Sunday, 28 October 2018

ഭരണാധികാരിയും ജനങ്ങളും

ഒരു ഭരണാധികാരി ജനങ്ങളോടു ധാർഷ്ട്യത്തോടും അഹന്തയോടും പെരുമാറുന്നതിനെക്കുറിച്ച് എന്താണഭിപ്രായമെന്ന ഒരു സുഹൃത്തിന്റെ ചോദ്യത്തിനു മറുപടിയായി രണ്ടു കഥകളാണ് ഞാന്‍ പറഞ്ഞത്. ഭീഷ്മോപദേശത്തിലെ ഇന്നും പ്രസക്തമായ ആ രണ്ടു കഥകളൊന്നു കേട്ടാലോ?

ശക്തിയും ബുദ്ധിയും :-



ഒരിക്കല്‍ സമുദ്രം തന്നിലേയ്ക്ക് വന്നുചേരുന്ന നദികളോട് ഒരു ചോദ്യം ചോദിച്ചു.

"നദികളെ, നിങ്ങള്‍ അപാര ശക്തിയുള്ളവരാണ്. നിങ്ങളുടെ കുത്തൊഴുക്കില്‍ മലകളും വന്മരങ്ങളുമെല്ലാം കടപുഴകി ഒഴുകുന്നു. എതിരെ നില്‍ക്കുന്ന എന്തിനെയും തകര്‍ക്കുന്ന നിങ്ങളുടെ ശക്തികണ്ട് ഞാന്‍ പോലും അത്ഭുതപ്പെടുന്നു. എങ്കിലും എനിക്കൊരു സംശയം. വലിയ വലിയ വൃക്ഷങ്ങളെ പോലും തകര്‍ക്കുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് മുളയെ വെറുതെ വിടുന്നത്. ഇതുവരെ ഒരു മുളയെ പോലും വേരോടെ പിഴുത് എന്നില്‍ എത്തിക്കാത്തതെന്താണ്? ഇതിനെന്തെങ്കിലും കാരണമുണ്ടോ?"

നദികള്‍ മറുപടി പറഞ്ഞു.

"അല്ലയോ സമുദ്രമേ, അതിനൊരു കാരണമുണ്ട്. ഞങ്ങള്‍ വളരെ ശക്തിയുള്ളവരാണ് എന്നത് ശരിതന്നെ. പക്ഷേ ഞങ്ങളുടെ ശക്തി എതിര്‍ത്തു നില്‍ക്കുന്നവരില്‍ മാത്രമേ പ്രയോഗിക്കാന്‍ കഴിയൂ. സ്വന്തം ശക്തിയില്‍ അഹന്ത മൂത്ത വന്‍ മരങ്ങള്‍ ഞങ്ങളെ എതിര്‍ക്കും. അവരെ മൂടോടെ ഞങ്ങള്‍ പറിച്ചെറിയും. പക്ഷേ മുള ബുദ്ധിമാനാണ്. അവന്‍ ഞങ്ങളെ എതിര്‍ക്കില്ല. ഞങ്ങള്‍ ആര്‍ത്തലച്ച് അവനു നേരെ പാഞ്ഞടുക്കുമ്പോള്‍ അവന്‍ വളഞ്ഞു മാറിനില്‍ക്കും. ഒരു വിധത്തിലും ഞങ്ങളുടെ ശക്തി അവനു നേരെ പ്രയോഗിക്കാന്‍ അവന്‍ അനുവദിക്കില്ല."

ഗുണപാഠം : ജനരോക്ഷം കുത്തൊഴുക്ക് പോലെ പാഞ്ഞടുക്കുമ്പോള്‍ തന്റെ ശക്തിയിലുള്ള അഹന്തകൊണ്ട് അതിനെ എതിര്‍ത്തു നില്‍ക്കുന്ന ഭരണാധികാരി തൂത്തെറിയപ്പെടും. ബുദ്ധിപൂര്‍വ്വം ജനഹിതം മാനിക്കുന്നവര്‍ വാഴ്ത്തപ്പെടും.


മുനിയും നായയും :-


ഒരിടത്ത് ഒരു കാട്ടില്‍ ഒരു മുനി പര്‍ണ്ണശാല കെട്ടി തപസ്സ് അനുഷ്ടിച്ചു പോന്നു. പല അത്ഭുത സിദ്ധികളും വശമുണ്ടായിരുന്ന അദ്ദേഹത്തിനു മൃഗങ്ങളുടെ ഭാഷ അറിയാമായിരുന്നു. ആ കാട്ടിലെ മൃഗങ്ങളെല്ലാം അദ്ദേഹത്തെ വളരെ സ്നേഹത്തോടെയാണ് കണ്ടിരുന്നത്. മാനും മുയലും കുരങ്ങുമെല്ലാം പേടികൂടാതെ ആ പര്‍ണ്ണശാലയില്‍ യഥേഷ്ടം സഞ്ചരിച്ചു പോന്നു. എന്നാല്‍ ഒരു മൃഗം മാത്രം എങ്ങും പോകാതെ അദ്ദേഹത്തോടൊപ്പം താമസിച്ചുവന്നു. ഒരു നായ ആയിരുന്നു അത്. മുനി കഴിച്ചതിന്റെ ബാക്കിയും കഴിച്ച് ആ നായ സന്തോഷത്തോടെ പര്‍ണ്ണശാലയില്‍ കാവല്‍ കിടന്നു.

ഒരു ദിവസം അടുത്ത കാട്ടില്‍ നിന്നും ഒരു പുലി ആ പര്‍ണ്ണശാലയുടെ അടുത്തെത്തി. നായയെ കണ്ടു പുലി അതിനെ ആക്രമിക്കാന്‍ തുനിഞ്ഞു. നായ പേടിച്ച് മുനിയുടെ അടുത്തെത്തി.

"അല്ലയോ മഹര്‍ഷെ, ഇത്രയും നാള്‍ അങ്ങയുടെ പര്‍ണ്ണശാലയ്ക്കു കാവല്‍ കിടന്ന ഞാന്‍ ഇന്ന് വലിയൊരു അപകടത്തില്‍ പെട്ടിരിക്കുന്നു. ഒരു പുലിയിതാ എന്നെ ആക്രമിക്കാനായി വരുന്നു. അങ്ങ് എന്നെ രക്ഷിക്കണം."

നായയുടെ വാക്കുകള്‍ കേട്ട് മഹര്‍ഷിക്ക് കഷ്ടം തോന്നി. അദ്ദേഹം തന്റെ അത്ഭുത സിദ്ധികളാല്‍ ആ നായയെ മറ്റൊരു പുലിയാക്കി മാറ്റി. ആക്രമിക്കാനായി പാഞ്ഞടുത്ത പുലി തന്റെ വര്‍ഗ്ഗത്തില്‍ പെട്ട മറ്റൊരു പുലിയെ കണ്ടു തിരിച്ചുപോയി.

പുലിയായ നായ ചെറിയ ജീവികളെയൊക്കെ പിടിച്ചു തിന്നു മുനിയോടൊത്ത് കഴിഞ്ഞുവന്നു. നാളുകള്‍ കടന്നുപോയി. ഒരു ദിവസം മറ്റൊരു കാട്ടില്‍ നിന്നും ഒരു കടുവ അവിടെയെത്തി. കടുവയെ കണ്ടുപേടിച്ച് പുലി മുനിയുടെ അടുത്തെത്തി. ഇത്തവണ മുനി അവനെ കടുവ ആക്കിമാറ്റി രക്ഷിച്ചു.

കടുവ ആയ നായ കാട്ടില്‍ ചുറ്റിത്തിരിഞ്ഞു മൃഗങ്ങളെ ഒക്കെ കൊന്നുതിന്നാന്‍ തുടങ്ങി. നാളുകള്‍ പിന്നെയും കടന്നുപോയി. കടുവ ഇങ്ങനെ കാടു ഭരിച്ചുനടക്കുമ്പോള്‍ ഒരു ആന അവനെ ആക്രമിക്കാന്‍ വന്നു. ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാനായി മുനി കടുവയെ ഒരു ആനയാക്കി മാറ്റി.

കാടിളക്കി നടന്ന ആന ഒരിക്കല്‍ ഒരു സിംഹത്തിനു മുന്നില്‍ പെട്ടു. സിംഹത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടോടി മുനിയുടെ അടുത്തെത്തിയ അവനെ മുനി മറ്റൊരു സിംഹം ആക്കിമാറ്റി. കരുത്തനായ സിംഹത്തെ കണ്ട് ആക്രമിക്കാന്‍ വന്ന സിംഹം തിരിച്ചുപോയി.

സിംഹമായ നായയ്ക്ക് സന്തോഷമായി. അവന്‍ മറ്റുമൃഗങ്ങളെ എല്ലാം പിടിച്ചുതിന്ന് മഥിച്ചുനടന്നു. അവനെ പേടിച്ച് പര്‍ണ്ണശാലയിലേയ്ക്ക് മൃഗങ്ങളൊന്നും വരാതെയായി. മറ്റു മൃഗങ്ങളെ കിട്ടാതെ വന്നതോടെ സിംഹം മുനിയെ തന്നെ കൊന്നുതിന്നാന്‍ തീരുമാനിച്ചു. സിംഹത്തിന്റെ ഉദ്ദേശം മനസ്സിലാക്കിയ മുനി അവനെ തിരികെ നായ ആക്കിമാറ്റി. എന്നിട്ട് ആശ്രമത്തില്‍ നിന്നും ആട്ടിപ്പായിച്ചു.

ഗുണപാഠം :- ഭരണാധികാരി തന്റെ അധികാരത്തിന്‍റെ ഹുങ്ക് കൊണ്ട്ട് വന്നവഴി മറന്നാല്‍ അതോര്‍മ്മിപ്പിക്കാന്‍ ജനങ്ങള്‍ ബാദ്ധ്യസ്ഥരാകും.


No comments:

Post a Comment