിഞ്ഞു രാജാവ് തന്റെ മന്ത്രിമാരോടൊത്തു പുറത്തെത്തി അദ്ദേഹത്തെ സ്വീകരിച്ചു കൊണ്ടുപോയി. ആതിഥ്യമര്യാദകൾ സ്വീകരിച്ച ശേഷം മുനി രാജാവിനോടു പറഞ്ഞു.

“അല്ലയോ മഹാരാജാവേ, അങ്ങയോട് ഒരു സഹായം അഭ്യർത്ഥിക്കാനാണു ഞാൻ എത്തിയത്. അത് എന്താണെന്നു പറയുന്നതിനു മുൻപ് അങ്ങ് എന്റെ അഭ്യർത്ഥന സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പു തരണം.” രാജാവ് ഉറപ്പു നൽകിയപ്പോൾ ലിഖിതൻ തുടർന്നു.

“രാജൻ, ഞാൻ ഒരു വലിയ തെറ്റു ചെയ്തു. എന്റെ ജ്യേഷ്ഠനോടു ചോദിക്കാതെ അദ്ദേഹം ശേഖരിച്ചു വച്ചിരുന്ന പഴങ്ങൾ ഞാൻ ഭക്ഷിക്കാനിടയായി. അതിനാൽ അങ്ങ് എനിക്കു മോഷണത്തിനുള്ള ശിക്ഷ നൽകണമെന്നാണ് എന്റെ അപേക്ഷ.”

ഇതുകേട്ടു രാജാവു പറഞ്ഞു.

“മഹാമുനേ, ഈ രാജ്യത്തുള്ള പ്രജകളെയെല്ലാം ശിക്ഷിക്കുവാനുള്ള അധികാരം എന്നിൽ നിക്ഷിപ്തമാണെങ്കിൽ അവരെ രക്ഷിക്കുവാനും എനിക്കു കഴിയണം. ശിക്ഷ ഏറ്റുപറഞ്ഞതിനാൽ അങ്ങു പരിശുദ്ധനായി എന്നു കരുതുക. ഞാൻ അങ്ങയുടെ ഈ തെറ്റിനു മാപ്പു നൽകുന്നു. അങ്ങു മറ്റെന്തെങ്കിലും ആവശ്യപ്പെട്ടാലും.”

എന്നാൽ രാജാവ് എത്രയൊക്കെ നിർബന്ധിച്ചിട്ടും മുനി തന്റെ നിശ്ചയത്തിൽ ഉറച്ചു നിന്നു. അവസാനം കളവിനുള്ള ശിക്ഷയായി ലിഖിതന്റെ രണ്ടു കൈകളും വെട്ടിമാറ്റുവാൻ ഗത്യന്തരമില്ലാതെ രാജാവ് ഉത്തരവിട്ടു.

ശിക്ഷ നടപ്പിലായി. ലിഖിതൻ തന്റെ ജ്യേഷ്ഠന്റെ അടുത്തു തിരിച്ചെത്തി നടന്നതെല്ലാം പറഞ്ഞു. നദിയിൽ സ്നാനം ചെയ്തിട്ടു പിതൃക്കൾക്കും ഈശ്വരനും പൂജ ചെയ്യാൻ ശംഖൻ  അനുജനോടു നിർദ്ദേശിച്ചു. കുളിച്ചു ശുദ്ധിയായി പൂജയ്ക്കായി ഇരുന്ന ലിഖിതന്റെ കരങ്ങൾ പഴയതുപോലെ ആയി. അത്ഭുതത്തോടെയിരുന്ന ലിഖിതനോടു ശംഖൻ പറഞ്ഞു.

“എന്റെ തപശ്ശക്തിയാൽ നിന്റെ കരങ്ങൾ പൂർവ്വസ്ഥിതിയിലായി. ഇനി ഒരിക്കലും നീ മോഷ്ടിക്കരുത്. കള്ളം പറയുന്നതും കളവു ചെയ്യുന്നതും നമ്മെ വേരോടെ നശിപ്പിക്കും.”“

കഥ കേട്ടുകൊണ്ടിരുന്ന മകൻ അല്പം വിഷമത്തോടെ എന്നോടു ചോദിച്ചു.

“അച്ഛാ, അപ്പോൾ എന്റെ കയ്യും വെട്ടേണ്ടി വരുമോ?”

ഞാൻ പറഞ്ഞു. “വേണ്ട, നീ ഈ പെൻസിൽ ഇതുപോലെ നാളെത്തന്നെ അരുണിനെ ഏൽ‌പ്പിക്കുക. അവനോടു മാപ്പു പറയുക. അതോടെ നിന്റെ തെറ്റിനുള്ള പ്രായശ്ചിത്തമായി.”

അവൻ സമാധാനത്തോടെ ഉറങ്ങാൻ പോയി.