Wednesday 31 October 2018

മിത്രവും ശത്രുവും




ഒരിടത്ത് ഒരു കാട്ടില്‍ ഒരു വലിയ ആല്‍മരം ഉണ്ടായിരുന്നു. ശാഖോപശാഖകളായി പിരിഞ്ഞ്‌ ഒരുപാടു പക്ഷിമൃഗാദികള്‍ക്ക് ആശ്രയമായി ആ വന്മരം അവിടെ അങ്ങനെ തലയുയര്‍ത്തി നിന്നു. അതിന്റെ തണലില്‍ അനേകം മൃഗങ്ങള്‍ കൂടുകെട്ടി. അതില്‍ ഒരു എലിയും പൂച്ചയുമുണ്ടായിരുന്നു. 'പാലിതന്‍' എന്നു പേരായ എലി അനേകം മാളങ്ങള്‍ ഉണ്ടാക്കി കുടുംബസമേതം ആ മരത്തിനു ചുവട്ടില്‍ താമസിച്ചുപോന്നു. 'ലോമശന്‍' എന്ന പൂച്ചയാകട്ടെ മരത്തിന്റെ ചില്ലകളിലും കഴിഞ്ഞുപോന്നു.

ആ മൃഗങ്ങള്‍ അങ്ങനെ സമാധാനത്തോടെ കഴിയുന്നതിനിടയില്‍ ഒരു ദിവസം ഒരു വേടന്‍ ആ കാട്ടിലേയ്ക്ക് കടന്നുവന്നു. ആ ആല്‍മരത്തെ ആശ്രയിച്ച് ഒരുപാടു ജീവികള്‍ ജീവിക്കുന്നുവെന്ന് മനസ്സിലാക്കിയ വേടന്‍ അതിനടുത്ത് ഒരു കുടില്‍ കെട്ടി താമസമാക്കി. എന്നും വൈകുന്നേരമാകുമ്പോള്‍ ആ മരത്തിനടുത്തു വേടന്‍ വലവിരിക്കും. രാവിലെ വലയില്‍ വീണ മൃഗങ്ങളുമായി കുടിലിലേയ്ക്ക് തിരികെ പോകും. ഇതായിരുന്നു പതിവ്.

ഒരു രാത്രിയില്‍ ലോമശന്‍ എന്ന നമ്മുടെ പൂച്ച അറിയാതെ ആ വലയില്‍ വന്നുപെട്ടു. അവന്‍ തന്റെ സര്‍വ്വശക്തിയുമെടുത്ത് ആ വലയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ കൂടുതല്‍ ശ്രമിക്കുന്തോറും ആ വലയിലെ കെട്ടുകള്‍ മുറുകിക്കൊണ്ടേയിരുന്നു. അവസാനം ഒരു രക്ഷയുമില്ലെന്നു മനസ്സിലാക്കിയ ലോമശന്‍ തന്റെ വിധിയെ പഴിച്ചു കരഞ്ഞുകൊണ്ടു തളര്‍ന്നു കിടപ്പായി.

ഇതെല്ലാം കണ്ടുകൊണ്ടു തന്റെ മാളത്തില്‍ ഇരിക്കുകയായിരുന്നു പാലിതന്‍ എന്ന എലി. തന്റെ വര്‍ഗ്ഗശത്രുവിന്റെ അവസ്ഥകണ്ട് അവനു സന്തോഷമായി. അവന്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങി യഥേഷ്ടം സഞ്ചരിക്കുവാന്‍ തുടങ്ങി. പെട്ടന്നാണ് ഒരു കാര്യം എലിയുടെ ശ്രദ്ധയില്‍ പെട്ടത്. തന്റെ നേരെ ചാടിവീഴാനായി തക്കംപാര്‍ത്ത് ഒരു കീരി നില്‍ക്കുന്നു. കൂടാതെ മരക്കൊമ്പിലതാ ഒരു മൂങ്ങയും ഇരിക്കുന്നു. ഒന്നുകില്‍ കീരി ചാടിവീഴും, അല്ലെങ്കില്‍ മൂങ്ങ റാഞ്ചിക്കൊണ്ടു പോകും. എന്തായാലും തന്റെ കഥകഴിഞ്ഞുവെന്ന് എലിയ്ക്കു തോന്നി. പൂച്ചയുടെ അവസ്ഥകണ്ടു സന്തോഷിച്ചു സുരക്ഷ നോക്കാതെ അപകടത്തില്‍ ചാടേണ്ടിയിരുന്നില്ലെന്ന് അവനു തോന്നി.

ഒരു ബുദ്ധി പ്രയോഗിക്കാന്‍ തന്നെ അവന്‍ തീരുമാനിച്ചു. തന്നെ ഈ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ഇനി ലോമശനു മാത്രമേ കഴിയൂ. അതുകൊണ്ട് എങ്ങനെയായാലും അവനുമായി ചങ്ങാത്തം ഉണ്ടാക്കണം. പാലിതന്‍ പൂച്ചയോടുപറഞ്ഞു.

"അല്ലയോ ലോമശാ, നിന്റെ അവസ്ഥകണ്ട് എനിക്കു വളരെ ദുഃഖമുണ്ട്. രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ നീ കുറച്ചുകൂടിശ്രദ്ധിക്കേണ്ടിയിരുന്നു. ഈ കെണിയില്‍ നിന്നും നിനക്ക് ഒറ്റയ്ക്ക്‌ രക്ഷപെടാന്‍ കഴിയില്ല. പക്ഷേ എനിക്കു നിന്നെ രക്ഷിക്കാനാകും. എന്റെ പല്ലിനു നല്ല മൂര്‍ച്ചയുണ്ട്. അതുപയോഗിച്ച് ഈ വല ഞാന്‍ കടിച്ചുമുറിക്കാം. പക്ഷേ പകരം നീ എന്നെ ഈ ആപത്തില്‍ നിന്നും രക്ഷിക്കണം. കീരിയും മൂങ്ങയും എന്നെ കൊല്ലാന്‍ തക്കം നോക്കിയിരിക്കുന്നു. നീ എനിക്ക് അഭയം നല്‍കണം."

രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവും കാണാതെ വിഷമിച്ചിരുന്ന പൂച്ചയ്ക്ക് എലിയുടെ വാക്കുകള്‍ ഒരു പിടിവള്ളിയായി. പാലിതന് അഭയം കൊടുക്കാന്‍ ലോമശന്‍ തയ്യാറായി. എലി ഓടിപ്പോയി പൂച്ചയുടെ ശരീരത്തോടു ചേര്‍ന്ന് ഇരിപ്പായി. കീരിയും മൂങ്ങയും ഏറെനേരം കാത്തിരുന്നുവെങ്കിലും എലി പൂച്ചയുടെ അടുത്തുനിന്നും മാറാന്‍ കൂട്ടാക്കാത്തതു കണ്ടു നിരാശരായി മടങ്ങി. ഇതുകണ്ടു ലോമശന്‍ പറഞ്ഞു.

"പാലിതാ, നിന്റെ ശത്രുക്കള്‍ രണ്ടും ഇതാ ഒടിപ്പോയിരിക്കുന്നു. നീ ഇപ്പോള്‍ നിന്റെ വാക്കുപാലിക്കുക. ഈ വല മുറിച്ച് എന്നെ ഇതില്‍നിന്നും രക്ഷിക്കുക."

ഇതുകേട്ട് എലി പതുക്കെ വല കരണ്ടുമുറിക്കാന്‍ തുടങ്ങി. സമയം കടന്നുപോയി. നേരം വെളുത്തുതുടങ്ങി. ഏറെനേരം കഴിഞ്ഞിട്ടും എലി തന്റെ പണി അവസാനിപ്പിക്കുന്നില്ല. ഇതുകണ്ടു പൂച്ച ആകാംഷയോടെ പറഞ്ഞു.

"സുഹൃത്തേ, പണ്ടത്തെ വൈര്യം മനസ്സില്‍ വച്ചു നീ എന്നെ കുടുക്കാന്‍ നോക്കുകയാണോ? നേരം വെളുത്തുതുടങ്ങി. വേടന്‍ ഇപ്പോള്‍ എത്തും. പെട്ടെന്ന് ഈ വല കടിച്ചുമുറിച്ചു എന്നെ രക്ഷിച്ചാലും. നിന്റെ രണ്ടുശത്രുക്കളെ തുരത്തി നിന്നെ ഞാന്‍ രക്ഷിച്ചില്ലേ? നീ നിന്റെ വാക്കുപാലിച്ചാലും."

ഇതുകേട്ട് ചിരിച്ചുകൊണ്ട് എലി പറഞ്ഞു.

"ലോമശാ, നീ പെടിക്കേണ്ട. എന്റെ പണി ഏകദേശം തീര്‍ന്നുകഴിഞ്ഞു. ഇനി ഒരു കണ്ണികൂടിയേ മുറിക്കേണ്ടതുള്ളൂ. പക്ഷേ ഞാന്‍ അത് ഇപ്പോള്‍ ചെയ്യില്ല. വേടന്‍ വരുമ്പോള്‍ ഞാന്‍ വല മുറിക്കും. നീ ഓടി മരത്തില്‍ കയറിക്കോണം. ഇപ്പോള്‍ നിന്നെ രക്ഷിച്ചാല്‍ നീ എന്നെപിടിച്ചു തിന്നാലോ? എനിക്ക് എന്റെ സുരക്ഷകൂടി നോക്കണമല്ലോ."

പൂച്ച എന്തൊക്കെ പറഞ്ഞിട്ടും എലി തന്റെ തീരുമാനത്തില്‍ നിന്നും മാറാന്‍ കൂട്ടാക്കിയില്ല. നേരം വെളുത്തു. വേടന്‍ ദൂരെനിന്നും വരുന്നതു കണ്ടതോടെ എലി വലയുടെ അവസാനത്തെ കണ്ണി കരണ്ടുമുറിക്കാന്‍ തുടങ്ങി. വേടന്‍ അടുത്തെത്തിയപ്പോഴേക്കും വല മുറിഞ്ഞു. പൂച്ച ജീവനുംകൊണ്ടോടി മരത്തില്‍ കയറി. എലി തന്റെ മാളത്തിലേയ്ക്കും രക്ഷപെട്ടു. വേടന്‍ നിരാശനായി വലയും കൊണ്ടു മടങ്ങി.

വേടന്‍ പോയിക്കഴിഞ്ഞപ്പോള്‍ പൂച്ച എലിയോടു പറഞ്ഞു.

"പാലിതാ.. സുഹൃത്തേ, നീ ഇന്നെന്റെ ജീവന്‍ രക്ഷിച്ചിരിക്കുന്നു. അതിനാല്‍ എന്നെന്നും ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കും. ഇന്നുമുതല്‍ നീ എന്റെ ഉറ്റസുഹൃത്താണ്. നിന്നെ ഞാന്‍ എന്റെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. ഞാന്‍ നിനക്കു നല്ല ഒരു വിരുന്ന് ഒരുക്കാം."

ഇതുകേട്ട് എലി പറഞ്ഞു.

"ഞാനും നീയും മിത്രങ്ങളായത് ഒരു പൊതുവായ ലക്ഷ്യത്തിനു വേണ്ടിയാണ്. എന്റെ ശത്രുക്കളില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ നിന്നെ സുഹൃത്താക്കി. വേടനില്‍ നിന്നും രക്ഷപെടാന്‍ നീ എന്നെയും സുഹൃത്താക്കി. ലക്ഷ്യം നേടിയതോടെ ആ ബന്ധം ഇവിടെ അവസാനിച്ചിരിക്കുന്നു. ഞാന്‍ നിന്റെ ഭക്ഷണമാണ്. നീ എന്നെ തിന്നുന്നവനും. നീ ശക്തിമാനാണ്. ഞാനോ ദുര്‍ബ്ബലനും. അതുകൊണ്ടുതന്നെ നമുക്ക് മിത്രങ്ങളായി കഴിയാന്‍ സാധിക്കില്ല. ശത്രുവും മിത്രവും ഉണ്ടാകുന്നതു സമയവും സന്ദര്‍ഭവും അനുസരിച്ചാണ്. സന്ദര്‍ഭാനുസരണം മിത്രങ്ങള്‍ ശത്രുക്കളും ശത്രുക്കള്‍ മിത്രങ്ങളും ആകും. അതു പ്രകൃതി നിയമമാണ്. ഈ ലോകത്തില്‍ എന്തെങ്കിലും നേട്ടങ്ങള്‍ക്കല്ലാതെ ഒരു ബന്ധവും ഉണ്ടാകുന്നില്ല. ചിലര്‍ അവരുടെ സഹകരണം കൊണ്ടു മിത്രങ്ങളെ ഉണ്ടാക്കുന്നു. മറ്റു ചിലര്‍ തങ്ങളുടെ മധുരസംഭാഷണങ്ങളിലൂടെ ആളുകളെ ആകര്‍ഷിക്കുന്നു. വേറെ ചിലരാകട്ടെ തങ്ങളുടെ മതവിശ്വാസത്തെ മുന്‍നിര്‍ത്തി സുഹൃത്തുക്കളെ ഉണ്ടാക്കുന്നു. എന്നാല്‍ അവരില്‍ ഈ കാരണങ്ങള്‍ ഇല്ലാതെയായാല്‍ മിത്രഭാവവും മാറും. സഹകരണം കൊണ്ടു മിത്രങ്ങളായവര്‍ സഹകരണം നിര്‍ത്തിയാല്‍ ശത്രുക്കളാകും. ഒരാള്‍ തന്റെ മധുരസംഭാഷണം മാറ്റി തെറിവിളി തുടങ്ങിയാല്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ വിട്ടുപോകും. വിശ്വാസത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ പേരില്‍ ഒന്നായവര്‍ അത് ഉപേക്ഷിച്ചാല്‍ ശത്രുക്കള്‍ തന്നെ."

പാലിതന്റെ വാക്കുകള്‍ കേട്ടു ലോമശന്‍ നിരാശനായി മടങ്ങി. അവന്‍ ഇര തേടി മറ്റൊരിടത്തേക്കു പോയി.

No comments:

Post a Comment