Wednesday, 11 October 2017

കുറ്റവും ശിക്ഷയും

“മോനേ, ഈ പെൻസിൽ കൊള്ളാമല്ലോ! നല്ല തിളക്കം. ഇതുപോലൊരെണ്ണം നിനക്കില്ലായിരുന്നല്ലോ. ഇതെവിടെ നിന്നു കിട്ടി?”

“അച്ഛാ, അത് അരുണിന്റെയാ..” അവൻ പതുക്കെ പറഞ്ഞു.

“അരുൺ നിനക്കു തന്നതാണോ?” ഞാൻ ചോദിച്ചു. അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു.

“സത്യമേ പറയാവൂ. അരുൺ തന്നതാണോ ഇത്?”

“തറയിൽ കിടക്കുന്നതു കണ്ടു ഞാൻ എടുത്തതാ. അവൻ അറിഞ്ഞില്ല.”

“എന്നാൽ നാളെത്തന്നെ ഇത് അരുണിനെ ഏല്പിക്കണം. അറിയാതെ എടുത്തുപോയതാണെന്നു പറയുകയും വേണം. മറ്റൊരാളുടെ സാധനം അവർ അറിയാതെ എടുക്കുന്നതു കള്ളത്തരമാണ്. മോൻ ഇനി ഒരിക്കലും അതു ചെയ്യരുത്.”

അവൻ ഇനി അങ്ങനെ ചെയ്യില്ല എന്നു സമ്മതിച്ചു. കുറച്ചു നേരം കഴിഞ്ഞ് അവൻ എന്റെ അടുത്തെത്തി.

“അച്ഛാ, ഈ പെൻസിൽ എടുക്കുന്നതൊക്കെ വലിയ തെറ്റാണോ. മറ്റൊരാളുടെ പണം എടുക്കുന്നതല്ലേ കള്ളത്തരം?”

“അല്ല. നമുക്ക് അവകാശമില്ലാത്ത ഏതു സാധനം എടുക്കുന്നതും മോഷണം തന്നെയാണ്. കള്ളത്തരം നമ്മളെ മൂടോടെ നശിപ്പിക്കും. അതുകൊണ്ടു മോൻ ഒരിക്കലും അതു ചെയ്യരുത്. പണ്ടൊക്കെ രാജാക്കന്മാർ എത്ര ഭയങ്കര ശിക്ഷയാണെന്നോ മോഷണത്തിനു നൽകിയിരുന്നത്. ഈ കഥ കേൾക്കൂ..”

കഥ എന്നു കേട്ടതോടെ അവൻ ആവേശത്തോടെ ശ്രദ്ധിച്ചിരുന്നു. ഞാൻ പറഞ്ഞുതുടങ്ങി.

“ഒരിടത്ത് ഒരു കാട്ടിൽ ജ്യേഷ്ഠാനുജന്മാരായ രണ്ടു ബ്രാഹ്മണകുമാരന്മാർ തപസ്സു ചെയ്തിരുന്നു. മൂത്തയാൾ ശംഖൻ. ഇളയവൻ ലിഖിതൻ. ഒരു നദിയുടെ കരയിൽ ദൂരെദൂരെയായി രണ്ടു പർണ്ണശാലകൾ കെട്ടിയായിരുന്നു അവർ കഴിഞ്ഞിരുന്നത്. ധാരാളം പൂക്കളും പഴങ്ങളും തരുന്ന ചെടികളും വൃക്ഷങ്ങളും കൊണ്ട് ആ പർണ്ണശാലകൾ മനോഹരമാക്കിയിരുന്നു.

ഒരിക്കൽ ലിഖിതൻ ജ്യേഷ്ഠനെ കാണാ‍ൻ അദ്ദേഹത്തിന്റെ പർണ്ണശാലയിൽ എത്തി. എന്നാൽ ആ സമയം ശംഖൻ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു. ജ്യേഷ്ഠൻ വരുന്നതും കാത്തിരിക്കുന്നതിനിടയിൽ ലിഖിതൻ അവിടെ കണ്ട പഴങ്ങൾ പറിച്ചു തിന്നാൻ തുടങ്ങി. അപ്പോഴാണു ശംഖൻ കടന്നുവരുന്നത്. തന്റെ അനുവാദം കൂടാതെ തന്റെ പർണ്ണശാലയിലെ പഴങ്ങളാണ് അനുജൻ തിന്നുന്നതെന്നറിഞ്ഞ ജ്യേഷ്ഠൻ പറഞ്ഞു,

“അല്ലയോ ലിഖിതാ, അങ്ങ് എന്ത് അപരാധമാണ് ഈ കാട്ടിയത്. ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ അയാളുടെ സാധനം എടുക്കുന്നതു മോഷണമല്ലേ? ഈ പ്രവൃത്തിമൂലം ഇത്രയും കാലം തപസ്സു ചെയ്ത് അങ്ങു നേടിയ പുണ്യമെല്ലാം നശിക്കുമല്ലോ?”

ഇതുകേട്ടതോടെ ലിഖിതൻ സ്തബ്ധനായി. അയാൾ ജ്യേഷ്ഠന്റെ കാൽക്കൽ വീണു മാപ്പുചോദിച്ചു. ശംഖൻ പറഞ്ഞു.

“നീ ചെയ്ത തെറ്റിന്റെ ഫലം നീ അനുഭവിക്കുക തന്നെ വേണം. അല്ലാതെ ഈ പതനത്തിൽ നിന്നും കരകയറുവാൻ മറ്റൊരു മാർഗ്ഗവും ഞാൻ കാണുന്നുമില്ല. നിന്നെ രക്ഷിക്കുവാനോ ശിക്ഷിക്കുവാനോ ഞാൻ അധികാരിയുമല്ല. നീ വേഗം തന്നെ നമ്മുടെ രാജാവായ സുദ്യുമ്നന്റെ അടുത്തു ചെന്നു കാര്യങ്ങൾ പറയുക. അദ്ദേഹം തരുന്ന ശിക്ഷ ഏറ്റുവാങ്ങുക. അതിലൂടെ മാത്രമേ നിനക്ക് ഈ തെറ്റിൽ നിന്നും മോചനം ലഭിക്കൂ.”

ഇതുകേട്ടു ലിഖിതൻ സുദ്യുമ്ന മഹാരാജാവിന്റെ കൊട്ടാരത്തിലേക്കു യാത്രയായി. മഹാജ്ഞാനിയായ ലിഖിതൻ കൊട്ടാരവാതിൽക്കൽ എത്തിയതറിഞ്ഞു രാജാവ് തന്റെ മന്ത്രിമാരോടൊത്തു പുറത്തെത്തി അദ്ദേഹത്തെ സ്വീകരിച്ചു കൊണ്ടുപോയി. ആതിഥ്യമര്യാദകൾ സ്വീകരിച്ച ശേഷം മുനി രാജാവിനോടു പറഞ്ഞു.

“അല്ലയോ മഹാരാജാവേ, അങ്ങയോട് ഒരു സഹായം അഭ്യർത്ഥിക്കാനാണു ഞാൻ എത്തിയത്. അത് എന്താണെന്നു പറയുന്നതിനു മുൻപ് അങ്ങ് എന്റെ അഭ്യർത്ഥന സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പു തരണം.” രാജാവ് ഉറപ്പു നൽകിയപ്പോൾ ലിഖിതൻ തുടർന്നു.

“രാജൻ, ഞാൻ ഒരു വലിയ തെറ്റു ചെയ്തു. എന്റെ ജ്യേഷ്ഠനോടു ചോദിക്കാതെ അദ്ദേഹം ശേഖരിച്ചു വച്ചിരുന്ന പഴങ്ങൾ ഞാൻ ഭക്ഷിക്കാനിടയായി. അതിനാൽ അങ്ങ് എനിക്കു മോഷണത്തിനുള്ള ശിക്ഷ നൽകണമെന്നാണ് എന്റെ അപേക്ഷ.”

ഇതുകേട്ടു രാജാവു പറഞ്ഞു.

“മഹാമുനേ, ഈ രാജ്യത്തുള്ള പ്രജകളെയെല്ലാം ശിക്ഷിക്കുവാനുള്ള അധികാരം എന്നിൽ നിക്ഷിപ്തമാണെങ്കിൽ അവരെ രക്ഷിക്കുവാനും എനിക്കു കഴിയണം. ശിക്ഷ ഏറ്റുപറഞ്ഞതിനാൽ അങ്ങു പരിശുദ്ധനായി എന്നു കരുതുക. ഞാൻ അങ്ങയുടെ ഈ തെറ്റിനു മാപ്പു നൽകുന്നു. അങ്ങു മറ്റെന്തെങ്കിലും ആവശ്യപ്പെട്ടാലും.”

എന്നാൽ രാജാവ് എത്രയൊക്കെ നിർബന്ധിച്ചിട്ടും മുനി തന്റെ നിശ്ചയത്തിൽ ഉറച്ചു നിന്നു. അവസാനം കളവിനുള്ള ശിക്ഷയായി ലിഖിതന്റെ രണ്ടു കൈകളും വെട്ടിമാറ്റുവാൻ ഗത്യന്തരമില്ലാതെ രാജാവ് ഉത്തരവിട്ടു.

ശിക്ഷ നടപ്പിലായി. ലിഖിതൻ തന്റെ ജ്യേഷ്ഠന്റെ അടുത്തു തിരിച്ചെത്തി നടന്നതെല്ലാം പറഞ്ഞു. നദിയിൽ സ്നാനം ചെയ്തിട്ടു പിതൃക്കൾക്കും ഈശ്വരനും പൂജ ചെയ്യാൻ ശംഖൻ  അനുജനോടു നിർദ്ദേശിച്ചു. കുളിച്ചു ശുദ്ധിയായി പൂജയ്ക്കായി ഇരുന്ന ലിഖിതന്റെ കരങ്ങൾ പഴയതുപോലെ ആയി. അത്ഭുതത്തോടെയിരുന്ന ലിഖിതനോടു ശംഖൻ പറഞ്ഞു.

“എന്റെ തപശ്ശക്തിയാൽ നിന്റെ കരങ്ങൾ പൂർവ്വസ്ഥിതിയിലായി. ഇനി ഒരിക്കലും നീ മോഷ്ടിക്കരുത്. കള്ളം പറയുന്നതും കളവു ചെയ്യുന്നതും നമ്മെ വേരോടെ നശിപ്പിക്കും.”“

കഥ കേട്ടുകൊണ്ടിരുന്ന മകൻ അല്പം വിഷമത്തോടെ എന്നോടു ചോദിച്ചു.

“അച്ഛാ, അപ്പോൾ എന്റെ കയ്യും വെട്ടേണ്ടി വരുമോ?”

ഞാൻ പറഞ്ഞു. “വേണ്ട, നീ ഈ പെൻസിൽ ഇതുപോലെ നാളെത്തന്നെ അരുണിനെ ഏൽ‌പ്പിക്കുക. അവനോടു മാപ്പു പറയുക. അതോടെ നിന്റെ തെറ്റിനുള്ള പ്രായശ്ചിത്തമായി.”

അവൻ സമാധാനത്തോടെ ഉറങ്ങാൻ പോയി.

Monday, 3 April 2017

ഥാർ മരുഭൂമി

“അച്ഛാ, ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതാ?”

“രാജസ്ഥാനിലെ ഥാർ മരുഭൂമി.”

“ഈ മരുഭൂമി ഉണ്ടാകുന്നതെങ്ങനെയാണച്ഛാ?“

 “മോനേ, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ചില സ്ഥലങ്ങളിൽ മഴ പെയ്യാതെയാകും. അങ്ങനെ അവിടം വരണ്ടുണങ്ങും. സസ്യങ്ങളും ജന്തുക്കളും എല്ലാ‍ം ചത്തൊടുങ്ങും. അങ്ങനെ കാലക്രമത്തിൽ ഒന്നുമില്ലാത്ത മരുപ്രദേശമായി മാറും.”

“അപ്പോൾ ഈ ഥാർ മരുഭൂമിയും അങ്ങനെയുണ്ടായതാണോ?”

“അതേല്ലോ!“

“ഈ ഥാർ മരുഭൂമി വളരെ വലുതാണോ‍ അച്ഛാ?”

“അതെ. കോടിക്കണക്കിനു ഹെക്ടർ സ്ഥലമാണു മരുഭൂമി ആയി മാറിയത്.”

“അപ്പോൾ ഇത്രയും സ്ഥലം ഒരു പ്രയോജനവുമില്ലാതെ ഒന്നിനും കൊള്ളാതെ കിടക്കുകയാണല്ലേ?”

“അങ്ങനെ പറയാൻ കഴിയില്ല. പ്രയോജനമില്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിലില്ല. ഥാർ മരുഭൂമിയിൽ നിന്നും മാർബിൾ ഖനനം ചെയ്യുന്നുണ്ട്. കൂടാതെ ഇവിടെ ധാരാളം ഉപ്പു തടാകങ്ങളുണ്ട്. അവിടെ നിന്നും ഉപ്പ് ഉണ്ടാക്കുന്നു.”

“മരുഭൂമിയിൽ  എങ്ങനെയാ അച്ഛാ ഉപ്പുണ്ടാകുന്നത്?”

“അതിനെക്കുറിച്ചു പല ഗവേഷണങ്ങളും നടക്കുന്നു. കടലിൽ നിന്നും കാറ്റു വഴി ഇവിടെ ഉപ്പ് എത്തുന്നു എന്നു കരുതപ്പെടുന്നു. ചിലപ്പോൾ പണ്ട് ഈ മരുഭൂ‍മിയും കടലിന്റെ ഭാഗമായിരുന്നിരിക്കാം. അതിനെക്കുറിച്ചു രസകരമായ ഒരു കഥയുണ്ട്. ഞാൻ പറയാം. കേട്ടോളൂ.

രാമായണത്തിൽ യുദ്ധകാണ്ഡത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. രാവണൻ സീതയെ കട്ടോണ്ടു പോയി ലങ്കയിൽ പാർപ്പിച്ചതും, വാനര സൈന്യത്തിന്റെ സഹായത്തോടെ ശ്രീരാമൻ സീതയെ അന്വേഷിച്ചു കണ്ടെത്തിയ കഥയും നിനക്കറിയാമല്ലോ. അങ്ങനെ ശ്രീരാമലക്ഷ്മണന്മാരും വാനരസൈന്യവും സീതയെ വീണ്ടെടുക്കാനായി ലങ്കയിലേക്കു തിരിച്ചു. അവർ സമുദ്രതീരത്തെത്തി. വിശാലമായ സമുദ്രം കടന്നാലേ ലങ്കയിലെത്താൻ കഴിയൂ‍. എന്താണു ചെയ്യുക എന്ന് എല്ലാവരും ചേർന്നാലോചിച്ചു. അവസാനം സമുദ്രദേവനോടുതന്നെ സഹായം തേടാം എന്നു തീരുമാനിച്ചു. ശ്രീരാമൻ സമുദ്രദേവനെ പൂജിച്ച് ഉപവസിച്ചു.

ദിവസങ്ങൾ കടന്നുപോയി. സീ‍തയെ എത്രയും വേഗം രക്ഷപെടുത്തേണ്ടതുണ്ട്. സമുദ്രദേവനാണെങ്കിൽ പ്രത്യക്ഷപ്പെടുന്നുമില്ല. ശ്രീരാമൻ കോപാവിഷ്ടനായി. സമുദ്രം വറ്റിക്കാനായി ആഗ്നേയാസ്ത്രം തന്റെ വില്ലിൽ തൊടുത്തു. ഇതോടെ കടൽ കലങ്ങിമറിഞ്ഞു. ജലജീവികളെല്ല്ലാ‍ം പേടിച്ചു പരക്കം പാഞ്ഞു. ഭൂമി ഇരുളടഞ്ഞു. ഇടിയും മിന്നലും ഉണ്ടായി. അവസാനം സമുദ്രദേവൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം രാമനെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു.

“അല്ലയോ രാമാ, എന്നോട് അനിഷ്ടം തോന്നരുതേ. ഈ പ്രപഞ്ചം മുഴവൻ ഒരു വ്യവസ്ഥയിൽ അടിസ്ഥാനമായാണു നിലകൊള്ളുന്നതെന്ന് അങ്ങയ്ക്ക് അറിവുള്ളതാ‍ണല്ലോ. ഇവിടെ ഉള്ള ഓരോ വസ്തുവിനും ഒരു അടിസ്ഥാന സ്വഭാവം ഉണ്ട്. അതിനെ മാറ്റാൻ ആർക്കും കഴിയുന്നതല്ല. ഈ വിശാലതയും ആഴവും ജലവും എല്ലാം എന്റെ സ്വഭാവമാണ്. ഞാൻ വിചാരിച്ചാൽ കൂടി ഇത് ഇല്ലാതെയാക്കാൻ കഴിയില്ല. എന്നിലൂടെ അണകെട്ടാൻ ഉള്ള എല്ലാ സഹായവും ഞാ‍ൻ ചെയ്യാം. എന്നോടുള്ള കോപം അടക്കിയാലും.”

സമുദ്രദേവന്റെ ഈ അപേക്ഷ കേട്ടു ശ്രീരാമൻ ശാന്തനായി. അദ്ദേഹം പറഞ്ഞു.

“അല്ലയോ സമുദ്രദേവാ, അങ്ങയുടെ വാക്കുകൾ ഞാൻ സ്വീകരിക്കുന്നു. പക്ഷേ ഈ ആഗ്നേയാസ്ത്രം ഞാൻ ഞാണിൽ തൊടുത്തുപോയി. ഇനി ഇതു തിരിച്ചെടുക്കാൻ കഴിയിൽ. അതുകൊണ്ട് ഏതു പ്രദേശത്തേക്കാണ് ഇതു പ്രയോഗിക്കേണ്ടതെന്ന് അങ്ങ് നിശ്ചയിച്ചാലും.”

അങ്ങനെ സമുദ്രദേവന്റെ നിശ്ചയപ്രകാരം ദുഷ്ടജന്തുക്കൾ അധികം പാർത്തിരുന്ന ദ്രുമകൂ‍ല്യമെന്ന ദിക്കിലേക്കു രാമൻ വിശിഷ്ടമായ ആ ബാണം എയ്തു. ആ അസ്ത്രത്തിന്റെ ശക്തിയിൽ ആ ദിക്കിലെ സമുദ്രജലം ഭൂമിയിലേക്ക് അന്തർദ്ധാനം ചെയ്തു. ആ പ്രദേശം മരുകാന്താരം എന്നറിയപ്പെട്ടു. ആ മരുകാന്താരമാണ് ഇന്നത്തെ ഥാർ മരുഭൂമി എന്നതാണു കഥ.”


Monday, 2 January 2017

യുധിഷ്ഠിരവധം!

യുധിഷ്ഠിരനെ വധിച്ചെന്നോ? ആര്? അത്ഭുതം തോന്നുന്നു, അല്ലേ? എന്നാൽ സ്വന്തം അനുജനായ അർജ്ജുനൻ തന്നെയാണു വധിച്ചതെന്നു കേൾക്കുമ്പോഴോ? എന്തായാലും ആ കഥയാകട്ടെ അടുത്തത്...

മഹാഭാരതയുദ്ധം തുടങ്ങി പതിനാറു ദിവസം കഴിഞ്ഞു. ഭീഷ്മർ ശരശയ്യയിൽ കിടക്കുന്നു. ദ്രോ‍ണർ വീരമരണം വരിച്ചു. ഇപ്പോൾ കർണ്ണനാണു കൗരവപക്ഷത്തെ സേനാനായകൻ. ഒന്നുകിൽ അർജ്ജുനൻ അല്ലെങ്കിൽ താൻ, ഇവരിൽ ഒരാളെ ഇനി ബാക്കി ഉണ്ടാകൂ എന്നു ശപഥമെടുത്തു കർണ്ണൻ പതിനേഴാം ദിവസം സേനയെ അണിനിരത്തി. തേരോടിക്കുന്നതിൽ അഗ്രഗണ്യനാ‍യ ശല്യർ കർണ്ണന്റെ തേർ നയിക്കാൻ നിയോഗിതനായി.

യുദ്ധം തുടങ്ങി. അർജ്ജുനൻ സംശപ്തകരുമായും ഭീമൻ ദുര്യോധനനുമാ‍യും ഏറ്റുമുട്ടുന്ന സമയം കർണ്ണൻ വലിയ സൈന്യവുമായി യുധിഷ്ഠിരന്റെ സേനയെ ആക്രമിച്ചു. നകുലനും സഹദേവനും യുധിഷ്ഠിരന്റെ രക്ഷയ്ക്കെത്തിയതോടെ യുദ്ധം കൊടുമ്പിരികൊണ്ടു. അതിശയിപ്പിക്കുന്ന പരാക്രമമാണ് ആ യുദ്ധത്തിൽ കർണ്ണനും കർണ്ണപുത്രന്മാ‍രും പ്രകടമാക്കിയത്. അവരുടെ വീര്യത്തിനു മുന്നിൽ ഏറെനേരം യുധിഷ്ഠിരനും സഹോദരന്മാർക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. കർണ്ണപുത്രനായ വൃഷസേനൻ യുധിഷ്ഠിരന്റെ കുതിരകളെ കൊല്ലുകയും അമ്പെയ്ത് അദ്ദേഹത്തിന്റെ കിരീടം താഴെ വീഴ്ത്തുകയും ചെയ്തു. ഈ സമയം കർണ്ണൻ നകുലന്റെ തേരിലെ കുതിരകളെ അമ്പെയ്തു വീഴ്ത്തി. സഹദേവന്റെ വില്ലു രണ്ടായി മുറിച്ചു. ഇതോടെ കുതിരകൾ നഷ്ടപ്പെട്ട യുധിഷ്ഠിരനും നകുലനും തേരുകൾ ഉപേക്ഷിച്ചു സഹദേവന്റെ തേരിൽ കയറി പലാ‍യനം ചെയ്തു. യുദ്ധത്തിൽ നിന്നും പിന്തിരിഞ്ഞോടുന്ന യുധിഷ്ഠിരന്റെ പുറകെ ചെന്നു കർണൻ ആക്രമിച്ചു മുറിവേല്പിച്ചു. യുധിഷ്ഠിരന്റെ മരണം ആസന്നമായെന്നു മനസ്സിലാക്കിയ സാരഥിയായ‍ ശല്യർ കർണ്ണനെ പിന്തിരിപ്പിച്ചു. ഭീമനും ദുര്യോധനനുമായി നടക്കുന്ന യുദ്ധത്തിൽ ഭീമൻ ദുര്യോധനനെ വധിക്കാൻ പോകുന്ന വിവരം ശല്യർ കർണ്ണനെ അറിയിച്ചു. അർജ്ജുനവധമാണു തന്റെ ലക്ഷ്യമെന്നും രാജാവിനെ രക്ഷിക്കേണ്ടതു തന്റെ കടമയാണെന്നു ചിന്തിച്ചു കർണ്ണൻ ദുര്യോധനന്റെ രക്ഷയ്ക്കായി മടങ്ങിപ്പോയി. അതോടെ യുധിഷ്ഠിരനും സഹോദരന്മാരും കഷ്ടിച്ചു രക്ഷപെട്ടു ശിബിരത്തിൽ മടങ്ങിയെത്തി. അഗാധമായി മുറിവേറ്റ യുധിഷ്ഠിരനെ പരിചാരകർ ശുശ്രൂഷിച്ചു. നകുലനും സഹദേവനും ഭീമന്റെ രക്ഷയ്ക്കായി പോകാൻ അനുവാദം കൊടുത്തിട്ട് അത്യധികം നിരാശയോടും വേദനയോടും യുധിഷ്ഠിരൻ വിശ്രമിച്ചു.

ഈ സമയം യുദ്ധമുഖത്തായിരുന്ന അർജ്ജുനൻ യുധിഷ്ഠിരന്റെ തേരു കാണാതെ പരിഭ്രാന്തനായി. കർണ്ണനുമാ‍യുള്ള യുദ്ധത്തിൽ ജ്യേഷ്ഠന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്നു സംശയിച്ചു. യുധിഷ്ഠിരന്റെ സ്ഥിതിയെന്താണെന്നറിഞ്ഞിട്ടു മതി യുദ്ധമെന്നു തീരുമാനിച്ചു കൃഷ്ണനും അർജ്ജുനനും പടകുടീരത്തിലേക്കു തിരിച്ചു.

തനിക്കേറ്റ പരാജയത്തേയും കർണ്ണനേയും കുറിച്ചു ചിന്തിച്ചിരുന്ന യുധിഷ്ഠിരൻ, അർജ്ജുനൻ പെട്ടെന്നു തിരിച്ചെത്തിയതു കണ്ടു സന്തോഷിച്ചു. കർണ്ണനെ വധിച്ച വിവരം പറയാനാണു അർജ്ജുനൻ മടങ്ങിയെത്തിയതെന്നു കരുതിയ യുധിഷ്ഠിരൻ അനുജനെ അഭിനന്ദിച്ചു. അർജ്ജുനന്റെ വീര്യത്തെ പുകഴ്ത്തി സംസാരിച്ചു തുടങ്ങി. എന്നാൽ ജ്യേഷ്ഠനെ കാണാത്തതുകൊണ്ടു വിവരം അറിയാനാണു തങ്ങൾ മടങ്ങിയെത്തിയതെന്നറിഞ്ഞതോടെ യുധിഷ്ഠിരന്റെ സമനില തെറ്റി. അദ്ദേഹം അനുജനെ ശകാരിച്ചു.

“അല്ലയോ അർജ്ജുനാ, കർണ്ണനെ നീ വധിക്കുമെന്നു കരുതിയ എനിക്കു തെറ്റി. നിനക്കതിനുള്ള കഴിവില്ലെന്നു ഞാൻ കരുതുന്നു. വനവാസകാലത്തു നീ എനിക്കു വാക്കു തന്നിരുന്നു, കർണ്ണനെ വധിച്ചോളാമെന്ന്. ആ വാക്കും പാഴായി. ഭീമന്റെ സഹായത്തിനു യുദ്ധമുഖത്തുണ്ടാകേണ്ട നീ ഇപ്പോൾ കർണ്ണനെ പേടിച്ചു മടങ്ങിയെത്തിയിരിക്കുന്നു. നിന്റെ വാക്കു കേട്ടിട്ടാണു ഞാൻ ഈ യുദ്ധത്തിനു പുറപ്പെട്ടത്. നീ‍ കർണ്ണനെ കൊല്ലുമെന്നുതന്നെ ഞാൻ വിശ്വസിച്ചു. നടക്കാത്ത കാര്യങ്ങളെക്കുറിച്ചു മേനി പറയുന്നതു വീരന്മാർക്കു ഭൂഷണമല്ല. നിന്റെ വീര്യത്തെക്കുറിച്ചു ഞാൻ കേട്ടതെല്ലാം തെറ്റാ‍യിരുന്നു. നിന്റെ കയ്യിൽ ഈ മഹത്തായ ഗാണ്ഡീവം ശോഭിക്കുന്നില്ല. നീ‍ ആ വില്ല് കൃഷ്ണനു കൊടുത്തിട്ട് അദ്ദേഹത്തിന്റെ തേരുതെളിക്കൂ. ശത്രുക്കളെയെല്ലാം അദ്ദേഹം കൊന്നൊടുക്കിക്കോളും.”

ഇതുകേട്ടതോടെ അർജ്ജുനൻ തന്റെ വാൾ ഉറയിൽ നിന്നും ഊരി. ഇതുകണ്ടു കൃഷ്ണൻ അർജ്ജുനനെ തടഞ്ഞു. കൃഷ്ണൻ പറഞ്ഞു.

“പാർത്ഥാ, എന്തിനാണു നീ നിന്റെ വാ‍ൾ ഉറയിൽ നിന്നും ഊരിയത്. നിനക്കു കൊല്ലേണ്ട നിന്റെ ശത്രുക്കളെയൊന്നും ഞാൻ ഈ ശിബിരത്തിൽ കാണുന്നില്ല. യുധിഷ്ഠിരന്റെ സുഖവിവരം അറിയാനാണു നാം എത്തിയത്. അത് അറിഞ്ഞു കഴിഞ്ഞു. ജ്യേഷ്ഠനെതിരെ ആയുധം എടുക്കുകയോ? നിനക്കെന്താ ബുദ്ധിഭ്രമം സംഭവിച്ചോ? ഈ മഹാപാപത്തിന് ഒരുമ്പെടാൻ നിനക്കെങ്ങനെ കഴിഞ്ഞു?”

കോപാക്രാന്തനായ അർജ്ജുനൻ യുധിഷ്ഠിരനെ രൂക്ഷമായി നോക്കിക്കൊണ്ടു പറഞ്ഞു.

“ഈ ഗാണ്ഡീവം പിടിക്കാൻ നീ അർഹനല്ല, അതുകൊണ്ടിതു മറ്റൊരാൾക്കു കൊടുക്കൂ എന്ന് ആരു പറഞ്ഞാലും അയാളെ ഞാൻ വധിക്കുമെന്നു ശപഥം ചെയ്തിട്ടുണ്ട്. എന്റെ ശപഥം എനിക്കു നിറവേറ്റണം. യുധിഷ്ഠിരനെ വധിക്കണം. പക്ഷേ ജ്യേഷ്ഠൻ മരിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. ഈ ഒരു വിഷമഘട്ടത്തിൽ നിന്നും കരകയറ്റാൻ, കൃഷ്ണാ, അങ്ങയ്ക്കേ കഴിയൂ. കഴിഞ്ഞതും നടക്കുന്നതും വരാനിരിക്കുന്നതുമായ എല്ല്ലാത്തിനേക്കുറിച്ചും അറിവുള്ള അങ്ങ് എന്നെ സഹായിച്ചാലും.”

കൃഷ്ണൻ പറഞ്ഞു.

“കോപത്താൽ നിനക്ക് അന്ധത ബാ‍ധിച്ചിരിക്കുന്നു. തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവു നിനക്കു നഷ്ടപ്പെട്ടിരിക്കുന്നു. നിന്റെ പൂർവ്വികർ നിന്നെ പഠിപ്പിച്ചതും ശ്രുതിവാക്യങ്ങളും നീ മറന്നുപോയിരിക്കുന്നു. സത്യം പറയുന്നവനാണ് ഏറ്റവും ഉത്തമൻ എന്നതിൽ തർക്കമില്ല. സത്യത്തേക്കാൾ വലുതായി മറ്റൊന്നില്ല. എന്നാൽ, പ്രായോഗികതലത്തിൽ സത്യവും ധർമ്മവും തിരിച്ചറിയുക അതികഠിനമാണ്. നിന്റെ സത്യലംഘനത്തേക്കാൾ വലിയ പാപമാണു ജ്യേഷ്ഠഹത്യ. അതുകൊണ്ടു നീ അതിനു മുതിരരുത്. കർണ്ണനിൽ നിന്നേറ്റ പരാ‍ജയവും ക്ഷീ‍ണവും കൊണ്ടു മനസ്സുകലങ്ങി യുധിഷ്ഠിരൻ പറഞ്ഞതിനെ നീ സാരമാക്കരുത്. ഇനിയും നിന്റെ ശപഥം നിറവേറ്റണമെന്നുണ്ടെങ്കിൽ നീ ജ്യേഷ്ഠനെ മതിയാവോളം ശകാരിച്ചോളൂ. അനുജനിൽ നിന്നുള്ള ഭർസനം ജ്യേഷ്ഠനു മരണത്തിനു തുല്യമാണ്.”

ഇതുകേട്ട് അർജ്ജുനൻ യുധിഷ്ഠിരന്റെ മുന്നിലെത്തി.

“രാജാവേ, യുദ്ധമുഖത്തു നിന്നും ഓടിയൊളിച്ച് ഈ ശിബിരത്തിൽ സമയം പാഴാക്കുന്ന അങ്ങയ്ക്ക് എന്നെ ശകാരിക്കാൻ അർഹതയില്ല. ഭീമനായിരുന്നു ഇതു പറഞ്ഞിരുന്നതെങ്കിൽ ഞാൻ കേട്ടേനെ. ധാർത്തരാഷ്ട്രന്മാരെ ഒറ്റയ്ക്ക് എതിരിട്ടു നിൽക്കുന്ന ഭീമന് അതു പറയാൻ അർഹതയുണ്ട്. എന്നാൽ അങ്ങയ്ക്കതില്ല. ബ്രാഹ്മണർക്കു വാക്കാണു ശക്തി. ക്ഷത്രിയർക്കു കരങ്ങളും. എന്നാൽ നീ ശക്തിയുള്ള വാക്കുകൾ ഉപയോഗിക്കുന്നു. കരങ്ങൾക്കു ശക്തിയൊട്ടില്ലതാനും. ദ്രൗപദിയുടെ കിടക്കയിൽ സുഖമായി വിശ്രമിച്ചുകൊണ്ടു നിനക്കുവേണ്ടി യുദ്ധം ചെയ്യുന്നവരെ നീ ഭർസിക്കുന്നു. നീ ഒരു ക്രൂരൻ തന്നെ. നിന്റെ ചൂതാട്ടത്തിന്റെ വിലയാണു നാം ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ മഹായുദ്ധത്തിനു കാരണവും നീയാ‍ണ്. നിനക്കുവേണ്ടി യുദ്ധം ചെയ്യുന്നവരെ ക്രൂരമായ വാക്കുകൾ കൊണ്ടു കുത്തി ഇനിയും നീ പ്രകോപിപ്പിക്കരുത്.”

ജ്യേഷ്ഠനോട് ഇത്രയും പരുഷവാക്കുകൾ പറഞ്ഞപ്പോഴേക്കും അർജ്ജുനൻ അഗാധമായ ദുഃഖത്തിനടിപ്പെട്ടു. പിന്നെയും വാൾ വലിച്ചൂരി സ്വയം വെട്ടി മരിക്കാൻ മുതിർന്നു. അപ്പോഴേക്കും കൃഷ്ണൻ അർജ്ജുനനെ തടഞ്ഞു. അർജ്ജുനനെയും യുധിഷ്ഠിരനേയും അദ്ദേഹം സമാധാനിപ്പിച്ചു. കർണ്ണനെ എത്രയും വേഗം വധിക്കും എന്ന് അർജ്ജുനൻ ജ്യേഷ്ഠനു വാക്കു കൊടുത്തു വീണ്ടും യുദ്ധക്കളത്തിലേക്കു മടങ്ങി.

പ്രായോഗികതലത്തിൽ സത്യം പറയാതിരിക്കേണ്ടി വരും. കള്ളം പറയേണ്ടിയും വരും. കള്ളം സത്യമാകും. സത്യം കള്ളവും. ധർമ്മത്തിന്റെ ഗതി അതിഗഹനം തന്നെ..