Sunday, 28 December 2014

അഷ്ടാവക്രൻ

എന്നാലും ആ ശ്വേതകേതു എന്തിനാണ് എന്നോട് അങ്ങനെ പറഞ്ഞത്? അച്ഛന്റെ മടിയിലിരിക്കാൻ എനിക്ക് അവകാശമില്ല പോലും. എന്ത് ധിക്കാരമാണ്? എന്തായാലും അമ്മയോടു പറയുകതന്നെ. അഷ്ടാവക്രൻ അമ്മയുടെ അടുത്തേക്കു ചെന്നു.

“അമ്മേ, ആരാണ് എന്റെ അച്ഛൻ? ശ്വേതകേതു എന്നെ കളിയാക്കുന്നു. ഞാൻ ഉദ്ദാലകന്റെ പുത്രനല്ലെന്നാണ് അവൻ പറയുന്നത്. എന്താണു സത്യം?”

മകന്റെ ചോദ്യം കേട്ടു സുജാത ഒരു നിമിഷം തരിച്ചുനിന്നു. എന്നിട്ടു പതിയെ പറഞ്ഞു.

“മകനേ, നീ കേട്ടതു സത്യമാണ്. ഉദ്ദാലകൻ നിന്റെ മുത്തച്ഛനാണ്. അദ്ദേഹം എന്റെ പിതാവാണ്.”

“എങ്കിൽ എന്റെ പിതാവെവിടെ? ആരാണ് അദ്ദേഹം? എന്തുകൊണ്ടാണ് എന്നെ കാണാൻ അദ്ദേഹം എത്താത്തത്?”

എട്ടുവളവുകളുള്ള വിരൂപിയായ ആ പത്തുവസ്സുകാരനെ ചേർത്തുപിടിച്ചുകൊണ്ട് സുജാത ദുഃഖത്തോടെ പറഞ്ഞു.

“ഉദ്ദാലകന്റെ പ്രിയശിഷ്യനായ കഹോഡനാണു നിന്റെ അച്ഛൻ. ശിഷ്യവാത്സല്യം മൂലം അച്ഛൻ എന്നെ അദ്ദേഹത്തിനു വിവാഹം കഴിച്ചു നൽകി. ഞാൻ ഗർഭിണിയായിരുന്നപ്പോൾ ചിലവിനു വകതേടി ജനകമഹാരാജാവിന്റെ രാജധാനിയിലേക്കു പോയതാണ് അദ്ദേഹം. ഇതുവരെ തിരിച്ചെത്തിയില്ല.” അമ്മയുടെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ മകന്റെ നെറുകയിൽ വീണു.

അഷ്ടാവക്രൻ അമ്മയെ സമാധാനിപ്പിച്ചു. “അമ്മേ, ഞാനിതാ പോവുകയായി. ജനകന്റെ രാജധാനിയിലേക്ക്. അച്ഛനുമായേ മടങ്ങിയെത്തൂ.“

കൊട്ടാരത്തിലേക്കു പുറപ്പെട്ട അഷ്ടാവക്രനോടൊപ്പം സമപ്രായക്കാരനായ ശ്വേതകേതുവും കൂടി. അങ്ങനെ അവർ ജനകന്റെ യജ്ഞശാലയുടെ അടുത്തെത്തി. പത്തുവസ്സുപോലും പ്രായമാകാത്ത ആ ബാലന്മാരെ ദ്വാരപാലകർ തടഞ്ഞു. അവർ പറഞ്ഞു,

“ഞങ്ങൾ പണ്ഡിതശ്രേഷ്ഠനായ വന്ദിയുടെ കല്പന നിർവ്വഹിക്കേണ്ടവരാണ്. ഞാൻ പറയുന്നതു ഭവാന്മാർ സാദരം കേട്ടാലും. ബാലന്മാരായ വിപ്രന്മാർക്കു യാഗശാലയിലേക്കു പ്രവേശനമില്ല. വൃദ്ധരും വിജ്ഞാനികളുമായ ബ്രാഹ്മണർക്കേ ഇതിനകത്തേക്കു കടക്കുവാനുള്ള അനുവാദമുള്ളു.”

ഇതുകേട്ട് അഷ്ടാവക്രൻ പറഞ്ഞു.

“വൃദ്ധന്മാർക്ക് ഇതിന്റെ ഉള്ളിലേക്കു കയറാമെന്നുണ്ടെങ്കിൽ ഇതിൽ ഞങ്ങൾക്കും കയറാം. ഞങ്ങൾ അതിവ്രതത്താൽ വൃദ്ധരാണ്. വേദപ്രഭാവമുള്ളവരാണ്. വൃദ്ധന്മാർ ആചരിക്കുന്നതൊക്കെ അറിയുന്നവരാണു ഞങ്ങൾ. ശുശ്രൂഷാപരന്മാരും ജിതേന്ദ്രിയരും ആഗമജ്ഞാനമുള്ളവരുമാണു ഞങ്ങൾ. ചെറുപ്പമാണെന്നുവച്ചു നിങ്ങൾ ഞങ്ങളെ അപമാനിക്കുകയാണ്. ചെറിയ തീയാണെങ്കിലും തൊട്ടാൽ പൊള്ളുമെന്നറിയാമോ? ദേഹം വലിയതായതുകൊണ്ട്  ആൾ മഹാനാകുന്നില്ല. ഫലം നോക്കിയാണു വൃദ്ധിയെ ഗണിക്കേണ്ടത്. വൃദ്ധനായിട്ടും അവൻ നിഷ്ഫലജീവിയാണെങ്കിൽ എന്തുചെയ്യും?”

ദ്വാരപാലകൻ പറഞ്ഞു.

“വൃദ്ധന്മാരുടെ വാക്കുകേട്ടു ബാലന്മാർക്കു ജ്ഞാനം ഉണ്ടാകുന്നു. കാലം ചെല്ലുമ്പോൾ ബാലന്മാർ വൃദ്ധരായിത്തീരുന്നു. അല്പകാലം കൊണ്ടു വലിയ അറിവു നേടുവാൻ സാദ്ധ്യമാണോ? ഭവാനു ദീർഘകാലത്തെ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല. പിന്നെ ബാലനായ നീ വൃദ്ധനായി നടിച്ചു പറയുന്നതു ശരിയാണോ? അവിടെ വാദവിദഗ്ദ്ധനായ വന്ദിയുമായി പല ദേശങ്ങളിൽ നിന്നെത്തിയ പണ്ഡിതർ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയാണ്. തോൽക്കുന്നവർ ബന്ധനസ്ഥരാകും. വന്ദിയെ തോൽ‌പ്പിക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. വിനീതന്മാരായ വിദ്വാന്മാർ ചെന്നുകയറേണ്ട സദസ്സിൽ പത്തു വയസ്സുമാത്രം പ്രായമുള്ള നീ നേരിട്ടു കടന്നുചെല്ലുകയോ?”

അഷ്ടാവക്രൻ പറഞ്ഞു.

“തല നരച്ചതുകൊണ്ടുമാത്രം ഒരാൾ വൃദ്ധനാവുകയില്ല. വയസ്സുകൊണ്ടു ബാലനാണെങ്കിലും, വിജ്ഞാനമുള്ളവനെ ദേവന്മാർ വൃദ്ധനായി കണക്കാക്കുന്നു. ഒരുത്തന്റെ മേന്മ വയസ്സിലോ, തലനരച്ചതുകൊണ്ടോ, സമ്പത്തുകൊണ്ടോ, ബന്ധുക്കളെ നോക്കിയോ ആണു നിശ്ചയിക്കേണ്ടതെന്നു മഹർഷിമാർ പറഞ്ഞിട്ടില്ല. അവയൊന്നുമല്ല മഹത്ത്വത്തെ തീരുമാനിക്കാനുള്ള വഴി. വേദജ്ഞനാണു മഹാൻ. ഞാൻ പണ്ഡിതന്മാരോടുകൂടി വാദിക്കുന്നതും വാദത്തിൽ മുന്നേറി വന്ദിയെ ജയിക്കുന്നതും ഉടനെ കാണാവുന്നതാണ്. വിദ്യാപരിപൂർണ്ണന്മാരായ വിപ്രന്മാർ രാജാവിനോടും പുരോഹിതമുഖ്യന്മാരോടുംകൂടി എനിക്കു വാദത്തിൽ ഉയർച്ചയോ താഴ്ചയോ പറ്റുകയെന്നു ശാന്തമായി ഇരുന്നു കണ്ടുകൊള്ളട്ടെ!“

ബാലന്മാർ നിസ്സാരരല്ല എന്നു മനസ്സിലാക്കിയ ദ്വാരപാലകൻ അവരെ രാജാവിന്റെ മുന്നിലെത്തിച്ചു.നടന്നതെല്ലാം കേട്ടു ജനകമഹാരാജാവ് പറഞ്ഞു.

“അന്യന്റെ വാക്യബലത്തെ ചിന്തിക്കാതെയാണ് ഭവാൻ വന്ദിയെ ജയിക്കുവാൻ ആഗ്രഹിക്കുന്നത്. വേദജ്ഞന്മാരായ ബ്രാഹ്മണർക്കു വന്ദിയെ നന്നായി അറിയാം. ഭവാന് അറിയില്ല! അതിനാലാണ് അദ്ദേഹത്തെ ജയിച്ചുകളയാം എന്നു വിചാരിക്കുന്നത്. മുൻപ് അദ്ദേഹത്തോടെതിർത്ത ബ്രാഹ്മണരൊക്കെ സൂര്യപ്രകാശത്തിൽ നക്ഷത്രങ്ങളെന്നപോലെ ശോഭിക്കാതെ പോയി. വിജ്ഞാനമത്തന്മാർ പോലും വന്ദിയുടെ മുന്നിലെത്തുമ്പോൾ മിണ്ടാൻ പോലും ശക്തിയില്ലാത്തവരാകുന്നതാണു പതിവ്. അതിനാൽ ഭവാന്റെ ജ്ഞാനം ആദ്യം ഞാനൊന്നു പരീക്ഷിച്ചറിയട്ടെ! അതിനുശേഷമാകാം വന്ദിയെ കാണുന്നത്.“

രാജാവ്     :     “മുപ്പതു ഭാഗങ്ങളും പന്ത്രണ്ട് അംശങ്ങളും ഇരുപത്തിനാലു പർവ്വങ്ങളും മുന്നൂറ്ററുപത് അരങ്ങളുമുള്ള വസ്തുവിന്റെ അർത്ഥമറിയുന്നവനെ മാത്രമേ ജ്ഞാനമുള്ളവനായി കണക്കാക്കാവൂ!“

അഷ്ടാവക്രൻ     :     “ഇരുപത്തിനാലു പർവ്വങ്ങളും ആറുനാഭികളും പന്ത്രണ്ടുപരിധിയും മുന്നൂറ്ററുപത് അരങ്ങളുമുള്ള അനന്തം കറങ്ങുന്ന കാലചക്രം അങ്ങയെ രക്ഷിക്കട്ടെ!“

രാജാവ്     :   “തേരിൽ പൂട്ടിയ പെൺകുതിരകളെപ്പോലെ ഒന്നിച്ചു സഞ്ചരിക്കുന്നതും, പരുന്തിനെപ്പോലെ വേഗത്തിൽ പോകുന്നതും എന്താണ്? ആരാണ് അവയ്ക്ക് ജന്മം നൽകുന്നത്?“

 അഷ്ടാവക്രൻ     :    ഇവ രണ്ടും (ഇടിയും മിന്നലും) അങ്ങയുടെ മാത്രമല്ല, അങ്ങയുടെ ശത്രുക്കളുടെ ഗൃഹത്തിലും വന്നുകൂടാതിരിക്കട്ടെ. കാറ്റ് സാരഥിയായവൻ (മേഘം) ഇവ രണ്ടിനേയും സൃഷ്ടിക്കുന്നു.”

രാജാവ്     :    “കണ്ണടയ്ക്കാതെ ഉറങ്ങുന്നത് ഏതു ജീവിയാണ്?

അഷ്ടാവക്രൻ     :    “മീൻ.“

 രാജാവ്     :    “ജനിച്ചതിനുശേഷവും ഇളക്കമില്ലാത്തതെന്തിനാണ്?”

 അഷ്ടാവക്രൻ     :   “മുട്ട.”

രാജാവ്     :     “ഹൃദയമില്ലാത്ത വസ്തുവേത്?”

അഷ്ടാവക്രൻ     :   “കല്ല്.”

രാജാവ്     :    “സ്വന്തം വേഗം കൊണ്ട് വർദ്ധിക്കുന്നതെന്താണ്?”

അഷ്ടാവക്രൻ     :     “നദി”

അഷ്ടാവക്രന്റെ ബുദ്ധിവൈഭവത്തിൽ രാജാവു സംതൃപതനായി. അദ്ദേഹം അവനെ വന്ദിയോടു വാദപ്രതിവാദം നടത്താനനുവദിച്ചു. ഉത്തമമായ വാദപ്രതിവാദത്തിനൊടുവിൽ വന്ദി പരാജിതനായി. ബന്ധനസ്ഥരായ പണ്ഡിതന്മാരെ എല്ലാവരെയും വിട്ടയയ്ക്കാൻ രാജാവ് ഉത്തരവിട്ടു. പിതാവുമൊത്ത് ആ ചെറുബാലന്മാർ വീട്ടിലേക്കു മടങ്ങി.


Saturday, 6 December 2014

നളപാചകം

ഭാര്യ ഒന്നു വീണു. ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവളുടെ ഇരിപ്പു കണ്ടപ്പോൾ ഡോക്ടർക്കുപോലും ഒരു സംശയം. കാലൊടിഞ്ഞിട്ടുണ്ടോ അതോ ഇല്ലിയോ! അവസാനം X-Ray എല്ലാ സംശയങ്ങളും ദൂരീകരിച്ചു തന്നു. ഒടിഞ്ഞിട്ടുണ്ട്. രണ്ടുമാസം പ്ലാസ്റ്ററിട്ട് കിടക്കണം. എനിക്കെന്തായാലും സന്തോഷമായി! ഇനിയിപ്പോൾ എന്റെ പാചക പരീക്ഷണങ്ങൾ യഥേഷ്ടം നടത്താം. കുറച്ചുനാളായി ആഗ്രഹിക്കുന്നു പാചകം പഠിക്കണമെന്ന്. ഇതുവരെയും അവൾ അടുക്കളയിലോട്ട് അടുപ്പിക്കാറില്ല. ഞാൻ കയറിയാൽ അവിടം കുട്ടിച്ചോറാകും പോലും! എന്തായാലും അന്ന് ഞാൻ കയറി അവൾക്കും കുട്ടിക്കും ചോറ് വച്ചു.

കലാപരിപാടികൾ അങ്ങനെ പുരോഗമിച്ചു. കറികളൊക്കെ കുറേശ്ശെ വെക്കാൻ പഠിച്ചു. ഒരുദിവസം കുറച്ച് അതിഥികൾ കാലുകാണാൻ എത്തി. ഞാൻ ഉണ്ടാക്കിയ ഭക്ഷണങ്ങൾ കഴിച്ച് അവർ ഒരേശബ്ദത്തിൽ പറഞ്ഞു.

“Fantastic, marvelous, splendid, superb... നളപാചകമാണല്ലോ!“

എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു.

“അല്ലാ, എനിക്കൊരു സംശയം. ഈ പാചകം കണ്ടുപിടിച്ചത് നളനാണോ? എല്ലാവരും നളപാചകം എന്ന് പറയുന്നതെന്തുകൊണ്ടാണ്?”

“നിനക്ക് നളന്റെയും ദമയന്തിയുടെയും കഥ അറിയില്ല അല്ലേ? എന്നാൽ ഞാൻ പറയാം..”

ഞാ‍ൻ ആ കഥ പറഞ്ഞുതുടങ്ങി.

“നിഷധരാജ്യത്ത് വീരസേനപുത്രനായി നളൻ എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. സകലഗുണസമ്പന്നനും സുന്ദരനും കുതിരയോട്ടത്തിൽ അതിനിപുണനുമായിരുന്നു ആ രാജാവ്. നളൻ അനേകം രാജ്യങ്ങൾ കീഴടക്കി തന്റെ രാജ്യാതിർത്തികൾ വിപുലപ്പെടുത്തി. അദ്ദേഹത്തിന്റെ ഭരണത്തിൽ പ്രജകളെല്ലാം സന്തോഷിച്ചു.

അക്കാലത്ത് വിദർഭ ഭരിച്ചിരുന്ന പ്രബലനായ രാജാവായിരുന്നു ഭീമൻ. അദ്ദേഹത്തിന് ദമൻ, ദാന്തൻ, ദമനൻ എന്നീ മൂന്ന് പുത്രന്മാരും ദമയന്തി എന്ന ഒരു പുത്രിയും ഉണ്ടായിരുന്നു. പുത്രന്മാർ മൂന്നുപേരും സർവ്വഗുണസമ്പന്നന്മാരായിരുന്നു. ദമന്തിയാകട്ടെ രൂപം, തേജസ്സ്, കീർത്തി, സ്വഭാവം, കാന്തി, സൗഭാഗ്യം എന്നിവയാൽ ലോകത്തിലെങ്ങും പേരുകേട്ട സുന്ദരിയായി വളർന്നു. ശ്രീദേവിയെപ്പോലെ ചന്തം തികഞ്ഞ അവൾക്ക് തുല്യയായി ദേവവർഗ്ഗത്തിലോ, യക്ഷവർഗ്ഗത്തിലോ, മാനുഷവർഗ്ഗത്തിലോ ഒരു നാരിയുള്ളതായി കണ്ടിട്ടും കേട്ടിട്ടുമില്ലെന്നു പ്രസിദ്ധമായി. ദേവന്മാർക്കുകൂടി മനസ്സിന്ന് ആനന്ദം ചേർത്തുകൊണ്ട് ആ സുന്ദരി വളർന്നുവന്നു.

നളന്റെ ഗുണങ്ങളെപ്പറ്റി ദമയന്തിയും, ദമയന്തിയുടെ ഗുണങ്ങളെപ്പറ്റി നളനും അറിയുവാനിടയായി. ജനങ്ങൾ പുകഴ്ത്തിപ്പറയുന്നതുകേട്ട് അവർക്ക് അന്യോന്യം അനുരാഗമുണ്ടാകുകയും മനസ്സിൽ കാമം വർദ്ധിക്കുകയും ചെയ്തു. നളനാകട്ടെ മനസ്സിൽ ആഗ്രഹം അടങ്ങാതായി. ഒരുദിവസം അന്തഃപ്പുരത്തിനു സമീപത്തുള്ള ഉദ്യാനത്തിൽ ചിന്താമഗ്നനായി സഞ്ചരിച്ചുകൊണ്ടിരുന്ന നളൻ സ്വർണ്ണച്ചിറകുള്ള അരയന്നങ്ങളെ കണ്ടു. കൗതുകം തോന്നിയ രാജാവ് മെല്ലെച്ചെന്ന് അതിലൊന്നിനെ പിടിച്ചു. അപ്പോൾ ആ ഹംസം ഇങ്ങനെ പറഞ്ഞു.

“രാജാവേ, അങ്ങ് എന്നെ കൊല്ലരുതേ! ഭാവാനെ ഞാൻ സഹായിക്കാം. എന്നെ വിട്ടാൽ ഞാൻ ദമന്തിയുടെ അടുത്തുചെന്ന് അങ്ങയെ വാഴ്ത്താം. ഭവാന്റെ ഗുണഗണങ്ങളെല്ലാം ഞാൻ അവളെ അറിയിക്കാം.”

ഇതുകേട്ടതോടെ നളൻ ഹംസത്തെ വിട്ടു. ഹംസം തന്റെ വാക്കുപാലിച്ചു. അത് നേരെ ദമയന്തിയുടെ അന്തഃപ്പുരത്തിൽ ചെന്നു. എന്നിട്ട് ആരും കേൾക്കാനില്ലാത്ത അവസരത്തിൽ അവളോട് ഇങ്ങനെ പറഞ്ഞു.

“ദമയന്തീ, വിശ്വവിഖ്യാതനായ നിഷധരാജാവ് നളൻ, രൂപഗുണത്തിൽ അദ്വിതീയനായി അശ്വിനീദേവന്മാരെപ്പോലെ പ്രശോഭിക്കുന്നു. ആ രാജാവ് അതിസുന്ദരനാണ്. ദേവഗന്ധർവ്വന്മാരിലും, നാഗരാക്ഷസന്മാരിലും ഇത്ര സുന്ദരനായ ഒരാളെ ഞങ്ങൾ കണ്ടിട്ടില്ല. മനോഹരിയായ ഭവതി നളന്റെ ഭാര്യയാകുവാൻ പറ്റിയവളാണ്. നളൻ നരോത്തമനാണ്. അതുപോലെ ഭവതി നാരീരത്നമാണ്. നിങ്ങൾ തമ്മിലുള്ള സംബന്ധം ഗുണത്തിലേ ചെന്നുചേരൂ.”

ഇതുകേട്ടതോടെ ദമയന്തിയുടെ മനം കുളിർത്തു. നളനെ മാത്രമേ താൻ പതിയായി സ്വീകരിക്കൂ എന്ന് അവൾ നിശ്ചയിച്ചു.

കാലം കടന്നുപോയി. ഭീമരാജാവ് ദമന്തിയുടെ സ്വയംവരം നിശ്ചയിച്ചു. മകളുടെ സ്വയംവരത്തിനു രാജാക്കന്മാരെയെല്ലാം ക്ഷണിച്ചു. സ്വയംവരവാർത്ത കേട്ടു രാജാക്കന്മാർ എത്തിത്തുടങ്ങി. ദേവലോകത്തിലും ഈ വാർത്ത എത്തി. ഇന്ദ്രൻ, അഗ്നി, വരുണൻ, യമൻ എന്നീ ദേവന്മാർ സ്വയംവരത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചു. അവർ വഴിക്കുവച്ച് സ്വയംവരത്തിൽ പങ്കെടുക്കാൻ പോകുന്ന നളനെ കണ്ടു. രൂപഗുണത്തിലും തേജസ്സിലും സൂര്യനെപ്പോലെ ശോഭിക്കുന്ന നളനെ കണ്ടു ദേവന്മാർ അവരുടെ ഉദ്ദേശം വേണ്ടെന്നുവച്ചു. നളനെ ഒന്നു പരീക്ഷിക്കണമെന്നു കരുതി അവർ അദ്ദേഹത്തിന്റെ മുന്നിലെത്തി ഇങ്ങനെ പറഞ്ഞു.

“അല്ലയോ നിഷധമഹാരാജാവേ! സത്യവ്രതനും നരോത്തമനുമായ ഭവാൻ ഞങ്ങളുടെ ദൂതനായി ഞങ്ങളെ സഹായിച്ചാലും.”

സഹായം ചോദിക്കുന്നവരെ മടക്കി അയയ്ക്കാത്ത നളൻ അവരെ സഹായിക്കാമെന്ന് ഏറ്റു.  എന്നാൽ അവരിലൊരാളെ വിവാഹം കഴിക്കണമെന്നു ദമയന്തിയെ അറിയിക്കുകയാണ് താൻ ചെയ്യേണ്ട സഹായമെന്നറിഞ്ഞു നളൻ വിഷമത്തിലായി. എങ്കിലും പറഞ്ഞവാക്കു പാലിക്കാൻ അദ്ദേഹം നിർബന്ധിതനായി. ദേവന്മാരുടെ സഹായത്തോടെ രാത്രിയിൽ നളൻ ദമയന്തിയുടെ അന്തഃപ്പുരത്തിലെത്തി. അത്ഭുതപ്പെട്ടു നിൽക്കുന്ന അവളോടു തന്റെ ആഗമനോദ്ദേശം പറഞ്ഞു. നാല് ദേവന്മാരിൽ ഒരാളെ സ്വയംവരത്തിൽ ഭർത്താവായി വരിക്കണം. ഹംസം പറഞ്ഞ അടയാളങ്ങൾ വച്ചു ദമയന്തിക്കു നളനെ മനസ്സിലായി. അവൾ പറഞ്ഞു.

“അങ്ങയെക്കുറിച്ചുള്ള നല്ലവാക്കുകൾ കേട്ടു ഞാൻ എന്നേ അങ്ങയെ മനസ്സാ വരിച്ചിരിക്കുന്നു. ഇനി മറ്റൊരാളെക്കുറിച്ച് എനിക്കു ചിന്തിക്കുവാൻ കൂടി പ്രയാസമാണ്. ദേവന്മാരോടൊപ്പം അങ്ങും സ്വയംവരത്തിനു വരണം. അവിടെ വച്ച് അങ്ങയെ ഞാൻ ഭർത്താവായി സ്വീകരിക്കുന്നതാണ്.”

ദമന്തിയുടെ വാക്കുകൾ നളൻ ദേവന്മാരെ അറിയിച്ചു. അങ്ങനെ സ്വയംവരദിനവും വന്നെത്തി. വിദർഭ, ശ്രേഷ്ഠന്മാരായ രാജാക്കന്മാരെക്കൊണ്ടു നിറഞ്ഞു. ദമയന്തി പന്തലിൽ പ്രവേശിച്ചു. അവൾ രാജാക്കന്മാരുടെ ഇടയിൽ നളനെ തിരഞ്ഞു. നളന്റെ രൂപതുല്യരായ അഞ്ചുപേർ ഇരിക്കുന്നതുകണ്ട് അവൾ കുഴഞ്ഞു. എത്ര ശ്രമിച്ചിട്ടും ഏതാണു നളൻ എന്ന് അവൾക്കു മനസ്സിലായില്ല. ഇതു ദേവന്മാരുടെ പരീക്ഷണമാണെന്നു മനസ്സിലായ ദമയന്തി അവരെ മനസ്സുകൊണ്ടു പൂജിച്ചു. തന്നെ ഈ വിഷമവൃത്തത്തിൽ നിന്നും രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അതോടെ യഥാർത്ഥ നളനെ ദേവന്മാർ അവൾക്കു കാട്ടിക്കൊടുത്തു. നളനും ദമയന്തിയും വിവാഹിതരായി. അവരുടെ പ്രേമത്തിൽ സന്തുഷ്ടരായ ദേവന്മാർ ഓരോരുത്തരും ഈരണ്ടു വരങ്ങൾ നളനു നൽകി. യജ്ഞത്തിൽ പ്രത്യക്ഷമായ ദർശനവും മരണശേഷം സ്വർഗ്ഗവും ഇന്ദ്രനിൽ നിന്നും നളനു ലഭിച്ചു. വിചാരിക്കുന്നിടത്തു  പ്രത്യക്ഷപ്പെട്ടുകൊള്ളാമെന്നും തന്നെപ്പോലെ ശോഭിക്കുന്ന പുണ്യലോകങ്ങളും അഗ്നി നൽകി. ഭക്ഷണത്തിൽ വിശിഷ്ടരുചിയും ധർമ്മത്തിൽ ശ്രേഷ്ഠത്വവും യമൻ വരമായി നൽകി. വരുണൻ ഉത്തമമായ പൂമാലയും ഇച്ഛിക്കുന്നേടത്തു പ്രത്യക്ഷപ്പെട്ടുകൊള്ളാമെന്ന വരവും നളനു നൽകി. നളനും ദമയന്തിയും സന്തോഷത്തോടെ ജീവിതം തുടങ്ങി.

ഈ വരങ്ങളാണു നളനെ ഒരു പാചകവിദഗ്ദ്ധനാക്കിയത്.  അഗ്നിയുടെ വരം മൂലം അദ്ദേഹത്തിനു തീ കത്തിക്കാൻ വിഷമമില്ല. കുറച്ച് ഉണക്കപ്പുല്ലെടുത്തു ദേവനെ മനസ്സിൽ ധ്യാനിച്ചാൽ അതു കത്തുകയായി. അദ്ദേഹത്തെ തീ ഒരിക്കലും പൊള്ളിക്കുകയില്ല. ഒഴിഞ്ഞ കുടങ്ങളെല്ലാം നളൻ ഒന്നു നോക്കിയാൽ ജലം കൊണ്ടു നിറയും. പഴവർഗ്ഗങ്ങളും പൂക്കളും അദ്ദേഹത്തിന്റെ സ്പർശനത്തിൽ ശുദ്ധവും സൗരഭ്യമുള്ളതുമായി മാറും. യമന്റെ അനുഗ്രഹത്താൽ എന്തുണ്ടാക്കിയാലും അതു വിശിഷ്ടരുചിയുള്ളതായിതീരും. അങ്ങനെയാണ് നളപാചകം പാചകകലയ്ക്ക് ഒരു വിശേഷണമായത്.” ഞാൻ പറഞ്ഞു നിർത്തി.