ഒരിടത്ത് ഒരു കുളത്തില്‍ 'ദീര്‍ഘദര്‍ശി', 'ചടുലബുദ്ധി', 'ഹ്രസ്വദൃഷ്ടി' എന്നീ പേരുകളുള്ള മൂന്നു മീനുകള്‍ ജീവിച്ചിരുന്നു. വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. പേരുകള്‍ സൂചിപ്പിക്കുന്നതുപോലെ തന്നെയായിരുന്നു അവരുടെ സ്വഭാവവും. 'ദീര്‍ഘദര്‍ശി' വരുംവരായ്കകളെപ്പറ്റി നന്നായി ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കുന്ന കൂട്ടത്തിലായിരുന്നു. 'ചടുലബുദ്ധി'യാകട്ടെ തന്റെ ബുദ്ധിസാമര്‍ത്ഥ്യം ഉപയോഗിച്ച് ഏതു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷപെടുവാന്‍ കഴിവുള്ളവനായിരുന്നു. എന്നാല്‍ 'ഹ്രസ്വദൃഷ്ടി' ഒഴുക്കിനനുസരിച്ചു പോകുന്ന പ്രകൃതമായിരുന്നു. വരുന്നതു വരട്ടെ എന്നതായിരുന്നു അവന്റെ രീതി.
ഒരുദിവസം കളികള്‍ക്കിടയില്‍ 'ദീര്‍ഘദര്‍ശി' മറ്റു കൂട്ടുകാരോടു പറഞ്ഞു.
"കൂട്ടുകാരേ, എനിക്കിപ്പോള്‍ ഈ കുളത്തിന്റെ മുകള്‍തട്ടില്‍ നിന്നും അടിയിലേക്കു നീന്തിയെത്താന്‍ എന്നത്തേക്കാളും കുറച്ചു സമയം മതി. ഇതിലെന്തോ അപകടം ഉണ്ട്. ഈ കുളത്തിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് എനിക്കു തോന്നുന്നത്. നമുക്ക് എത്രയുംവേഗം മറ്റേതെങ്കിലും കുളത്തിലേയ്ക്ക് രക്ഷപെടണം."
ഇതുകേട്ട് 'ചടുലബുദ്ധി' പറഞ്ഞു.
"നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുകയാണ്. ഇനി ജലനിരപ്പു കുറഞ്ഞെങ്കില്‍ തന്നെ ഇപ്പോഴേ വീടുവിട്ടു പോകേണ്ട കാര്യമില്ല. ഇത് എവിടെവരെ പോകുമെന്നു നോക്കാം."
ഹ്രസ്വദൃഷ്ടിക്കും ആ കുളം വിട്ടുപോകുന്നതിനോടു യോജിപ്പുണ്ടായിരുന്നില്ല. അവന്‍ പറഞ്ഞു.
"ഞാന്‍ എന്തായാലും ഈ കുളം വിട്ട് എങ്ങോട്ടുമില്ല. അങ്ങനെ കുളം വറ്റത്തുമൊന്നുമില്ല. എത്ര കാലമായി നമ്മളിവിടെ കഴിയുന്നു. ഒന്നും സംഭവിക്കില്ല."
'ദീര്‍ഘദര്‍ശി' എത്ര ഉപദേശിച്ചിട്ടും മറ്റു രണ്ടു മീനുകളും കൂടെ ചെല്ലാന്‍ തയ്യാറായില്ല. അവസാനം മനസ്സില്ലാമനസ്സോടെ അവന്‍ ഒഴുക്കില്‍ നീന്തി മറ്റൊരു കുളത്തിലേയ്ക്ക് രക്ഷപെട്ടു.
മീന്‍പിടുത്തക്കാര്‍ ആ കുളം വറ്റിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ വെള്ളം എല്ലാം വറ്റി ചെളി മാത്രമായി. ചെളിയില്‍ കിടന്നു പിടയ്ക്കുന്ന മീനുകളെ മീന്‍പിടുത്തക്കാര്‍ കോരിയെടുക്കാന്‍ തുടങ്ങി. ചടുലബുദ്ധി പെട്ടന്നു വലയില്‍ കടിച്ചുപിടിച്ചു ചത്തതുപോലെ കിടന്നു. മീനുകളെല്ലാം വലയില്‍ കുടുങ്ങി കിടക്കുകയാണ് എന്നുകരുതി മീന്‍പിടുത്തക്കാരന്‍ ചെളി കഴുകി കളയാനായി വല നല്ല വെള്ളമുള്ള മറ്റൊരു കുളത്തില്‍ മുക്കി. ഈ തക്കത്തിനു 'ചടുലബുദ്ധി' നീന്തി രക്ഷപെട്ടു. ഒന്നും ചെയ്യാതെയിരുന്ന 'ഹ്രസ്വദൃഷ്ടി' വലയില്‍ അകപ്പെടുകയും ചെയ്തു.
ഗുണപാഠം : എതുകാര്യത്തിലും ചിന്തിച്ചു തീരുമാനങ്ങളെടുക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കണം. അതല്ലെങ്കില്‍ സമയോജിതമായി പ്രവര്‍ത്തിക്കാനുള്ള സാമര്‍ത്ഥ്യം ഉണ്ടാകണം. ഇതു രണ്ടും ഇല്ലാത്തവര്‍ പെടും.
No comments:
Post a Comment