യുധിഷ്ഠിരനെ വധിച്ചെന്നോ? ആര്? അത്ഭുതം തോന്നുന്നു, അല്ലേ? എന്നാൽ സ്വന്തം അനുജനായ അർജ്ജുനൻ തന്നെയാണു വധിച്ചതെന്നു കേൾക്കുമ്പോഴോ? എന്തായാലും ആ കഥയാകട്ടെ അടുത്തത്...
മഹാഭാരതയുദ്ധം തുടങ്ങി പതിനാറു ദിവസം കഴിഞ്ഞു. ഭീഷ്മർ ശരശയ്യയിൽ കിടക്കുന്നു. ദ്രോണർ വീരമരണം വരിച്ചു. ഇപ്പോൾ കർണ്ണനാണു കൗരവപക്ഷത്തെ സേനാനായകൻ. ഒന്നുകിൽ അർജ്ജുനൻ അല്ലെങ്കിൽ താൻ, ഇവരിൽ ഒരാളെ ഇനി ബാക്കി ഉണ്ടാകൂ എന്നു ശപഥമെടുത്തു കർണ്ണൻ പതിനേഴാം ദിവസം സേനയെ അണിനിരത്തി. തേരോടിക്കുന്നതിൽ അഗ്രഗണ്യനായ ശല്യർ കർണ്ണന്റെ തേർ നയിക്കാൻ നിയോഗിതനായി.
യുദ്ധം തുടങ്ങി. അർജ്ജുനൻ സംശപ്തകരുമായും ഭീമൻ ദുര്യോധനനുമായും ഏറ്റുമുട്ടുന്ന സമയം കർണ്ണൻ വലിയ സൈന്യവുമായി യുധിഷ്ഠിരന്റെ സേനയെ ആക്രമിച്ചു. നകുലനും സഹദേവനും യുധിഷ്ഠിരന്റെ രക്ഷയ്ക്കെത്തിയതോടെ യുദ്ധം കൊടുമ്പിരികൊണ്ടു. അതിശയിപ്പിക്കുന്ന പരാക്രമമാണ് ആ യുദ്ധത്തിൽ കർണ്ണനും കർണ്ണപുത്രന്മാരും പ്രകടമാക്കിയത്. അവരുടെ വീര്യത്തിനു മുന്നിൽ ഏറെനേരം യുധിഷ്ഠിരനും സഹോദരന്മാർക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. കർണ്ണപുത്രനായ വൃഷസേനൻ യുധിഷ്ഠിരന്റെ കുതിരകളെ കൊല്ലുകയും അമ്പെയ്ത് അദ്ദേഹത്തിന്റെ കിരീടം താഴെ വീഴ്ത്തുകയും ചെയ്തു. ഈ സമയം കർണ്ണൻ നകുലന്റെ തേരിലെ കുതിരകളെ അമ്പെയ്തു വീഴ്ത്തി. സഹദേവന്റെ വില്ലു രണ്ടായി മുറിച്ചു. ഇതോടെ കുതിരകൾ നഷ്ടപ്പെട്ട യുധിഷ്ഠിരനും നകുലനും തേരുകൾ ഉപേക്ഷിച്ചു സഹദേവന്റെ തേരിൽ കയറി പലായനം ചെയ്തു. യുദ്ധത്തിൽ നിന്നും പിന്തിരിഞ്ഞോടുന്ന യുധിഷ്ഠിരന്റെ പുറകെ ചെന്നു കർണൻ ആക്രമിച്ചു മുറിവേല്പിച്ചു. യുധിഷ്ഠിരന്റെ മരണം ആസന്നമായെന്നു മനസ്സിലാക്കിയ സാരഥിയായ ശല്യർ കർണ്ണനെ പിന്തിരിപ്പിച്ചു. ഭീമനും ദുര്യോധനനുമായി നടക്കുന്ന യുദ്ധത്തിൽ ഭീമൻ ദുര്യോധനനെ വധിക്കാൻ പോകുന്ന വിവരം ശല്യർ കർണ്ണനെ അറിയിച്ചു. അർജ്ജുനവധമാണു തന്റെ ലക്ഷ്യമെന്നും രാജാവിനെ രക്ഷിക്കേണ്ടതു തന്റെ കടമയാണെന്നു ചിന്തിച്ചു കർണ്ണൻ ദുര്യോധനന്റെ രക്ഷയ്ക്കായി മടങ്ങിപ്പോയി. അതോടെ യുധിഷ്ഠിരനും സഹോദരന്മാരും കഷ്ടിച്ചു രക്ഷപെട്ടു ശിബിരത്തിൽ മടങ്ങിയെത്തി. അഗാധമായി മുറിവേറ്റ യുധിഷ്ഠിരനെ പരിചാരകർ ശുശ്രൂഷിച്ചു. നകുലനും സഹദേവനും ഭീമന്റെ രക്ഷയ്ക്കായി പോകാൻ അനുവാദം കൊടുത്തിട്ട് അത്യധികം നിരാശയോടും വേദനയോടും യുധിഷ്ഠിരൻ വിശ്രമിച്ചു.
ഈ സമയം യുദ്ധമുഖത്തായിരുന്ന അർജ്ജുനൻ യുധിഷ്ഠിരന്റെ തേരു കാണാതെ പരിഭ്രാന്തനായി. കർണ്ണനുമായുള്ള യുദ്ധത്തിൽ ജ്യേഷ്ഠന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്നു സംശയിച്ചു. യുധിഷ്ഠിരന്റെ സ്ഥിതിയെന്താണെന്നറിഞ്ഞിട്ടു മതി യുദ്ധമെന്നു തീരുമാനിച്ചു കൃഷ്ണനും അർജ്ജുനനും പടകുടീരത്തിലേക്കു തിരിച്ചു.
തനിക്കേറ്റ പരാജയത്തേയും കർണ്ണനേയും കുറിച്ചു ചിന്തിച്ചിരുന്ന യുധിഷ്ഠിരൻ, അർജ്ജുനൻ പെട്ടെന്നു തിരിച്ചെത്തിയതു കണ്ടു സന്തോഷിച്ചു. കർണ്ണനെ വധിച്ച വിവരം പറയാനാണു അർജ്ജുനൻ മടങ്ങിയെത്തിയതെന്നു കരുതിയ യുധിഷ്ഠിരൻ അനുജനെ അഭിനന്ദിച്ചു. അർജ്ജുനന്റെ വീര്യത്തെ പുകഴ്ത്തി സംസാരിച്ചു തുടങ്ങി. എന്നാൽ ജ്യേഷ്ഠനെ കാണാത്തതുകൊണ്ടു വിവരം അറിയാനാണു തങ്ങൾ മടങ്ങിയെത്തിയതെന്നറിഞ്ഞതോടെ യുധിഷ്ഠിരന്റെ സമനില തെറ്റി. അദ്ദേഹം അനുജനെ ശകാരിച്ചു.
“അല്ലയോ അർജ്ജുനാ, കർണ്ണനെ നീ വധിക്കുമെന്നു കരുതിയ എനിക്കു തെറ്റി. നിനക്കതിനുള്ള കഴിവില്ലെന്നു ഞാൻ കരുതുന്നു. വനവാസകാലത്തു നീ എനിക്കു വാക്കു തന്നിരുന്നു, കർണ്ണനെ വധിച്ചോളാമെന്ന്. ആ വാക്കും പാഴായി. ഭീമന്റെ സഹായത്തിനു യുദ്ധമുഖത്തുണ്ടാകേണ്ട നീ ഇപ്പോൾ കർണ്ണനെ പേടിച്ചു മടങ്ങിയെത്തിയിരിക്കുന്നു. നിന്റെ വാക്കു കേട്ടിട്ടാണു ഞാൻ ഈ യുദ്ധത്തിനു പുറപ്പെട്ടത്. നീ കർണ്ണനെ കൊല്ലുമെന്നുതന്നെ ഞാൻ വിശ്വസിച്ചു. നടക്കാത്ത കാര്യങ്ങളെക്കുറിച്ചു മേനി പറയുന്നതു വീരന്മാർക്കു ഭൂഷണമല്ല. നിന്റെ വീര്യത്തെക്കുറിച്ചു ഞാൻ കേട്ടതെല്ലാം തെറ്റായിരുന്നു. നിന്റെ കയ്യിൽ ഈ മഹത്തായ ഗാണ്ഡീവം ശോഭിക്കുന്നില്ല. നീ ആ വില്ല് കൃഷ്ണനു കൊടുത്തിട്ട് അദ്ദേഹത്തിന്റെ തേരുതെളിക്കൂ. ശത്രുക്കളെയെല്ലാം അദ്ദേഹം കൊന്നൊടുക്കിക്കോളും.”
ഇതുകേട്ടതോടെ അർജ്ജുനൻ തന്റെ വാൾ ഉറയിൽ നിന്നും ഊരി. ഇതുകണ്ടു കൃഷ്ണൻ അർജ്ജുനനെ തടഞ്ഞു. കൃഷ്ണൻ പറഞ്ഞു.
“പാർത്ഥാ, എന്തിനാണു നീ നിന്റെ വാൾ ഉറയിൽ നിന്നും ഊരിയത്. നിനക്കു കൊല്ലേണ്ട നിന്റെ ശത്രുക്കളെയൊന്നും ഞാൻ ഈ ശിബിരത്തിൽ കാണുന്നില്ല. യുധിഷ്ഠിരന്റെ സുഖവിവരം അറിയാനാണു നാം എത്തിയത്. അത് അറിഞ്ഞു കഴിഞ്ഞു. ജ്യേഷ്ഠനെതിരെ ആയുധം എടുക്കുകയോ? നിനക്കെന്താ ബുദ്ധിഭ്രമം സംഭവിച്ചോ? ഈ മഹാപാപത്തിന് ഒരുമ്പെടാൻ നിനക്കെങ്ങനെ കഴിഞ്ഞു?”
കോപാക്രാന്തനായ അർജ്ജുനൻ യുധിഷ്ഠിരനെ രൂക്ഷമായി നോക്കിക്കൊണ്ടു പറഞ്ഞു.
“ഈ ഗാണ്ഡീവം പിടിക്കാൻ നീ അർഹനല്ല, അതുകൊണ്ടിതു മറ്റൊരാൾക്കു കൊടുക്കൂ എന്ന് ആരു പറഞ്ഞാലും അയാളെ ഞാൻ വധിക്കുമെന്നു ശപഥം ചെയ്തിട്ടുണ്ട്. എന്റെ ശപഥം എനിക്കു നിറവേറ്റണം. യുധിഷ്ഠിരനെ വധിക്കണം. പക്ഷേ ജ്യേഷ്ഠൻ മരിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. ഈ ഒരു വിഷമഘട്ടത്തിൽ നിന്നും കരകയറ്റാൻ, കൃഷ്ണാ, അങ്ങയ്ക്കേ കഴിയൂ. കഴിഞ്ഞതും നടക്കുന്നതും വരാനിരിക്കുന്നതുമായ എല്ല്ലാത്തിനേക്കുറിച്ചും അറിവുള്ള അങ്ങ് എന്നെ സഹായിച്ചാലും.”
കൃഷ്ണൻ പറഞ്ഞു.
“കോപത്താൽ നിനക്ക് അന്ധത ബാധിച്ചിരിക്കുന്നു. തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവു നിനക്കു നഷ്ടപ്പെട്ടിരിക്കുന്നു. നിന്റെ പൂർവ്വികർ നിന്നെ പഠിപ്പിച്ചതും ശ്രുതിവാക്യങ്ങളും നീ മറന്നുപോയിരിക്കുന്നു. സത്യം പറയുന്നവനാണ് ഏറ്റവും ഉത്തമൻ എന്നതിൽ തർക്കമില്ല. സത്യത്തേക്കാൾ വലുതായി മറ്റൊന്നില്ല. എന്നാൽ, പ്രായോഗികതലത്തിൽ സത്യവും ധർമ്മവും തിരിച്ചറിയുക അതികഠിനമാണ്. നിന്റെ സത്യലംഘനത്തേക്കാൾ വലിയ പാപമാണു ജ്യേഷ്ഠഹത്യ. അതുകൊണ്ടു നീ അതിനു മുതിരരുത്. കർണ്ണനിൽ നിന്നേറ്റ പരാജയവും ക്ഷീണവും കൊണ്ടു മനസ്സുകലങ്ങി യുധിഷ്ഠിരൻ പറഞ്ഞതിനെ നീ സാരമാക്കരുത്. ഇനിയും നിന്റെ ശപഥം നിറവേറ്റണമെന്നുണ്ടെങ്കിൽ നീ ജ്യേഷ്ഠനെ മതിയാവോളം ശകാരിച്ചോളൂ. അനുജനിൽ നിന്നുള്ള ഭർസനം ജ്യേഷ്ഠനു മരണത്തിനു തുല്യമാണ്.”
ഇതുകേട്ട് അർജ്ജുനൻ യുധിഷ്ഠിരന്റെ മുന്നിലെത്തി.
“രാജാവേ, യുദ്ധമുഖത്തു നിന്നും ഓടിയൊളിച്ച് ഈ ശിബിരത്തിൽ സമയം പാഴാക്കുന്ന അങ്ങയ്ക്ക് എന്നെ ശകാരിക്കാൻ അർഹതയില്ല. ഭീമനായിരുന്നു ഇതു പറഞ്ഞിരുന്നതെങ്കിൽ ഞാൻ കേട്ടേനെ. ധാർത്തരാഷ്ട്രന്മാരെ ഒറ്റയ്ക്ക് എതിരിട്ടു നിൽക്കുന്ന ഭീമന് അതു പറയാൻ അർഹതയുണ്ട്. എന്നാൽ അങ്ങയ്ക്കതില്ല. ബ്രാഹ്മണർക്കു വാക്കാണു ശക്തി. ക്ഷത്രിയർക്കു കരങ്ങളും. എന്നാൽ നീ ശക്തിയുള്ള വാക്കുകൾ ഉപയോഗിക്കുന്നു. കരങ്ങൾക്കു ശക്തിയൊട്ടില്ലതാനും. ദ്രൗപദിയുടെ കിടക്കയിൽ സുഖമായി വിശ്രമിച്ചുകൊണ്ടു നിനക്കുവേണ്ടി യുദ്ധം ചെയ്യുന്നവരെ നീ ഭർസിക്കുന്നു. നീ ഒരു ക്രൂരൻ തന്നെ. നിന്റെ ചൂതാട്ടത്തിന്റെ വിലയാണു നാം ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ മഹായുദ്ധത്തിനു കാരണവും നീയാണ്. നിനക്കുവേണ്ടി യുദ്ധം ചെയ്യുന്നവരെ ക്രൂരമായ വാക്കുകൾ കൊണ്ടു കുത്തി ഇനിയും നീ പ്രകോപിപ്പിക്കരുത്.”
ജ്യേഷ്ഠനോട് ഇത്രയും പരുഷവാക്കുകൾ പറഞ്ഞപ്പോഴേക്കും അർജ്ജുനൻ അഗാധമായ ദുഃഖത്തിനടിപ്പെട്ടു. പിന്നെയും വാൾ വലിച്ചൂരി സ്വയം വെട്ടി മരിക്കാൻ മുതിർന്നു. അപ്പോഴേക്കും കൃഷ്ണൻ അർജ്ജുനനെ തടഞ്ഞു. അർജ്ജുനനെയും യുധിഷ്ഠിരനേയും അദ്ദേഹം സമാധാനിപ്പിച്ചു. കർണ്ണനെ എത്രയും വേഗം വധിക്കും എന്ന് അർജ്ജുനൻ ജ്യേഷ്ഠനു വാക്കു കൊടുത്തു വീണ്ടും യുദ്ധക്കളത്തിലേക്കു മടങ്ങി.
പ്രായോഗികതലത്തിൽ സത്യം പറയാതിരിക്കേണ്ടി വരും. കള്ളം പറയേണ്ടിയും വരും. കള്ളം സത്യമാകും. സത്യം കള്ളവും. ധർമ്മത്തിന്റെ ഗതി അതിഗഹനം തന്നെ..

No comments:
Post a Comment